Novel

കിനാവിന്റെ തീരത്ത്… 💛🦋: ഭാഗം 7

[ad_1]

രചന: റിൻസി പ്രിൻസ്

ഇനി ഞാൻ നിന്നെ വിളിക്കില്ല, നീ മറ്റൊരാളുടെ സ്വന്തമായി എന്ന് അറിഞ്ഞാൽ മാത്രമേ ഞാൻ ഇനി നാട്ടിലേക്ക് തിരികെ വരു…. ഇല്ലെങ്കിൽ എനിക്ക് മനസ്സമാധാനം കിട്ടില്ല,ബൈ…

 അത്രയും പറഞ്ഞ് മറുപടിക്ക് കാക്കാതെ അവൻ ഫോൺ കട്ട് ചെയ്തപ്പോൾ,  ശരീരത്തിൽ നിന്നും ജീവൻ വേർപെടുന്നത്  പോലെയാണ് അവൾക്ക് തോന്നിയത്..

എത്ര പെട്ടെന്നാണ് തന്റെ സ്നേഹത്തെ ഒരു വാക്ക് കൊണ്ട് അവൻ അവസാനിപ്പിച്ചതെന്നതാണ് അവൾ ചിന്തിച്ചത്…. ഇത്രകാലവും അവൻ തന്നോടു കാണിച്ച സ്നേഹത്തിന് യാതൊരു ആത്മാർത്ഥതയും ഇല്ലന്നും പോലും ഒരു നിമിഷം അവൾ ചിന്തിച്ചു പോയിരുന്നു….

 തലേന്ന് കൂടി നന്ദനയോട് അവനുവേണ്ടി വാദിച്ചത് ഓർത്ത് അവൾ സ്വയം പഴിച്ചു,  നിർജീവമായി പോയ ഒരു അവസ്ഥയിലായിരുന്നു അവൾ….. ആ നിമിഷം അവൾ എന്ത് ചെയ്യണമെന്ന്  പോലും  അറിയില്ലായിരുന്നു….  കണ്ണുനീർ പോലും വറ്റിയ ഒരു അവസ്ഥ..

” മീരേ…..

 മുറിയിലേക്ക് അമ്മ കയറിവരുന്ന ശബ്ദം കേട്ടപ്പോൾ അവൾ ഇട്ടിരുന്ന ചുരിദാറിന്റെ തുമ്പാലെ കണ്ണുകൾ നന്നായി തുടച്ചു…. 

“എത്ര തവണ വിളിക്കണം നിന്നെ,
 ഒന്നും കഴിക്കാൻ വരുന്നില്ലേ..?

  അമ്മ പറഞ്ഞു

” എനിക്കൊന്നും വേണ്ടമ്മേ…. ഭയങ്കര തലവേദന, 

“എന്താണ് നിന്റെ കണ്ണ് ചുവന്നിരിക്കുന്നത്…. എന്തുപറ്റി..?  പനിയാണോ…?

”  അറിയില്ലമ്മേ…! ഞാൻ കുറച്ചുനേരം കിടക്കട്ടെ,

അത്രയും പറഞ്ഞ് മറുപടിക്ക് കാക്കാതെ കട്ടിലിലേക്ക്  കിടന്നിരുന്നു അവൾ… ജനലോരം തിരിഞ്ഞു കിടക്കുമ്പോൾ ശബ്ദം പുറത്തു വരാതെ കണ്ണുനീർ അവളെ നനച്ചു കൊണ്ടിരുന്നു,  എങ്കിലും അവൻ എങ്ങനെയാണ് തന്നോട് പറയാൻ തോന്നിയത്..?  തന്നെ പറ്റിക്കാൻ വേണ്ടിയുള്ള അവന്റെ ശ്രമമാണ് ഇത്…  അങ്ങനെ ഒരുപാട് ചോദ്യങ്ങൾ മനസ്സിലൂടെ കടന്നുപോയി,  ഫോണെടുത്ത് വാട്സാപ്പിൽ ഒരു മെസ്സേജ് അയക്കാൻ ആയി അവസാനശ്രമം എന്നതുപോലെ ആ നമ്പറിലേക്ക് നോക്കിയപ്പോൾ തന്നെ വീണ്ടും ശരീരത്തിലെ സർവ നാഡികളിലും തളരുന്നത് പോലെ അവൾക്ക് തോന്നി….  തന്നെ ബ്ലോക്ക് ചെയ്തിരിക്കുന്നു…! അവൻ തീരുമാനത്തിൽ ഉറച്ചു കഴിഞ്ഞു എന്ന് ഉറപ്പായി…. തന്നെ വേണ്ട എന്ന് അവൻ ഉറപ്പിച്ചുകഴിഞ്ഞു,  ഇത്രമാത്രമേ ഉണ്ടായിരുന്നുള്ളൂ അവന്റെ സ്നേഹം,  തന്നോട് പറഞ്ഞിരുന്ന വാഗ്ദാനങ്ങളും ഒരുമിച്ച് കണ്ട കുടുംബജീവിതവും ഒക്കെ അവളുടെ മനസ്സിലൂടെ മിന്നിമറഞ്ഞു പോയി…  എത്ര പെട്ടെന്നാണ് അവന് തന്നെ മറക്കാൻ സാധിച്ചത്, നന്ദന പറഞ്ഞതുപോലെ വെറുമൊരു നേരംപോക്ക് മാത്രമായിരുന്നു തന്നോടുള്ള അവന്റെ സ്നേഹം..!  ചോദ്യങ്ങൾ മാറിമറിഞ്ഞു,  തന്നെ വേണ്ട എന്ന് പറഞ്ഞിട്ട് പോലും അവനോടുള്ള സ്നേഹം ഒരു തരിപോലും കുറയുന്നില്ലല്ലോ എന്നോർത്ത് അവളോട് തന്നെ അവൾക്ക് പുച്ഛം തോന്നുന്നു…  നമ്മളെ വേണ്ടാത്തവരെ നമുക്കും വേണ്ട എന്ന് ഒറ്റവാക്കിൽ എല്ലാവരും പറയും,  പക്ഷേ അത് വാക്കാൽ പറയാൻ മാത്രമേ ഉപകരിക്കൂ..  അങ്ങനെ ഒരാളെ വേണ്ടെന്നുവയ്ക്കാൻ ഒന്നും മനസ്സിൽ പെട്ടെന്ന് സാധിക്കില്ല, അത്രമേൽ ഹൃദയത്തോട് ചേർത്ത് വച്ച ഒരു വ്യക്തിയേ എങ്ങനെയാണ് ഒരാൾ വേണ്ടന്ന് വയ്ക്കുക… അവർ നമ്മളോട് എത്ര വലിയ ക്രൂരത കാട്ടിയാലും മനസ്സിൽ നിന്നും അയാൾ പടിയിറങ്ങാൻ ദിവസങ്ങളെടുക്കും…  ഓർമ്മകൾക്ക് മരണമില്ല…! വ്യക്തമായി അവൻ തന്നെ ചതിച്ചത് ആണെന്ന് മനസ്സിലാക്കിയിട്ടു പോലും അവനെ വെറുക്കാൻ കഴിയാത്ത തന്റെ മനസ്സിനോട് അവൾക്ക് അരിശം തോന്നിത്തുടങ്ങിയിരുന്നു….

 ആ രാത്രി അർജുനും ഉറങ്ങിയിരുന്നില്ല ഹൃദയം കൊടുത്ത സ്നേഹിച്ചവളോടാണ് ഇങ്ങനെ ഒരു വാക്ക് പറയേണ്ടതായി വന്നത്…. തന്റെ ഭാഗത്തുനിന്നു നോക്കുമ്പോൾ ന്യായമാണ് ചെയ്തത്…. പക്ഷേ അവളുടെ ഭാഗത്തുനിന്ന് ചിന്തിക്കുമ്പോൾ അത് അന്യായവും,  വെറുതെ നടന്നവളെ പിറകെ നടന്നു ഇഷ്ടം വാങ്ങിയിട്ട്…. യാതൊരു ദാക്ഷിണ്യവും ഇല്ലാതെ തന്റെ ജീവിതത്തിൽ നിന്നും ഒഴിഞ്ഞു കൊടുക്കണം എന്ന് പറയുന്നത് പോലെ ആയി,  പക്ഷേ അച്ഛനും അമ്മയ്ക്കും മുൻപിൽ അവളോടുള്ള സ്നേഹം കുറഞ്ഞു പോയതല്ല ജന്മം നൽകിയവർക്ക് പ്രാധാന്യം അല്പം കൂടുതൽ നൽകിയതാണ്….  അവളുടെ ഭാഗത്തുനിന്നു നോക്കുമ്പോൾ താൻ ചെയ്തത് തെറ്റാണെങ്കിലും മനസാക്ഷിക്ക് മുൻപിൽ ഇതാണ് ശരി,  അച്ഛനുമമ്മയ്ക്കും താൻ മൂലം എന്തെങ്കിലും അപകടമുണ്ടായാൽ അതൊരുപക്ഷേ ജീവിതകാലം മുഴുവൻ ഉണങ്ങാത്ത മുറിവായി മനസ്സിൽ അവശേഷിക്കും….  ഈ ലോകത്ത് മറ്റാരേക്കാൾ തനിക്ക് വലുത് തന്റെ അച്ഛനും അമ്മയും തന്നെയാണ്, അങ്ങനെ ഒരു തീരുമാനത്തിൽ അവൻ എത്തിയിരുന്നു… അതോടൊപ്പം തന്നെ പോകാനുള്ള ബാഗ് പാക്ക് ചെയ്യുകയും ചെയ്തു…  രാത്രിയിൽ തന്നെ മകൻ പുറത്തേക്ക് പോകാൻ നിൽക്കുന്നത് കണ്ടു ഇന്ദിരയും ഒന്നു ഭയന്നിരുന്നു,

” നീ എവിടേക്ക്  ആണ്….

അല്പം ദേഷ്യത്തോടെയാണ് അവർ ചോദിച്ചത്….

”  പേടിക്കേണ്ട…!അമ്മയ്ക്കും അച്ഛനും ഇഷ്ടമില്ലാത്ത ഒരു വിവാഹം ഞാൻ ഒരിക്കലും ചെയ്യില്ല..! അവളെ കൊണ്ട് ഒളിച്ചോടി പോകാൻ വേണ്ടിയല്ല,  എനിക്ക് അവളെ മറക്കാൻ കുറച്ച് സമയം വേണം…  അതിന് ഇവിടെ നിന്നാൽ ശരിയാവില്ല,  ചിലപ്പോൾ നിങ്ങൾക്ക് എതിരായി ഞാൻ എന്തെങ്കിലും തീരുമാനം എടുക്കും… അതുകൊണ്ട് മാത്രം ഇവിടെ നിന്ന് മാറിനിൽക്കുവാ…. മുംബൈയിലേക്ക് ആണ് പോകുന്നത്… എന്റെ ഒരു ഫ്രണ്ട് ഉണ്ട്, അവിടെ  കമ്പനിയിൽ എന്തെങ്കിലും ചെറിയൊരു ജോലി നോക്കണം,  മനസ്സ് ഒക്കെ ആകുമ്പോൾ ഞാൻ തിരിച്ചു വരും… നിങ്ങൾ ടെൻഷൻ അടിക്കാതെ ഇരിക്കാൻ വേണ്ടിയാണ് ഇത്രയും പറഞ്ഞത്…. 

 അത്രയും പറഞ്ഞ് മറുപടിക്ക് കാക്കാതെ പുറത്തേക്ക് നടന്നപ്പോൾ  ഇന്ദിരയ്ക്ക് അൽപം ആശ്വാസം തോന്നിയിരുന്നു… മകനെ തങ്ങളുടെ വരുതിയിലാക്കിയ ഒരു അഹങ്കാരവും അവരുടെ മുഖത്ത് മിന്നിമറഞ്ഞു…  ആരൊക്കെ വന്നാലും പോയാലും മകന് വലുത് തങ്ങൾ തന്നെയാണെന്ന് ചിന്ത അവരെ ഒരു സ്വകാര്യ അഹങ്കാരത്തിലേക്ക് തന്നെ കൊണ്ടുചെന്നെത്തിച്ചു..

                         •••
4 മാസങ്ങൾക്ക് ശേഷം…..

 മുളക് ഉണക്കാൻ വേണ്ടി മുറ്റത്തേക്ക് നിരത്തിവയ്ക്കുകയായിരുന്നു സതി….  ആ സമയത്താണ് സദാശിവനും  ഒപ്പം മറ്റൊരാളും കൂടെ ഉമ്മറത്തേക്ക് കയറി വരുന്നത്…..പെട്ടെന്ന് തന്നെ എഴുന്നേറ്റ് ചിരിയോടെ അകത്തേക്ക് കയറി  സതി…

” വരൂ ഏട്ടാ… ഏട്ടൻ എന്താണ് ഒരു മുന്നറിയിപ്പ് പോലുമില്ലാതെ…

 വളരെ സ്നേഹത്തോടെ തന്നെ സതി ചോദിച്ചു,..

”  എന്റെ പെങ്ങളുടെ വീട്ടിലേക്ക് വരുന്നതിന് എനിക്ക് മുന്നറിയിപ്പ് വേണോ…?

”  അങ്ങനെയല്ല ഏട്ടൻ അങ്ങനെ വരാറില്ലല്ലോ,  അതുകൊണ്ടാണ്…

“മറ്റേന്നാളല്ലേ സുധി വരുന്നത് അതുകൊണ്ടാ ഞാൻ ഇങ്ങോട്ട് ഇറങ്ങിയത്…  ഇവിടുന്ന് ആരൊക്കെ പോകുന്നത് എയർപോർട്ടിലേക്ക്….

“ഓ…. ഇവിടുന്ന് ആര് പോകാനാ….  ജിത്തുവിന് ആണെങ്കിൽ ജോലിക്ക് പോണ്ടേ..? പിന്നെ അവന്റെ കൂട്ടുകാരൊക്കെ അവിടെ ചെല്ലും  എന്ന്  ആണ് പറഞ്ഞത്…. ആരും ചെല്ലണ്ട എന്ന് അവൻ തന്നെയാ വിളിച്ചു പറഞ്ഞതു…. അതുകൊണ്ട് പ്രത്യേകിച്ച് ഇവിടുന്ന് പോകുന്നോന്നുമില്ല…ഞാൻ ചായ എടുക്കാം ഏട്ടാ…

സതി പറഞ്ഞു…

” സമയം ഉണ്ടല്ലോ ധൃതി വേണ്ട….ഞാനൊരു കാര്യം പറയാനാ വന്നത്,  ഇത് എനിക്ക് പരിചയമുള്ള ഒരു ബ്രോക്കർ ആണ്… ഈ വട്ടം സുധി വരുമ്പോൾ അവന്റെ കല്യാണകാര്യത്തിൽ നമുക്ക് ഒരു തീരുമാനം ഉണ്ടാക്കണം,

 സതിയുടെ മുഖത്ത് ഒരു തെളിമ കുറവ് വരുന്നത് സദാശിവൻ ശ്രദ്ധിച്ചിരുന്നു….

”  എന്താടീ നിനക്കൊരു താല്പര്യമില്ലാത്തത് പോലെ,

”  താൽപര്യക്കുറവ് ഒന്നുമുണ്ടായിട്ടല്ല…ഒന്നാമത്തെ കാര്യം അങ്ങനെയിങ്ങനെ ഉള്ള പെൺപിള്ളേരെ ഒന്നും ഇഷ്ടപ്പെടുന്നില്ല..  ഞാൻ തന്നെ എത്ര ആലോചന കൊണ്ടുവന്നത് ആണ്… അവരെയൊക്കെ പോയി കണ്ടു കഴിയുമ്പോൾ അവൻ ഇഷ്ടപ്പെടുന്നില്ല….പിന്നെ രണ്ടാമത്തെ കാര്യം ഞാൻ ഇപ്പൊൾ ഓർക്കുന്നത് ഈ വീടും കൂടി ഒന്ന് ശരിയാക്കിയതിനുശേഷം അവന്റെ കല്യാണം നടത്തിയാൽ പോരെന്നാണ്… ഇപ്പോൾ ശ്രീജിത്ത് പറയുന്നത് ഈ വീട്  പഴഞ്ചൻ ആയില്ലേന്നാണ്… ഇത് പൊളിച്ചിട്ട് നല്ലൊരു വീട് വയ്ക്കാമെന്ന്….  ഒരു രണ്ടുനില വീട്, മൂന്നോ നാലോ വർഷം കൊണ്ട് ലോണെച്ചു തീരും….

സതി പറഞ്ഞു…

” അപ്പോൾ നീ പറയുന്നത്  ഇനി മൂന്നാലു വർഷം കൂടി കഴിഞ്ഞു മതി കല്യാണമെന്ന് ആണോ…?

സദശിവന് ദേഷ്യം വന്നു തുടങ്ങിയിരുന്നു…

” അങ്ങനെയല്ലേ ഏട്ടാ…

വിളറി വെളുത്തു അവർ…

“പിന്നെ എങ്ങനെയാ…?  നീ ഒരു അമ്മയല്ലേ… അവനെ ഇങ്ങനെ കറവപ്പശുവിനെ പോലെ നിർത്താൻ പാടുണ്ടോ  സതി… അവൻ എത്രാമത്തെ വയസ്സിലാണ് ഗൾഫിൽ പോയിരുന്നത് എന്ന് നിനക്ക് ഓർമ്മയുണ്ടോ…? നിനക്ക് ഓർമ്മയില്ലെങ്കിലും എനിക്ക് ഓർമ്മയുണ്ട്,  കാരണം അവിടെ അവന് ഒരു ജോലി ശരിയാക്കി കൊടുത്തത് ഞാനാണല്ലോ,  ഇരുപത്തിരണ്ടാമത്തെ വയസ്സിൽ ആണ് അവൻ ഗൾഫിൽ പോയത്….  ഇപ്പൊൾ 10 വർഷം തികഞ്ഞിരിക്കുന്നു…  32 വയസ്സ് ഉണ്ട്  അവന്… ഇനിയും നാലുവർഷം കഴിഞ്ഞു അവന്റെ കല്യാണം നടക്കു എന്ന് പറഞ്ഞാൽ അവന്റെ പ്രായം 36….  അപ്പോഴേക്കും അവന് നല്ലൊരു പെണ്ണിനെ കിട്ടുമെന്ന് എനിക്ക് തോന്നുന്നില്ല…  രണ്ടാംകെട്ടുകാരിയോ അല്ലെങ്കിൽ എന്തെങ്കിലും അംഗവൈകല്യമുള്ളവരോ കിട്ടുമായിരിക്കും,  സുരഭിയുടെ വിവാഹം അവൻ ഒറ്റയ്ക്ക് നിന്നല്ലേ നടത്തിയത്…  ശ്രീജിത്തിനെ പഠിപ്പിച്ചു, ഇപ്പോൾ അവന്റെ കല്യാണം കഴിഞ്ഞു അവന്റെ കൊച്ചിന്റെ ചോറൂണ് കഴിഞ്ഞിട്ടും സുധീ വിവാഹം കഴിക്കണ്ടെന്ന് പറയുന്നത് മോശമാണ് സതി…. നീയോ ശ്രീയോ ഇക്കാര്യത്തിന് ഒരു നിലപാട് എടുക്കുന്നില്ല എന്ന് മനസ്സിലാക്കിയത് കൊണ്ടാണ് ഞാൻ നേരിട്ട് ഇവിടേയ്ക്ക് വന്നത്….

 പുറമേനിന്നുള്ള ഒരാളുടെ കേൾക്കേ സദാശിവൻ അത്രയും പറഞ്ഞത് സതിക്ക് ഇഷ്ടമായിരുന്നില്ല….ആ തെളിമ കുറവ് അവരുടെ മുഖത്ത് ഉണ്ടായിരുന്നു…

”  കല്യാണം വേണ്ടന്നിപ്പോ ആരാ പറഞ്ഞത്…  അവന് ഇഷ്ടമാണെങ്കിൽ ഈ വരവിന് തന്നെ നടക്കട്ടെ…  ഏതെങ്കിലും അമ്മമാർ മക്കളുടെ ജീവിതം നശിച്ചു പോകണം എന്ന് കരുതുമോ…?

” അങ്ങനെ കരുതരുത്,  കുടുംബത്തിൽ ഒന്ന് അഴുകിയാലെ ഒന്നിന് വളമാകൂ എന്ന് പറയും… സുധിയുടെ കാര്യത്തിൽ അങ്ങനെ ഉണ്ടാകാൻ പാടില്ല…  കുടുംബത്തിനു വേണ്ടി ജീവിച്ചവൻ ആണ്… അവനെ അങ്ങനെ ഒന്നും മറക്കാൻ പാടില്ല. ആൺകുട്ടികളെ ചില കാര്യങ്ങൾ തുറന്നു പറയില്ല,  പ്രത്യേകിച്ച് സുധിയെ പോലെ ഒരു പാവം പിടിച്ച ചെറുക്കൻ ഒരിക്കലും അവന് കല്യാണം കഴിക്കണമെന്ന് ഇങ്ങോട്ട് പറയില്ല….  നമ്മൾ അത് കണ്ടറിഞ്ഞു ചെയ്യണം,  ഒന്നുമില്ലെങ്കിലും അവന്റെ അനിയൻ കല്യാണം കഴിച്ചില്ലെ എന്നിട്ടും അവൻ ഇങ്ങനെ നിൽക്കുന്നു  എന്ന് പറഞ്ഞാൽ നാട്ടുകാർ തന്നെ എന്താ കരുതുക…?

അയാൾ പറഞ്ഞു…

 ” അവന്റെ അനിയൻ കല്യാണം കഴിച്ചത് എങ്ങനെയാണ് ഏട്ടന് അറിയാലോ, ഒരു പെൺകുട്ടിയേ ഇഷ്ടമായിരുന്നു അവൾ ഒറ്റ മോള് ആയതുകൊണ്ട് തന്നെ അവർക്ക് ഒരുപാട് നാള് അവളെ വീട്ടിൽ നിർത്താൻ താല്പര്യം ഇല്ലായിരുന്നു… അതുകൊണ്ട് ഉടനെ കല്യാണം കഴിക്കണം എന്ന് പറഞ്ഞു നമ്മൾ എല്ലാവരും കൂടി അതു നടത്തി, അല്ലാതെ ഇരുപത്തിയെട്ടാമത്തെ വയസ്സിൽ അവനെ കല്യാണം കഴിപ്പിക്കണം എന്ന് ഒന്നും എനിക്ക് ആഗ്രഹമുണ്ടായിരുന്നില്ല…

സതി താല്പര്യം ഇല്ലാതെ പറഞ്ഞു…

 ” കഴിഞ്ഞ കാര്യങ്ങൾ ഒക്കെ അവിടെ നിൽക്കട്ടെ  സതി… ഏതായാലും ഈ 
 വരവിന് തന്നെ അവന്റെ കല്യാണം നടക്കണം… നടത്തും ഞാൻ…….കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button