കുഞ്ഞ് ജനിച്ചപ്പോൾ കരഞ്ഞിരുന്നതായി ഡോണ പറഞ്ഞുവെന്ന് ഡോക്ടറുടെ നിർണായക മൊഴി
ആലപ്പുഴ തകഴിയിൽ നവജാത ശിശുവിനെ കുഴിച്ചിട്ട സംഭവത്തിൽ നിർണായക വെളിപ്പെടുത്തൽ. കുഞ്ഞ് ജനിച്ചപ്പോൾ കരഞ്ഞിരുന്നുവെന്ന് യുവതി തന്നോട് പറഞ്ഞതായി ചികിത്സിക്കുന്ന ഡോക്ടർ മൊഴി നൽകി. മൊഴിയുടെ അടിസ്ഥാനത്തിൽ കുട്ടിയുടെ മരണം കൊലപാതകമാണോയെന്ന കാര്യം പോലീസ് പരിശോധിച്ച് വരികയാണ്.
യുവതി കുഞ്ഞിനെ കൊലപ്പെടുത്തിയതാണോ അതോ പ്രസവത്തിൽ തന്നെ കുഞ്ഞ് മരിച്ചിരുന്നോ എന്ന കാര്യം പോലീസ് അന്വേഷിക്കുന്നതിനിടെയാണ് ഡോക്ടറുടെ നിർണായക മൊഴി വന്നത്. സംഭവത്തിൽ കുഞ്ഞിന്റെ മാതാപിതാക്കളായ പാണാവള്ളി പഞ്ചായത്ത് ആനമൂട്ടിൽച്ചിറയിൽ ഡോണ ജോജി(22), തകഴി വിരുപ്പാല രണ്ടുപറ പുത്തൻപറമ്പ് തോമസ് ജോസഫ്(24), എന്നിവരെ റിമാൻഡ് ചെയ്തിരുന്നു
കുഞ്ഞിന്റെ മൃതദേഹം മറവ് ചെയ്യാൻ സഹായിച്ച തകഴി ജോസഫ് ഭവനിൽ അശോക് ജോസഫിനെയും റിമാൻഡ് ചെയ്തിട്ടുണ്ട്. യുവതി ചികിത്സയിൽ കഴിയുന്ന കൊച്ചിയിലെ ആശുപത്രിയിൽ എത്തിയാണ് മജിസ്‌ട്രേറ്റ് യുവതിയെ റിമാൻഡ് ചെയ്തത്.