കുറ്റിപ്പുറത്ത് ട്രെയിനിന് നേരെ ഇഷ്ടികയേറ്; യാത്രക്കാരന് പരുക്കേറ്റു
[ad_1]
കുറ്റിപ്പുറത്ത് ട്രെയിനിന് നേരെ ഇഷ്ടികയേറ്. അജ്ഞാതൻ എറിഞ്ഞ ഇഷ്ടികയേറ്റ് യാത്രക്കാരന് പരുക്കേറ്റു. ചാവക്കാട് എടക്കഴിയൂർ ജലാലിയ പ്രിന്റിംഗ് വർക്‌സ് ഉടമ രായംമരക്കാർ വീട്ടിൽ ഷറഫുദ്ദീൻ മുസ്ലിയാർക്കാണ്(43) വയറിന് ഇഷ്ടിക കൊണ്ട് പരുക്കേറ്റത്. ട്രെയിൻ വേഗതയാകും മുമ്പാണ് ഇഷ്ടിക വന്ന് വീണത് എന്നതിനാൽ പരുക്ക് ഗുരുതരമല്ല
വ്യാഴാഴ്ച ഉച്ചയ്ക്ക് 1.10നാണ് സംഭവം. കാസർകോടേക്ക് പോകാനായി കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ നിന്ന് എഗ്മോർ എക്‌സ്പ്രസിൽ കയറിയതായിരുന്നു ഷറഫുദ്ദീൻ മുസ്ലീയാർ. ട്രെയിൻ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട് അൽപ്പ നേരം കഴിഞ്ഞതോടെയാണ് ഇഷ്ടികയേറുണ്ടായത്
എസ് 9 കോച്ചിന്റെ ജനലിന് അരികിലാണ് ഷറഫുദ്ദീൻ ഇരുന്നത്. ജനലിലൂടെ പാഞ്ഞുവന്ന ഇഷ്ടിക വീണത് അദ്ദേഹത്തിന്റെ വയറിന് മുകളിലാണ്. ഉടനെ കുറ്റിപ്പുറം പോലീസ് സ്‌റ്റേഷനിലും ആർപിഎഫിലും വിളിച്ച് പരാതിപ്പെട്ടു. ആർപിഎഫ് അന്വേഷണം ആരംഭിച്ചു.
[ad_2]