ക്ഷമ പരീക്ഷിക്കരുത്: പാക്കിസ്ഥാന് വീണ്ടും മുന്നറിയിപ്പുമായി പ്രതിരോധ മന്ത്രി

വീണ്ടും പാക്കിസ്ഥാന് മുന്നറിയിപ്പുമായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ക്ഷമ പരീക്ഷിക്കരുതെന്നാണ് താക്കീത്. ഭീകരക്യാമ്പുകളിലേക്ക് സേന നടത്തിയ ആക്രമണം ഭാവനാതീതമെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട പുതിയ നീക്കങ്ങളെ പ്രതിരോധമന്ത്രി പ്രശംസിച്ചു.
ഇന്ത്യൻ സൈന്യം പാക്കിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾക്കുള്ളിലേക്ക് ആഴത്തിൽ ആക്രമണം നടത്തിയെന്ന് അദ്ദേഹം പറഞ്ഞു. ഇന്നലെ സായുധ സേന സ്വീകരിച്ച നടപടിയെയും അവർ കാണിച്ച ധൈര്യത്തെയും അദ്ദേഹം അഭിനന്ദിച്ചു. പാകിസ്ഥാനിലെയും പാക് അധീന കാശ്മീരിലെയും ഭീകര ക്യാമ്പുകൾ നിർവീര്യമാക്കിയെന്നും ഇത് അഭിമാനകരമായ കാര്യമാണെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.
ഒൻപത് ഭീകര ക്യാമ്പുകൾ നശിപ്പിക്കപ്പെട്ടു. നിരവധി ഭീകരർ കൊല്ലപ്പെട്ടു. ഒരു നിരപരാധികളും ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ ക്ഷമ ആരെങ്കിലും മുതലെടുത്താൽ ഇന്നലത്തെ പോലെയുള്ള പ്രതികരണം നേരിടാൻ തയാറാകണമെന്നും പ്രതിരോധ മന്ത്രി ്പറഞ്ഞു.