Gulf

ഖത്തറിലെ പ്രവാസി വിദ്യാര്‍ഥികള്‍ക്ക് ജോലി ഉറപ്പാക്കുമെന്ന് തൊഴില്‍ മന്ത്രാലയം

ദോഹ: രാജ്യത്ത് കഴിയുന്ന പ്രവാസികളുടെ മക്കള്‍ക്ക് ജോലി ഉറപ്പാക്കുമെന്ന് ഖത്തര്‍ തൊഴില്‍ മന്ത്രാലയം. ഖത്തറിലെ സര്‍വ്വകലാശാലകളില്‍നിന്ന് പഠിച്ചിറങ്ങുന്ന മികച്ച പ്രവാസി വിദ്യാര്‍ഥികള്‍ക്കാണ് രാജ്യത്തെ സ്വകാര്യ മേഖലാ കമ്പനികളില്‍ ജോലി ലഭ്യമാക്കുകയെന്ന് മന്ത്രാലയം വ്യക്തമാക്കി. ‘ഉഖൂല്‍’ പ്ലാറ്റ്‌ഫോം വഴിയാണ് ഇതിനുള്ള നടപടികള്‍ ആരംഭിക്കുകയെന്ന് പ്രവാസി തൊഴില്‍ കാര്യ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഓഫീസിലെ പ്രോജക്ട് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ മുനീറ അല്‍ ശുറൈം വെളിപ്പെടുത്തി. 

ഉഖൂല്‍ പ്ലാറ്റ്ഫോം ലോഞ്ച് ചെയ്യുന്ന തീയതി ഉടന്‍ പ്രഖ്യാപിക്കും. പുതുതായി ബിരുദം നേടിയ വിദ്യാര്‍ഥികള്‍ക്ക് അവരുടെ കഴിവിനും ആഗ്രഹത്തിനും ഇണങ്ങുന്ന ജോലികള്‍ കണ്ടെത്തിനല്‍കുന്നതിനുള്ള റിക്രൂട്ട്‌മെന്റ് പ്രക്രിയ കാര്യക്ഷമമാക്കുന്ന ഈ പ്ലാറ്റ്‌ഫോം വിവിധ ഘട്ടങ്ങളായാണ് നടപ്പിലാക്കുക. ഒന്നാംഘട്ടം അധികം വൈകാതെ തുടങ്ങും. 

ഖത്തര്‍ സര്‍വകലാശാലകളില്‍ പഠിക്കുന്ന ഭൂരിഭാഗം പ്രവാസി വിദ്യാര്‍ഥികളും ജനിച്ച് വളര്‍ന്നത് ഖത്തറിലായതിനാല്‍ പ്രാദേശിക സംസ്‌കാരവും പാരമ്പര്യവും രാജ്യത്തെ നിയമങ്ങളുമെല്ലാം അവര്‍ക്ക് സുപരിചിതമാണെന്നതാണ് പോസിറ്റീവാകുന്ന ഘടകം. വിദേശത്തുനിന്നും എത്തിക്കുന്ന ജോലിക്കാരേക്കാള്‍ പ്രാദേശിക സമൂഹവുമായി മികച്ച രീതിയില്‍ സഹവര്‍ത്തിക്കാന്‍ ഇവര്‍ക്ക് എളുപ്പത്തില്‍ സാധിക്കുമെന്നും അല്‍ ശുറൈം പറഞ്ഞു.

Related Articles

Back to top button