Kerala

ജ്യോത്സ്യനെ വിളിച്ചുവരുത്തി ഹണിട്രാപ്പിൽ പെടുത്തി പണം തട്ടാൻ ശ്രമം; പാലക്കാട് രണ്ട് പേർ പിടിയിൽ

വീട്ടിലെ ദോഷം തീർക്കാനെന്ന പേരിൽ പൂജ ചെയ്യാൻ ജ്യോത്സ്യനെ വിളിച്ചുവരുത്തി ഹണിട്രാപ്പിൽ പെടുത്തി കവർച്ച. സംഭവത്തിൽ ഒരു സ്ത്രീയടക്കം രണ്ട് പേർ പിടിയിലായി. പാലക്കാട് കൊഴിഞ്ഞാമ്പാറ കല്ലാണ്ടിച്ചള്ളയിലെ വീട് കേന്ദ്രകീരിച്ചായിരുന്നു തട്ടിപ്പ്. മലപ്പുറം മഞ്ചേരി സ്വദേശിനി മൈമുന(44), നല്ലേപ്പിള്ളി കുറ്റിപ്പള്ളം പാറക്കൽ എസ് ശ്രീജേഷ്(24) എന്നിവരാണ് പിടിയിലായത്

ഇന്നലെ ഉച്ചയോടെയാണ് സംഭവം. കൊല്ലങ്കോട് സ്വദേശിയായ ജ്യോത്സനാണ് തട്ടിപ്പിന് ഇരയായത്. ചൊവ്വാഴ്ച മൈമുനയും ശ്രീജേഷും ചേർന്ന് കൊല്ലങ്കോട്ടെ ജ്യോത്സ്യന്റെ വീട്ടിലെത്തി. ഭർത്താവുമായി പിണങ്ങിക്കഴിയുകയാണെന്നും പൂജ ചെയ്ത് പരിഹാരം കാണണമെന്നും പറഞ്ഞു. ഇന്നലെ രാവിലെ ജ്യോത്സ്യനെ രണ്ട് യുവാക്കൾ എത്തി കല്ലാണ്ടിച്ചള്ളയിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി

കൊലപാതകം അടക്കം വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയായ എൻ പ്രതീഷിന്റെ വീട്ടിലേക്കാണ് കൊണ്ടുപോയത്. വീട്ടിൽ പൂജയ്ക്കുള്ള ഒരുക്കങ്ങൾ നടത്തുന്നതിനിടെ പ്രതീഷ് ജ്യോത്സ്യനെ മർദിക്കുകയും വിവസ്ത്രനാക്കി മൈമുനയെ ജ്യോത്സ്യന്റെ ഒപ്പം നിർത്തി ഫോട്ടോയും വീഡിയോയും ചിത്രീകരിക്കുകയുമായിരുന്നു.

ജ്യോത്സ്യന്റെ നാലര പവന്റെ സ്വർണമാലയും മൊബൈൽ ഫോണും പണവും ഇവർ കൈക്കലാക്കി. 20 ലക്ഷം രൂപ നൽകിയില്ലെങ്കിൽ നഗ്നചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നും ബന്ധുക്കൾക്ക് അയച്ചു കൊടുക്കുമെന്നും ഭീഷണിപ്പെടുത്തി. ഈ സമയം സ്ത്രീകളടക്കം 9 പേർ ഈ വീട്ടിലുണ്ടായിരുന്നു.

എന്നാൽ മറ്റൊരു അടിപിടിക്കേസുമായി ബന്ധപ്പെട്ട് പ്രതീഷിനെ തേടി പോലീസ് ഈ വീട്ടിലെത്തിയതോടെ പ്രതികളുടെ നീക്കം പാളി. പോലീസിനെ കണ്ട് പ്രതികൾ ഓടി രക്ഷപ്പെട്ടു. ഇതോടെയാണ് ജ്യോ്ത്സ്യൻ കൊഴിഞ്ഞാമ്പാറ സ്റ്റേഷനിലെത്തി പരാതി നൽകിയത്.

Related Articles

Back to top button
error: Content is protected !!