ടെക്സാസിൽ മിന്നൽ പ്രളയം: 13 പേർ മരിച്ചു, സമ്മർ ക്യാമ്പിനെത്തിയ 20 കുട്ടികളെ കാണാതായി

അമേരിക്കയിലെ ടെക്സാസിൽ മിന്നൽ പ്രളയം. 13 പേർ മരിച്ചു. 20 കുട്ടികളെ കാണാതായി. ടെക്സാസിൽ സമ്മർ ക്യാംപിനെത്തിയ പെൺകുട്ടികളെയാണ് കാണാതായത്. ടെക്സാസിലെ കെർ കൗണ്ടിയിലാണ് മിന്നൽ പ്രളയമുണ്ടായത്. ഗ്വാഡലൂപ്പെ നദിയിൽ 45 മിനിറ്റിനുളളിൽ ജലനിരപ്പ് 26 അടിയായി ഉയർന്നതോടെയാണ് പ്രളയത്തിലേക്ക് മാറിയത്.
പ്രദേശത്ത് തിരച്ചിൽ പുരോഗമിക്കുകയാണ്. 14 ഹെലികോപ്റ്ററുകളും 12 ഡ്രോണുകളും ഒൻപത് രക്ഷാസേന സംഘവും അഞ്ഞൂറോളം രക്ഷാപ്രവർത്തകരുമാണ് സ്ഥലത്ത് തിരച്ചിൽ നടത്തുന്നത്. വരും മണിക്കൂറുകളിൽ മരണസംഖ്യ ഉയർന്നേക്കാമെന്ന് ടെക്സസ് ലെഫ്. ഗവർണർ ഡാൻ പാട്രിക് പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളുടെ നിർദേശങ്ങൾ പാലിക്കണമെന്ന് ടെക്സസ് സെനറ്റർ ടെഡ് ക്രൂസ് ജനങ്ങളോട് അഭ്യർത്ഥിച്ചു.
രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും പ്രസിഡന്റ് ഡോണൾഡ് ട്രംപ് ടെക്സാസിന് ആവശ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും ടെഡ് ക്രൂസ് വ്യക്തമാക്കി .ഗ്വാഡലൂപ്പെ നദിയിലുണ്ടായ അപ്രതീക്ഷിത വെളളപ്പൊക്കത്തിൽ നിരവധി പേർക്ക് ജീവൻ നഷ്ടമായെന്നും അപകടത്തിൽപ്പെട്ടവർക്കായി പ്രാർത്ഥിക്കണമെന്നും സെനറ്റർ ജോൺ കോർണിൽ പറഞ്ഞു