നിലാവിന്റെ തോഴൻ: ഭാഗം 55
[ad_1]
രചന: ജിഫ്‌ന നിസാർ
“കുടുംബക്കാര് മുഴുവനും സ്നേഹിച്ചു നടന്നപ്പോ ഇപ്പൊ നമ്മളെയൊന്നും കണ്ടാൽ മിണ്ടൂലെ മോളെ?”
അങ്ങേയറ്റം സങ്കടം നിറഞ്ഞൊരു ചോദ്യം അരികിൽ നിന്നും കേട്ടാപ്പോഴാണ് പാത്തു ക്രിസ്റ്റിയുടെ ഓർമകളിൽ നിന്നും പുറത്ത് ചാടിയത്.
സഫിയാത്തയാണ്.
തനിത്ര വേഗം നടന്നു അടുക്കള വശത്തെത്തിയോ?
അവൾക്ക് തന്നെ ആശ്ചര്യം തോന്നി.
അവനരികിൽ നിന്ന് പോന്നത് മുതൽ ഒരു സ്വപ്നത്തിലെന്നത് പോലെയാണ് നടന്നത് മുഴുവനും.
“ശ്രദ്ധിക്കണം.. നമ്മളറിയാതെ തന്നെ നമ്മുടെ കണ്ണുകളും ഭാവങ്ങളും നമ്മളെ ഒറ്റു കൊടുക്കും. പ്രണയത്തിന്റെ മാജിക് ആണത്രേ അത്.”
കാതിൽ ഇത്തിരി മുന്നേ കൂടി ക്രിസ്റ്റി ഓർമ്മിപ്പിച്ചതാണ്.
എന്നിട്ടും മറന്നു..
ഓർമകൾ അവനിൽ നിന്നും തിരികെ പോരുന്നില്ലെന്ന് വാശിയുള്ളത് പോലെ.
സ്വന്തം തലക്കൊരു കൊട്ട് കൊടുത്തു കൊണ്ടവൾ സഫിയാത്തയേ നോക്കി.
“അങ്ങനെ പാത്തു ചെയ്യുവോ സഫിയാത്ത? അങ്ങനാണോ ഇങ്ങളിന്നെ കരുതിയേക്കുന്നത്?”
നിറഞ്ഞ ചിരിയോടെ അവൾ അവരുടെ കൈ പിടിച്ചു.
സഫിയത്ത പക്ഷേ വെപ്രാളത്തോടെ ചുറ്റും നോക്കുകയാണ് ചെയ്തത്.
എന്നിട്ടാ കൈകൾ പതിയെ എടുത്തു മാറ്റുമ്പോഴും അവരുടെ കണ്ണുകൾ വീടിന്റെ മുകളിലെ നിലയിലേക്കാണ്.
ഒരായിരം കണ്ണുകളോടെ ഇവിടെയെവിയോ അവനൊരുവൻ പതിയിരിക്കുന്നുണ്ടാവും.
ഇവിടെ നടക്കുന്ന ഓരോന്നും അവൻ രേഖപെടുത്തുന്നുമുണ്ട്.
“ഇവിടുള്ളോർക്ക് എന്നെകൊണ്ടുള്ള ആവിശ്യം തീരുവോളം കാണിക്കുന്ന ഈ കള്ളസ്നേഹം പോലെയാണോ ഇങ്ങള്.. അല്ല. എനിക്കറിയാം സഫിയാത്ത.. ശെരിക്കും അറിയാം..ഇങ്ങള് കാണിക്കുന്ന സ്നേഹവും ഇവിടുള്ളോരുടെ അഭിനയവും “
പാത്തു പറഞ്ഞത് കേൾക്കെ സഫിയാത്തയുടെ കണ്ണുകളിൽ ഒരു വെട്ടം മിന്നി മാഞ്ഞുവെങ്കിലും.. ഞൊടിയിട കൊണ്ട് വീണ്ടും അവർ ചുറ്റും പരതി.
“അതവിടെ നിക്കട്ടെ.. ഇയ്യ് എവിടെ പോയതാ പെണ്ണേ ഈ വെളുപ്പിനെ. ഈ പിരാന്ത് ഇനിം പോയില്ലേ അനക്?”
മുകളിൽ നിന്നുമിറങ്ങി വരുന്നത് കണ്ടിട്ട് തന്നെയാണ് സഫിയാത്ത അത് ചോദിച്ചതെന്ന് അവൾക്കുറപ്പുണ്ടായിരുന്നു.
“ഈ പിരാന്ത് അങ്ങനൊന്നും കുറയൂല.. കൂടിയാലൊള്ളൂ “
കള്ളച്ചിരിയോടെ അത് പറയുമ്പോൾ ആ മനസ്സിൽ മഴവില്ലഴകോടെ അവളുടെ പ്രിയപ്പെട്ടവന്റെ മുഖമുണ്ടായിരുന്നു.
അവനോടൊപ്പം തീർത്ത ഇത്തിരി നല്ല നിമിഷങ്ങളുണ്ടായിരുന്നു.
“ഇറങ്ങി നടക്കുന്നതൊക്കെ സൂക്ഷിച്ചു ചെയ്യണേ മോളെ..”
അത്രമാത്രം പറഞ്ഞിട്ട് സഫിയാത്ത ധൃതിയിൽ മുകളിലേക്കൊന്ന് നോക്കിയിട്ട് അടുക്കള വാതിൽ കടന്ന് കയറി പോയിരുന്നു.
അവരുടെ ആ പകപ്പും മാറ്റവുമൊന്നും പാത്തുവിന് മനസിലായില്ല.
അല്ലെങ്കിൽ അവളത് മനസ്സിലാക്കാൻ വേണ്ടിയിട്ട് അവരുടെ കണ്ണുകളിലേക്ക് നോക്കിയിട്ടുമില്ല.
മനസ്സെതോ സുഖമുള്ള ലഹരിയുടെ നിർവൃതിയും പേറി ഉള്ളിലിരുന്നു വീർപ്പു മുട്ടുന്നത് മാത്രം അവളറിയുന്നുണ്ട്.
പക്ഷേ അകത്തേക്ക് കയറി പോയിട്ടും സഫിയാത്തയുടെ മുഖത്തെ പരിഭ്രമം മാഞ്ഞിട്ടില്ല.
“നിങ്ങള് ഇവിടുത്തെ അടുക്കളക്കാരിയാണ്. ആ ജോലി മാത്രം ചെയ്യുക. ഇനി അത് മര്യാദക്ക് ചെയ്യാൻ വയ്യെങ്കിൽ ഇത് നിർത്തിയിട്ടു പോകുക. അറക്കൽ തറവാട്ടിൽ പുതിയ ഒരാളെ കിട്ടാൻ വല്ല്യ പ്രയാസമുണ്ടാവില്ല.”
തൊട്ട് മുന്നിൽ വന്നിട്ട്.. കണ്ണിലേക്കു മാത്രം നോക്കി പറയുന്നൊരുവൻ.
അവനങ്ങനെ പറയാനുള്ള കാരണമെന്തെന്ന് പോലും അപ്പോഴവർക്ക് അറിയില്ലായിരുന്നു.
“ഫാത്തിമ.. ഷാഹിദ് കെട്ടാനുറച്ച പെണ്ണാണ്. അവളോട് നിങ്ങൾ കൊഞ്ചുന്നതും കുഴയുന്നതും പിന്നെ നിങ്ങളുടെ തൊലിഞ്ഞ ഉപദേശവും.. ഒന്നും എനിക്കത്ര പിടിക്കുന്നില്ല. എനിക്കത് പിടിക്കുന്നില്ല എന്ന് പറയുമ്പോൾ.. ഇനി നിങ്ങളത് ആവർത്തിക്കരുത് എന്ന് തന്നെയാണ്.മനസ്സിലാവുന്നുണ്ടോ?”
യാതൊരു കരുണയും തൊട്ട് തീണ്ടാത്ത അവന്റെ മുഖത്തേക്ക് ഭയത്തോടെയാണ് അന്ന് നോക്കിയത്.
“ഇനി ഇത് പറയാൻ നിങ്ങളെ എനിക്ക് വിളിപ്പിക്കേണ്ടി വരരുത്.”
അത് പറഞ്ഞിട്ടവൻ തിരിഞ്ഞു നടക്കുമ്പോൾ ഓർത്തത് ആ പാവം പെണ്ണിനെയായിരുന്നു.
തനിക്കാവളോടുള്ള വാത്സല്യം ആരോ ഇവിടെ അവന് ചോർത്തി കൊടുത്തത് കൊണ്ടാണ്.. ഈ വിളിപ്പിക്കലും വിരട്ടലും.
അറക്കലെ എല്ലാവരും ഒരുതരം ആത്മ നിർവൃതിയോടെ നോക്കി നിൽക്കുന്നിടത്ത് നിന്നും തിരിഞ്ഞു നടക്കുമ്പോൾ.. മനസ്സ് കൊണ്ടന്ന് ഒരുപാട് പ്രാർത്ഥന നടത്തിയത് മുഴുവനും പാത്തുവിന് വേണ്ടിയായിരുന്നു.
ആരുമില്ല പടച്ചോനെ അയിന്.. അയിനെ കാത്ത് സൂക്ഷിച്ചു കൊണ്ട് നടക്കാൻ കഴിവുള്ള ഒരുത്തനുമായി അവളെ നീ കൂട്ടി വെച്ചേക്കണേ ന്ന്..
തിരികെ മഞ്ജുവിന്റെ അരികിലെത്തി ജോലികളിലേക്ക് തിരിയുമ്പോഴും അത് തന്നെ… ആ പ്രാർത്ഥന തന്നെയായിരുന്നു സഫിയാത്തയുടെ മനസ്സ് നിറയെ..
❣️❣️❣️❣️
“എവിടെ..”
അത് ചോദിക്കുമ്പോൾ പോലും ക്രിസ്റ്റിയുടെ സ്വരം പരുക്കനായി പോയിരുന്നു.
“അകത്തുണ്ട്…”
ഫൈസി അകത്തേക്കു കണ്ണ് കാണിച്ചു.
“തിരക്കുണ്ടോ അകത്ത് ?”
ബൈക്കിൽ നിന്നും ഇറങ്ങവേ ക്രിസ്റ്റി വീണ്ടും ചോദിച്ചു.
“ഇല്ല.. ഏറെക്കുറെ എല്ലാവരും മടങ്ങി.. ഇനി ഇവനെ പോലെ ജോലിയും കൂലിയുമൊന്നുമില്ലാത്ത അഞ്ചോ ആറോ പേര് മാത്രം “
റോയ്സ് സ്ഥിരമായി പോകുന്ന ജിമ്മിന്റെ മുന്നിലായിരുന്നു അവർ.
അവിടുത്തെ സ്ഥിതിഗതികൾ അന്വേഷിച്ചു നോക്കാൻ ഫൈസിയെ ഏർപ്പാട് ചെയ്തിരുന്നു.
ഡൗണിൽ നിന്നും അൽപ്പം ഉള്ളിലോട്ടാണ്.
അതിന് മുന്നിലുള്ളത് ഒരു പോക്കറ്റ് റോഡാണ്.
വലിയ തിരക്കൊന്നും ഇല്ലാത്ത ഒരു ഏരിയ.
വീടുകളും അധികമൊന്നുമില്ല.
ഫൈസി ഓരോന്നു വിശദീകരണം തന്നപ്പോൾ തന്നെ ഇവിടെ ഇട്ട് അവനെ പൊക്കാം എന്ന് തീരുമാനിച്ചുറപ്പിച്ചതാണ്.
മരണകുരുക്കിൽ നിന്നും ദിൽനയേ ജീവിതത്തിലേക്ക് തന്നെ തിരികെ കൈ പിടിച്ചിറക്കിയ ആ നിമിഷം ഉറപ്പിച്ചതാണ് .. ഇനിയീ ശുഭ കാര്യത്തിന് ഒട്ടും വൈകിക്കാൻ പാടില്ലയെന്നത്.
അവൾക്ക് മുന്നിലേക്ക് ജീവിക്കാൻ ഒരു കാരണം ഇട്ട് കൊടുക്കേണ്ടത് വളരെ അത്യാവശ്യമാണ്.
ആദ്യം വേണ്ടത്… ഇല്ലാതെയാക്കേണ്ടത് റോയ്സിന്റെയും അവന്റെ അമ്മയുടെയും ചുണ്ടിലെ വിജയചിരിയാണ്.
തുടക്കം അവിടെ നിന്നുമാവട്ടെ.
വീട്ടിൽ കയറി ആ പരട്ട തള്ളയുടെ മുന്നിലിട്ടാണ് ഇവനെ പോലുള്ള വീരന്മാരുടെ എല്ലൊടിക്കേണ്ടത്.
പക്ഷേ അത്.. അതിന്റെ പ്രത്യഘാതം താൻ ഊഹിക്കുന്നതിനും മുകളിലാവും. അല്ലെങ്കിലങ്ങനെ ആക്കും സൂസമ്മയും വർക്കിയും കൂടി.
അത് പാടില്ല..
താനിപ്പോൾ വേണ്ടത് ദിൽനയുടെ കൂടെയാണ്..
“റഷീദ് അങ്കിൾ “
അകത്തേക്ക് കയറ്റും മുന്നേ… ക്രിസ്റ്റി ഫൈസിയെ നോക്കി ചോദിച്ചു.
“റഷീദ്ധിക്ക വരും. നമ്മളോട് തുടങ്ങി വെക്കാൻ പറഞ്ഞിട്ടുണ്ട്.”
ഫൈസി ചിരിയോടെ പറഞ്ഞു.
“കാറേടുത്തില്ലേ?”
ക്രിസ്റ്റി വീണ്ടും ചോദിച്ചു.
“ആര്യനുണ്ട് “
റോഡിൽ കുറച്ചു മാറി നിർത്തിയിട്ട കാറിന്റെ നേരെ ഫൈസി കൈ ചൂണ്ടി കാണിച്ചു കൊണ്ട് പറഞ്ഞു.
അവർ നോക്കുന്നത് കണ്ടതും അങ്ങോട്ട് തന്നെ നോക്കി ഇരിക്കുകയായിരുന്ന ആര്യൻ കൈ പൊക്കി കാണിച്ചു.
ക്രിസ്റ്റിയും അവന്റ നേരെ കൈ പൊക്കി കാണിച്ചു.
“വാ “
അകത്തേക്ക് കയറി കൊണ്ട് ക്രിസ്റ്റി ഫൈസിയെ വിളിച്ചു.
പുറത്ത് നിന്നും കാണുന്നത് പോലെയല്ല. അകത്തു കയറി നോക്കുമ്പോൾ കുറച്ചു കൂടി വിശാലതയുണ്ട്.
നിരത്തിയിട്ട വർക്ക്ഔട്ട് യന്ത്രങൾ.
ഒട്ടുമുക്കാലും ഒഴിഞ്ഞു കിടക്കുന്നുണ്ട്.
ഫൈസി പറഞ്ഞത് പോലെ.. അഞ്ചോ ആറോ പേരുണ്ട്.. മരിച്ചാലും വേണ്ടില്ല ആരോഗ്യം മതിയെന്ന് വാശിയുള്ളത് പോലെ.. അവിടെ കിടന്നു സാഹസം കാണിക്കുന്നു… അവിടുള്ളവരെല്ലാം.
ചുറ്റും കണ്ണോടിച്ചു നോക്കിയ ക്രിസ്റ്റിയുടെ കണ്ണുകൾ റോയ്‌സിൽ പതിയാൻ വല്ല്യ താമസമൊന്നും ഉണ്ടായില്ല.
അവൻ മുഖം തിരിച്ചു നോക്കിയ ആ നിമിഷം തന്നെ ഫൈസിയും അവനെ നോക്കി.
രണ്ടാളും തമ്മിലൊന്ന് നോക്കി ചിരിച്ചിട്ട് അവന് നേരെ നടന്നു.
“ക്ഷീണിച്ചോടാ മക്കളെ?”
കിതപ്പോടെ നടുവിൽ കൈ കുത്തി നിൽക്കുന്ന റോയ്സിന്റെ തോളിൽ കയ്യിട്ട് പിടിച്ചു കൊണ്ട് ക്രിസ്റ്റി ചോദിച്ചതും അവൻ ഞെട്ടി തിരിഞ്ഞു നോക്കി.
കുതറി മാറും മുന്നേ.. അപ്പുറം ഫൈസിയും ചേർന്നു നിന്നു.
റോയ്‌സിന്റെ മുഖം വിളറി വെളുത്തു പോയിരുന്നു.
ഭയം കാരണം അവന്റെ ശബ്ദം പോലും പുറത്തേക്ക് വരുന്നുണ്ടായിരുന്നില്ല.
“മക്കള് പേടിച്ചോടാ?”
ക്രിസ്റ്റി വീണ്ടും ക്രൂരത നിറഞ്ഞ ചിരിയോടെ അവന്റെ നേരെ നോക്കി.
“നിനക്കെന്താടാ ഇവിടെ കാര്യം?”
അവിടെ നിൽക്കുന്ന ആരെങ്കിലും ശ്രദ്ധിക്കണേ എന്ന് പ്രാർത്ഥനയോടെയാണ് അൽപ്പം ഉറക്കെ.. ഉള്ളിലെ ഭയം മറച്ചു പിടിച്ചു കൊണ്ട് റോയ്സ് അങ്ങനെ ചോദിച്ചത്.
“ഞങ്ങൾ ഒന്നര കിലോ പിണ്ണാക്ക് വാങ്ങാൻ വന്നതാടാ മോനെ. അത് ഇവിടല്ല്യോ കിട്ടുന്നത്?”
ക്രിസ്റ്റി ചിരിച്ചു കൊണ്ട് ചോദിച്ചു.
“ഗുണ്ടായിസം കാണിക്കാനാണ് വന്നതെങ്കിൽ… നിനക്ക് തെറ്റിയെടാ. ഇത് എന്റെ ഏരിയ ആണ്.ഇവരെല്ലാം എന്റെ ആളുകളും.”
അവിടെ ഉള്ളവർ ശ്രദ്ധിക്കുന്നുണ്ട് എന്നറിഞ്ഞതും ഒന്ന് കുതറി കൊണ്ട് റോയ്സ് അൽപ്പം വീറോടെ പറഞ്ഞു.
“ഓഹോ.. അങ്ങനെയാണോ?”
ഇല്ലാത്ത മസിലും പൊലിപ്പിച്ചു നിൽക്കുന്നവരെയും നോക്കി ക്രിസ്റ്റി വീണ്ടും ചിരിച്ചു.
“എന്താണ് ബ്രോ സീനാണോ?”
അവരിലൊരുത്തൻ വിളിച്ചു ചോദിച്ചതും റോയ്സ് വിജയചിരിയോടെ ക്രിസ്റ്റിയെ നോക്കി.
“വിട്ടെടാ എന്നെ “
അത് പറഞ്ഞിട്ടവൻ കുതറി മാറിയിരുന്നു.
“എന്താ പ്രശ്നം.. കൂട്ടത്തിൽ ഇച്ചിരി മൂപ്പ് ഉള്ളവൻ അവരുടെ അടുത്തേക്ക് വന്നു ചോദിച്ചു.
ടോയ്‌സ് അവനെയൊന്ന് നോക്കിയിട്ട് ക്രിസ്റ്റിയെ പുച്ഛത്തോടെ നോക്കി.
“നിങ്ങളെ പോലെയുള്ള ഊതി വീർപ്പിച്ച ഇമ്മാതിരി മസിലൊന്നും കാണുകേല. എന്നാലും പറയുവാ.. ഞങ്ങൾ വന്നത് ഇവനെ പൊക്കാനാ. പൊക്കാൻ വന്നതാണെങ്കിൽ അത് ചെയ്തിട്ട് തന്നെ പോകും. അതിലാർക്കും സംശയങ്ങളൊന്നും വേണ്ട “
ക്രിസ്റ്റിയുടെ മുഴക്കമുള്ള സ്വരം അവിടെ മുഴങ്ങി.
“പിന്നെ പറയാനുള്ളത്. പൊക്കി കൊണ്ട് പോണത് നന്നായിട്ട് ഒന്ന് പെരുമാറി വിടാൻ തന്നെയാണ്. അതെന്തിനാണെന്ന് ചോദിച്ചാ.. വീട്ടിൽ കേറി കളിച്ച റോഡിലിട്ട് പൊട്ടിക്കും എന്നത് എന്റെയൊരു പോളിസി ആയി പോയി..അനിയമാ.. രേ .”
ക്രിസ്റ്റി വീണ്ടും അവരെ നോക്കി.
“പിന്നെ… ഞാനിവനെ കൊണ്ട് പോകുമെന്ന് പറഞ്ഞ കൊണ്ട് പോവും. അതിനിടയിൽ കയറി വന്നു തല്ല് മേടിക്കാൻ താല്പര്യമുണ്ടെങ്കിൽ മാത്രം എനിക്ക് നേരെ വരിക. ഇല്ലെങ്ങി നിങ്ങൾ ഇവിടെ എന്നാത്തിനാണോ വന്നത് അതും ചെയ്തിട്ട് മിണ്ടാതെ ഒതുങ്ങിയിരിക്കുക. എന്നാ വേണമെങ്കിലും നിങ്ങൾക്ക് തീരുമാനിക്കാം ഞാനൊരു പത്തു സെക്കന്റ് തരാം ആലോചിച്ചു നോക്കാൻ.ഒന്നും തോന്നരുത്. എനിക്ക് പോയിട്ട് ഒത്തിരി ചെയ്തു തീർക്കാ നുണ്ട്.. അതാണ് ടൈം വെട്ടി ചുരുക്കിയത്. സമയത്തിനൊക്കെ ഇപ്പൊ എന്നാ ടൈമിംങാ.. “
അവൻ മുന്നിലേക്ക് വന്ന ബാക്കിയുള്ളവരെ കൂടി നോക്കി കണ്ണ് ചിമ്മി കാണിച്ചിട്ട് ക്രിസ്റ്റി പറഞ്ഞു.
ഭയം ലവലേശമില്ലാത്ത അവന്റെയാ ഭാവം.
അവരെല്ലാം പരസ്പരം ഒന്ന് നോക്കിയിട്ട് പതിയെ തിരിഞ്ഞു നടന്നതോടെ.. റോയ്സ് കാറ്റ് പോയ ബലൂൺ പോലെ ചൂളി ചുരുങ്ങി പോയിരുന്നു.
“ഇനി ആരെങ്കിലും വരാനുണ്ടോ ടാ?”
ഫൈസി അവനെ നോക്കി കൊണ്ട് ചിരിയോടെ ചോദിച്ചു.
“അപ്പൊ നമ്മക്ക് പോയാലോ?”
ക്രൂരമായൊരു ചിരിയോടെ ക്രിസ്റ്റി വീണ്ടും അവന്റെ നേരെ ചെന്നു.
റോയ്‌സിന് എന്തെങ്കിലും ചെയ്യാനാവുന്നതിന് മുന്നേ തന്നെ ക്രിസ്ടിയും ഫൈസിയും അവനെ ലോക്കിട്ട് പിടിച്ചു പുറത്തേക്ക് നടത്തിയിരുന്നു.
അവർ ചെല്ലുന്നതും നോക്കി ഗേറ്റിനോരം കാർ അടുപ്പിച്ചു നിർത്തി… ആര്യൻ കാത്തിരിക്കുന്നുണ്ടായിരുന്നു.
❣️❣️❣️
“ഉമ്മാക്ക് ഇനി മതിയെടാ മോനെ.. അല്ലേൽ തന്നെ ഇതിങ്ങനെ നേരത്ത് കുടിക്കാ എന്നല്ലാതെ വല്ല മാറ്റാവുമുണ്ടോ ഈ അസുഖത്തിന്?”
ഷാനവാസ് ആസിയയുടെ മുഖത്തേക്ക് നോക്കി.
അസുഖം കാരണം വെളുത്തു തുടുത്തിരുന്ന ആ മുഖം കരുവാളിച്ചു പോയിരുന്നു.
“അതൊക്കെ മാറും ഉമ്മാ. ഇങ്ങള് ഇതങ്ങോട്ട് കുടിച്ചേ..”
അയാൾ വീണ്ടും കയ്യിലുള്ള മരുന്ന് അവർക്ക് നേരെ നീട്ടി.
അവരൊന്നും മിണ്ടാതെ മകനെ ഒന്ന് നോക്കിയിട്ട് ആ കയ്യിലുള്ള ഗുളികക്കായി വാ തുറന്നു കാണിച്ചു.
ശ്രദ്ധയോടെ അതെല്ലാം അവരെ കഴിപ്പിച്ചിട്ട് നേരെ പിടിച്ചു കിടത്തി.. പുതപ്പിച്ചു കൊടുത്തിട്ടാണ് അയാൾ നിവർന്നത്.
“കടേക്ക് പോണില്ലേ ഇയ്യ്?”
ആസിയഉമ്മ ഷാനവാസിനെ നോക്കി ചോദിച്ചു.
“പിന്നെ… പോണുണ്ട് മ്മാ. ഞാൻ പോയി കുളിച്ചു റെഡിയാവട്ടെ “
ചിരിച്ചു കൊണ്ട് അയാൾ പറഞ്ഞു.
“ഞാൻ പറഞ്ഞീനുള്ള ഉത്തരത്തിന് വല്ല മാറ്റാവുമുണ്ടോ ഷാനോ.. അനക് പറയാൻ..?”
അവശതയിലും ആ ചോദ്യം കടുത്തു പോയിരുന്നു അവരിൽ.
“ഈ.. മ്മാ പിന്നേം തൊടങ്ങി “
അയാൾ നടുവിന് കൈ കൊടുത്തു നിന്ന് കൊടുത്തു മുഖം ചുളിച്ചു.
“ഞാനില്ലാണ്ടായി പോയ ഇയ്യ് ഒറ്റക്കായി പോകും പഹയാ… ഖബറിൽ കിടക്കാനും ഇനിക്കൊരു സമാധാനം ണ്ടാവൂല ഷാനുഓ “
ഒരമ്മയുടെ മനസ്സിലെ മുഴുവൻ ആധിയുമുണ്ടായിരുന്നു അപ്പോഴവരുടെ വാക്കിൽ..
ഷാനവാസ് അതിനുത്തരമൊന്നും പറയാതെ തിരിഞ്ഞു നടന്നു..ആ വാക്കുകൾ എപ്പോഴത്തെയും പോലെ അയാളെയും നോവിച്ചിരുന്നു..
❣️❣️❣️
“ഇനിയെന്നെ ഒന്നും ചെയ്യല്ലേ.. പ്ലീസ് “
ക്രിസ്റ്റിയുടെ ചവിട്ട് കൊണ്ട് താഴെ കിടക്കുന്നതിനിടയിലും റോയ്സ് അവന്റെ കാലിൽ പിടിച്ചു കൊണ്ട് പറഞ്ഞു.
അടി കൊണ്ടിട്ട് അവനാകെ വശം കെട്ട് പോയിരുന്നു.
ആളൊഴിഞ്ഞ ഒരു വീടിനുള്ളിലേക്കാണ് അവരവനെ കൊണ്ട് പോയത്.
ആര്യന്റെ ബന്ധത്തിലുള്ള ആരുടെയോ വീടാണ്.
അങ്ങോട്ട് മതിയെന്ന് അവനാണ് പറഞ്ഞതും.
റോയ്‌സിനെ ഓരോ പ്രാവശ്യവും വലിച്ചു പൊക്കി വീണ്ടും അടിച്ചു വീഴ്ത്തുമ്പോഴും.. മരണകുരുക്കിലേക്ക് തലയിടാൻ ആഞ്ഞു നിൽക്കുന്ന ദിൽനയുടെ രൂപമായിരുന്നു ക്രിസ്റ്റിക്ക് ഉള്ളിൽ.
അത് കൊണ്ട് തന്നെ ഉള്ളിലെ രോഷത്തിന്റെ വല്ലാത്ത ഭാരമുണ്ടായിരുന്നു റോയ്‌സിന് കിട്ടിയ ഓരോ പ്രഹരത്തിനുള്ളിലും.
ഫൈസിയും ആര്യനും കാഴ്ചക്കാരായിരുന്നു.
റോയ്സ് കൊഞ്ചി പറയുന്നത് കേട്ടിട്ടും അവരൊന്നും മിണ്ടിയത് കൂടിയില്ല.
“ഇനി ഒരു പെണ്ണിനെ കാണുമ്പോഴും ഈ അടി നീ ഓർക്കണം “
മുഖം പൊളിഞ്ഞു പോകും വിധം അവനെ ആഞ്ഞടിച്ചു കൊണ്ട് ക്രിസ്റ്റി പല്ല് കടിച്ചു.
“കുന്നേൽ ക്രിസ്റ്റി ഫിലിപ്പിന് നിന്റെ മ്യാമന്റെ പോലെ വാഴപിണ്ടി അല്ലേടാ മോനെ നട്ടെല്ലിന്റെ സ്ഥാനത്തുള്ളത്. നിന്നോട് ഞാൻ അന്നേ പറഞ്ഞതല്ലേ.. നിനക്കുള്ളത് ഞാൻ കാത്ത് വെച്ചിട്ടുണ്ടെന്ന്…”
പുച്ഛത്തോടെ ക്രിസ്റ്റി അവനെ നോക്കി.
അവനരികിലേക്ക് താഴെ ഇരുന്നു കൊണ്ടാണ് ക്രിസ്റ്റി പറയുന്നത്.
“നിനക്കും നിന്റെ അമ്മയ്ക്കുമുള്ള ആ ഓഞ്ഞ ചിരിയില്ലേ.. അതിനുള്ള ഉത്തരം കൂടിയാണ് ഇത് “
സൂസനെ ഓർത്തതും ക്രിസ്റ്റിയുടെ പല്ലുകൾ ഞെരിഞ്ഞു.
“നിനക്കിത് വീട്ടിൽ പറയണ്ടേ..?”
ക്രിസ്റ്റി അവശതയോടെ കിടക്കുന്ന റോയ്‌സിനെ നോക്കി ചോദിച്ചു.
“വേണ്ട… വേണ്ട.. ഞാൻ.. ഞാനാരോടും പറയില്ല. ദയവ് ചെയ്തു ഇനിയെന്നെ തല്ലരുത്. എനിക്ക് വയ്യ..”
റോയ്സ് കിതച്ചു കൊണ്ട് കൈ കൂപ്പി.
“നിനക്കെന്റെ പെങ്ങളെ കെട്ടണ്ടേ?”
ക്രിസ്റ്റി വീണ്ടും ചോദിച്ചു.
“വേണ്ട.. വേണ്ട.. ഞാനിനി അവളുടെ പരിസരത്ത് പോലും വരില്ല “
“നീ നിന്റെ വീട്ടിൽ എന്ത് പറയും..?”
“അത്.. അത് ഞാൻ എന്തെങ്കിലും പറഞ്ഞോളാം “
റോയ്സ് ധൃതിയിലാണ് പറയുന്നത്. ഉത്തരം വൈകിയാൽ ഇനിയും തല്ല് കിട്ടുവോ എന്നവൻ ഭയക്കുന്നുണ്ട്.
“എന്നാ കേട്ടോ… നിന്നെ ഈ കോലത്തിൽ തല്ലി ചതച്ചത് കുന്നേൽ ക്രിസ്റ്റി ഫിലിപ്പ് ആണെന്ന് നീ നിന്റെയാ പരട്ട തള്ളയോട് പോയി പറയണം. അത് ചോദിക്കാൻ അവരെയും കൂട്ടി നീ എന്റെ വീട്ടിലോട്ട് വരികേം വേണം.. അപ്പഴേ ബാക്കി കാര്യങ്ങൾ കൂടി എനിക്ക് വെടിപ്പായി ചെയ്യാനൊക്കൂ..”
റോയ്‌സിനെ നോക്കി.. പുച്ഛത്തോടെ പറഞ്ഞിട്ട് ക്രിസ്റ്റി എഴുന്നേറ്റു……കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…
[ad_2]