മാസപ്പടി കേസ്: കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുള്ള ആക്രമണം, രാഷ്ട്രീയപ്രേരിതമെന്ന് എംവി ഗോവിന്ദൻ

മാസപ്പടി കേസ് കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുള്ള ആക്രമണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. എല്ലാ നികുതിയും നൽകിയാണ് എക്‌സാലോജിക് പണം കൈപ്പറ്റിയത്. ബാങ്കുവഴി നടന്ന സുതാര്യമായ ഇടപാടാണിതെന്നും എംവി ഗോവിന്ദൻ പറഞ്ഞു. നിയമപരമായി നടന്ന ഇടപാടിനെ മുഖ്യമന്ത്രിയുടെ മകൾ ആയതുകൊണ്ട് രാഷ്ട്രീയപ്രേരിതമായി ഉപയോഗിക്കുന്നു
ആദായ നികുതി സെറ്റിൽമെന്റ് ബോർഡ് പരിശോധിച്ച് പ്രോസിക്യൂഷൻ ഒഴിവാക്കിയ കേസാണിത്. സാധാരണ കേസുകളിൽ ബന്ധപ്പെട്ടവരോട് വിശദീകരണം തേടാറുണ്ട്. ഇവിടെ അതുണ്ടായില്ല. പിസി ജോർജും മകനും ബിജെപിയിൽ ചേർന്ന ദിവസമാണ് എസ് എഫ് ഐ ഒ അന്വേഷണം പ്രഖ്യാപിക്കുന്നത്. അത്രയും നഗ്നമായ രാഷ്ട്രീയ ഇടപെടലാണ് കേസിലുണ്ടായത്
കേന്ദ്ര സർക്കാരും ബിജെപിയിലേക്ക് ചേർന്ന ഈ പുത്തൻകൂറ്റുകാരും, മാത്യു കുഴൽനാടൻ എംഎൽഎയുമെല്ലാം നിരവധി കോടതികളിൽ കേസ് നൽകി. മൂന്ന് വിജിലൻസ് കോടതികളും ഈ കേസ് തള്ളി. ഇവർ ഹൈക്കോടതിയിൽ അപ്പീൽ പോയി. അവിടെയും പൂർണമായും നിരാകരിക്കപ്പെട്ടു. എസ്എഫ്ഐഒ റിപോർട്ട് കോടതിയുടെ പരിഗണനയിലാണെന്നും അപ്പോൾ ധൃതി പിടിച്ച് കേസിലേക്ക് പോകേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.