Novel

യെസ് യുവർ ഓണർ: ഭാഗം 19

[ad_1]

രചന: മുകിലിൻ തൂലിക

” ഞങ്ങളുടെ കല്ലു ചേച്ചി എവിടെയാ സച്ചുചേട്ടാ.. ചേച്ചിയെ കൊണ്ട് വന്നില്ലേ” കുഞ്ഞി നിഷ്കളങ്കമായി അവനെ നോക്കി ചോദിച്ചു.. അവന്റെ മറുപടിക്കായി ആ മൂന്ന് ജോടി കുഞ്ഞി കണ്ണുകളും പ്രതീക്ഷയോടെ നോക്കി.. ആ നിമിഷം വലിച്ച് ഇഴച്ച് വണ്ടിയിൽ കയറ്റുന്ന കല്ല്യാണിയുടെ മുഖം ഓർമ്മയിൽ തെളിഞ്ഞതും വല്ലാത്തൊരു വേദനയോടെ തലപ്പൊത്തിപ്പിടിച്ചവൻ കണ്ണുകൾ ഇറുകെ അടച്ചു.. “മക്കൾ വായോ.. സച്ചുചേട്ടൻ ഉണർന്നല്ലേ ഒള്ളൂ..

കല്ല്യാണി ചേച്ചിയെ കുറിച്ച് നമുക്ക് പിന്നെ ചോദിക്കാട്ടോ.. അപ്പൂപ്പന്റെ മക്കൾക്ക് ഭക്ഷണം വാങ്ങി തരാം.. ഒന്നും കഴിച്ചിട്ടില്ലലോ.. വായോ” കണ്ണുകൾ ഇറുകെ അടച്ച് കരയുന്ന സായന്തിനെ തിരിഞ്ഞു തിരിഞ്ഞു നോക്കി ഇഷ്ടമില്ലാതെ കുട്ടികൾ കുമാരനൊപ്പം പുറത്തേക്ക് പോയി.. “ഏട്ടാ” ചാലിട്ട് ഒഴുകിയിരുന്ന അവന്റെ കണ്ണുകൾ തുടച്ച് സായു അവന്റെ അരികിലേക്ക് ഇരുന്നു.. സായന്ത് കണ്ണുകൾ തുറന്ന് അവളെ നോക്കി.. മുറിവിന്റെ വേദനയും കല്ല്യാണിയെ നഷ്ടമായ ഹൃദയ വേദനയും അവനെ ഒരുപാട് തളർത്തിയിരുന്നു..

“ഏട്ടൻ വിഷമിക്കണ്ട.. കുട്ടികൾ കല്ലു ചേച്ചിയെ കാണാത്ത വിഷമത്തിൽ ചോദിച്ചതാണ്.. ഇനി നിങ്ങൾ തമ്മിൽ എന്തെങ്കിലും പ്രശ്നം ഉണ്ടായോ.. ഏട്ടന് ആ ചേച്ചിയോട് ദേഷ്യമുണ്ടെന്ന് എനിക്കറിയാം..” “നീ പറഞ്ഞത് ഒരിക്കൽ ശരിയായിരുന്നു സായു.. എനിക്ക് അവളോട് ദേഷ്യവും വെറുപ്പും പകയും ഉണ്ടായിരുന്നു..ഇപ്പോൾ ഈ സായന്തിന്റെ ജീവൻ അവളാണ് സായു.. ഞാൻ താലികെട്ടിയ എന്റെ പെണ്ണ്” “താലി കെട്ടിയെന്നോ” കേട്ടത് വിശ്വസിക്കാനാവാതെ സായു അവനെ അമ്പരപ്പോടെ നോക്കി..

“അതെ.. ഞാൻ താലി കെട്ടിയ എന്റെ ഭാര്യ..” കല്ല്യാണിയെ കുറിച്ച് പറയുമ്പോൾ അവന്റെ വേദനയൊക്കെ എങ്ങോ പോയത് അവൻ അറിഞ്ഞു.. “ഏട്ടൻ പറയുന്നതൊന്നും എനിക്ക് മനസ്സിലാകുന്നില്ല” സായന്ത് അവളെ നോക്കി വേദനയോടെ ചിരിച്ച് കഴിഞ്ഞ കാര്യങ്ങളെ കുറിച്ച് പറഞ്ഞു.. വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ മാത്രം അടങ്ങിയ സ്വർഗം പോലുള്ള അവരുടെ ദിവസങ്ങളെ കുറിച്ച്.. അത് പറയുമ്പോൾ സായന്ത് വളരെ സന്തോഷവാനായിരുന്നു…

സായു അതെല്ലാം കേട്ട് വിശ്വസിക്കാനാകതെ ഇരിപ്പുണ്ട്.. എല്ലാം കേട്ട് കഴിഞ്ഞ് ചിരിച്ചു കൊണ്ട് ” നന്നായി ഏട്ടാ.. എനിക്ക് കല്ലു ചേച്ചിയെ നല്ല ഇഷ്ടമായിരുന്നു.. ഏട്ടൻ ചേച്ചിയെ വിവാഹം കഴിക്കണമെന്ന് മനസ് കൊണ്ട് ഞാനും ആഗ്രഹിച്ചിരുന്നു.. പക്ഷേ.. ആരാ കല്ലു ചേച്ചിയെ പിടിച്ച് കൊണ്ട് പോയത്” സായു ആശങ്കയോടെ അവനെ നോക്കി.. ” അവളെ കയറ്റി കൊണ്ട് പോകുന്ന കാറിലിരുന്ന അയാളുടെ മുഖം ബോധം മറയുമ്പോഴും എന്റെ കണ്ണുകളിൽ പതിഞ്ഞിരുന്നു.. ആ മുഖം എനിക്ക് അറിയാം..

ഇപ്പോ പക്ഷേ എനിക്കത് ഓർത്തെടുക്കാൻ സാധിക്കുന്നില്ല” ആ മുഖം ഓർത്തെടുക്കാൻ ശ്രമിക്കും പോലെ സായന്തിന്റെ കണ്ണുകൾ പിടയ്ക്കുന്നുണ്ട്.. ഒരുപാട് ആലോചിച്ചിക്കും തോറും തലയ്ക്കുമുകളിൽ അസഹ്യമായ വേദന തോന്നുന്നു അവന്.. വേദനയോടെ അവൻ തലയിൽ തടവി.. ” അയ്യോ ഏട്ടാ.. ഇപ്പോൾ അതൊന്നും ആലോച്ചിക്കണ്ട.. മുറിവൊക്കെ ഭേദമാകാട്ടെ.. എനിക്കറിയാം ഈ ലോകത്തിന്റെ ഏത് കോണിൽ ആണെങ്കിലും കല്ലു ചേച്ചിയെ എന്റെ ഏട്ടൻ കണ്ട് പിടിക്കുമെന്ന്..”

സായു അവന്റെ തലയിൽ തടവി എന്തോ ആലോചിച്ചതിന് ശേഷം ” അല്ലേൽ നമുക്ക് പോലീസിൽ പരാതി കൊടുത്താലോ” പോലീസെന്ന് കേട്ടപ്പോഴേ സായന്തിന് പരുന്തിനെയാണ് ഓർമ്മ വന്നത്.. അവന്റെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞ് മുറുകാൻ തുടങ്ങി.. ” എന്റെ കല്ല്യാണിയെ തട്ടി കൊണ്ട് പോയത് നീ ആണെങ്കിൽ നിന്റെ അവസാനം ആയിരിക്കും പരുന്തേ” സായന്തതും മനസ്സിലോർത്ത് മുഷ്ടി ചുരുട്ടി.. ##############################

ദിവസങ്ങൾ കഴിഞ്ഞു പോയി കൊണ്ടിരുന്നു.. സായന്തിന്റെ മുറിവെല്ലാം ഭേദമായി.. കല്ല്യാണിയെ കുറിച്ചുള്ള കുട്ടികളുടെ അന്വേഷണത്തിന് ചേച്ചി ഒരിടത്ത് ജോലിക്ക് പോയിരിക്കുകയാണെന്നും പറഞ്ഞ് സമാധാനം കണ്ടെത്തി.. ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ആകുന്ന ദിവസവും കാത്ത് കഴിയുകയാണ് സായന്ത്.. കല്ല്യാണിയെ തിരക്കിയിറങ്ങാൻ.. ഇടംവലം സായുവും കുമാരേട്ടനും ഉള്ളത് കൊണ്ട് അവനെ ഒന്നിനും സമ്മതിച്ചിരുന്നില്ല..

അവന്റെ ആഗ്രഹം പോലെ തന്നെ ഡോക്ടർ റുട്ടീൻ ചെക്കപ്പിന് വന്നപ്പോൾ ഡിസ്ചാർജിന് എഴുതി.. അതിന് മുന്പ് ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും പറഞ്ഞിരുന്നു.. ഇനി മദ്യപികരുതെന്നു… പിന്നെ അറിയാതെ പോലും ചെറിയൊരു ക്ഷതം പോലും തലയ്ക്ക് ഉണ്ടാകരുതെന്ന്.. അത് സായന്തിന്റെ ജീവന് പോലും ആപതാണെന്ന്.. ഡിസ്ചാർജിന്റെ കാര്യങ്ങളെല്ലാം കഴിഞ്ഞ് ഏകദേശം വൈകുന്നേരത്തോടെ അവൻ വീട്ടിലെത്തി.. കുറേയേറെ ദിവസത്തിന് ശേഷം വീട്ടിലേക്ക് എത്തിയത്.. ആ അന്തരീക്ഷം അവന്റെ ഉള്ളിലെ എരിതീയിനെ തെല്ലൊന്ന് ശമിപ്പിക്കുന്നുണ്ടായിരുന്നു.. തന്റെ മുറിയിലേയ്ക്ക് കയറി അവൻ ബെഡിലേക്ക് കിടന്നു..

തലയിൽ ഇപ്പോഴും മുറിവിന്റെ കെട്ടുണ്ട്.. കല്ല്യാണിയെ കുറിച്ചുള്ള ചിന്തകൾ കൊണ്ട് മനസ്സ് മരുഭൂമി പോൽ ചുട്ട് പഴുക്കുകയാണെന്ന് അവൻ അറിയുന്നുണ്ട്.. എങ്ങനെ തുടങ്ങണം.. എവിടെ തുടങ്ങണം അതിനൊന്നും ഒരു വ്യക്തത വരാത്തത് പോലെ.. കിടന്നിട്ട് കിടപ്പുറയ്ക്കാതെ അവൻ റൂമിൽ ഉലാത്തുവാൻ തുടങ്ങി.. ട്രീറ്റ്മെന്റ് തുടങ്ങിയതിൽ പിന്നെ ഒരു തുള്ളി മദ്യം കഴിച്ചിട്ടില്ല.. മദ്യം കുറച്ചെങ്കിലും അകത്ത് ചെന്നില്ലെങ്കിൽ ഈ അവസ്ഥയ്ക്ക് ഒരു മാറ്റം ഉണ്ടാകുമെന്ന് തോന്നിയതിനാൽ മദ്യത്തിനായി മുറിയിലാകെ അന്വേഷണം തുടങ്ങി.. കണ്ണിൽ കണ്ടതെല്ലാം വലിച്ച് വാരിയിട്ട് അന്വേഷണം തുടങ്ങി.. എല്ലാം എടുത്ത് മാറ്റിയിരിക്കുന്നു…

ഒന്നു കണ്ടെത്താനാകാതെ നിരാശയിൽ ഇനിയെന്ത് ചെയ്യുമെന്ന് ആലോചിച്ച് താടിയും തടവി നിൽക്കുകയാണ്.. പെട്ടെന്നാണ് ബെഡ് കീറി അതിനകത്ത് ഒളിച്ച് വച്ചിരുന്ന മദ്യത്തിന്റെ കാര്യം അവന് ഓർമ്മ വന്നത്.. കാണാത് കണ്ട് കിട്ടിയ ആവേശത്തോടെ കിടക്കവിരിയെല്ലാം വലിച്ചെറിഞ്ഞ് അവൻ മദ്യം തപ്പിയെടുത്തു.. ക്ഷണ നേരം പോലും താമസിപ്പിക്കാതെ കുപ്പി തുറന്ന് ഒരു സ്വിപ്പ് എടുത്ത് കുടിച്ചതും ഏട്ടാന്നുള്ള സായുവിന്റെ വിളി വന്നത്.. ഞെട്ടി വെപ്രാളത്തോടെ കുപ്പി യഥാസ്ഥാനത്ത് വച്ച് താഴേക്ക് ഇറങ്ങി ചെന്നു.. ഭക്ഷണം കഴിക്കാൻ വിളിച്ചതായിരു സായു.. സായുവിന്റെ മുഖത്തേക്ക് നോക്കുമ്പോൾ ഒരു കുറ്റബോധം.

എങ്കിലും അതെല്ലാം വിദഗ്ധമായി ഒളിപ്പിച്ച് അവരോടൊപ്പം ചെന്നിരുന്ന് ഭക്ഷണം കഴിച്ചു.. കല്ല്യാണിയെ കുറിച്ചുള്ള ചർച്ച കുട്ടികളിൽ നിന്ന് ചോദ്യങ്ങൾ ഉയർത്തുമെന്ന് അറിയാവുന്നത് കൊണ്ട് അതേ കുറിച്ച് ഉണ്ടായില്ല.. സായന്തിന്റെ ചിന്തകൾ അപ്പോഴും കല്ല്യാണിയെ എങ്ങനെ കണ്ടുപിടിക്കാം എന്ന കാര്യത്തിൽ ആയിരുന്നു.. ഭക്ഷണം കഴിച്ച് സായു നൽകിയ ഗുളികയും കഴിച്ചവൻ റൂമിലേക്ക് പോയി.. കുട്ടികൾ അവനോടൊപ്പം കിടക്കാൻ വാശി പിടിച്ചെങ്കിലും സച്ചു ചേട്ടന്റെ അസുഖം മാറി കഴിഞ്ഞ് കിടക്കാമെന്നും പറഞ്ഞ് ആശ്വസിപ്പിച്ച് സായു അവരെ കൂട്ടിക്കൊണ്ടു പോയി.. സായന്ത് അപ്പോഴും ബെഡിൽ കിടന്ന് കല്ല്യാണിയെ എങ്ങനെ കണ്ടുപിടിക്കും എന്ന ചിന്തയിൽ തന്നെയാണ്..

കിടന്നിട്ട് പറ്റാതെ അവൻ ബെഡിൽ എണീറ്റിരുന്നു.. എന്തോ ഓർത്ത് തീരുമാനിച്ചത് പോൽ നേരത്തെ ഒളിച്ച് വെച്ചിരുന്ന മദ്യകുപ്പിയുമായി റൂമിന്റെ ഡോർ തുറന്ന് താഴേക്ക് ഇറങ്ങി.. എല്ലാവരും നല്ല ഉറക്കത്തിൽ ആണെന്ന് മനസ്സിലായതും സായന്ത് വീടിന് പുറത്തേക്കിറങ്ങി.. കാർ ഷെഡിൽ വച്ചിരുന്ന തന്റെ ബുള്ളറ്റ് ശബ്ദമുണ്ടാക്കാതെ ഉന്തി ഗേറ്റ് കടത്തി.. ഒരു വട്ടം കൂടി തിരിഞ്ഞു നോക്കി ആരുമില്ലെന്ന് ഉറപ്പ് വരുത്തി മുഖത്ത് ദൃഢനിശ്ചയം വരുത്തി ബുള്ളറ്റെടുത്തു.. ############################## ഇതേസമയം തന്റേ ഡ്യൂട്ടി ടൈം കഴിഞ്ഞ് കോട്ടേഴ്സിലേക്ക് പോകുകയാണ് പരുന്ത്.. ജീപ്പിൽ ഒരു പെണ്ണ് കൂടി ഉണ്ട്..

പറഞ്ഞ കാശ് കൊടുത്ത് വാങ്ങിയ ഇന്നത്തെ ഇര.. ഡ്രൈവിംഗിനിടെ അവളെ തൊട്ടു തലോടി ഇക്കിളി സംഭാഷണങ്ങൾ നടത്തിയും ചിരിച്ചു ഉല്ലസിക്കുകയാണ് ഇരുവരും.. കോട്ടേഴ്സിന്റെ അരികിൽ എത്താറായതും അവരുടെ വണ്ടിക്ക് കുറച്ച് മുമ്പിലായി ഒരു ബുള്ളറ്റ് നിർത്തി വെച്ചിരിക്കുന്നു.. പരുന്ത് ജീപ്പിൽ നിന്നും തലയിട്ട് സംശയത്തോടെ പുറത്തേക്ക് നോക്കി.. ആരേയും കാണുന്നില്ലെന്ന് കണ്ടതോടെ വണ്ടിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങി നെറ്റി ചുളിച്ച് ചുറ്റും നോക്കി.. ബുള്ളിറ്റിന് അടുത്തേക്ക് എത്തിയത്തും താടി തടവി ഒരിക്കൽ കൂടി ചുറ്റിനും തിരഞ്ഞു.. അപ്പോഴാണ് കയ്യിലൊരു കുപ്പിയുമായി ഇരുട്ടിൽ നിന്നൊരു രൂപം നടന്ന് വരുന്നത് അയാളുടെ ശ്രദ്ധയിൽ പെട്ടത്..

ചെറിയൊരു അന്താളിപ്പ് അയാളുടെ മുഖത്ത് തെളിയുന്നുണ്ട്.. ഇരുട്ടിൽ നിന്നും നടന്ന് അടുക്കുന്ന രൂപത്തെ മനസ്സിലാകാതെ അയാൾ സൂക്ഷിച്ചു നോക്കി.. ആ രൂപം വെട്ടത്തിലേക്ക് വന്നതും അയാളുടെ മുഖത്തൊരു ഞെട്ടൽ തെളിഞ്ഞു.. ” സായന്ത് ” സായന്ത് കയ്യിലെ മദ്യക്കുപ്പി കുടിച്ചു കൊണ്ട് തന്നെ ബുള്ളറ്റിനരികിലെത്തി.. ഒരു കാൽ ബുള്ളറ്റിലേക്ക് കയറ്റി വെച്ച് കയ്യിലെ മദ്യം പരുന്തിനെ നോക്കി കൊണ്ട് കുടിക്കാൻ തുടങ്ങി.. “ഓഹ്.. വക്കീലാണോ.. വനവാസമൊക്കെ കഴിഞ്ഞ് എപ്പോഴാ തിരികെ എത്തിയത്.. ഇതെന്താ സിനിമാ സ്റ്റൈലിൽ ഒരു തടഞ്ഞ് നിർത്തൽ.. വക്കീൽ ഹീറോ കളിക്കാണോ”

ചോദ്യത്തോടൊപ്പം മുഖത്തേ പുച്ഛചിരി വിരിയിക്കാൻ സമയം കിട്ടും മുൻപേ സായന്ത് കയ്യിലെ മദ്യക്കുപ്പി അയാളുടെ തലയിൽ അടിച്ചിരുന്നു.. കുപ്പി ചീളുകൾ ആഴ്ന്നിറങ്ങിയ വേദനയിൽ അയാൾ തലപ്പൊത്തി അലറി കരഞ്ഞ് കുഴഞ്ഞ് വീണു.. ആ കാഴ്ച കണ്ടതും വണ്ടിയിൽ ഉണ്ടായിരുന്ന പെണ്ണ് ജീവനും കൊണ്ട് ഓടി കഴിഞ്ഞിരുന്നു.. കുറച്ച് സമയത്തിന് ശേഷം പരുന്ത് കണ്ണ് തുറന്നു.. വേദന കൊണ്ട് അയാളുടെ മുഖം ചുളിഞ്ഞു.. കൈകൾ അനക്കാൻ നോക്കിയതും കൈകൾ രണ്ടും ബുള്ളറ്റിൽ വെച്ച് കെട്ടിയിരിക്കുകയാണ്.. അയാൾ സർവ്വ ബലവുമെടുത്ത് കൈ വലിച്ച് ഊരാൻ ശ്രമിക്കുന്നുണ്ട്.. മുഖാമാകെ രക്ത ഭൂഷിതമാണ്..

അയാൾ ഉണർന്നെന്ന് മനസ്സിലായതും സായന്ത് പരുന്തിന്റെ അടുത്തേക്ക് ചെന്ന് ഒരു കാൽ മടക്കി മറ്റേ കാൽ മുട്ട് മടക്കി തറയിലേക്ക് കുത്തി ഇരുന്നു.. പരുന്ത് അവനെ ഭയപ്പാടോടെ നോക്കി വേദനയോടെ പുളയുന്നുണ്ട്.. സായന്ത് അയാളെ എരിക്കും വിധത്തിൽ നോക്കി കൊണ്ട് ” മൂന്നേ മൂന്ന് ചോദ്യം.. എവിടെ.. എന്തിന്.. ആര് പറഞ്ഞിട്ട്.. അത് പറഞ്ഞാൽ നിനക്ക് ഈ അർധ പ്രാണനും കൊണ്ട് വീട്ടിലേക്ക് പോകാം.. അല്ലേൽ അതും ഈ സായന്ത് പറിച്ചെടുക്കും..”

“അയ്യോ.. എന്നെ ഒന്നും ചെയ്യല്ലേ ഞാൻ പറയാം.. ഞാൻ പറയാം” “എങ്കിൽ വേഗമാകട്ടേ.. ” സായന്ത് വണ്ടിയിൽ കരുതിയിരുന്ന മദ്യക്കുപ്പി എടുത്ത് ജീപ്പിന്റെ മുകളിലേക്ക് കയറി ഇരുന്നു.. പരുന്ത് വേദനകൊണ്ട് പുളഞ്ഞ് കണ്ണുകൾ ഇറുകെ അടച്ച് വലിച്ച് തുറന്ന് തല വെട്ടിച്ച് കൊണ്ട് ” കല്ല്യാണിയെ എവിടേക്ക് കൊണ്ട് പോയെന്ന് എനിക്കറിയില്ല.. എന്തിന് വേണ്ടിയെന്നും എനിക്കറിയില്ല.. പക്ഷേ അന്ന് കല്ല്യാണിയെ രക്ഷിച്ച് കൊണ്ട് പോയി നിങ്ങൾ കാട്ടിൽ അകപ്പെട്ടതിന് രണ്ട് ദിവസം കഴിഞ്ഞ് എന്നെ ചിലർ കാണാൻ വന്നിരുന്നു” പരുന്ത് വേദന കൊണ്ട് മുറിയുന്ന വാക്കുകൾ കൊണ്ട് അത്രയും പറഞ്ഞു.. “ആര്” സായന്തിന്റെ ശബ്ദം കടുപ്പമായിരുന്നു..

” എനിക്ക്… എനിക്ക്.. അറിയില്ല.. ഞാൻ മുൻപ് കണ്ടിട്ടില്ല.. ഈ… ഈ.. നാട്ടുകാർ അല്ല.. കല്ല്യാണിയെ പിടിച്ച് കൊടുത്താൽ പറയുന്ന പണം തരാമെന്ന് പറഞ്ഞു.. ഞാൻ ഒരുപാട് അന്വേഷിച്ചിട്ടും നിങ്ങളെ കിട്ടിയില്ല.. ” സായന്ത് അയാളെ ദേഷ്യത്തോടെ നോക്കി കനത്തിൽ മൂളി ആ മൂളൽ ഒരു താക്കീതാണെന്ന് മനസ്സിലാക്കിയ പരുന്ത് ” സത്യമാണ്.. ഞാൻ പറഞ്ഞതെല്ലാം സത്യമാണ്.. എനിക്കിതിൽ പങ്കില്ല.. എന്നെ കൊല്ലരുത്.. രക്ഷിക്കണം.. ” അയാൾ വേദനയോടെ സായന്തിന്റെ ദയവിനായ് കെഞ്ചി.. സായന്ത് വണ്ടിയിൽ നിന്ന് ചാടി ഇറങ്ങി കയ്യിലെ ബാക്കി മദ്യം കൂടി വലിച്ച് കുടിച്ച് വലിയൊരു ഊക്കോടെ കയ്യിലെ മദ്യക്കുപ്പി വലിച്ച് എറിഞ്ഞു.. അത് കല്ലിൽ തട്ടി ചിന്നി ചിതറുന്ന ശബ്ദം അവിടെയെല്ലാം മുഴങ്ങി കേട്ടു.. ….കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button