" "
Novel

യെസ് യുവർ ഓണർ: ഭാഗം 28

[ad_1]

രചന: മുകിലിൻ തൂലിക

ഇരുവരും മുറിയിലേക്ക് കയറി.. അതേസമയം ഒരു വെളുത്ത ഓംനി വാനിൽ കുറച്ച് പേർ കല്ല്യാണിയേയും സായന്തിനേയും നിരീക്ഷിച്ചു കൊണ്ട് വീടിന് ഗേറ്റിന് സമീപം നിന്നിരുന്നു.. ആ കൂട്ടത്തിൽ തലവനെന്ന് തോന്നിക്കുന്ന ഒരുവൻ ഫോണെടുത്ത് ആരെയോ വിളിച്ചു കൊണ്ട് ” സാർ.. അവളും കുട്ടികളും ഇവിടെയുണ്ട്.. ” ############################### ഡോക്ടറെ കാണാനായി ഇരുവരും രാവിലെ തന്നെ പുറപ്പെട്ടു.. ആ ടൗണിലെ പ്രശസ്തമായ ഹോസ്പറ്റലിലേക്കാണ് സായന്ത് കല്ല്യാണിയെ കൂട്ടി കൊണ്ട് പോയത്..

ആ ഹോസ്പിറ്റലിലെ ഗൈനക്കോളജി വിഭാഗത്തിൽ പ്രഭൽഗയായ ഡോക്ടർ റോസൻ ജോസഫിന്റെ റൂമിന് മുന്പിൽ തങ്ങളുടെ നമ്പർ വിളിക്കുന്നതും കാത്ത് നിൽക്കുകയാണ് സായന്തും കല്ല്യാണിയും.. കേസിന്റെ കാര്യങ്ങളിൽ അവനെ സഹായിക്കുന്നത് കൊണ്ട് ഡോക്ടറും സായന്തും പരിചയക്കാരാണ്.. “ടോക്കൺ നമ്പർ 10 കല്ല്യാണി സായന്ത് ” അകത്ത് നിന്ന് അവരുടെ പേരും നമ്പറും വിളിക്കുന്നത് കേട്ടതോടെ ഇരുവരും കാത്തിരിപ്പിന് വിരാമമിട്ട് ഡോക്ടറെ കാണാൻ കയറി… അകത്തേക്ക് കയറി ചെന്ന അവരെ നിറഞ്ഞ ചിരിയോടെയാണ് ഡോക്ടർ റോസൻ സ്വീകരിച്ചത്.. അത് കണ്ടതോടെ ഇരുവർക്കും നല്ല ആശ്വാസം തോന്നി..

” ആരിത് വക്കീലോ.. കല്ല്യാണം കഴിഞ്ഞിട്ട് നമ്മളെയൊന്നും വിളിച്ചില്ലലോ” ” അതൊക്കെ പെട്ടന്നായിരുന്നു ഡോക്ടറെ ഞങ്ങൾ പോലും അറിഞ്ഞില്ല.” ” അതെന്താടോ വക്കീലേ അങ്ങനെയൊരു കല്ല്യാണം.. എന്തായാലും തന്റെ വൈഫ് കൊള്ളാം കേട്ടോ.. സുന്ദരി കുട്ടിയാണ്” കല്ല്യാണിയെ കുറിച്ചുള്ള ഡോക്ടറുടെ അഭിപ്രായം കേട്ടതോടെ സായന്തിന് ഇത്തിരി ഗമയൊക്കെ തോന്നി.. സായന്ത് കല്ല്യാണിയെ നോക്കി കണ്ണിറുക്കി കാണിച്ച് ചിരിച്ചു.. അവന്റെ ചിരി അവളിലേക്കും പടർന്നിരുന്നു.. ശേഷം ഡോക്ടറോട് കാര്യങ്ങളെല്ലാം പറഞ്ഞപ്പോൾ ഡോക്ടർ ചെക്കപ്പിനായി കല്ല്യാണിയെ അടുത്ത റൂമിലേക്ക് കൂട്ടി കൊണ്ട് പോയി..

അവൾ പോകുന്നതും നോക്കി സായന്ത് അക്ഷമനായി ഇടയ്ക്കിടെ അവിടേക്ക് എത്തി നോക്കി കൊണ്ട് ഇരുന്നു.. ഏതാനും നിമിഷങ്ങൾക്കകം ചെക്ക് അപ്പ് കഴിഞ്ഞ് കല്ല്യാണി പുറത്തേക്ക് വന്നു.. “എന്താ ഡോക്ടർ എന്റെ കുഞ്ഞിനും കല്ല്യാണിക്കും പ്രശ്നമൊന്നും ഇല്ലാല്ലോ” സായന്ത് തിടുക്കം കൂട്ടാൻ തുടങ്ങി.. അവന്റെ പരിഭ്രമം കണ്ട് ഡോക്ടർ ചിരിച്ച് ” ഇങ്ങനെ ടെൻഷനാകേണ്ട ഒരു കാര്യവുമില്ല വക്കീലേ.. ചെറിയ ക്ഷീണം ഒഴിച്ചാൽ ഷീ ഈസ് പെർഫക്ട്ലി ഓൾ റൈറ്റ്” ഡോക്ടറുടെ വാക്കുകൾ കേട്ടതോടെ ഇരുവരുടേയും മുഖത്ത് ആശ്വാസം തെളിഞ്ഞു.. ” ആ.. പിന്നെ ഞാൻ കുറച്ച് വൈറ്റമിൻ ടാബ്‌ലറ്റിന് എഴുതാം..

അതെല്ലാം മുടങ്ങാതെ കഴിക്കണം.. ” ശേഷം കല്ല്യാണിയോടായി ” കുട്ടിക്കിപ്പോൾ വൊമിറ്റിങ്ങൊന്നും ഇല്ലല്ലോ” കല്ല്യാണി ഇല്ലെന്നുള്ള അർത്ഥത്തിൽ തലയാട്ടി.. ” ഉം.. വൊമിറ്റിങ്ങെല്ലാം തുടങ്ങുകയാണേൽ ഫുഡിനോട് താൽപര്യം കാണില്ല.. സായന്ത്, കല്ല്യാണിക്ക് നല്ല ക്ഷീണമുണ്ട് ഹെൽത്തി ഫുഡൊക്കെ കൊടുക്കണം.. നിങ്ങളൊക്കെ എഡ്യുക്കേറ്റഡ് ആയതുകൊണ്ട് പറഞ്ഞ് തരണ്ടല്ലോ.. എങ്കിൽ ശരി.. രണ്ടാഴ്ച കഴിഞ്ഞ് വരണം അപ്പോ ഒരു സ്കാനിംഗ് ചെയ്യാം..” “ഓക്കേ താങ്ക്യൂ ഡോക്ടർ..” ############################## ” ഡോക്ടർ പറഞ്ഞതൊക്കെ കേട്ടല്ലോ കല്ലു നീ.. നന്നായി ഫുഡൊക്കെ കഴിക്കണം “

സായന്ത് ഡ്രൈവിംഗിനിടെ തന്റെ ഒരു തോളിൽ തല ചായ്ച്ച് കിടക്കുന്ന കല്ല്യാണിയോടായി പറഞ്ഞു… കല്ല്യാണി തലയുയർത്തി അവനെ നോക്കി ചിരിച്ച് പിന്നെയും സായന്തിന്റെ കയ്യിൽ ചുറ്റി പിടിച്ച് തല വെച്ച് കിടന്നു.. വീട്ടിലേക്കുള്ള വഴിയിൽ സായന്ത് ഓരോ കടയിലും കയറി കല്ല്യാണിക്കായുള്ള ഫ്രൂട്ട്സും നട്ട്സും മറ്റ് ഭക്ഷണ സാധനങ്ങൾ എല്ലാം വാങ്ങിച്ച് വണ്ടി നിറഞ്ഞു.. കല്ല്യാണി എത്രയൊക്കെ വേണ്ടെന്ന് പറഞ്ഞിട്ടും അവൻ അതൊന്നും വകവയ്ക്കാതെ ഒരുപാട് സാധനങ്ങൾ വാങ്ങിക്കുന്നുണ്ട്.. കൂട്ടത്തിൽ ടെക്സ്റ്റയിൽസിൽ കയറി എല്ലാവർക്കും ഡ്രസ്സെടുത്തു.. നിർമ്മലാമയ്ക്കും എടുക്കാൻ സായന്ത് മറന്നില്ല..

അത് കണ്ടപ്പോൾ കല്ല്യാണിയുടെ മനസ്സ് നിറഞ്ഞു.. ശേഷമുള്ള യാത്രയിൽ വീട്ടിലേക്കുള്ള വഴിയിൽ നിന്ന് മാറി മറ്റൊരു വഴിയിലൂടെ വണ്ടി പോകുന്നത് കണ്ടപ്പോൾ കല്ല്യാണി സംശയത്തോടെ സായന്തിനെ നോക്കി.. അവളുടെ ചോദ്യത്തിന്റെ അർത്ഥം മനസ്സിലാക്കിയോണം സായന്ത് ” എത്ര ദിവസമായി എന്റെ പെണ്ണ് ശുദ്ധ വായു ശ്വസിച്ചിട്ട്.. നമ്മുക്ക് കുറച്ച് നേരം എവിടെങ്കിലും പോയിരുന്ന് മൈന്റ് ഫ്രഷാക്കാം ” ബീച്ചിനരികിലാണ് സായന്ത് വണ്ടി നിർത്തിയത്..

ഡോർ തുറന്ന് കല്ല്യാണിയേയും കൂട്ടിയവൻ കടലിനരികിലേക്ക് നടന്നു.. നേരം ഉച്ച ആയിരുന്നെങ്കിലും ആകാശം കാർമേഘം മൂടി കെട്ടി നിന്നിരുന്നതിനാൽ സൂര്യന്റെ ചൂട് കുറവായിരുന്നു.. കല്ല്യാണി സായന്തിന്റെ കൈയ്യിലൂടെ ചുറ്റിപ്പിടിച്ച് അവനോട് ചേർന്നാണ് നടക്കുന്നത്.. ഇരുവരും കടൽ തിരയിൽ കാലുകൾ നനച്ച് കുറച്ച് നേരം കടൽത്തീരത്ത് കൂടി നടന്നു.. ” കല്ലു നിനക്ക് ആ സ്ഥലം ഓർമ്മയുണ്ടോ.. ” ” അത് എങ്ങനെ മറക്കാനാ ഏട്ടാ.. അന്ന് സായുവിനേയും കുട്ടികളെയും കൊണ്ട് നമ്മൾ ഇവിടേക്ക് വന്നപ്പോൾ ഇരുന്നത് അവിടെയല്ലേ” “എങ്കിൽ വായോ നമ്മുക്ക് കുറച്ച് നേരം അവിടെ ഇരിക്കാം”

ഇരുവരും അവിടേക്ക് നടന്നെത്തി സായന്ത് താഴേക്ക് ഇരുന്ന് കല്ല്യാണിയെ തന്റെ അടുത്തേക്ക് ഇരുത്തി.. കല്ല്യാണി അവന്റെ തോളിലേക്ക് ചാഞ്ഞ് കടലിലേക്ക് നോക്കി ഇരിക്കുകയാണ്.. ” നമ്മളന്ന് ഇവിടെ വന്നിരിക്കുമ്പോൾ എന്റെ ഉള്ളിന്റെ ഉള്ളിൽ ഏതോ ഒരു കോണിൽ നീ ഉണ്ടായിരുന്നു കല്ലു.. നിന്റെ ഈ മൊട്ടകണ്ണുകൾ കാണുമ്പോൾ എനിക്കത് എത്രയോ വട്ടം ഫീലായിട്ടുണ്ടെന്നോ.. പക്ഷേ ആ സ്നേഹം നിന്നോടുള്ള ദേഷ്യത്തിന്റെ മറ നീക്കി അത് പുറത്തു വരാൻ വൈകി” കല്ല്യാണി അവന്റെ കയ്യിൽ കോർത്ത് പിടിച്ച് ” എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു..ഓരോ വട്ടവും തമ്മിൽ കാണുമ്പോൾ ഈ കണ്ണുകളിലേക്ക് നോക്കുന്ന നിമിഷങ്ങളിൽ എന്നെ നഷ്ടപ്പെടുന്നത് പോലെ തോന്നിയിരുന്നു എനിക്ക്..

അത് കൊണ്ട് മനപൂർവ്വം ഞാൻ ഏട്ടന്റെ മുഖത്ത് നോക്കാതെ ഇരുന്നിട്ടുണ്ട്.. ഏട്ടന്റെ സാമീപ്യം അത് എത്രയോ വട്ടം എന്റെ ഹൃദയ താളത്തിന്റെ വേഗം കൂട്ടിയിരിക്കുന്നെന്നോ” അവളുടെ വാക്കുകളാൽ കുളിര് കോരിയ മനസ്സാൽ സായന്ത് കല്ല്യാണിയുടെ നെറ്റിയിൽ അമർത്തി ചുംബിച്ചു.. ” അന്ന് ഞാൻ തമാശയ്ക്കാണ് കിട്ടുവിനോട് നിന്റെ ചേച്ചിയെ ഞാൻ കെട്ടിക്കോളാമെന്ന് പറഞ്ഞത്.. ആ വാക്ക് പാലിക്കപ്പെട്ടു.. നീ എന്റെ സ്വന്തമായി.. വിധിയെന്ന് പറയുന്നത് വല്ലാത്തൊരു സംഭവം തന്നെയാണല്ലേ കല്ലു… നീ എനിക്കുള്ള പെണ്ണാണെന്ന് നമ്മൾ ഈ ഭൂമിയിലേക്ക് ജനിച്ച് വീഴും മുൻപേ ദൈവം തീരുമാനിച്ചു വെച്ചിരുന്നു..

അങ്ങനെ ഓർക്കുമ്പോൾ വിവാഹം സ്വർഗത്തിൽ വെച്ച് നടക്കുന്നുവെന്ന് പറയപ്പെടുന്നത് ശരിയാണ് കല്ലു” ” പക്ഷേ ഈ വിധിയെ ആണ് ഏട്ടാ എനിക്ക് പേടി.. ദൈവം തീരുമാനിച്ച് വെച്ചിരിക്കുന്നത് എന്താണെന്ന് നമുക്കറിയില്ലല്ലോ.. ” കല്ല്യാണിയുടെ ആ വാക്കുകളിൽ കണ്ണീരിന്റെ നനവ് പടർന്നിരുന്നു.. സായന്ത് അവളെ ചേർത്ത് പിടിച്ച് ” ഞാൻ പറഞ്ഞത് നിനക്കോർമ്മയില്ലേ കല്ലു.. പിന്നെയും അത് തന്നെ ഓർത്ത് വിഷമിക്കുന്നത് എന്തിനാണ്.. നമ്മുക്ക് ആലോചിക്കാനും സ്വപ്നം കാണാനുമായി ഇനിയുള്ള നമ്മുടെ ജീവിതത്തിന്റെ പ്രത്യാശ അല്ലേ എന്റെ പെണ്ണിന്റെ വയറ്റിലെ ജീവന്റെ തുടിപ്പ്.. നമ്മുടെ പ്രണയ സാക്ഷാത്കാരം..

ഇപ്പോൾ അതേ കുറിച്ച് മാത്രം ഓർത്താൽ മതി എന്റെ പെണ്ണ്.. പിന്നെ………!!! ” ” അതെന്താ പിന്നെയ്ക്കൊരു നീട്ടം” കല്ല്യാണി മുഖമുയർത്തി അവനെ നോക്കി ഒരു പുരികമുയർത്തി സായന്ത് ഒരു കള്ളചിരിയോടെ ” പിന്നെ ഈ പാവം ഏട്ടനേയും.. ഇടയ്ക്കിടെ ആ ചുണ്ടിലെ സ്നേഹം തന്ന് ഈ മാറിലെ താരാട്ടിൽ ഉറക്കിയാൽ മതി ഒരു ശല്യവും ഉണ്ടാക്കില്ല.. കുറ്റിമേ കെട്ടിയ മൂരി ക്ടാവിന്റെ കൂട്ട് എന്റെ പെണ്ണിനെ ചുറ്റിപ്പറ്റി നടന്നോളാം ഞാൻ.. ഇടയ്ക്കിടെ വിശപ്പിന് എന്തേലും.. അത് ഒരു കെട്ടിപിടുത്തോ.. ഉമ്മയോ.. അല്ലേൽ.. ” സായന്ത് താടി തടവി അർത്ഥം വെച്ച് കല്ല്യാണിയെ അടിമുടി നോക്കി.. ” അയ്യേ ഈ പേട്ട വക്കീല് “

കല്ല്യാണി നാണത്തോടെ കൈചുരുട്ടി അവനെ ഇടിക്കാൻ ആഞ്ഞതും സായന്ത് ഉറക്കെ ചിരിച്ച് തന്റെ രണ്ട് കയ്യും അവളുടെ ഇടി തടുക്കാനായി ഉയർത്തിപ്പിടിച്ചു.. അവളുടെ ഓരോ ഇടിയും തന്റെ കൈകൊണ്ട് സമർത്ഥമായി തടഞ്ഞ് കൊണ്ടവൻ ചിരിച്ച് ചുറ്റും നോക്കുന്നതിന് ഇടയിലാണ് ആ കാഴ്ച അവന്റെ കണ്ണിൽ പെട്ടത്.. അവർ ഇരിക്കുന്നതിന് കുറച്ച് മാറി കുറച്ച് പേർ അവരെ തന്നെ നോക്കി കൊണ്ട് നിൽക്കുന്നു.. അതിലൊരാൾ അവരെ നോക്കി കൊണ്ട് ഫോണിൽ സംസാരിക്കുന്നുണ്ട്.. അവരുടെ രൂപവും വേഷവിധാനവും കണ്ടാൽ അറിയാം അവർ ഈ നാട്ടുകാർ അല്ലെന്ന്.. പരുന്തിന്റെ വാക്കുകളാണ് സായന്തിന് ഓർമ്മ വന്നത്..

ആ ക്ഷണം അവന്റെ മുഖത്തെ ചിരി മാഞ്ഞ് ദേഷ്യം കൊണ്ട് മുഖം ചുവന്നു.. സായന്ത് തങ്ങളെ കണ്ട് കഴിഞ്ഞെന്നു മനസ്സിലായതും ആ സംഘം അവിടെ നിന്നും പതിയെ പിൻവാങ്ങാൻ തുടങ്ങി.. ഇതേസമയം സായന്തിന്റെ ഭാവ വ്യത്യാസം കല്ല്യാണിയിൽ പരിഭ്രമമം പടർത്തി.. അവൾ സായന്ത് ദൃഷ്ടിയൂന്നിയ ഇടത്തേക്ക് നോക്കി കൊണ്ട് ” എന്താ ഏട്ടാ എന്ത് പറ്റി ” അവളുടെ ചോദ്യം കേട്ടപ്പോഴാണ് കല്ല്യാണി അടുത്ത് ഉണ്ടായിരുന്ന കാര്യം അവൻ ഓർത്തത്.. ഞൊടിയിടയിൽ അവൻ പഴയ സായന്തായി അവളെ നോക്കി ചിരിച്ച് ” ഏയ് ഒന്നും ഇല്ലല്ലോ.. നമ്മുക്ക് പോകാം.. അധിക നേരം ഇവിടെ ഇരിക്കണ്ട.. നിനക്ക് റെസ്റ്റെടുക്കണ്ടേ”

സായന്ത് അവളേയും പിടിച്ച് എഴുന്നേൽപ്പിച്ച് നടന്ന് കാറിൽ കയറി.. കാറിൽ കയറാൻ നേരവും അവൻ ആ പരിസരം നിരീക്ഷിക്കാൻ മറന്നില്ല.. പെട്ടെന്നുള്ള അവന്റെ ഭാവ മാറ്റം കല്ല്യാണിയുടെ ഉള്ളിൽ പല ആശങ്കകളും വിതച്ചു.. തിരികെ വീട്ടിലേക്ക് ഉള്ള യാത്രയിൽ സായന്ത് മൗനമായിരുന്നു.. ബീച്ചിൽ തങ്ങളെ തന്നെ നോക്കി നിന്നിരുന്ന ആ സംഘത്തെ കുറിച്ചായിരുന്നു അവന്റെ ചിന്തകൾ.. നല്ല ക്ഷീണം തോന്നിയിരുന്നതിനാൽ കല്ല്യാണി അവന്റെ തോളിൽ ചാരി കിടന്ന് ഉറങ്ങുകയാണ്.. വീടിന്റെ ഗേറ്റ് കടന്ന് വണ്ടി അകത്ത് കയറുന്നിടയ്ക്കാണ് സായന്ത് സൈഡ് മിററിൽ ഒരു ഓംനി അവർക്ക് പുറകിലൂടെ പാസ്സ് ചെയ്ത് പോകുന്നത് ശ്രദ്ധിക്കുന്നത്..

സായന്ത് എന്തോ കണക്ക് കൂട്ടലുകൾ നടത്തി തോളിൽ കിടന്ന് ഉറങ്ങിയിരുന്ന കല്ല്യാണിയെ വിളിച്ചുണർത്തി വീട്ടിലേക്ക് കയറി.. സായുവിനും കുട്ടികൾക്കായി എടുത്ത ഡ്രസ്സുകളും മറ്റും നൽകുമ്പോഴും യാന്ത്രികമായിരുന്നു അവന്റെ പ്രവർത്തികൾ.. ശത്രുക്കൾ അടുത്ത് എത്തിയിരിക്കുന്നു എന്ന ചിന്ത അവനെ വല്ലാതെ അസ്വസ്ഥനാക്കി യിരിക്കുന്നു. വൈകുന്നേരത്തെ ഭക്ഷണ സമയത്തും സായന്തും ഗൗരവത്തിൽ ആയിരുന്നു.. പെട്ടെന്നുള്ള അവന്റെ മാറ്റം കല്ല്യാണിയും ശ്രദ്ധിച്ചിരുന്നു.. അവൾ കാര്യം തിരക്കിയപ്പോൾ കേസിന്റെ ടെൻഷനാണെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറി.. രാത്രിയിൽ കല്ല്യാണി ഉറക്കമായെന്ന് മനസ്സിലായതും അവൻ തന്റെ നെഞ്ചിൽ കിടന്ന അവളെ അടർത്തിമാറ്റി ബെഡിലേക്ക് കിടത്തി..

അവളുടെ നെറുകയിൽ തലോടി കൊണ്ടവൻ എണീറ്റു.. തന്റെ ലാപ്ടോപ്പും എടുത്ത് കല്ല്യാണിയെ ഒരിക്കൽ കൂടി തിരിഞ്ഞു നോക്കി ബാൽക്കണി വാതിൽ ശബ്ദമില്ലാതെ തുറന്ന് അവിടേക്ക് നടന്നു.. വീടിൻറെ ഗേറ്റിലേക്ക് കണ്ണുകൾ പായിച്ച് അവിടമാകെ സസൂക്ഷ്മം നിരീക്ഷിച്ച് അവൻ ലാപ് ടോപ് തുറന്ന് ചാരുപടിയിലേക്കിരുന്നു.. ഈ കഴിഞ്ഞ ദിവസങ്ങളിലെ എല്ലാം വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാന്നുള്ളതാണ് അവന്റെ ലക്ഷ്യം.. അതിലെ ദൃശ്യങ്ങൾ കണ്ടതും സായന്തിന്റെ മുഖത്തൊരു ഞെട്ടലുണ്ടായി.. കാരണം ആ ദൃശ്യങ്ങളിൽ മിക്ക ദിവസങ്ങളിലും ആ ഓംനി വീടിന്റെ സമീപത്തായി നിർത്തിയിരുന്നത് പതിഞ്ഞിട്ടുണ്ട്..

കൂടാതെ രാത്രിയിലും ആ സംഘം വീടിന് പരിസരത്ത് ഉണ്ടായിരുന്നതായി ദൃശ്യങ്ങളിൽ നിന്നും അവന് വ്യക്തമായി.. ” ഓഹ് അവരപ്പോൾ ദിവസം കുറച്ചായി ഈ നിരീക്ഷണം തുടങ്ങിയിട്ട്.. അവസാന അങ്കത്തിനായി കളത്തിലിറങ്ങേണ്ട സമയം ആയിരിക്കുന്നു എന്ന് അർത്ഥം” സായന്ത് നെറ്റി ചുളിച്ച് ദേഷ്യത്തോടെ ആ ദൃശ്യങ്ങളിലേക്ക് നോക്കി ഇരുന്നു.. ############################## നീട്ടിയുള്ള ഫോണിന്റെ ബെല്ലടി കേട്ടിട്ടാണ് സായന്ത് രാവിലെ കണ്ണ് തുറന്നത്.. ബെഡിൽ നോക്കിയപ്പോൾ കല്ല്യാണിയെ കാണാനില്ല.. കോൾ എടുക്കാനായി അവൻ ഫോണെടുത്തതും അത് കട്ടായി.. നോക്കിയപ്പോൾ പരിചയമില്ലാത്ത നമ്പർ ആയിരുന്നു.. തിരിച്ച് വിളിക്കണോന്ന് ഒരു നിമിഷം ആലോചിച്ചു..

പിന്നീടത് വേണ്ടെന്ന് വെച്ച് കല്ല്യാണിയെ എവിടെ പോയെന്ന് നോക്കാമെന്ന് കരുതിയവൻ എണീറ്റതും ഫോൺ പിന്നെയും ബെല്ലടിച്ചു.. സായന്ത് ഫോണെടുത്ത് നോക്കിയപ്പോൾ നേരത്തെ വന്ന അതേ നമ്പർ.. പിന്നെ ഒരു നിമിഷം പോലും വൈകികാതെ അവൻ കോൾ അറ്റൻഡ് ചെയ്തു.. ” ഹലോ.. ആരാണ് സംസാരിക്കുന്നത്..” ” ഹലോ.. ഹലോ.. മോനേ അമ്മയാണ് ” മറുതലയ്ക്കൽ നിർമ്മലായാണ്.. അവരുടെ ശബ്ദത്തിൽ വല്ലാത്തൊരു പരിഭ്രമമം നിറഞ്ഞിരുന്നു.. ” എന്ത് പറ്റി അമ്മേ.. എന്താ ഇത്ര രാവിലെ തന്നെ.. അമ്മയുടെ ശബ്ദം എന്താ വല്ലാതെ ഇരിക്കുന്നേ.. എന്തെങ്കിലും പ്രശ്നമുണ്ടോ” ” മോനേ… മോൾ എന്തേ.. അവിടേ ഇല്ലേ” ” അവൾ താഴെയുണ്ട് എന്താ അമ്മേ കാര്യം.. അമ്മ പേടിച്ചത് പോലെയുണ്ടല്ലോ.. ആ മേനോൻ എന്തെങ്കിലും..” ” അത് മോനേ..” സായന്ത് അവരുടെ വാക്കുകൾക്കായി നെറ്റി ചുളിച്ച് കാത് കൂർപ്പിച്ചു നിന്നു ….കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button
"
"