യോഗ്യതയില്ലാത്ത എന്‍ജിനിയറെ നിയമിച്ച കമ്പനിക്ക് ഒരു ലക്ഷം പിഴ
റിയാദ്: രാജ്യത്തെ നിയമമനുസരിച്ച് പ്രൊഫഷനല്‍ അക്രഡിറ്റേഷന്‍ ലഭിക്കാത്ത എന്‍ജിനിയറെ ജോലിക്കെടുത്ത കമ്പനിക്ക് ഒരുലക്ഷം റിയാല്‍ പിഴ ചുമത്തി. പ്രൊഫഷണല്‍ അക്രഡിറ്റേഷന്‍ നേടാതെ റിയാദില്‍ ജോലി ചെയ്ത എന്‍ജിനിയര്‍ക്ക് കോടതി ആറു മാസം തടവും 50,000 റിയാല്‍ പിഴയും ഇതോടൊപ്പം ശിക്ഷ വിധിച്ചിട്ടുണ്ട്.
റിയാദില്‍ നടത്തിയ പരിശോധനയുടെ തുടര്‍ച്ചയായാണ് നിയമ നടപടി.
നിയമനവുമായി ബന്ധപ്പെട്ട ആര്‍ട്ടിക്കിള്‍ 11ലെ വ്യവസ്ഥകള്‍ കമ്പനിയും ജോലിക്കാരനും ലംഘിച്ചെന്നു വ്യക്തമായ കേസിലാണ് കോടതി വിധി പറഞ്ഞത്. പ്രതിയായ എന്‍ജിനിയര്‍ നിയമപരമായ രീതിയില്‍ അക്രഡിറ്റേഷന്‍ നേടാന്‍ ശ്രമിക്കാതെ ആള്‍മാറാട്ടം നടത്തിയെന്ന ഗുരുതരമായ കുറ്റവും ചുമത്തിയിട്ടുണ്ട്. നിരവധി സ്ഥാപനങ്ങള്‍ക്കെതിരേ നിയമലംഘനത്തിന് കേസ് എടുത്തതായും സ്ഥാപനങ്ങള്‍ അതോറിറ്റി പിടിച്ചെടുത്തതായും സഊദി കൗണ്‍സില്‍ ഓഫ് എന്‍ജിനിയറിയേഴ്‌സ് സെക്രട്ടറി ജനറല്‍ അബ്്ദുല്‍ മൊഹ്‌സെന്‍ അല്‍ മജ്‌നൂനി വ്യക്തമാക്കി.