കൗമാരക്കാരായ വിദ്യാർഥികളിൽ വർധിച്ചുവരുന്ന സാമൂഹികവിരുദ്ധ പ്രവണത ചെറുക്കണം: എസ് എഫ് ഐ

കേരളത്തിലെ കൗമാരപ്രായക്കാരായ വിദ്യാർഥികളിൽ വർധിച്ചുവരുന്ന ഗ്യാംഗിസം, അരാജകത്വം, ലഹരി, അക്രമവാസന തുടങ്ങിയ സാമൂഹികവിരുദ്ധ പ്രവണതകളെ ചെറുക്കണമെന്ന് എസ് എഫ് ഐ. വിദ്യാർഥികൾക്കിടയിൽ അരാഷ്ട്രീയ പ്രവണതകൾ വ്യാപകമാകുന്നതിന്റെ ദുരന്തഫലങ്ങൾ വലിയരീതിയിൽ റിപ്പോർട്ട് ചെയ്യപ്പെടുകയാണ്
താമരശ്ശേരിയിൽ പത്താം ക്ലാസ് വിദ്യാർഥി മുഹമ്മദ് ഷഹബാസ് സമപ്രായക്കാരായ വിദ്യാർഥികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ദാരുണസംഭവം കൗമാര പ്രായക്കാരായ വിദ്യാർഥികൾക്കിടയിൽ രൂപപ്പെടുന്ന ദുഷ്പ്രവണതകളുടെ ഭീകരത വ്യക്തമാക്കുന്ന ഉദാഹരണമാണ്. ക്രിമിനൽ മനോഭാവം ടീനേജ് വിദ്യാർഥികളിൽ രൂപപ്പെടുന്നുവെന്നത് ആശങ്കപ്പെടുത്തുന്നതാണ്
സാമൂഹിക പ്രതിബന്ധതയുള്ള വിദ്യാർഥി രാഷ്ട്രീയ സംഘടനാ പ്രവർത്തനങ്ങളിലേക്കും കലാ കായിക സന്നദ്ധ സാംസ്‌കാരിക പ്രവർത്തനങ്ങളിലേക്കും വിദ്യാർഥികളെ കൈപിടിച്ച് കൊണ്ടുവരേണ്ടതിന്റെ അനിവാര്യതയാണ് നിരന്തരം ആവർത്തിക്കപ്പെടുന്ന ഇത്തരം സംഭവങ്ങളിലൂടെ വെളിവാകുന്നതെന്നും എസ് എഫ് ഐ പറഞ്ഞു.