റിയാദ് മെട്രോ: ഓറഞ്ച് ലൈനിലും മെട്രോ ഓടിത്തുടങ്ങി
റിയാദ്: ഓറഞ്ച് ലൈനിലും മെട്രോ ഓടിത്തുടങ്ങിയതോടെ റിയാദ് മെട്രോയുടെ എല്ലാ ലൈനുകളും സര്‍വിസിലേക്കെത്തി. ഇന്നലെയാണ് അവസാന ലൈനായ ഓറഞ്ചിലും മെട്രോ ഓട്ടം ആരംഭിച്ചത്. മൊത്തമുള്ള ആറ് ലൈനുകളില്‍ മൂന്നാമത്തെ ലൈനാണ് ഓറഞ്ച്. റിയാദിന്റെ കിഴക്കുള്ള മദീന റോഡിനെയും ജിദ്ദ റോഡ്, സെക്കന്റ് ഈസ്‌റ്റേണ്‍ റിങ് റോഡ് തുടങ്ങിയവയെ ബന്ധിപ്പിക്കുന്ന ഈ ലൈനിന് 41 കിലോമീറ്ററാണ് നീളം.
കഴിഞ്ഞ വര്‍ഷം നവംബര്‍ 27ന് ആയിരുന്നു സഊദി ഭരണാധികാരിയായ ഇരു വിശുദ്ധഗേഹങ്ങളുടെയും സൂക്ഷിപ്പുകാരനായ സല്‍മാന്‍ രാജാവ് മെട്രോയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. ഞായറാഴ്ച രാവിലെ ആറിനായിരുന്നു മെട്രോയിലേക്ക് യാത്രക്കാരെ സ്വീകരിച്ചതെന്ന് മെട്രോ ഓപറേഷന് നേതൃത്വം നല്‍കുന്ന ആര്‍സിആര്‍സി(റോയല്‍ കമ്മിഷന്‍ ഫോര്‍ റിയാദ് സിറ്റി) വ്യക്തമാക്കി. ജിദ്ദ റോഡ്, തുവൈഖ്, ദൂഹ്, ഹറൂണ്‍ അല്‍ റഷീദ് റോഡ്, അല്‍ നസീം എന്നീ അഞ്ചു സ്‌റ്റേഷനുകളാണ് ഈ ലൈനിലുള്ളത്.