വീടിനുള്ളിൽ സോഫയിൽ ഇരിക്കുന്ന നിലയിൽ മൂന്ന് മൃതദേഹങ്ങൾ; കണ്ണീർ കാഴ്ചയായി മുണ്ടക്കൈ
[ad_1]
വയനാട് മുണ്ടക്കൈ, ചൂരൽ ഭാഗത്തുണ്ടായ ഉരുൾപൊട്ടലിൽ മരണസംഖ്യ ഉയരുന്നു. ഇന്നലെ രക്ഷാപ്രവർത്തകർക്ക് എത്തിച്ചേരാൻ ദുഷ്‌കരമായ മുണ്ടക്കൈ മേഖലയിൽ ഇന്ന് പുലർച്ചെയോടെ തന്നെ സൈന്യമുൾപ്പെടെ രക്ഷാദൗത്യം ആരംഭിച്ചു. 151 മരണമാണ് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. രാവിലെ നടത്തിയ തെരച്ചിലിൽ വീണ്ടും അഞ്ച് മൃതദേഹങ്ങൾ കൂടി കണ്ടെത്തിയിട്ടുണ്ട്.
മുണ്ടക്കൈയിൽ ഒരു വീട്ടിൽ സോഫയിൽ ഇരിക്കുന്ന നിലയിൽ മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തിയതായി സന്നദ്ധ പ്രവർത്തകർ അറിയിച്ചു. വീട് തകർന്നു കിടക്കുന്ന നിലയിലായതിനാൽ ഈ മൃതദേഹങ്ങൾ പുറത്തേക്ക് എത്തിക്കാൻ സാധിച്ചിട്ടില്ല. വലിയ കട്ടിംഗ് മെഷീനുകളടക്കം ഇവിടേക്ക് എത്തിച്ചാൽ മാത്രമേ മൃതദേഹങ്ങൾ പുറത്തേക്ക് എത്തിക്കാൻ സാധിക്കൂ എന്നാണ് ഇവർ പറയുന്നത്
സമീപത്തുള്ള വീടുകളിൽ നിന്നും ദുർഗന്ധം വമിക്കുന്നതായും സന്നദ്ധ പ്രവർത്തകർ പറയുന്നു. ഈ വീടുകളിലെല്ലാം ആളുകൾ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. പല വീടുകളിലും ശരീര ഭാഗങ്ങൾ ചിതറി കിടക്കുന്ന നിലയിൽ കണ്ടതായും വിവരമുണ്ട്.
[ad_2]