സംവരണത്തിനുള്ളിൽ സംവരണത്തിന് പുതിയ നയവുമായി തെലങ്കാന; രാജ്യത്ത് ആദ്യം

സംവരണത്തിനുള്ളിലെ സംവരണം രാജ്യത്ത് ആദ്യമായി നടപ്പാക്കുന്ന സംസ്ഥാനമായി തെലങ്കാന. എസ് സി വിഭാഗത്തിലെ 68 വിഭാഗക്കാർക്കാണ് സംവരണപരിധി നിശ്ചയിച്ച് സർക്കാർ ഗസറ്റ് ഉത്തരവ് പുറത്തിറക്കിയത്. എസ് സി വിഭാഗങ്ങളെ പിന്നാക്കാവസ്ഥ അടിസ്ഥാനപ്പെടുത്തി മൂന്നാക്കി തരംതിരിച്ച് സംവരണം നടപ്പാക്കാനാണ് തീരുമാനം
പുതിയ ജാതി സെൻസസിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനത്തിലേക്ക് സംസ്ഥാനം ഭരിക്കുന്ന കോൺഗ്രസ് സർക്കാർ എത്തിയത്. തെലങ്കാനയിൽ ആകെ എസ് സി സംവരണം നിലവിൽ 15 ശതമാനമാണ്. ഇതിനെ മൂന്ന് വിഭാഗങ്ങളാക്കി തിരിച്ചാണ് സംവരണം നടപ്പാക്കുന്നത്.
ഒന്നാം ഗ്രൂപ്പിൽ വരുന്ന സമുദായങ്ങളിലെ അംഗങ്ങൾക്ക് ഇനി മുതൽ ഒരു ശതമാനമായിരിക്കും സംവരണം. രണ്ടാമത്തെ ഗ്രൂപ്പിൽ ഒമ്പത് ശതമാനം സംവരണമുണ്ടായിരിക്കും. മൂന്നാമത്തെ ഗ്രൂപ്പിൽ അഞ്ച് ശതമാനമായിരിക്കും സംവരണം. തെലങ്കാന സർക്കാർ നടത്തിയ ഏറ്റവും പുതിയ ജാതി സെൻസസിന്റെ അടിസ്ഥാനത്തിലാണ് പുതിയ സംവരണ നയം പ്രഖ്യാപിച്ചിരിക്കുന്നത്
ജാതി സെൻസസ് അതിന്റെ പൂർണ അർഥത്തിൽ നടപ്പാക്കുന്നതിന്റെ ആദ്യ പടിയാണിതെന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പറഞ്ഞു. സംസ്ഥാനം ചരിത്രം സൃഷ്ടിക്കുന്നതിൽ സന്തോഷമുണ്ടെന്നും രേവന്ത് റെഡ്ഡി പറഞ്ഞു.