സുരേഷ് ഗോപിക്ക് ഇനി താടി വളർത്താം; പാർട്ടി സമ്മതിച്ചു

ന്യൂഡൽഹി: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്ക് സിനിമയിൽ അഭിനയിക്കാൻ ബിജെപി കേന്ദ്ര നേതൃത്വം അനുമതി നൽകി. സിനിമയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തിയതിനെത്തുടർന്ന്, ഷൂട്ടിങ് മുന്നിൽക്കണ്ട് വളർത്തിയിരുന്ന താടിമീശ അദ്ദേഹം ഒഴിവാക്കിയിരുന്നു. അനുമതി കിട്ടിയതിനെത്തുടർന്ന് വീണ്ടും താടി വളർത്തിത്തുടങ്ങി. വൈകാതെ ഷൂട്ടിങ് പുനരാരംഭിക്കുമെന്നാണ് അറിയുന്നത്.
എട്ടു ദിവസത്തെ ഷൂട്ടിങ്ങാണ് അടുത്ത ഷെഡ്യൂളിൽ നടത്താനുള്ളത്. കേന്ദ്ര സഹമന്ത്രി എന്ന നിലയിലുള്ള ഭാരിച്ച ഉത്തരവാദിത്വങ്ങൾ സിനിമ അഭിനയം തുടസമാണെന്നായിരുന്നു പാർട്ടി നിലപാട്. ഇതെത്തുടർന്ന്, വർഷത്തിൽ ഒരു സിനിമയിൽ അഭിനയിച്ചാൽ മതിയെന്ന നിർദേശവും നൽകിയിരുന്നു.
എന്നാൽ, താൻ ഏറ്റെടുത്ത പല പ്രവർത്തനങ്ങളും മുന്നോട്ടു കൊണ്ടുപോകാനുള്ള പണം സമ്പാദിക്കുന്നതിനാണ് സിനിമയിൽ അഭിനയിക്കുന്നതെന്ന വാദമാണ് സുരേഷ് ഗോപി മുന്നോട്ടുവച്ചത്. മാസങ്ങൾക്കൊടുവിൽ ഈ നിലപാട് പാർട്ടി ഭാഗികമായി അംഗീകരിച്ചിരിക്കുകയാണ്.
ഒറ്റക്കൊമ്പൻ എന്ന സിനിമയിലെ കേന്ദ്ര കഥാപാത്രമായി അഭിനയിക്കുന്നതിനാണ് അദ്ദേഹം താടി വളർത്തിയിരുന്നത്. തിരുവനന്തപുരത്താണ് സിനിമയുടെ ഷൂട്ടിങ്. ഡിസംബർ 29 മുതൽ ജനുവരി അഞ്ച് വരെയാണ് ഇപ്പോൾ ആദ്യ ഷെഡ്യൂൾ നിശ്ചയിച്ചിരിക്കുന്നത്.