സാധാരണ 50, 100 ഗ്രാമൊക്കെ ഒഴിവാക്കാറുണ്ട്; കണ്ണീരോടെ മഹാവീർ ഫോഗട്ട്
പാരീസ് ഒളിമ്പിക്‌സിൽ നിന്ന് ഇന്ത്യൻ വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ട് അയോഗ്യയാക്കപ്പെട്ടതിൽ കണ്ണീരണിഞ്ഞ് അമ്മാവനും മുൻ താരവുമായ മഹാവീർ ഫോഗട്ട്. വിനേഷിന് സ്വർണമെഡൽ പ്രതീക്ഷിച്ചിരുന്നതാണെന്നും ഭാരം 50, 100 ഗ്രാമൊക്കെ കൂടിയാൽ സാധാരണയായി താരങ്ങളെ മത്സരിക്കാൻ അനുവദിക്കാറുണ്ടെന്നും മഹാവീർ ഫോഗട്ട് വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു
കൂടുതലൊന്നും പറയാനില്ല. വിനേഷിന് സ്വർണമെഡൽ രാജ്യമാകെ പ്രതീക്ഷിച്ചിരുന്നു. ഗെയിംസിൽ നിയമങ്ങളുണ്ട്. എന്നാൽ 50, 100 ഗ്രാമൊക്കെ വ്യത്യാസം വന്നാൽ സാധാരണയായി താരങ്ങളെ മത്സരിക്കാൻ അനുവദിക്കാറുണ്ട്. നിരാശരാകരുതെന്ന് എല്ലാവരോടും അഭ്യർഥിക്കുകയാണ്. ഒരുനാൾ വിനേഷ് രാജ്യത്തിനായി ഒളിമ്പിക്‌സ് മെഡൽ കൊണ്ടുവരുമെന്നും മഹാവീർ പറഞ്ഞു
50 കിലോഗ്രാം ഫ്രീസ്റ്റൈൽ വിഭാഗത്തിൽ ഫൈനലിലെത്തിയ വിനേഷ് ഫോഗട്ടിനെ ഭാരം 100 ഗ്രാം കൂടിയെന്ന കാരണം പറഞ്ഞാണ് രാജ്യാന്തര ഒളിമ്പിക്‌സ് കമ്മിറ്റി അയോഗ്യയാക്കിയത്. എന്നാൽ ഒരൊറ്റ ദിവസം കൊണ്ട് വിനേഷിന്റെ ഭാരത്തിൽ എങ്ങനെ മാറ്റമുണ്ടായെന്ന ചോദ്യം ഉയരുന്നുണ്ട്. അയോഗ്യയാക്കപ്പെട്ടതോടെ വിനേഷ് അവസാന സ്ഥാനക്കാരിയായാണ് അടയാളപ്പെടുത്തുക.