കിരീടവുമായി കോഹ്ലിയും സംഘവും ബംഗളൂരുവിൽ; വിക്ടറി പരേഡിനൊരുങ്ങി നഗരം

ഐപിഎൽ കിരീടം നേടിയ റോയൽ ചലഞ്ചേഴ്സ് ടീം അംഗങ്ങൾ കിരീടവുമായി ബംഗളൂരുവിലെത്തി. ബംഗളൂരു നഗരത്തിൽ അൽപ്പ സമയത്തിനകം വിക്ടറി പരേഡ് നടക്കും. വിധാൻ സൗധയിൽ നിന്ന് ചിന്നസ്വാമി സ്റ്റേഡിയം വരെയാണ് വിക്ടറി പരേഡ്. നേരത്തെ വിക്ടറി പരേഡിന് പോലീസ് അനുമതി നിഷേധിച്ചിരുന്നു. വൻ ഗതാഗത കുരുക്കിന് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടി പോലീസ് വിക്ടറി പരേഡിന് അനുമതി നിഷേധിച്ചത്.
വിക്ടറി പരേഡിന് ശേഷം ചിന്നസ്വാമി സ്റ്റേഡിയത്തിൽ ടീമിനെ ആദരിക്കും. ടിക്കറ്റ് വെച്ചാകും സ്റ്റേഡിയത്തിലേക്ക് കാണികളെ പ്രവേശിപ്പിക്കുക. വിധാൻ സൗധയിൽ എത്തിയ ടീം അംഗങ്ങൾ നിലവിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി കൂടിക്കാഴ്ച നടത്തുകയാണ്
വിക്ടറി പരേഡിൽ വൻ ജനക്കൂട്ടം അണിനിരക്കുമെന്നും ഇവരെ നിയന്ത്രിക്കുന്നത് ബുദ്ധിമുട്ടാകുമെന്നും പോലീസ് ചൂണ്ടിക്കാട്ടിയിരുന്നു. ഉച്ചയ്ക്ക് ഒന്നരയോടെ ബംഗളൂരു വിമാനത്താവളത്തിലെത്തിയ ആർസിബി താരങ്ങളെ വരവേൽക്കാനായി ആരാധകർ കൂട്ടത്തോടെ എത്തിയിരുന്നു.