Novel

ഹൃദയം: ഭാഗം 24 || അവസാനിച്ചു

[ad_1]

രചന: മുല്ല

വിവരം അറിഞ്ഞതും ആ വീട് മൊത്തം സന്തോഷത്തിൽ മുങ്ങി…. ഗൗതമിന്റെ അച്ഛനും അമ്മയും ഗീതുവും ഒക്കെ പിറ്റേന്ന് തന്നെ അങ്ങോട്ട് എത്തിയിരുന്നു….

രണ്ട് ദിവസം അവർക്കൊപ്പം നിന്നിട്ടാണ് പോയത്….

ദിവസങ്ങൾ മുന്നോട്ട് പോകവേ ദീപുവിന് ക്ഷീണങ്ങൾ ഒക്കെ തുടങ്ങിയെങ്കിലും ഒരു കുഞ്ഞിനെ നോക്കും പോലെ ഗൗതം അവളെ കൊണ്ട് നടന്നു…. അവൾക്ക് ഇഷ്ടപ്പെട്ടതെല്ലാം വാങ്ങി കൊടുത്തും ഉണ്ടാക്കി കൊടുത്തും ഗൗതം അവളുടെ കൂടെ നിന്നു…

ഒമ്പതാം മാസത്തിന്റെ തുടക്കം വരെ ദീപു ഓഫീസിൽ പോയിരുന്നു…. പിന്നെ മുത്തശ്ശിയുടെ നിർബന്ധം കാരണം അവളെ നാട്ടിലേക്ക് കൊണ്ട് പോയി…. 

അവിടെ ചെന്ന് പെണ്ണ് കരഞ്ഞും വിളിച്ചും ഗൗതമും അങ്ങോട്ട് പോയി… ഇത്തിരി യാത്ര ചെയ്തിട്ട് ആണെങ്കിലും ദിവസവും ഓഫീസിലേക്ക് അവിടന്ന് പോയി വന്നു…. അവന്റെ പ്രിയപ്പെട്ടവൾക്ക് വേണ്ടിയല്ലേ… അത്‌ സഹിക്കാൻ അവൻ തയ്യാറായിരുന്നു…. പിന്നൊരു കാരണവും കൂടെ… ദീപു ഇല്ലാതെ അവിടെ നിൽക്കാൻ അവനും കഴിയുന്നില്ലായിരുന്നു…. 

ദിവസങ്ങൾക്കു ശേഷം തന്റെ ജീവനിൽ നിന്നും ഉരുത്തിരിഞ്ഞ തന്റെ കുഞ്ഞിനെ ഗൗതം കൈകളിൽ ഏറ്റു വാങ്ങി… ആൺകുഞ്ഞായിരുന്നു… ദീപുവിന്റെ കണ്ണുകളിൽ സന്തോഷവും അഭിമാനവും നിറഞ്ഞു… തന്നെ സ്നേഹിക്കാൻ ഒരാള് കൂടെ ഈ ഭൂമിയിൽ പിറവി കൊണ്ടത് അവളെ കുറച്ചൊന്നുമല്ല സന്തോഷിപ്പിച്ചത്….

കുഞ്ഞിന്റെ പേരിടലും നൂലുകെട്ടും അങ്ങനെ ഓരോ ചടങ്ങുകളും നടന്നു….

അമ്പത്താറു ദിവസത്തിന് ശേഷമാണ് ഗൗതമിന്റെ മുറിയിലേക്ക് ദീപുവിന് മാറ്റം കിട്ടിയത്….

അന്നാ രാവിൽ ഏറെ നാളുകൾക്കു ശേഷം ഗൗതമിന്റെ പ്രണയം അവളിൽ പെയ്തൊഴിഞ്ഞു….
അവളെ തന്റെ ദേഹത്തേക്ക് ചേർത്ത് പുൽകി കിടക്കുമ്പോൾ ഗൗതമിന്റെ ചുണ്ടുകളിൽ നിന്നും ഉതിർന്ന കവിതയുടെ വരികളിൽ അവൾ നിറഞ്ഞു നിന്നിരുന്നു…. അവളോടുള്ള പ്രണയം നിറഞ്ഞു നിന്നിരുന്നു…  വിസ്മയത്താൽ കണ്ണുകൾ വിടർത്തി അവൾ അവനെ നോക്കിയതും ഒരു പുഞ്ചിരിയോടെ അവൻ അവളിൽ വീണ്ടും തന്റെ പ്രണയം പകരാൻ തയ്യാറെടുക്കുകയായിരുന്നു….

അഞ്ച് വർഷങ്ങൾക്ക് ശേഷം വീണ്ടും ഒരുത്സവക്കാലം…..

തറവാട്ടിൽ അന്ന് എല്ലാവരും എല്ലാവരും ഉണ്ട്….

അനുവിന് ഒരു പെൺകുട്ടി ആയി…. ഗീതുവിന്റെ കല്യാണം കഴിഞ്ഞ് അവൾക്കും ഒരു കുഞ്ഞ് വാവയുണ്ട്… പെൺകുട്ടി തന്നെ…

അമ്പലപ്പറമ്പിൽ  പതിവ് പോലെ നല്ല തിരക്കുണ്ട്…..

ഉയർന്നു കേൾക്കുന്ന ശിങ്കാരിമേളത്തിന്റെ ശബ്ദങ്ങൾ….

വിയർത്തൊലിച്ചു ചെണ്ട കൊട്ടുന്നവനിൽ അവളുടെ കണ്ണുകൾ തങ്ങി നിന്നു…. എന്നത്തേയും പോലെ അവയിൽ നിറയെ അവനോടുള്ള പ്രണയം നിറഞ്ഞു നിന്നിരുന്നു….. താളത്തിൽ ചെണ്ട കൊട്ടുമ്പോഴും അവന്റെ നോട്ടവും ഇടയ്ക്കിടെ അവളിലേക്ക് പാറി വീണുകൊണ്ടിരുന്നു…. അപ്പോഴെല്ലാം അവന്റെ ചുണ്ടിലൊരു പുഞ്ചിരി വിടരും…..

എല്ലാം അവസാനിച്ചതും ഒരിടത്ത് ഇരുന്നു വെള്ളം കുടിക്കുന്ന ഗൗതമിന്റെ അടുത്തേക്ക് ദീപു നടന്നു… വിയർത്തൊലിച്ചു നിൽക്കുന്നവന്റെ ദേഹത്തേക്ക് ഒരു തോർത്തു വെച്ച് തുടച്ചു കൊടുത്തു… അവന്റെ നെഞ്ചിലെ പച്ച കുത്തിയ അവളുടെ മുഖം കൂടുതൽ തെളിഞ്ഞു കണ്ടു…  ഒരു പുഞ്ചിരിയോടെ അവളുടെ ഇടുപ്പിലൂടെ കയ്യിട്ട് അവൻ ചേർത്ത് പിടിച്ചതും അവളുടെ മുഖം നാണത്താൽ ചുവന്നു….

“ഉണ്ണിയേട്ടോയ്…. ഇത് അമ്പലപ്പറമ്പാണ് മനുഷ്യാ….”

അനുവിന്റെ ഉച്ചത്തിലുള്ള കളിയാക്കൽ കേട്ട് ഇരുവരും ചെറിയൊരു ചമ്മലോടെ അകന്നു….

അനുവും ഒരു ചിരിയോടെ അവളുടെ  വിപിയേട്ടന്റെ അടുത്തായിരുന്നു…. ഇരുവരും ദീപുവിനെയും ഗൗതമിനെയും നോക്കിയൊന്ന് ചിരിച്ചതും ഗൗതം കണ്ണ് ചിമ്മി കാണിച്ചു…..

ദീപു തന്റെ കയ്യിൽ ഇരുന്നിരുന്ന അവന്റെ ഷർട്ട്‌ അവനു നേരെ നീട്ടി…. അവളെയൊന്ന് നോക്കി ഒറ്റ കണ്ണിറുക്കി കാട്ടി ചിരിച്ചു കൊണ്ട് ഷർട്ടിന്റെ ബട്ടൺ ഇടുമ്പോളാണ്  ഗൗതമിന്റെ കൈ മുട്ടിൽ ഒരു പിടിത്തം വീഴുന്നത്…. 

“അച്ഛേ…. നിക്കും ചെണ്ട കൊട്ടണം….”

താഴേക്ക് നോക്കിയ ഗൗതം  പുഞ്ചിരിച്ചു…. അവന്റെ മുഖത്ത് വാത്സല്യം നിറഞ്ഞു….
ദീപുവിന്റെയും ഗൗതമിന്റെയും പൊന്നുമോനായിരുന്നു അത്‌….

ദക്ഷിത് എന്ന  കണ്ണൻ…

അവനെ വാരിയെടുത്തു ആ കുഞ്ഞി കവിളിൽ ഉമ്മ വെച്ചു  ഗൗതം ….

“അച്ഛേടെ മോൻ ഇത്തിരി കൂടെ വലുതാവട്ടെ… എന്നിട്ട് നമുക്ക് രണ്ടാൾക്കും കൂടെ ചെണ്ട കൊട്ടാലോ….”

ആം….

സന്തോഷത്തോടെ തലയാട്ടുന്നുണ്ടായിരുന്നു അവൻ…. ദീപുവിന്റെയും ഗൗതമിന്റെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു…..

രാത്രിയിലെ വെടിക്കെട്ടും ഗാനമേളയും എല്ലാം കാണുമ്പോഴും ഗൗതം ദീപുവിന്റെ വിരലുകളിൽ കൈ കോർത്തു പിടിച്ചു ഇരുന്നിരുന്നു…. മറു കയ്യിൽ കണ്ണനും….

അപ്പോഴും അവരെ ശ്രദ്ധിച്ചു കൊണ്ട് ഒരാൾ അവിടെ നിന്നിരുന്നു…. യദു… അവന്റെ കണ്ണുകളിൽ ഒരു നീർതുള്ളി തളം കെട്ടി നിന്നു…. പക്ഷെ ചുണ്ടിൽ വേദന നിറഞ്ഞ പുഞ്ചിരിയും….

തോളിലായി ആരുടെയോ കൈ വന്നു ചേർന്നതും അവനൊന്നു തിരിഞ്ഞു നോക്കി….

അഞ്ജന…..

അതായിരുന്നു ദൈവം യദുവിനായി കാത്തു വെച്ചിരുന്ന പ്രണയം…. അവന്റെ അപ്പച്ചിയുടെ മകൾ… നിശബ്ദമായി അവനെ പ്രണയിച്ചിരുന്നവൾ…. ആദ്യ കാലങ്ങളിൽ അവൻ പുച്ഛിച്ചു തള്ളിയിരുന്നവൾ…
അവന്റെ എല്ലാ കാര്യങ്ങളും അറിഞ്ഞു കൊണ്ട് അവൾ അവന്റെ ജീവിതത്തിലേക്ക് വരാൻ തയ്യാറായപ്പോൾ അവൻ തടഞ്ഞിരുന്നു… അപ്പോൾ അത്‌ അവളോടുള്ള പുച്ഛമായിരുന്നില്ല… അവളെ നേടാൻ ഉള്ള യോഗ്യത തനിക്ക് ഇല്ലെന്ന് കരുതിയാണ്… ഒടുവിൽ അമ്മയുടെയും അഞ്ജനയുടെയും വാശിക്ക് മുന്നിൽ മുട്ട് മടക്കി അവളെ ജീവിതത്തിലേക്ക് കൂട്ടുമ്പോൾ കുറ്റബോധം കൊണ്ട് നീറുകയായിരുന്നു അവൻ… അവളെ ഒരിക്കലും സ്നേഹിക്കാൻ ആവില്ലെന്ന് കരുതി… പക്ഷെ എപ്പോഴോ അവളുടെ പ്രണയം കണ്ടില്ലെന്ന് നടിക്കാൻ അവന് കഴിഞ്ഞില്ല… ഇപ്പോൾ അവൻ ഈ ലോകത്ത് ഏറ്റവും കൂടുതൽ സ്നേഹിക്കുന്നവരിൽ ഒരാൾ അവന്റെ അഞ്ജുവാണ്…. അവന്റെ ജീവന്റെ തുടിപ്പ് ഇപ്പോൾ അവളിൽ വളർന്നു കൊണ്ടിരിക്കുന്നു…..

“യദുവേട്ടാ…..”

അവൾ വിളിച്ചതും അവളെ ചേർത്തൊന്നു പിടിച്ചു യദു… അവന്റെ ചുണ്ടിൽ അവളോടുള്ള പ്രണയം നിറഞ്ഞ പുഞ്ചിരിയുണ്ടായിരുന്നു….

“ഇപ്പോഴും വിഷമം ഉണ്ടോ യദുവേട്ടന് ആ ചേച്ചിയെ കാണുമ്പോ….”

“വിഷമം ഉണ്ട്… അത്‌ പക്ഷെ അവര് ഒന്നിച്ചു ജീവിക്കുന്നതിൽ അല്ല… ഞാൻ അവരോട് ചെയ്ത് പോയതെല്ലാം ഓർത്താണ്….”

“ഒക്കെ കഴിഞ്ഞു പോയില്ലേ യദുവേട്ടാ….”

“മ്… കഴിഞ്ഞു…. ഇപ്പൊ എന്നെ സ്നേഹിക്കാൻ നീയില്ലേ… എന്റെ എല്ലാ കാര്യങ്ങളും അറിഞ്ഞു വെച്ച് കൊണ്ട് എന്റെ ജീവിതത്തിലേക്ക് വന്ന നിന്നെ ഞാൻ എങ്ങനെ സ്നേഹിച്ചാലാ മതിയാവുക…..”

യദു പറഞ്ഞതും അവളിൽ ഒരു പുഞ്ചിരി വിരിഞ്ഞു… യദുവിലും…..

പിറ്റേന്ന്  തിരിച്ചു എറണാകുളത്തേക്ക് പോകാൻ തയ്യാറെടുക്കുകയാണ് ഗൗതമും ദീപുവും…. ദീപു ഇപ്പോൾ ഓഫീസിൽ ജോലിക്ക് പോകുന്നില്ല… പക്ഷെ വർക്ക്‌ ഫ്രം ഹോം ആണ്….  കണ്ണൻ യുകെജി യിൽ പഠിക്കുന്നു…

കുളത്തിലെ വെള്ളത്തിൽ നീന്തുന്ന ഗൗതമിനെ നോക്കി ഇരുന്നു ദീപു….
ചുണ്ടിലൊരു പുഞ്ചിരിയോടെ….

ഇടക്കൊന്നു നീന്തി  പടവിൽ ഇരിക്കുന്ന അവൾക്കടുത്തേക്ക് വന്ന് കൊണ്ട് അവളെ വലിച്ചു വെള്ളത്തിലേക്ക് ഇട്ടു അവൻ… അവനെ അള്ളിപ്പിടിച്ചു കൊണ്ട് കൂർപ്പിച്ചു നോക്കി അവൾ….

“എന്താ ഗൗതം ഈ കാണിച്ചേ… കണ്ടോ ആകെ നനഞ്ഞു…. ഞാൻ കുളിച്ചതായിരുന്നു….”

“സാരല്ലെന്നേ… ഒന്നൂടെ കുളിക്കാം നമുക്ക്….”

“അയ്യടാ…. പോയെ മനുഷ്യാ….”

അവനെയൊന്നു തള്ളി പടവിലേക്ക് കയറി ഇരുന്നു അവൾ….

ഒരു കുസൃതി ചിരിയോടെ അവനും കേറി വന്നു അവൾക്കടുത്തേക്ക് ഇരുന്നു….
തോർത്തെടുത്തു അവന്റെ തല തൂവർത്തി കൊടുക്കുന്നതിന്റെ ഇടയിൽ അവനെ കൂർപ്പിച്ചു നോക്കുന്നുണ്ടായിരുന്നു പെണ്ണ്…
അവൻ ആണെങ്കിൽ ചുണ്ട് കൊണ്ട് ഉമ്മ ആക്ഷൻ കാണിച്ചു കൊണ്ടിരുന്നു… അപ്പോൾ ഒന്ന് കൂടെ ദേഷ്യത്തിൽ നോക്കും അവൾ…

കുറുമ്പോടെ അവളെയൊന്നു ചേർത്ത് പിടിച്ചതും പെണ്ണിന്റെ ദേഷ്യം എല്ലാം ആവിയായി പോയിരുന്നു…. അല്ലെങ്കിലും അവനോട് കപട ദേഷ്യം കാണിക്കാൻ അല്ലാതെ ശെരിക്കും ദേഷ്യപ്പെടാൻ അവൾക്ക് കഴിയില്ലായിരുന്നു…..

ഒരു പുഞ്ചിരിയോടെ അവന്റെ ഹൃദയത്തിനുമേൽ അവൾ ചുംബിച്ചു കൊണ്ടിരുന്നു….

“എന്ത് പറ്റി എന്റെ പെണ്ണിന്… ഒരു പ്രത്യേക സ്നേഹം….”

കുസൃതി ചിരിയോടെ അവൻ ചോദിക്കെ അവളുടെ മുഖം വിടർന്നു…. പിന്നേ അവന്റെ നെഞ്ചിൽ മുഖമൊളിപ്പിച്ചു….

“പറ ദീപുട്ടാ….”

“അതേയ്…. ഞാനൊരു കാര്യം പറയട്ടെ…”

“മ്… പറ…..”

“എന്നെ സ്നേഹിക്കാൻ ഒരുപാട് ആളുകളെ എനിക്ക് തന്നില്ലേ എന്റെ ഗൗതം….”

അവന്റെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു….

മ്…..

“നമ്മുടെ മോനേം തന്നില്ലേ….”

മ്….

“നിങ്ങക്ക് ചെണ്ട കൊട്ടാൻ കൂട്ടിന് ആളായില്ലേ അവൻ വലുതായിട്ട്….”

മ്….

ഗൗതമിന്റെ മുഖത്ത് കള്ളച്ചിരി വിരിഞ്ഞു…..

“പൂതിരുവാതിരക്ക് തിരുവാതിര കളിക്കാൻ കൂടെ ഒരാള് വന്നൂന്ന് തോന്നുന്നു ഗൗതം…..”

“എന്താന്ന്…..”

അവൻ ചോദിച്ചത് കേട്ട് അവൾ മുഖമുയർത്തി അവനെ നോക്കി….

“അതേയ്…. എനിക്ക് സ്നേഹിക്കാൻ ഒരാളെ കൂടെ ഗൗതം തന്നൂന്ന്…. ഇപ്പൊ മനസ്സിലായോ…..”

ഗൗതമിന്റെ കണ്ണുകൾ വിടർന്നു…

“സത്യണൊടീ പെണ്ണേ….”

മ്……

നാണത്തോടെ മൂളി ദീപു…..

“എന്റെ ദൈവമേ…. നിനക്ക് നന്ദി…. ഒരായിരം നന്ദി…….”

മുകളിലേക്ക് നോക്കി ഉച്ചത്തിൽ പറഞ്ഞു കൊണ്ട് അവളെ മുറുകെ പുണർന്നു ഗൗതം….. അത്യധികം പ്രണയത്തോടെ അവളുടെ ചുണ്ടുകൾ അപ്പോഴും അവന്റെ  നെഞ്ചിൽ പതിഞ്ഞു കൊണ്ടിരുന്നു…..

അവളുടെ പ്രാണന്റെ ഹൃദയത്തിനു മേൽ പതിഞ്ഞു കൊണ്ടിരുന്നു…..

അവസാനിച്ചു…….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button
error: Content is protected !!