ദുബൈയില്‍ വിവാഹത്തിന് 10 ദിവസം ശമ്പളത്തോടുകൂടിയ അവധി
ദുബൈ: സ്വദേശി കുടുംബങ്ങളെ ശാക്തീകരിക്കാന്‍ ലക്ഷ്യമിട്ട് ദുബൈയില്‍ വിവാഹിതരാവുന്നവര്‍ക്കു ശമ്പളത്തോടുകൂടിയ 10 ദിവസത്തെ അവധി. ശൈഖ ഹിന്ദ് ബിന്‍ത് മക്തൂം ഫാമിലി പ്രോഗ്രാം ആണ് ഇക്കാര്യം പ്രഖ്യാപിച്ചിരിക്കുന്നത്. സ്വദേശി കുടുംബങ്ങളുടെ വളര്‍ച്ചയും സുസ്ഥിരതയും ഉറപ്പാക്കാന്‍ കൂടി ലക്ഷ്യമിട്ടാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
ദുബൈ ഗവണ്‍മെന്റിന്റെ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന സ്വദേശികള്‍ക്കാണ് അവധി ലഭിക്കുക. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദിന്റെ ഭാര്യയാണ് ശൈഖ ഹിന്ദ് ബിന്‍ത് മക്തൂം ബിന്‍ ജുമാ അല്‍ മക്തൂം. മികച്ച ഭാവി സൃഷ്ടിക്കാന്‍ സുശക്തമായ കുടുംബ സംവിധാനം ആവശ്യമാണെന്നും തങ്ങള്‍ എല്ലാ സ്വദേശി കുടുംബങ്ങളുടെയും അഭിലാഷം സാക്ഷാത്കരിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും പദ്ധതി പ്രഖ്യാപിച്ചുകൊണ്ട് ശൈഖ ഹിന്ദ് ജിഎംഒ(ദുബൈ ഗവ. മീഡിയാ ഓഫിസ്)യിലൂടെ അറിയിച്ചു.