പ്രഭാത ഭക്ഷണത്തിന് പത്ത് ലക്ഷം, ഉച്ചയൂണിനും അത്താഴത്തിനും 17 ലക്ഷം; ഒരു ദിവസത്തെ അന്നമൂട്ടിന് പുത്തന്‍ സംഭാവന പദ്ധതികളുമായി തിരുപ്പതി ദേവസ്വം ബോര്‍ഡ്

ആന്ധ്രാപ്രദേശിലെ തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്ക് വൃത്തിയും പോഷണവുമുള്ള ഭക്ഷണം സൗജന്യമായി നല്കാന് ഒരു ദിവസത്തെ സംഭാവന പദ്ധതിയുമായി ശ്രീ വെങ്കിടേശ്വര അന്നപ്രസാദം ട്രസ്റ്റ്.
ഒരു ദിവസത്തെ മുഴുവന്‍ അന്നദാനത്തിനായി 44 ലക്ഷം രൂപ സ്പോണ്സര്മാരില് നിന്ന് ഈടാക്കാനാണ് കഴിഞ്ഞ ദിവസം ദേവസ്വം ബോര്‍ഡ് പുറത്തിറക്കിയ പ്രസ്താവനയില്‍ തിരുപ്പതി ദേവസ്വം ബോര്‍ഡ് വ്യക്തമാക്കിയിരിക്കുന്നത്. വെങ്കംബ അന്നപ്രസാദം ഭവനിലാണ് പ്രസാദം വിതരണം ചെയ്യുന്നത്. സ്പോണ്സര്മാര്ക്ക് നേരിട്ട് ഭക്ഷണം വിളമ്പി നല്‍കാനുള്ള അവസരവും ഉണ്ടാകും. ഓരോ ദിവസവും ഭക്ഷണം നല്‍കുന്നവരുടെ പേര് വിവരങ്ങള്‍ അവിടെ രേഖപ്പെടുത്തിയിരിക്കുമെന്നും ടിടിഡി അധികൃതര്‍ വ്യക്തമാക്കി.
സംഭാവന നല്‍കേണ്ട തുകകള്‍ ഇങ്ങനെ
പ്രഭാത ഭക്ഷണത്തിന് പത്ത് ലക്ഷം
ഉച്ച ഭക്ഷണത്തിന് 17 ലക്ഷം
രാത്രി ഭക്ഷണത്തിന് 17 ലക്ഷം
ജീവകാരുണ്യസംഭാവനകള് പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് ഇത്തരത്തില്‍ കണക്കുകള്‍ പുറത്ത് വിട്ടിരിക്കുന്നത്. ഒപ്പം ക്ഷേത്രത്തിന്റെ സേവന പാരമ്പര്യം അനുസരിച്ച് ഇവിടെയെത്തുന്ന ഭക്തര്‍ക്ക് സൗജന്യമായി ഭക്ഷണം നല്‍കുക എന്നതും പദ്ധതിയുടെ ഭാഗമാണ്.
വെങ്കിടേശ്വര നിത്യ അന്നദാനം എന്‍ഡോവ്മെന്റ് പദ്ധതി 1985 ഏപ്രില്‍ ആറിനാണ് ആരംഭിച്ചതെന്ന് തിരുമല തിരുപ്പതി ദേവസ്ഥാനം വെബ്സൈറ്റ് പറയുന്നു. നിത്യവും രണ്ടായിരം ഭക്തര്‍ക്ക് ഭക്ഷണം നല്കാന് ലക്ഷ്യമിട്ടായിരുന്നു പദ്ധതി ആരംഭിച്ചത്. ആന്ധ്രാപ്രദേശിന്റെ അന്നത്തെ മുഖ്യമന്ത്രി എന്‍ ടി രാമറാവു ആണ് പദ്ധതിക്ക് തുടക്കമിട്ടത്.
പിന്നീട് പദ്ധതി 1994 ഏപ്രില്‍ ഒന്നുമുതല്‍ ശ്രീ വെങ്കിടേശ്വര നിത്യ അന്നദാനം ട്രസ്റ്റ് എന്ന് പേരിട്ട ഒരു സ്വതന്ത്ര ട്രസ്റ്റിന്റെ കീഴിലേക്ക് മാറ്റി. ടിടിഡിയുടെ എക്സിക്യൂട്ടീവ് ഓഫീസറാണ് ട്രസ്റ്റിന്റെ ചെയര്മാന്. 2014 ഏപ്രില്‍ ഒന്നുമുതല്‍ ട്രസ്റ്റിന്റെ പേര് ശ്രീ വെങ്കിടേശ്വര അന്നപ്രസാദം ട്രസ്റ്റെന്ന് പുനര്‍നാമകരണം ചെയ്തു.
ലോകമെമ്പാടുമുള്ള ഭക്തരുടെ സംഭാവനകള്‍ കൊണ്ടാണ് ട്രസ്റ്റ് പ്രവര്‍ത്തിക്കുന്നത്. എല്ലാ സംഭാവനകളും ദേശസാല്‍കൃത ബാങ്കുകളിലാണ് നിക്ഷേപിക്കുന്നത്. ഇതിന്റെ പലിശ ഉപയോഗിച്ചാണ് ദൈനംദിന ചെലവുകള്‍ നടത്തുന്നത്.