വധശിക്ഷക്ക് പുറമെ തട്ടിക്കൊണ്ടുപോകലിന് 10 വർഷം, അന്വേഷണം വഴിതിരിച്ചതിന് 5 വർഷം; രണ്ട് ലക്ഷം രൂപ പിഴ
ഷാരോൺ രാജ് വധക്കേസിൽ ഒന്നാം പ്രതി ഗ്രീഷ്മക്ക് വധശിക്ഷക്ക് പുറമെ രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ. കൊലപാതകത്തിന് വേണ്ടിയുള്ള തട്ടിക്കൊണ്ടുപോകലിന് 10 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും അന്വേഷണം വഴി തിരിച്ചുവിട്ട കുറ്റത്തിന് അഞ്ച് വർഷം തടവും 50,000 രൂപ പിഴയും കൊലപാതകത്തിന് വധശിക്ഷയുമാണ് കോടതി വിധിച്ചത്
ഗ്രീഷ്മയുടെ അമ്മാവനും മൂന്നാം പ്രതിയുമായ നിർമല കുമാരൻ നായർക്ക് മൂന്ന് വർഷം തടവും അമ്പതിനായിരം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. തെളിവ് നശിപ്പിക്കാൻ ശ്രമിച്ചെന്ന കുറ്റമാണ് നിർമല കുമാരൻ നായർക്കെതിരെ തെളിഞ്ഞത്. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്
നീതിമാനായ ജഡ്ജിക്ക് നന്ദി പറയുന്നുവെന്നായിരുന്നു ഷാരോണിന്റെ മാതാവ് വിധിക്ക് ശേഷം പ്രതികരിച്ചത്. വിധി കേട്ട് മാതാപിതാക്കൾ പൊട്ടിക്കരയുകയും ചെയ്തു. എന്നാൽ വധശിക്ഷ വിധിക്കുന്നത് കേട്ട് നിർവികാരയായി നിൽക്കുകയായിരുന്നു ഗ്രീഷ്മ