ഫുൾ ചാർജിൽ 102 കിലോമീറ്റർ; ചാർജ് കഴിഞ്ഞാൽ ബാറ്ററി ഊരിമാറ്റി വേറെ ഘടിപ്പിക്കാം: ആക്ടിവയുടെ ഇലക്ട്രിക് സ്കൂട്ടർ എത്തിക്കഴിഞ്ഞു
ഫുൾ ചാർജിൽ 102 കിലോമീറ്റർ; ചാർജ് കഴിഞ്ഞാൽ ബാറ്ററി ഊരിമാറ്റി വേറെ ഘടിപ്പിക്കാം: ആക്ടിവയുടെ ഇലക്ട്രിക് സ്കൂട്ടർ എത്തിക്കഴിഞ്ഞു
ഹോണ്ട ആക്ടിവ ഇ ഫീച്ചറുകൾ:
1.5 കിലോവാട്ട് ശേഷിയുള്ള രണ്ട് ഊരിമാറ്റാവുന്ന ബാറ്ററികളാണ് ഈ ഇലക്ട്രിക് സ്കൂട്ടറിൽ നൽകിയിരിക്കുന്നത്. അതായത് മൊത്തത്തിൽ 3 കിലോവാട്ട് ശേഷിയുള്ള ബാറ്ററി വാഹനത്തിന് ലഭിക്കും. മുഴുവൻ ചാർജായാൽ 102 കിലോ മീറ്റർ റേഞ്ച് നൽകാൻ വാഹനത്തിനാകും. 22 എൻഎം ടോർക്ക് നൽകുന്ന 6 കിലോവാട്ടിന്റെ മോട്ടോറാണ് നൽകിയിരിക്കുന്നത്. ഇത് മണിക്കൂറിൽ 80 കിലോമീറ്റർ പരമാവധി വേഗത നൽകുന്നതിന് സഹായിക്കും. വെറും 7.3 സെക്കൻഡിനുള്ളിൽ 0-60 കിലോമീറ്റർ വേഗത കൈവരിക്കാൻ ഹോണ്ട ആക്ടിവ ഇ മോഡലിനാകും.
എക്കോ, സ്റ്റാൻഡേർഡ്, സ്പോർട് എന്നിങ്ങനെ മൂന്ന് ഡ്രൈവിങ് മോഡുകൾ നൽകിയതിനാൽ തന്നെ മികച്ച ഡ്രൈവിങ് അനുഭവം ലഭിക്കും. ഡ്രൈവർക്ക് നാവിഗേഷൻ ൽകുന്ന ഹോണ്ട റോഡ്സിങ്ക് ഡ്യുവോ സ്മാർട്ട്ഫോൺ ആപ്പുമായി കണക്റ്റ് ചെയ്ത ഡാഷ്ബോർഡിൽ 7 ഇഞ്ച് ടിഎഫ്ടി ഡിസ്പ്ലേയാണ് നൽകിയിരിക്കുന്നത്. എച്ച്-സ്മാർട്ട്-കീ സിസ്റ്റവും നൽകിയിട്ടുണ്ട്. പേൾ സെറിനിറ്റി ബ്ലൂ, മാറ്റ് ഫോഗി സിൽവർ മെറ്റാലിക് തുടങ്ങിയ കളർ ഓപ്ഷനുകളിലാണ് ഹോണ്ട ആക്ടിവ ഇ ലഭ്യമാവുക.
ഹോണ്ട ക്യുസി1 ഫീച്ചറുകൾ:
ഹോണ്ട പുറത്തിറക്കിയ മറ്റൊരു ഇലക്ട്രിക് സ്കൂട്ടറായ ക്യുസി1 ഫിക്സഡ് ബാറ്ററി പാക്കോടെയാണ് ലഭ്യമാവുക. എന്നുവെച്ചാൽ ഈ മോഡലിൽ ഹോണ്ട ആക്ടിവ ഇയെ പോലെ ഊരിമാറ്റാവുന്ന ബാറ്ററി ലഭ്യമല്ല. 1.5 കിലോവാട്ടിന്റെ ബാറ്ററിയാണ് നൽകിയിരിക്കുന്നത്. ക്യുസി1ന് മുഴുവൻ ചാർജിൽ 80 കിലോ മീറ്റർ വരെ റേഞ്ച് നൽകാനാകും. 2.4 ബിഎച്ച്പി പവർ നൽകുന്ന ഇൻ-വീൽ മോട്ടോറാണ് വാഹനത്തിന് നൽകിയിരിക്കുന്നത്. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ വാഹനത്തിന് കഴിയും. 5 ഇഞ്ച് എൽസിഡി ഡിസ്പ്ലേ, യുഎസ്ബി ടൈപ്പ്-സി ചാർജിങ് പോർട്ട്, 26 ലിറ്റർ ബൂട്ട് സ്റ്റോറേജ് സ്പേസ് എന്നിവയാണ് ക്യുസി1 മോഡലിന്റെ മറ്റ് ഫീച്ചറുകൾ.
ചാർജിങിനെ കുറിച്ച് പറയുകയാണെങ്കിൽ, ബാറ്ററി ഹോം ചാർജർ ഉപയോഗിച്ച് 4.5 മണിക്കൂർ കൊണ്ട് 0 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാനാകും. ആക്ടിവ-ഇ മോഡലിനെ പോലെ ക്യുസി1 ഉം അഞ്ച് കളർ ഓപ്ഷനുകളിൽ ലഭ്യമാവും. ശക്തമായ ഹാർഡ്വെയർ ആണ് രണ്ട് ഇലക്ട്രിക് സ്കൂട്ടറുകളുടെയും മറ്റൊരു എടുത്തുപറയേണ്ട ഫീച്ചർ. ടെലിസ്കോപിക് ഫ്രണ്ട് ഫോർക്കുകളും അഡ്ജസ്റ്റ് ചെയ്യാവുന്ന പിൻ സസ്പെൻഷനും രണ്ട് മോഡലുകളിലും നൽകിയിട്ടുണ്ട്. ആക്ടിവ-ഇയ്ക്ക് ഫ്രണ്ട് ഡിസ്ക് ബ്രേക്ക് ആണെങ്കിൽ ക്യുസി1 ന് രണ്ടറ്റത്തും ഡ്രം ബ്രേക്കുകളാണ് ഉള്ളത്. 3 വർഷത്തെ അല്ലെങ്കിൽ 50,000 കിലോമീറ്റർ പരിധിയിൽ വാറൻ്റി, മൂന്ന് തവണയുള്ള സൗജന്യ സർവീസ്, ഒരു വർഷത്തെ കോംപ്ലിമെൻ്ററി റോഡ്സൈഡ് അസിസ്റ്റൻസ് എന്നിവയാണ് രണ്ട് മോഡലുകളും ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നത്.