ട്രെയിനിന് തീപ്പിടിച്ചെന്ന് വ്യാജ പ്രചാരണം; റെയില്‍വേ ട്രാക്കിലേക്ക് ചാടിയ 11 യാത്രക്കാര്‍ മരിച്ചു
സംഭവം മഹാരാഷ്ട്രയില്‍
ട്രെയിനിന് തീപ്പിടിച്ചെന്ന കിംവദന്തി പടര്‍ന്നതിനെ തുടര്‍ന്ന് റെയിവേ ട്രാക്കിലേക്ക് ചാടിയ യാത്രക്കാരില്‍ 11 പേര്‍ മരിച്ചു. പാളത്തിലൂടെ വന്ന മറ്റൊരു ട്രെയിന്‍ ഇടിച്ചാണ് ഇവര്‍ മരിച്ചത്. മഹാരാഷ്ട്രയിലെ ജല്‍ഗാവിലാണ് സംഭവം. ട്രെയിനിന് തീപിടിച്ചെന്ന കിംവദന്തിയെത്തുടര്‍ന്ന് യാത്രക്കാരില്‍ പരിഭ്രാന്തി പടരുകയും അവരില്‍ പലരും ട്രെയിനില്‍ നിന്ന് ചാടുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
മുംബൈയില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെയുള്ള പച്ചോറയ്ക്ക് സമീപമുള്ള മഹേജി, പര്‍ധഡെ സ്റ്റേഷനുകള്‍ക്കിടയിലാണ് അപകടമുണ്ടായത്. ലഖ്നൗ-മുംബൈ പുഷ്പക് എക്സ്പ്രസ് ട്രെയിന്‍ ആരോ ചങ്ങല വലിച്ചതിനെത്തുടര്‍ന്ന് നിര്‍ത്തി. ഇത് തീപ്പിടിത്തം കാരണമാണെന്ന കിംവദന്തി പടര്‍ന്നതോടെയാണ് യാത്രക്കാര്‍ ട്രാക്കിലേക്ക് എടുത്ത് ചാടിയത്.
ബെംഗളൂരുവില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോവുകയായിരുന്ന കര്‍ണാടക എക്സ്പ്രസ് ഇടിച്ചാണ് ഇവര്‍ മരിച്ചത്. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നും സംഭവത്തെ കുറിച്ചുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.