Sports

ആരും അങ്ങനെ ചുമ്മാതിരിക്കണ്ട; വിക്കറ്റ് കീപ്പറടക്കം എല്ലാവരെയും പന്തെറിയിപ്പിച്ച് ഡല്‍ഹി ക്യാപ്റ്റന്‍

മണിപ്പൂരിനെതിരെ നാല് വിക്കറ്റിന് ജയിച്ച് ഡല്‍ഹി

ഒരു ടീമിലെ വിക്കറ്റ് കീപ്പറടക്കം 11 പേരും ബോള്‍ ചെയ്തു. ടര്‍ഫിലെയോ പാടത്തേയോ കളിയിലെ കഥയല്ലിത്. ബി സി സി ഐയുടെ ഔദ്യോഗിക ടി20 ക്രിക്കറ്റ് ടൂര്‍ണമെന്റിലാണ് വ്യത്യസ്തമായ ഒരു കളി നടന്നത്. മുഷ്താഖ് അലി ട്രോഫിയില്‍ വ്യത്യസ്തമായൊരു റെക്കോര്‍ഡ് പിറന്നിരിക്കുന്നത്.

മണിപ്പൂരിനെതിരെ ഡല്‍ഹിയുടെ ക്യാപ്റ്റനാണ് വ്യത്യസ്തമായൊരു പരീക്ഷണം നടത്തിയത്. ദുര്‍ബലരായ ടീമായത് കൊണ്ട് എല്ലാവരെയും കൊണ്ട് പന്ത് എറിയിപ്പിക്കാമെന്ന് ക്യാപ്റ്റന്‍ ധരിച്ചിട്ടുണ്ടാകും. പരാജയമറിയാതെ വിജയക്കുതിപ്പിലേറിയ ഡല്‍ഹിക്ക് മണിപ്പൂര് ഒരു എതിരാളിയെ ആയിരുന്നില്ല.

ആദ്യം ബാറ്റ് ചെയ്ത മണിപ്പൂര്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 120 റണ്‍സ് എടുത്തു. ആദ്യ സ്‌പെല്ലില്‍ ബോള്‍ ചെയ്യാനെത്തിയ ആയുഷ് സിംഗും അഖില്‍ ചൗധരിയും രണ്ട് ഓവര്‍ വീതം എറിഞ്ഞ് തീര്‍ത്തപ്പോഴായിരുന്നു ക്യാപ്റ്റന്‍ അയുഷ് ബദോനിയുടെ പരീക്ഷണം. ഹറാഷ് തിയാഗി ദിഗ് വേഷ് രതി, മായങ്ക് റാവത് എന്നിവര്‍ മൂന്ന് ഓവര്‍ വീതം എറിഞ്ഞു. പിന്നീട് ക്യാപ്റ്റന്‍ ആയുഷ് ബദോനി രണ്ട് ഓവര്‍ എറിഞ്ഞു.

പിന്നീട് ബാറ്റര്‍മാരായ അര്യന്‍ റാന, ഹിമ്മത് സിംഗ്, പ്രിയാനഷ് ആര്യ, യാഷ് ദുല്‍ ഒടുവില്‍ വിക്കറ്റ് കീപ്പര്‍ അനുജ് റാവത്തും പന്തെറിഞ്ഞു.

എതിരാളികളെ പരിഹസിക്കുന്ന രീതിയാണ് ബദോനി സ്വീകരിച്ചതെന്ന് ആക്ഷേപമുണ്ട്.

അതേസമയം, മറുപടി ബാറ്റിംഗിനിറങ്ങിയ ഡല്‍ഹിക്ക് അനായാസം കളി ജയിക്കാനായില്ല. ഓപണര്‍ യാഷ് ദുല്‍ മാത്രമാണ് പിടിച്ചു നിന്നത്. ഡല്‍ഹി ക്യാപ്റ്റന് മറുപടിയെന്നോണം ടീമിലെ ഏഴ് പേരെ കൊണ്ട് മണിപ്പൂരും പന്തെറിയിപ്പിച്ചു. ഒമ്പത് ബോളും നാല് വിക്കറ്റും ബാക്കി നില്‍ക്കെയാണ് ഡല്‍ഹി വിജയലക്ഷ്യത്തിലെത്തിയത്. 59 റണ്‍സെടുത്ത ഡല്‍ഹിയുടെ യാഷ് ദുല്‍ ആണ് മാന്‍ ഓഫ് ദി മാച്ച്.

Related Articles

Back to top button
error: Content is protected !!