വൈദ്യുതി നിലച്ച 18 മണിക്കൂറുകള്‍; ഇരുട്ടിലായി സ്‌പെയ്‌നും പോര്‍ച്ചുഗലും

പെരുമഴയത്തും കാറ്റത്തും വൈദ്യുതി നിലച്ചുപോയാല്‍ മണിക്കൂറുകള്‍ വിളക്ക് വെട്ടത്തില്‍ കാത്തിരുന്ന് കെഎസ്ഇബിയെ പഴിപറയുമെങ്കിലും വൈദ്യുതി പുനസ്ഥാപിക്കപ്പെടുമെന്ന് ഒരു ഉറപ്പ് ഏവര്‍ക്കും ഉണ്ട്. പോസ്റ്റ് വീണോ, ട്രാന്‍സ്‌ഫോമറില്‍ പ്രശ്‌നമായ വൈദ്യുതലൈന്‍ പൊട്ടിയോ ഒരു പ്രദേശത്തെ മാത്രം കറന്റ് പോകുന്ന അവസ്ഥ തന്നെ വല്ലാത്ത അവസ്ഥയിലേക്ക് ഇന്നത്തെ ലോകത്തെ മാറ്റും. അപ്പോള്‍ രാജ്യം ഒന്നടങ്കം ഒരു ബ്ലാക്ക് ഔട്ടിലേക്ക് പോയാലോ?. വീട്ടില്‍ തെളിയുന്ന ബള്‍ബും ഫാനും മാത്രമല്ല വൈദ്യുതിയുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന എണ്ണമറ്റ എല്ലാ സേവനങ്ങളും ഒരുമിച്ച് നിലച്ചാല്‍?. ഇലക്ട്രിക് ട്രെയിനുകളും വിമാനങ്ങളും എയര്‍പോര്‍ട്ടുകളും എടിഎം മെഷീനുകളും വരെ നിലച്ചുപോയ 18 മണിക്കൂറുകള്‍. സ്‌പെയ്‌നും പോര്‍ച്ചുഗലും സാങ്കേതികമായും അല്ലാതേയും ഇരുട്ടിലായ മണിക്കൂറുകള്‍ താളം തെറ്റിച്ചത് കോടിക്കണക്കിന് ജനങ്ങളുടെ ജീവിതമായിരുന്നു.
പക്ഷേ എന്താണ് ഈ ഒറ്റയടിക്കുള്ള വൈദ്യുത തകരാറിന്റെ കാരണമെന്ന് ഇപ്പോഴും സ്ഥിരീകരിക്കാനാകാത്ത സ്ഥിതിയിലാണ് സര്‍ക്കാരുകള്‍. രാജ്യം ഒന്നടങ്കം വൈദ്യുതി തടസപ്പെട്ടപ്പോള്‍ എന്താണ് സംഭവിച്ചത് എന്ന് മനസിലാകാതെയാണ് ഭരണസംവിധാനങ്ങള്‍ മണിക്കൂറുകള്‍ നിന്നത്. ലിഫ്റ്റിലും മറ്റും കുടുങ്ങിയവരെ പുറത്തെടുക്കാന്‍ 286 റസ്‌ക്യു ഓപ്പറേഷനുകളാണ് മാഡ്രിഡില്‍ മാത്രം നടന്നത്. തിങ്കളാഴ്ച സ്‌പെയിനിലും പോര്‍ച്ചുഗലിലും പൊടുന്നനെ വൈദ്യുതി നിലച്ചതോടെ ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു, റോഡുകളിലെ സിഗ്നല്‍ സംവിധാനം നിലച്ചു, മെട്രോ ട്രെയിനുകള്‍ നിര്‍ത്തിവച്ചു, സ്‌പെയിനിലെ പാര്‍ലമെന്റ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ കെട്ടിടങ്ങള്‍, സബ്വേ സംവിധാനങ്ങള്‍, വിമാനത്താവളങ്ങള്‍, പ്രധാന പാതകള്‍ എന്നിവയിലെല്ലാം വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതോടെ വാര്‍ത്ത വിനിമയ ഉപാധികള്‍ വരെ നിശ്ചലമായി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ യാത്രക്കാര്‍ വിമാനത്താവളങ്ങളിലേക്ക് പോകരുതെന്ന് ടാപ് എയര്‍ പോര്‍ച്ചുഗല്‍ മുന്നറിയിപ്പ് നല്‍കി. മാഡ്രിഡില്‍, മാഡ്രിഡ് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റ് കളിക്കിടയില്‍ നിര്‍ത്തിവച്ചു, സ്‌പെയിനിലും പോര്‍ച്ചുഗലിലും ഉടനീളമുള്ള ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചു.
ഐബീരിയന്‍ ഉപദ്വീപിന്റെ ഭൂരിഭാഗവും ബാധിച്ച വ്യാപകമായ വൈദ്യുതി തടസ്സത്തിന്റെ കാരണത്തെക്കുറിച്ച് ഇപ്പോഴും കൃത്യമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്ന് സ്‌പെയിന്‍ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് തിങ്കളാഴ്ച പ്രതികരിച്ചിരുന്നു. തിങ്കളാഴ്ച സ്‌പെയിന്‍, പോര്‍ച്ചുഗല്‍, ഫ്രാന്‍സിന്റെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലാണ് സ്പാനിഷ് അതിര്‍ത്തിക്കടുത്ത് ഉണ്ടായ വന്‍ വൈദ്യുതി തടസം സങ്കീര്‍ണമായ പ്രശ്‌നങ്ങളുണ്ടാക്കിയത്. മെട്രോ സംവിധാനങ്ങള്‍ പെട്ടെന്ന് തകരാറിലായതോടെ ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചും ആശുപത്രികളും അടിയന്തര സേവനങ്ങളും ബാക്കപ്പ് ജനറേറ്ററുകളിലേക്ക് മാറ്റിയും യൂറോപ്പിലെ ഏറ്റവും വലിയ വൈദ്യുതി പ്രശ്‌നമെന്ന് വിശേഷിപ്പിക്കപ്പെട്ട സംഭവത്തില്‍ സ്‌പെയിന്‍ അടിയന്തരാവസ്ഥ വരെ പ്രഖ്യാപിച്ചു. ‘അപൂര്‍വ്വമായ അന്തരീക്ഷ പ്രതിഭാസമാണ്’ ഈ ബ്ലാക്ക് ഔട്ടിന് കാരണമെന്നും അന്തരീക്ഷത്തിലെ താപനില വ്യതിയാനങ്ങള്‍ക്ക് ഇത് കാരണമായതായും പറയപ്പെടുന്നു.
ഈ പ്രശ്‌നം സ്‌പെയിനില്‍ നിന്നാണ് ആരംഭിച്ചതെന്ന് പോര്‍ച്ചുഗീസ് പ്രധാനമന്ത്രി ലൂയിസ് മോണ്ടിനെഗ്രോ പറഞ്ഞു. ‘അപൂര്‍വ്വമായ ഒരു അന്തരീക്ഷ പ്രതിഭാസം’ വല്ലാത്ത താപനില വ്യതിയാനങ്ങള്‍ക്ക് കാരണമായെന്നും അത് പിന്നീട് വ്യാപകമായ ഷട്ട്ഡൗണുകള്‍ക്ക് കാരണമായെന്നും പോര്‍ച്ചുഗലിന്റെ വൈദ്യുത ഓപ്പറേറ്ററായ ഞഋച പിന്നീട് വിശദീകരിച്ചു. താപനിലയിലെ ഈ തീവ്രമായ മാറ്റങ്ങള്‍ സ്‌പെയിനിലെ വളരെ ഉയര്‍ന്ന വോള്‍ട്ടേജ് ലൈനുകളില്‍ ‘അസാധാരണമായ ചാഞ്ചാട്ടത്തിന് കാരണമായതായി ഞഋച പറഞ്ഞു. ഇത് ‘ഇന്‍ഡ്യൂസ്ഡ് അറ്റ്‌മോസ്‌ഫെറിക് വേരിയേഷന്‍’ എന്ന് വിളിക്കപ്പെടുന്നുവെന്നും ഇത് വൈദ്യുതി ശ്രേണിയില്‍ ശക്തമായ ഏറ്റക്കുറച്ചിലുകള്‍ സൃഷ്ടിക്കുമെന്നും വിദഗ്ധര്‍ പറയുന്നു. ഇന്‍ഡ്യൂസ്ഡ് അറ്റ്‌മോസ്‌ഫെറിക് വേരിയേഷന്‍’ എന്നറിയപ്പെടുന്ന ഈ അപൂര്‍വ പ്രതിഭാസം പരസ്പരബന്ധിതമായ യൂറോപ്യന്‍ വൈദ്യുതി ശൃംഖലയിലുടനീളം ഏകീകൃത തകരാറുകള്‍ക്ക് കാരണമാവുകയായിരുന്നു.
ചിലയിടങ്ങളില്‍ വൈദ്യുതി പുനസ്ഥാപിച്ചെങ്കിലും ഇപ്പോഴും പലയിടങ്ങളും ഇരുട്ടില്‍ തന്നെയാണ്. വൈദ്യുതി സംവിധാനം പഴയ രീതിയില്‍ സ്റ്റെബിലൈസ് ചെയ്യാന്‍ ഒരാഴ്ചയെങ്കിലും വേണമെന്നാണ് രാജ്യങ്ങളിലെ വൈദ്യുത ഓപ്പറേറ്റര്‍മാര്‍ പറയുന്നത്. അന്തരീക്ഷ പ്രതിഭാസമാണ് ഇരുട്ടിലാക്കിയതെന്നും അല്ലാതെ യാതൊരു വിധ സൈബര്‍ അറ്റാക്കുമല്ല സംവിധാനങ്ങള്‍ നിശ്ചലമാക്കാന്‍ ഇടയാക്കിയതെന്നും സ്‌പെയിനും പോര്‍ച്ചുഗലും ആവര്‍ത്തിക്കുന്നു. നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിനൊപ്പം ജനങ്ങള്‍ക്കുണ്ടാകുന്ന പ്രതിസന്ധിയും ഇനിയൊരിക്കല്‍ കൂടി വ്യാപകമായി ഇതാവര്‍ത്തിച്ചാലുണ്ടാകുന്ന നഷ്ടങ്ങളും ലോകത്തെ ഭയപ്പെടുത്തുന്നുണ്ട്.