സ്ത്രീകളുടെയും കുട്ടികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; 20കാരൻ അറസ്റ്റിൽ
കണ്ണൂര്‍: സ്ത്രീകളുടെയും കുട്ടികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീലമായ രീതിയിൽ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വായത്തൂർ സ്വദേശി അഭയ് (20) ആണ് പേരാവൂർ പൊലീസിന്റെ പിടിയിലായത്.
സ്ഥലത്തെ പഞ്ചായത്ത് പ്രസിഡന്റിന്റെ ചിത്രമടക്കം പ്രതി മോർഫ് ചെയ്ത് ഇത്തരത്തിൽ പ്രചരിപ്പിച്ചിരുന്നു. പേരാവൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. രണ്ടുദിവസം മുമ്പ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് പൊലീസിൽ പരാതിപ്പെട്ടത്. ഒന്നിലധികം അക്കൗണ്ടുകളിൽ നിന്നാണ് ചിത്രങ്ങൾ പ്രചരിച്ചത്. തുടർന്ന് പേരാവൂർ എസ് ഐ ജാൻസി മാത്യുവിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ വയനാട് പടിഞ്ഞാറത്തറയിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
മോർഫിങ് ആപ്പ് ഉപയോഗിച്ച് മൊബൈൽ ഫോണിലാണ് പ്രതി ചിത്രങ്ങൾ എഡിറ്റ് ചെയ്തത്. ചിത്രങ്ങൾ ലഭ്യമാക്കാൻ മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. പരിശോധനയ്ക്കായി ഫോൺ സൈബർ സെല്ലിന് കൈമാറി. മുമ്പ് സ്ത്രീകളെ ശല്യം ചെയ്തതിനുൾപ്പെടെ ഇയാളുടെ പേരിൽ കേസുണ്ട്.