22 മണിക്കൂർ നീണ്ട വിലാപയാത്ര, വിഎസ് വേലിക്കകത്ത് വീട്ടിൽ; അന്ത്യാഞ്ജലി അർപ്പിക്കാൻ ജനസാഗരം

22 മണിക്കൂറിലധികം നീണ്ട വിലാപയാത്രക്കൊടുവിൽ വിഎസ് അച്യുതാനന്ദന്റെ ഭൗതിക ശരീരം ആലപ്പുഴ പുന്നപ്രയിലെ വേലിക്കകത്ത് വീട്ടിലെത്തിച്ചു. പതിനായിരക്കണക്കിന് ആളുകളുടെ ഇടയിലൂടെ തലസ്ഥാന നഗരത്തിൽ നിന്നും ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ പുറപ്പെട്ട വിലാപയാത്രയാണ് ഇന്നുച്ചയ്ക്ക് 12.20ഓടെ വേലിക്കകത്ത് വീട്ടിൽ എത്തിയത്
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ജനം ആലപ്പുഴയിലേക്ക് ഒഴുകിയെത്തിയിട്ടുണ്ട്. കാസർകോട്, കണ്ണൂർ തുടങ്ങിയ വടക്കൻ ജില്ലകളിൽ നിന്നടക്കമുള്ള പ്രവർത്തകരും നേതാക്കളും സാധാരണക്കാരും ആലപ്പുഴിലേക്ക് ഒഴുകി എത്തിക്കൊണ്ടിരിക്കുകയാണ്.
ജനഹൃദയങ്ങളിലൂടെ സഞ്ചരിച്ചുകൊണ്ടാണ് വിലാപയാത്ര ഒടുവിൽ പുന്നപ്രയിൽ എത്തിച്ചേർന്നത്. വഴിയിലൂടനീളം ആയിരങ്ങളാണ് വിഎസിന് ആദരം അർപ്പിച്ച് കാത്തുനിന്നത്. വേലിക്കകത്ത് വീട്ടിൽ മുതിർന്ന നേതാക്കളടക്കം അന്ത്യാഞ്ജലി അർപ്പിക്കാനായി കാത്തുനിൽക്കുകയാണ്. സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി, സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ, മുസ്ലിം ലീഗ് പ്രസിഡന്റ് സാദിഖലി തങ്ങൾ, പികെ കുഞ്ഞാലിക്കുട്ടി തുടങ്ങിയ നേതാക്കളും മന്ത്രിമാരും രാഷ്ട്രീയ സാമൂഹിക രംഗത്തെ നിരവധി പേരും വേലിക്കകത്ത് വീട്ടിൽ എത്തിയിട്ടുണ്ട്
ഭൗതിക ശരീരം വീടിനുള്ളിൽ എത്തിച്ചു. പത്ത് മിനിറ്റ് നേരം കുടുംബാംഗങ്ങൾക്ക് മാത്രമായിരിക്കും ഈ സമയത്ത് കാണാനാകുക. ഇതിന് ശേഷം വീട്ടുമുറ്റത്തേക്ക് ഭൗതിക ശരീരം എത്തിക്കും. ഇവിടെ പൊതുദർശനം കഴിഞ്ഞ ശേഷം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിലേക്കും റിക്രിയേഷൻ സെന്ററിലേക്കും എത്തിക്കും. വൈകിട്ട് വലിയ ചുടുകാട്ടിലാണ് വിഎസിന്റെ സംസ്‌കാരം തീരുമാനിച്ചിരിക്കുന്നത്.