Abudhabi

യമന് സഹായം എത്തിക്കാന്‍ നടത്തുന്നത് 2,200 കിലോമീറ്റര്‍ മരുഭൂമി യാത്ര

അബുദാബി: യുദ്ധവും ആഭ്യന്തര കലാപങ്ങളും തകര്‍ത്ത യമന് സഹായം എത്തിക്കാന്‍ യുഎഇ വളണ്ടിയര്‍മാര്‍ നടത്തുന്നത് 2,200 കിലോമീറ്റര്‍ മരുഭൂമി യാത്ര. യമനികള്‍ക്ക് മാനുഷികമായ സഹായം എത്തിക്കാന്‍ രണ്ടു ലക്ഷം ഡോളര്‍ കണ്ടെത്താന്‍ ലക്ഷ്യമിട്ടാണ് അബുദാബിയില്‍നിന്നും യമനിലേക്ക് ആയിരക്കണക്കിന് കിലോമീറ്റര്‍ നീളുന്ന ഹോപ് വോയേജ് കാമ്പയിന്‍ എന്ന പേരില്‍ യാത്ര സംഘടിപ്പിച്ചിരിക്കുന്നത്.

മരുഭൂമികളുടെ സവിശേഷതകളില്‍ വിദഗ്ധനായ മൈക്ക് എറ്റ്‌സ്ഗറും പ്രൊഫഷണല്‍ മലയറ്റക്കാരനായ ഡാനിയേല്‍ സ്‌കെന്‍കെവെല്‍ഡുമാണ് യാത്രക്ക് നേതൃത്വം നല്‍കുന്നത്. അല്‍ ഖാതിം മരുഭൂമി താണ്ടിയാണ് ഇവര്‍ യാത്ര ചെയ്യുന്നത്. കഴിഞ്ഞ ഏഴിനായിരുന്നു അബുദാബിയില്‍നിന്നും സംഘം പുറപ്പെട്ടത്. പീറ്റര്‍ ബ്യൂണ്‍സ്, മൊഹസീന്‍ സുലൈമാന്‍, ഇദ്ദേഹത്തിന്റെ മക്കളായ മുഹമ്മദ് റമീസ്(14), ഉമര്‍ അബ്ദില്ല(15), ഇവരുടെ ഒട്ടകങ്ങളായ മഷ്ഹൂര്‍, ഫതര്‍ സംഹ എന്നിവരാണണ് സംഘത്തിലുള്ളത്.

കാട്ടൊട്ടകമായ ഫതര്‍ സംഹയാണ് യാത്രയിലെ പ്രധാന താരം. കാരണം ഇവള്‍ മണിക്കൂറുകളോളം അപ്രത്യക്ഷയാവും പിന്നെ തിരഞ്ഞു കണ്ടെത്തണം. ഇങ്ങനെ 10 കിലോമീറ്ററോളം അലയേണ്ടിവന്നതും നിയന്ത്രിക്കാന്‍ ശ്രമിക്കുമ്പോള്‍ തൊഴിക്കുന്നതുമെല്ലാം യാത്രയുടെ ഡയറിയിലെ അനുഭവക്കുറിപ്പുകള്‍തന്നെ. സംഹ കുതറിയോടാന്‍ ശ്രമിക്കവേ കയര്‍ വലിഞ്ഞ് കൈവിരലുകള്‍ തൊലിയടര്‍ന്ന് പൊള്ളലേറ്റപോലെ ആയതിനാല്‍ സുലൈമാന്‍ യാത്ര അവസാനിപ്പിച്ച് മടങ്ങി. മുറിവ് ഉണങ്ങാന്‍ മൂന്നാഴ്ചയെങ്കിലും വേണ്ടിവരുമെന്നതിനാലാണിത്. ഒടുവില്‍ തീരെ ഇണങ്ങാത്ത ഈ ഒട്ടകത്തെ സംഘം ഷാര്‍ജയിലെ ഉടമയുടെ അരികിലേക്ക് ട്രക്കില്‍ കയറ്റിവിടുകയായിരുന്നു. ഭഗീരഥ പ്രയത്‌നമായിരുന്നു ഇവളെ ട്രക്കില്‍ കയറ്റാന്‍ വേണ്ടിവന്നതെന്നും എറ്റ്‌സ്ഗര്‍ പറയുന്നു. ജീവിതത്തിലെ മറക്കാന്‍ പറ്റാത്ത അനുഭവമാണ് ഈ യാത്രയില്‍ തങ്ങള്‍ക്ക് ലഭിക്കുന്നതെന്നാണ് സംഘം വ്യക്തമാക്കുന്നത്. രാത്രിയില്‍ മരൂഭുമിയില്‍ ഉറങ്ങാന്‍ മണ്ണൊരുക്കുമ്പോള്‍ മുന്‍പ് ആരോ ഉപേക്ഷിച്ച പണം കിട്ടിയതുമെല്ലാം ഓര്‍മയില്‍ തങ്ങിനില്‍ക്കുന്ന കാര്യങ്ങള്‍ തന്നെ. ഒരാള്‍ മടങ്ങിയതിനാല്‍ ഇനി അഞ്ചു പേരാണ് യാത്രാ സംഘത്തിലുള്ളത്.

Related Articles

Back to top button
error: Content is protected !!