Kerala
സെവൻസ് ഫുട്‌ബോളിനിടെ പടക്കം പൊട്ടി 47 പേർക്ക് പരുക്കേറ്റ സംഭവം; പോലീസ് കേസെടുത്തു

മലപ്പുറം അരീക്കോട് തെരട്ടമ്മലിൽ സെവൻസ് ഫുട്‌ബോളിനിടെ പടക്കം പൊട്ടിയുണ്ടായ അപകടത്തിൽ സംഘാടകർക്കെതിരെ പോലീസ് കേസെടുത്തു. അനുമതി ഇല്ലാത്തതിന് കരിമരുന്ന് പ്രയോഗിച്ചതിനും പടക്കം പൊട്ടിച്ചതിനുമാണ് കേസ്. അപകടത്തിന് പിന്നാലെ മത്സരം ഇന്നലെ രാത്രി പോലീസ് ഇടപെട്ട് തടഞ്ഞിരുന്നു.
സ്റ്റേഡിയം നിറഞ്ഞ് കാണികളെ പ്രവേശിപ്പിച്ചതായും പോലീസ് പറയുന്നു. അപകടത്തിൽ 47 പേർക്കാണ് പരുക്കേറ്റത്. ആരുടെയും പരുക്ക് ഗുരുതരമല്ല. പടക്കം കാണികൾക്കിടയിലേക്ക് വീണ് പൊട്ടുകയായിരുന്നു. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പടക്കത്തിന്റെ തീപ്പൊരി ചിതറി വീണ് ചിലർക്ക് പേർക്ക് പൊള്ളലേറ്റു. പരിഭ്രാന്തരായ കാണികൾ ചിതറിയോടിയതോടെ പലരും നിലത്തുവീണു. ഇങ്ങനെയാണ് കൂടുതൽ പരുക്കുകൾ സംഭവിച്ചത്.