തീവ്രവാദ ആക്രമണത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്; ജമ്മുകശ്മീരിലെ 48 വിനോദസഞ്ചാര കേന്ദ്രങ്ങള്‍ പൂട്ടി

ശ്രീനഗര്‍ : പഹല്‍ഗാം ആക്രമണ പശ്ചാത്തലത്തില്‍ ഇനിയും ഭീകരാക്രണത്തിന് സാധ്യതയുള്ളതിനാല്‍ ജമ്മുകശ്മീരില്‍ 48 വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു. ഇന്‍ലിജന്‍സ് ഏജന്‍സിയുടെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് നടപടി.
ആകെ മൊത്തം 87 വിനോദ സഞ്ചാര കേന്ദ്രങ്ങളാണ് ഇവിടെയുള്ളത്. ഗുല്‍മാര്‍ഗ്, സോനമാര്‍ഗ്, ദാല്‍ തടാകം തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ജമ്മു കശ്മീര്‍ പോലീസിന്റെ സ്പെഷല്‍ ഓപ്പറേഷന് ഗ്രൂപ്പായ ആന്റി ഫിദായിന്‍ സ്ക്വാഡിനെ നിയമിച്ച് അതീവ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
പ്രദേശത്തെ റിസോര്‍ട്ടുകള്‍ അടച്ചുപൂട്ടി. ദൂത്പത്രി, വെരിനാഗ് പോലുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളും വിനോദസഞ്ചാരികള്‍ക്ക് പ്രവേശനം വിലക്കി. മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ സുരക്ഷ ശക്തമാക്കുകയും ചെയ്തിട്ടുണ്ട്. നേരത്തെ പഹല്‍ഗാം ആക്രമണത്തില്‍ പങ്കാളികളായ ഭീകരരുടെ വീടുകള്‍ സൈന്യവും ജമ്മുകശ്മീര്‍ പോലീസും തകര്‍ത്തിരുന്നു. ഇതില്‍ പ്രതികാരമായി കൂടുതല്‍ ഭീകരാക്രമണങ്ങള്‍ നടക്കാനിടയുണ്ടെന്നാണ് ഇന്റലിജന്‍സ് റിപോര്‍ട്ട്.
അതേസമയം കശ്മീരില്‍ സൈന്യത്തിനും ഭീകരര്‍ക്കും ഇടയില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. എവിടെയാണ് ഏറ്റുമുട്ടല്‍ നടക്കുന്നതെന്ന് സൈന്യം വ്യക്തമാക്കിയിട്ടില്ല.