ആളൊഴിഞ്ഞ ട്രെയിനില്‍ വച്ച് 55കാരി ക്രൂരമായി ബലാത്സംഗത്തിനിരയായ സംഭവം; ആര്‍പിഎഫ് ഉദ്യോഗസ്ഥന് സസ്പെന്ഷൻ
ബാന്ദ്ര: മുംബൈയിലെ ബാന്ദ്ര ടെര്മിനസില് ആളൊഴിഞ്ഞ ട്രെയിനില്‍ വച്ച് 55കാരി ക്രൂരമായി ബലാത്സംഗത്തിനിരയായ സംഭവത്തില്‍ ആര്‍പിഎഫ് ഉദ്യോഗസ്ഥന് സസ്പെന്ഷന്. പ്ലാറ്റ്ഫോമിന്റെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനെതിരെയാണ് ശിക്ഷാനടപടി സ്വീകരിച്ചത്. ഫെബ്രുവരി 1ന് രാത്രിയാണ് 55കാരിയെ റെയില്‍വേ ചുമട്ടുതൊഴിലാളി ബലാത്സംഗം ചെയ്തത്.
സംഭവത്തിന് പിന്നാലെ റെയില്‍വേ ചുമട്ടുതൊഴിലാളി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ നടന്ന ആഭ്യന്തര അന്വേഷണത്തിലാണ് ആര്‍പിഎഫ് ഉദ്യോഗസ്ഥനെതിരെ ശിക്ഷാ നടപടിയെടുത്തത്. ബാന്ദ്ര ടെര്‍മിനസിലെ ഒഴിഞ്ഞ ട്രെയിനില്‍ കിടന്നുറങ്ങിയ 55കാരിയെ റെയില്‍വേ ചുമട്ടുതൊഴിലാളി പീഡിപ്പിക്കുകയായിരുന്നു. ഇവരുടെ ബന്ധു പരാതിയുമായി എത്തിയതിന് പിന്നാലെയാണ് റെയില്‍വേ പൊലീസ് അക്രമിയെ പിടികൂടിയത്. കഴിഞ്ഞ ആഴ്ച ബന്ധുവിനൊപ്പം മറ്റൊരു സംസ്ഥാനത്ത് നിന്ന് മഹാരാഷ്ട്രയിലെത്തിയ 55കാരിക്കാണ് പീഡനത്തിനിരയായത്.
ശനിയാഴ്ച തിരികെ പോവാനൊരുങ്ങി റെയില്‍വേ സ്റ്റേഷനിലെത്തിയ ഇവര്‍ താമസിക്കാന്‍ മറ്റൊരു സ്ഥലമില്ലാത്തതിനാല്‍ പ്ലാറ്റ്ഫോമില്‍ തന്നെ ഉറങ്ങുകയായിരുന്നു. ഇതിനിടെ ബന്ധു പ്ലാറ്റ്ഫോമിന് പുറത്ത് പോയ സമയത്ത് 55കാരി ഒഴിഞ്ഞ് കിടന്ന ട്രെയിനിനുള്ളില്‍ കയറുകയായിരുന്നു. ഇവര്‍ ഒഴിഞ്ഞ ട്രെയിനില്‍ കയറുന്നതും തനിച്ചാണുള്ളതെന്നും വ്യക്തമായതിന് പിന്നാലെ റെയില്‍വേ ചുമട്ടുതൊഴിലാളി ഇവരെ ട്രെയിനിനുള്ളില്‍ വച്ച് ആക്രമിക്കുകയായിരുന്നു.