Kerala
ജാർഖണ്ഡിൽ ബസും ട്രക്കും കൂട്ടിയിടിച്ച് 6 കൻവാർ തീർഥാടകർ മരിച്ചു; നിരവധി പേർക്ക് പരുക്ക്

ജാർഖണ്ഡിലെ ദിയോഘർ ജില്ലയിൽ ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 6 കൻവാർ തീർഥാടകർ മരിച്ചു. ദേവ്ഗഡിൽ ഇന്ന് രാവിലെ നാലരയോടെയാണ് അപകടം. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. മോഹൻപൂർ പോലീസ് സ്‌റ്റേഷൻ പരിധിയിലെ ജമുനിയ വനത്തിന് സമീപത്താണ് അപകടമുണ്ടായത്.
32 സീറ്റുള്ള ബസ് ഗ്യാസ് സിലിണ്ടറുമായി എത്തിയ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം. പരുക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്.
ബസുകിനാഥ് ക്ഷേത്രത്തിലേക്കുള്ള യാത്രയിലായിരുന്നു ബസിലുണ്ടായിരുന്ന തീർഥാടകർ. അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും അനുശോചനം രേഖപ്പെടുത്തി.