7 ഇന്നിങ്‌സില്‍ നിന്ന് 70; അഭിഷേകിനെ പുറത്താക്കൂ: സഞ്ജുവിന്റെ പുതിയ പങ്കാളി ആര്
പോര്‍ട്ട് എലിസബെത്ത്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടി20യില്‍ ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ച നേരിട്ടിരിക്കുകയാണ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യക്ക് 124 റണ്‍സാണ് ആകെ നേടാനായത്. ആദ്യ മത്സരത്തില്‍ ബാറ്റിങ് വെടിക്കെട്ട് തീര്‍ത്ത ഇന്ത്യന്‍ നിരക്ക് രണ്ടാം മത്സരത്തില്‍ കാലിടറി. സഞ്ജു സാംസണ്‍ ഡെക്കിന് പുറത്തായതോടെ പിന്നാലെ എത്തിയവരും ദുരന്തമായി മാറി. ഇന്ത്യ പ്രതീക്ഷവെച്ചവരെല്ലാം നിരാശപ്പെടുത്തിയെന്നതാണ് വസ്തുത.
ഇതില്‍ എടുത്തു പറയേണ്ടത് ഓപ്പണര്‍ അഭിഷേക് ശര്‍മയുടെ പ്രകടനമാണ്. മികവിനൊത്ത പ്രകടനം നടത്താന്‍ അഭിഷേകിന് സാധിച്ചിരുന്നില്ല. ഇന്ത്യ വലിയ പ്രതീക്ഷവെക്കുന്ന ഓപ്പണര്‍മാരിലൊരാളാണ് അഭിഷേക്. എന്നാല്‍ യുവരാജ് സിങ്ങിന്റെ ശിഷ്യന് മികവ് കാട്ടാന്‍ സാധിക്കുന്നില്ലെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം. അവസാനം കളിച്ച ഏഴ് ടി20 ഇന്നിങ്‌സിലെ അഭിഷേകിന്റെ ശരാശരി 10 മാത്രമാണ്. നേടിയത് വെറും 70 റണ്‍സും. 10, 14, 16, 15, 4, 7, 4 എന്നിങ്ങനെയാണ് സ്‌കോര്‍.
പെട്ടെന്ന് ഇംപാക്ട് സൃഷ്ടിക്കാന്‍ കഴിവുള്ള ബാറ്റ്‌സ്മാനാണെങ്കിലും സ്ഥിരതയോടെ കളിക്കാന്‍ അഭിഷേകിന് സാധിക്കുന്നില്ല. അതുകൊണ്ടുതന്നെ വെടിക്കെട്ട് ബാറ്റ്‌സ്മാനെ ഇന്ത്യ ഒഴിവാക്കണമെന്നാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്. കണക്കുകള്‍ നികത്തിയാണ് ആരാധകര്‍ അഭിഷേകിനെ വിമര്‍ശിക്കുന്നത്.
സഞ്ജുവിനൊപ്പം ജിതേഷ് ഓപ്പണറാവട്ടെ
ഇന്ത്യ രണ്ടാം വിക്കറ്റ് കീപ്പറായി ടീമിലേക്ക് പരിഗണിച്ചിരിക്കുന്ന താരമാണ് ജിതേഷ് ശര്‍മ. ഒരു കാലത്ത് സഞ്ജു സാംസണ്‍ ഇരുന്നതുപോലെ ഇപ്പോള്‍ ബെഞ്ചിലിരിക്കാന്‍ വിധിക്കപ്പെട്ട പ്രതിഭയാണ് ജിതേഷ്. ഇന്ത്യ ജിതേഷിനെ സഞ്ജുവിനൊപ്പം ഓപ്പണറാക്കണമെന്നാണ് ആരാധകര്‍ പറയുന്നത്. അഭിഷേക് പ്രതിഭയുള്ള സൂപ്പര്‍ താരമാണ്. എന്നാല്‍ ഒരു വലിയ ഇന്നിങ്‌സുകൊണ്ട് കാര്യമില്ല. ടീമിനെ ജയിപ്പിക്കാന്‍ സാധിക്കുന്ന ഇന്നിങ്‌സുകള്‍ സ്ഥിരതയോടെ കളിക്കണം.
അതിന് സാധിക്കാത്ത അഭിഷേകിനെ ഇന്ത്യ കളിപ്പിക്കരുതെന്നും ജിതേഷിന് ഓപ്പണിങ്ങില്‍ അവസരം നല്‍കണമെന്നുമാണ് ആരാധകര്‍ പറയുന്നത്. എന്നാല്‍ ഓപ്പണറായി വലിയ റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കാത്ത താരമല്ല ജിതേഷ്. മധ്യനിരയില്‍ ഫിനിഷര്‍ റോളിലാണ് കൂടുതലായും ജിതേഷ് കളിക്കുന്നത്. എന്നാല്‍ നിലവില്‍ ഇന്ത്യക്കൊപ്പം മികച്ച സ്‌പെഷ്യലിസ്റ്റ് ഓപ്പണര്‍മാരില്ലാത്തതിനാല്‍ ജിതേഷിന് അവസരം നല്‍കണമെന്നാണ് ആരാധകര്‍ പറയുന്നത്.
റുതുരാജിന്റെ കണക്കുകള്‍ വൈറല്‍
ഇന്ത്യ ടി20 ടീമില്‍ നിന്ന് മാറ്റി നിര്‍ത്തുന്ന താരങ്ങളിലൊരാളാണ് റുതുരാജ് ഗെയ്ക് വാദ്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകനായ റുതുരാജിന് എന്തുകൊണ്ടോ ഇന്ത്യന്‍ ടീമില്‍ അര്‍ഹതക്കൊത്ത അവസരം ലഭിക്കുന്നില്ല. അവസാനം കളിച്ച ഏഴ് ടി20 ഇന്നിങ്‌സില്‍ നിന്ന് കൂടുതല്‍ റണ്‍സുള്ള ഇന്ത്യക്കാരന്‍ റുതുരാജാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 356 റണ്‍സാണ് റുതുരാജ് നേടിയത്. രണ്ടാം സ്ഥാനത്തുള്ളത് സഞ്ജു സാംസണാണ്.
257 റണ്‍സാണ് അദ്ദേഹം നേടിയത്. രണ്ട് സെഞ്ച്വറികളാണ് സഞ്ജുവിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന് കാരണം. 225 റണ്‍സെടുത്ത യശ്വസി ജയ്‌സ്വാള്‍ മൂന്നാം സ്ഥാനത്താണ്. ഈ കണക്കുകള്‍ പ്രകാരം തലപ്പത്തുള്ളത് റുതുരാജ് ഗെയ്ക് വാദാണ്. എന്നാല്‍ താരത്തിന് ടീമില്‍ ഇടമില്ല. നിലവില്‍ ഇന്ത്യ എ ടീമിനൊപ്പമാണ് റുതുരാജുള്ളത്. ഇന്ത്യ റുതുരാജിനെ ടി20 ടീമിലേക്ക് വിളിക്കണമെന്നാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ ഇത്തരമൊരു മാറ്റത്തിന് സാധ്യത വളരെ കുറവാണ്.
ഇന്ത്യക്ക് മികച്ച തുടക്കം വേണം
ദക്ഷിണാഫ്രിക്കയില്‍ പരമ്പര നേടാന്‍ ഇന്ത്യക്ക് മികച്ച തുടക്കം ലഭിക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. എന്നാല്‍ നിലവില്‍ ഇന്ത്യക്കത് ലഭിക്കുന്നില്ല. സഞ്ജു സാംസണിന്റെ സെഞ്ച്വറി പ്രകടനങ്ങള്‍ക്കിടയില്‍ ഓപ്പണിങ് കൂട്ടുകെട്ടിനെക്കുറിച്ച് അധികം ചര്‍ച്ചയായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഇന്ത്യയുടെ ഓപ്പണിങ് പ്രധാന ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. വരുന്ന മത്സരങ്ങളില്‍ ഇന്ത്യയുടെ ഓപ്പണിങ് കൂട്ടുകെട്ട് മാറുമെന്ന് തന്നെ പ്രതീക്ഷിക്കാം.