മിനിവാനല് ട്രെയിലര്‍ ഇടിച്ചുകയറി മലയാളി ഉള്‍പ്പെടെ 9 ഇന്ത്യക്കാര്‍ സഊദിയില്‍ മരിച്ചു; മൊത്തം മരണം 15
ജിസാന്‍: മിനിവാനില്‍ ട്രെയിലര്‍ ഇടിച്ചു കയറി മലയാളി ഉള്‍പ്പെടെ 9 ഇന്ത്യക്കാര്‍ മരിച്ചു. ബൈശിന് സമീപത്തെ ജിസാന്‍ ഇക്കണോമിക് സിറ്റിയിലെ ആരാംകോ റിഫൈനറി റോഡിലാണ് അപകടം ഉണ്ടായത്. മൊത്തം 15 പേര് മരിച്ചതായാണ് പ്രാഥമിക വിവരം. കൊല്ലം കേരളപുരം സ്വദേശിയായ വിഷ്ണു പ്രസാദ് പിള്ള (31) ആണ് മരിച്ചത്. ഇന്ത്യക്കാര്‍ക്ക് പുറമെ മൂന്നു നേപ്പാളികളും മൂന്നു ഘാന സ്വദേശികളും മരിച്ചവരില്‍ ഉള്‍പ്പെടും.
എസിഐസി സര്‍വിസസ് കമ്പനിയുടെ ആരാംകോ പ്രൊജക്ടിനായി ജോലിചെയ്യുന്ന 26 ജീവനക്കാരാണ് അപകടത്തില്‍പ്പെട്ടത്. 15 പേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. ജുബൈല്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് എസിഐസി. പുഷ്കര്‍ സിങ് ദാമി, മഹേഷ് ചന്ദ്ര, മുസഫര്‍ ഹുസൈന് ഖാന് ഇമ്രാന്, സക്ലൈന്‍ ഹൈദര്‍, താരിഖ് ആലം, മുഹമ്മദ് സഹീര്‍, മുഹമ്മദ് മോഹത്തഷിം റാസ, ദിനകര്‍ ബായ്, ഹരിഭായ് തണ്ടല്, രമേശ് കപേലി എന്നിവരാണ് മരിച്ച ഇന്ത്യക്കാര്‍.
സഊദി ഫയര്‍ ഫോഴ്സും രക്ഷാപ്രവര്‍ത്തകരും എത്തിയാണ് പരുക്കേറ്റവരെയും മരണപ്പെട്ടവരെയും അപകടസ്ഥലത്തുനിന്നും മാറ്റിയത്. ഇവരില്‍ ഗുരുതരമായി പരുക്കേറ്റവര്‍ ജിസാനിലെയും അബഹയിലെയും ആശുപത്രികളില്‍ ഐസിയുവിലാണ്. ഗുരുതരമായി പരുക്കേറ്റവരെ എയര്‍ ആംബുലന്‍സ് എത്തിയാണ് അബഹ സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രി, അബുഅരീഷ് കിങ് ഫഹദ് ആശുപത്രി, ജിസാന്‍ മുഹമ്മദ് ബിന്‍ നാസര്‍ ആശുപത്രി, ബൈഷ് ജനറല്‍ ആശുപത്രി എന്നിവിടങ്ങളിലേക്ക് എത്തിച്ചത്. മൃതദേഹങ്ങളെല്ലാം സൂക്ഷിച്ചിരിക്കുന്നത് ബൈഷ് ജനറല്‍ ആശുപത്രിയുടെ മോര്‍ച്ചറിയിലാണ്.
മൂന്നു വര്‍ഷമായി എസിഐസിയില് എഞ്ചിനിയറായി ജോലി ചെയ്തു വരികയാണ് അവിവാഹിതനായ വിഷ്ണു. പിതാവ്: പ്രസാദ്. മതാവ്: രാധ. സഹോദരന്: മനു പ്രസാദ് (യുകെ).