Kerala
പനിയെ തുടർന്ന് ചികിത്സയിലിരിക്കെ 9 വയസുകാരി മരിച്ചു; ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കൾ

കായംകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഒമ്പത് വയസുകാരി മരിച്ച സംഭവത്തിൽ ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കൾ. പനിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അജിത്-ശരണ്യ ദമ്പതികളുടെ മകൾ ആദിലക്ഷ്മിയാണ് മരിച്ചത്. സംഭവത്തിൽ കായംകുളം എബ്‌നൈസർ ആശുപത്രിയിൽ ബന്ധുക്കൾ പ്രതിഷേധിച്ചു.
പത്താം തീയതിയാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ എത്തിക്കുന്ന സമയത്ത് ശരീരവേദനയും വയറുവേദനയുമുണ്ടായിരുന്നു. പനി മൂർച്ഛിച്ചതോടെ ഇന്ന് രാവിലെ ഐസിയുവിലേക്ക് മാറ്റി. പിന്നാലെ കുട്ടി മരിക്കുകയായിരുന്നു
കുട്ടി ഗുരുതരാവസ്ഥയിലായിരുന്ന കാര്യം ആശുപത്രി അധികൃതർ അറിയിച്ചില്ലെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. കുട്ടിയുടെ മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടം ചെയ്യും. കായംകുളം ഗവ. എൽപി സ്‌കൂൾ മൂന്നാം ക്ലാസ് വിദ്യാർഥിനിയായിരുന്നു ആദിലക്ഷ്മി