World

ബൈഡന് വെള്ളിയിൽ തീർത്ത ചെറുതീവണ്ടി; ജിൽ ബൈഡന് പഷ്മിന ഷാൾ: സമ്മാനങ്ങൾ നൽകി മോദി

വാഷിങ്ടൺ: യുഎസ് പ്രസിഡൻ്റ് ജോ ബൈഡന് വെള്ളിയിൽ തീർത്ത ചെറുതീവണ്ടിയുടെ മാതൃകയും പ്രഥമ വനിത ജിൽ ബൈഡന് പഷ്മിന ഷാളും സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാരാഷ്ട്രയിലെ കൈത്തൊഴിലുകാരാണ് പഴയ മാതൃകയിലുള്ള ചെറുതീവണ്ടി നിർമിച്ചിരിക്കുന്നത്.

തീവണ്ടിയുടെ ഒരുവശത്ത് ഡൽഹി-ഡെലവെയർ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധത്തിൻ്റെ പ്രാധാന്യം ഇത് സൂചിപ്പിക്കുന്നു. മറുവശത്തായി ഇന്ത്യൻ റെയിൽവേയ്‌സ് എന്നും എഴുതിയിട്ടുണ്ട്. 92.5 ശതമാനവും വെള്ളികൊണ്ടാണ് ഇത് നിർമിച്ചിട്ടുള്ളത്. ജമ്മു കശ്മീരിന്റെ പ്രൗഢി വിളിച്ചോതുന്നതാണ് പഷ്മിന ഷാൾ. ഗുണനിലവാരവും ഭം​ഗിയുമുള്ള പഷ്മിന ഷാൾ വളരെയേറെ മൃദുവായതാണ്.

പഷ്മിന ഷാളുകൾ ജമ്മു കശ്മീരിൽ നിന്നുള്ള പേപ്പിയർ മാഷെ ബോക്സുകളിലാണ് പായ്ക്ക് ചെയ്യുന്നത്. പേപ്പർ പൾപ്പ്, പശ, മറ്റ് പ്രകൃതിദത്ത വസ്തുക്കൾ എന്നിവയുടെ മിശ്രിതം ഉപയോഗിച്ച് ഈ ബോക്സുകൾ കൈകൊണ്ടാണ് നിർമ്മിക്കുന്നത്. കശ്മീരിൻ്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തെ പ്രതിഫലിപ്പിക്കുന്ന തനതായ കലാസൃഷ്ടിയാണ് പേപ്പിയർ മാഷെ ബോക്സുകൾ.

ക്വാഡ് നേതാക്കളുടെ യോഗത്തിൽ പങ്കെടുക്കാൻ അമേരിക്കയിലെത്തിയ നരേന്ദ്ര മോദിക്ക്, തന്റെ ജന്മനഗരമായ ഡെലവയറിലെ വസതിയിൽ ബൈഡൻ ആതിഥ്യം നൽകിയിരുന്നു.

ഇന്ത്യയുമായുള്ള അമേരിക്കയുടെ പങ്കാളിത്തം ചരിത്രത്തിലെ ഏത് സമയത്തേക്കാളും ഇപ്പോൾ കൂടുതൽ ശക്തവും ചലനാത്മകവുമാണ്. പ്രധാനമന്ത്രി മോദി, നമ്മൾ ഒരുമിച്ച് ഇരിക്കുമ്പോഴെല്ലാം, സഹകരണത്തിനുള്ള പുതിയ മേഖലകൾ കണ്ടെത്താനുള്ള നമ്മുടെ കഴിവിൽ ഞാൻ അദ്ഭുതപ്പെടാറുണ്ട്. ഇന്നും അതിൽനിന്ന് വ്യത്യസ്തമായിരുന്നില്ല’, തന്റെ വസിതിയിൽ വച്ചുണ്ടായ കൂടിക്കാഴ്ചയെ കുറിച്ച് ജോ ബൈഡൻ എക്സിൽ കുറിച്ചു.

‘ഡെലവെയറിലെ ഗ്രീൻവില്ലിലുള്ള അദ്ദേഹത്തിൻ്റെ വസതിയിൽ ആതിഥേയത്വം വഹിച്ചതിന് പ്രസിഡൻ്റ് ബൈഡന് ഞാൻ നന്ദി പറയുന്നു. ഞങ്ങളുടെ ചർച്ചകൾ വളരെ ഫലപ്രദമായിരുന്നു. യോഗത്തിൽ പ്രാദേശികവും ആഗോളവുമായ വിഷയങ്ങൾ ചർച്ച ചെയ്യാൻ ഞങ്ങൾക്ക് അവസരം ലഭിച്ചു’, നരേന്ദ്ര മോദിയും കുറിച്ചു. മോദിക്കൊപ്പം വിദേശകാര‍്യമന്ത്രി എസ് ജയശങ്കർ, വിദേശകാര‍്യ സെക്രട്ടറി വിക്രം മിശ്രി, യുഎസിലെ ഇന്ത‍്യൻ അംബാസഡർ വിനയ് മോഹൻ ക്വാട്റ എന്നിവരുമുണ്ടായിരുന്നു.

Related Articles

Back to top button