Novel

ഏയ്ഞ്ചൽ: ഭാഗം 32

രചന: സന്തോഷ് അപ്പുകുട്ടൻ

” തന്നെ വേണ്ടെന്നുവെച്ച സ്ത്രീയെ ഇങ്ങിനെ സ്നേഹിക്കാനും, കൂടെ ചേർത്തു നിർത്താനും ഏതെങ്കിലും പുരുഷന് കഴിയുമോ?”

റോയ്ഫിലിപ്പിനെ ചേർത്തു നിർത്തി നടക്കുന്ന ഏയ്ഞ്ചലിനെ മഴ നനയാതിരിക്കാൻ വേണ്ടി, അവളുടെ ശിരസ്സിനു മീതെ കുട പിടിച്ച്, മഴയിൽ പാതി നനഞ്ഞ് നടക്കുന്ന ജിൻസിനെ നോക്കി ദേവമ്മ പതിയെ മന്ത്രിച്ചു.

ഇടക്കിടെ പാറിയെത്തുന്ന മിന്നൽവെട്ടത്തിൽ,ആ കാഴ്ചയും കണ്ട് മനസ്സ് നിറഞ്ഞു സിറ്റൗട്ടിൽ നിൽക്കുന്ന ദേവമ്മ, ചിതറിയെത്തുന്ന മഴതുള്ളികൾ തന്നെ നനക്കുന്നതറിഞ്ഞില്ല…

മനസ്സ് നിറയെ സ്നേഹിച്ചിട്ടും, പകരം മനസ്സിനെയും, ശരീരത്തെയും ദ്രോഹിച്ചിരുന്ന പഴയ ഭർത്താവിൻ്റെ ക്രൂരത അവൾക്ക് വേദനപ്പെടുത്തുന്ന ഒരു അത്ഭുതമായിരുന്നു…

ദുഷ്ടനാണെന്നു കരുതിയ അലക്സി, ഒടുവിൽ തൻ്റെ ദുരിതങ്ങൾ പങ്കിട്ട് ആശ്വസിപ്പിച്ചപ്പോൾ അത് തനിക്കൊരു സന്തോഷപ്പെടുത്തുന്ന അത്ഭുതമായിരുന്നു….

ഇതിപ്പോൾ…

ചുറ്റുംകൂടി നിന്നവരുടെ മുൻപിൽവെച്ച് തനിക്കൊരിക്കലും ജിൻസിനെ വേണ്ടെന്ന് പറഞ്ഞ് അപമാനിച്ച ഏയ്ഞ്ചലിനെ,
അതേ ജിൻസ് സ്നേഹത്തോടെ
തൻ്റെ കുടക്കീഴിൽ ചേർത്തു പിടിച്ചിരിക്കുന്നത് മറ്റൊരത്ഭുതം!

ലോകം, സ്നേഹിക്കുന്നവർക്കും, കൂടെ ചേർത്തു നിർത്തുന്നവർക്കും മാത്രമുള്ളതാണെന്ന് അവൾക്ക് മനസ്സിലായി….

ബാക്കിയുള്ളവർ, ഈ ലോകത്ത് അധികപറ്റാണെന്നും, ശാപങ്ങളാണെന്നും അവൾ തിരിച്ചറിയുകയായിരുന്നു.

ആ ഓർമ്മകൾക്കിടയിൽ അവളുടെ മനസ്സിലേക്ക് അലക്സിയുടെ മുഖം തെളിഞ്ഞു വന്നു.

അരുണുമായി ഈ കടപ്പുറത്തേക്ക് പുറപ്പെടുമ്പോൾ, അലക്സിയോടൊന്നു വിളിച്ചു പറയാൻ മൊബൈൽ കൈവശം ഉണ്ടായിരുന്നില്ല….

തേൻ സൊസൈറ്റിയിലേക്ക് പോകാനിരുന്ന തന്നെ അരുൺ, കോളനിയിലേക്ക് ഒന്നു പോയി വരാമെന്ന് പറഞ്ഞ് പറ്റിച്ചാണ്, ഈ കടപ്പുറത്തേക്ക് കൊണ്ടുവന്നത്…

കാർ വീട്ടിലേക്ക് എടുത്തപ്പോഴും, അവിടെയുള്ള അവൻ്റെതായ എല്ലാ സാധനങ്ങളും കാറിൽ കയറ്റിയപ്പോഴും, മനസ്സിൽ സംശയത്തിൻ്റെ തിരയിളകിയിരുന്നു….

മറ്റൊരിടത്തേക്കുള്ള
ഒരു ഓട്ടമാണ് അവൻ പ്ലാൻ ചെയ്യുന്നതെന്ന് മനസ്സിലായെങ്കിലും, അത് കിലോമീറ്ററുകൾക്ക്‌ ഇപ്പുറമുള്ള ഈ കടൽതീരമാണെന്ന് മനസ്സിലായത് അവൻ പറഞ്ഞപ്പോഴാണ്…

പറഞ്ഞു പറ്റിച്ചതിൽ വിഷമമുണ്ടായിരുന്നെങ്കിലും, അവനോടൊന്നു ദേഷ്യത്തിൽ സംസാരിക്കാൻ മനസ്സു വരുമായിരുന്നില്ല…

അലക്സിയെ തേടി അവൻ്റെ ഫോൺ വന്ന കാലം മുതൽ ഈ ദേവമ്മയെ അമ്മേയെന്നാണ് അവൻ വിളിക്കുന്നത്…

കാര്യമെന്തെങ്കിലും കാണാനുള്ള വിളിയാണെങ്കിൽ,
“ദേവമ്മേ” എന്നൊരു നീട്ടി വിളിയുണ്ടു.

ആ വിളി കേൾക്കുമ്പോൾ, വന്ധ്യതയിൽ നീറിപുകയുന്ന മനസ്സിൽ, മരുഭൂമിയിൽ പെട്ടെന്നൊരു മഴ പെയ്തതുപോലെ വല്ലാത്തൊരു കുളിർമ്മയാണ് … അതിലേറെ ആശ്വാസവും, സന്തോഷവുമാണ്…

മനസ്സിനെ തണുപ്പിക്കുന്ന ആ ചിന്തയിൽ നിന്ന്, അവൾ ഉണർന്നത് അലക്സിയെ ഒന്നു വിളിക്കണമെന്ന തോന്നലിലാണ്…

സംഭവിച്ചതൊക്കെ തുറന്ന് പറഞ്ഞ്, പറയാതെ ഇങ്ങോട്ടു പോന്നതിന്
അലക്സിയോടു ക്ഷമ ചോദിക്കണമെന്നും തീരുമാനിച്ചു.

ടേബിളിൽ ഇരിക്കുന്ന അശ്വതിയുടെ മൊബൈൽ കണ്ടതും, പൊടുന്നനെ ദേവമ്മ അങ്ങോട്ടേക്ക് പാഞ്ഞതും,നിലത്ത് കിടന്നിരുന്ന എന്തോ സാധനത്തിൽ കാലു തട്ടിയപ്പോൾ, അത് നിരങ്ങി പോകുന്ന ശബ്ദവും കേട്ടപ്പോൾ അവൾ തറയിലേക്കു നോക്കി.

ഷട്ടിൽബാറ്റുകൾ, ഫുട്ബോൾ,ലാപ്ടോപ്പ് മുതലായവ തറയിൽ ചിതറികിടക്കുന്നത് കണ്ട അവൾ പൊടുന്നനെ അതെല്ലാം ധൃതിയിൽ എടുത്തുവെക്കുമ്പോൾ, അരികെ കണ്ട വസ്തുവിനെ കണ്ട് അവൾ വല്ലാത്തൊരു പേടിയോടെ തലയിൽ കൈവെച്ചു.

ചാർജ് ചെയ്യാൻ വെച്ചിരുന്ന അരുണിൻ്റെ ഡ്രോണിൻ്റ കേബിൾപ്ലഗ്, സോക്കറ്റിൽ നിന്നും ഊരി വീണ് കിടക്കുന്നത് കണ്ടപ്പോൾ, അവൾ പേടിയോടെ മുറിയിലിരിക്കുന്ന അരുണിനെയൊന്നു നോക്കി….

അരുണിൻ്റെ ശരീരത്തിലെ ഒരവയവം പോലെയാണ് അതെന്ന് അവൾക്ക് അറിയാമായിരുന്നു… അതിന് എന്തെങ്കിലും പറ്റിയാൽ അവൻ ക്ഷമിക്കില്ലായെന്നും, കണ്ണുപൊട്ടുന്ന ചീത്ത പറയുമെന്നും…

അരുൺ ഇതൊന്നും അറിയാതെ, കുഞ്ഞു ഏയ്ഞ്ചലുമായി സംസാരിക്കുന്നത് കണ്ടപ്പോൾ, ആശ്വാസത്തോടെ ദേവമ്മ, വീണു കിടക്കുന്ന
ഡ്രോണിൻ്റെ പ്ലഗ് സോക്കറ്റിലേക്കു കടത്തിവെച്ചു….

പിന്നെ ഒരു ദീർഘനിശ്വാസമുതിർത്തു കൊണ്ട് അവൾ അരുണിനെ ഒരു നിമിഷം നോക്കിയതിന് ശേഷം, കൈയെത്തിച്ച് ടേബിളിൽ നിന്ന് അശ്വതിയുടെ ഫോൺ എടുത്തു.

നമ്പർ പ്രസ് ചെയ്ത്
കാൾബട്ടൻ അമർത്തിയതും, അവൾ മൊബൈൽ ചെവിയോരം ചേർത്തു.

” ഇച്ചായാ… ഇത്.. ഞാനാ ദേവമ്മ…”

“ഒന്നും കേൾക്കുന്നില്ല ദേവാ ”

അലക്സിയുടെ വാക്കുകൾ, അക്ഷരങ്ങളായി വിറച്ചു വീണു.

“ഇച്ചായൻ ഒന്നു സ്പീക്കറി ലിടു… ”

” ഇട്ടു… പറയൂ ”

ആ ശബ്ദത്തിൽ കാഠിന്യമില്ലെന്ന്‌ മനസ്സിലായപ്പോൾ, ദേവമ്മയ്ക്ക് ആശ്വാസമായി.

കടപ്പുറത്ത്
നടന്ന കാര്യങ്ങളെല്ലാം അവൾ വിറച്ചു വിറച്ചു പറഞ്ഞൊപ്പിച്ചു.

“നീ പേടിക്കേണ്ട ദേവ… അവനു ഒന്നും പറ്റില്ല… ഞങ്ങളുടെ പ്രാർത്ഥന അവനോടൊപ്പമുണ്ട്… ഇപ്പോൾ മലയാറ്റൂരിലേക്കുള്ള യാത്രയിലാണ്… അവിടെയെത്തിയിട്ട് വിളിക്കാം”

അലക്സിയുടെ
വാക്കുകൾ പതറിയത് ദേവമ്മയ്ക്ക് മനസ്സിലായി.

“ഫിലിപ്പോസ് മുതലാളിയോടും, മേരിയമ്മച്ചിയോടും ഇപ്പോൾ ഈ കാര്യമൊന്നും പറയണ്ട.. അവരുടെ തീർത്ഥയാത്ര നടക്കട്ടെ… ഇനിയുള്ള കാര്യങ്ങൾ ഞാൻ പിന്നെ വിളിച്ചു പറയാം.. ങ്ങ്ഹാ ഇച്ചായാ നല്ല ശ്രദ്ധയോടെ കാറോടിക്കണേ”

കോൾ കട്ടായതും, ലൗഡ് സ്പീക്കറിലൂടെ എല്ലാം കേട്ടുകൊണ്ടിരുന്ന ഫിലിപ്പോസിനെയും,
മേരിയെയും പതർച്ചയോടെ നോക്കി അലക്സി.

” കാർ തിരിച്ചു വിടൂ അലക്സീ ”

ഫിലിപ്പോസിൻ്റെ ശബ്ദമുയർന്നപ്പോൾ അലക്സി സംശയത്തോടെ മേരിയെ നോക്കി.

“ഇച്ചായൻ പറഞ്ഞതാണ് ശരി അലക്സി… കാർ തിരിച്ചുവിട്… നീണ്ട കാലത്തെ പിണക്കത്തിനു ശേഷം ഞങ്ങളുടെ അടുത്തേക്ക് വന്നതാണ് മോൾ… അവൾ ദു:ഖിക്കുമ്പോൾ, ഞങ്ങളുടെ പരാതി ദൈവം കൈകൊള്ളില്ല ”

മേരിയുടെ വാക്കുകൾ കേട്ടതോടെ അലക്സി ആശങ്കയോടെ ഫിലിപ്പിനെ നോക്കി.

” ഇത്രയിടം വന്ന സ്ഥിതിക്ക് അടുത്തുള്ള
ഏതെങ്കിലും തീർത്ഥാടന കേന്ദ്രം
സന്ദർശിച്ചിട്ട് നമ്മൾക്ക് മടങ്ങിപോകുന്നതല്ലേ നല്ലത്?”

അലക്സി ചോദിച്ചതും ഫിലിപ്പോസ് നിഷേധാർത്ഥത്തോടെ തലയാട്ടി…

” അതു പറ്റില്ല അലക്സീ…ദൈവസന്നിധിയിൽ പ്രാർത്ഥിക്കുമ്പോൾ, മനസ്സ് നൈർമല്യം നിറഞ്ഞ ഏകാഗ്രതയിലായിരിക്കണം… ഈ അവസ്ഥയിൽ അതിനു പറ്റുമെന്നു തോന്നുന്നില്ല… അതുകൊണ്ട് എത്രയും പെട്ടെന്ന് ഞങ്ങളുടെ മോളുടെ അടുത്ത് എത്തണം.”

ഫിലിപ്പോസിൻ്റെ ശബ്ദം ഒരു മാത്ര ഇടറിപോയിരുന്നു…

” മാക്സിമം കിട്ടാവുന്ന സ്പീഡിൽ.. അറിയാവുന്ന ഷോർട്ട്കട്ടിലൂടെ എത്രയും പെട്ടെന്ന് ആ
കടൽതീരത്ത്, അവൾക്കരികിൽ എത്തണം… എന്തെങ്കിലും അപകടം സംഭവിച്ച് കാറിന് വല്ലതും പറ്റിയാൽ സാരല്യ… ഞങ്ങളുടെ ജീവനും നോക്കണ്ട….നിനക്കൊന്നും പറ്റാതെ നോക്കിയാൽ മതി.. ”

വിദൂരതയിലേക്ക് നോക്കി സങ്കടത്തോടെ പറഞ്ഞതും, അലക്സി വന്ന സ്പീഡിൽ തന്നെ ബെൻസ് തിരിച്ചതും, ആ ശബ്ദം കേട്ട്, റോഡരികിലെ കടയിലിരുന്നു സംസാരിച്ചിരുന്നവർ പേടിനിറഞ്ഞ ആകാംക്ഷയോടെ പുറത്തേക്ക് ഓടി വന്നു.

ടാറിട്ടനിരത്തിൽ ടയർ കൊണ്ട് ചിത്രം വരച്ച്, പാഞ്ഞു പോകുന്ന കാറിനെ നോക്കി അവർ ഒന്നും മനസ്സിലാകാതെ പരസ്പരം നോക്കി.

കാർ കുറച്ചു ദൂരം ഓടി കഴിഞ്ഞതും,
ഫിലിപ്പോസിൻ്റെ കൈയിൽ മേരി പതിയെ പിടിച്ചു അയാളെ സങ്കടത്തോടെ നോക്കി.

“അതെ മേരി… കുറേ കാലങ്ങൾക്കു ശേഷമല്ലേ അവൾ നമ്മൾക്കരികിലേക്ക് വന്നത്? നമ്മൾക്ക് നമ്മുടെ മോളെ ഒന്നു കാണാൻ പറ്റിയത്. ഇനി ചിലപ്പോൾ ആ ചെക്കനെ കടലിൽ
കാണാതായ സ്ഥിതിക്ക് അവൾ ഇനി ഇങ്ങോട്ടു വരാതെ അവിടെ തന്നെ നിൽക്കാൻ സാധ്യതയുണ്ട് … ”

ഫിലിപ്പോസിൻ്റെ വാക്കുകൾ കേട്ടതും, മേരിയുടെ ഇടനെഞ്ചിലൊരു
ഇടിവെട്ടി.

അങ്ങിനെയൊന്നും സംഭവിക്കില്ലായെന്ന് അവൾ മനസ്സിനെ പറഞ്ഞു ബലപ്പെടുത്തുന്നതിനോടൊപ്പം ഫിലിപ്പോസിനെയും ആശ്വസിപ്പിക്കാൻ ശ്രമിച്ചു.

” ഇച്ചായാ… അങ്ങിനെയൊന്നും സംഭവിക്കില്ല.. അവൾടെ കൂടെ അവളെ കല്യാണം കഴിക്കാൻ പോകുന്ന റോയ്ഫിലിപ്പ് ഉണ്ടല്ലോ? അങ്ങിനെയുള്ള ഒരു ധനികനായ ഡോക്ടറെ വിട്ട് അവൾ ആ ദരിദ്രനായ വഞ്ചിക്കാരൻ്റെ കൂടെ പോകില്ല… അത്രയ്ക്കും ബുദ്ധിയില്ലാത്തവൾ അല്ല നമ്മുടെ മോൾ ”

“അമ്മച്ചി പറഞ്ഞതാണ് ശരി… കൂടെ
റോയ്ഫിലിപ്പും ഉണ്ടല്ലോ? ആൾ കാണുന്ന പോലെ പച്ചപാവമൊന്നുമല്ല… പൂച്ചയെ പോലെ തോന്നിക്കുന്ന പെരുചാഴിയാ… ഏയ്ഞ്ചലിനെ എങ്ങിനെ മാനേജ് ചെയ്യണമെന്ന് അവനറിയാം”

ഡ്രൈവ് ചെയ്യുന്ന അലക്സി കൂടി മേരിയെ അനുകൂലിച്ചപ്പോൾ, ഫിലിപ്പോസ് അവരുടെ തോളിൽ കൈവെച്ചു.

“നമ്മൾ തമ്മിലുള്ളപ്പോൾ
നീ എന്തെന്നാണ് വീട്ടിൽ വെച്ച് എന്നെ വിളിക്കുക? ഇച്ചായൻ എന്നാണോ?”

ഫിലിപ്പോസിൻ്റെ ചോദ്യം കേട്ടതും, ആ ചോദ്യത്തിൻ്റെ അർത്ഥം അറിയാതെ മേരി ഫിലിപ്പോസിനെ നോക്കി.

“അല്ല… ഏയ്ഞ്ചലിൻ്റെ അപ്പച്ചൻ എന്നാ വിളിക്കാറ്….”

“ആണല്ലോ? അതുപോലെ ഏയ്ഞ്ചലിന്, അരുണിൻ്റെ അപ്പച്ചൻ എന്ന് അധികാരത്തോടെ വിളിക്കാൻ പറ്റുന്ന ആളാ ഇപ്പോൾ കടലിൽ കാണാതായ ആ ചെക്കൻ…”

“അതിന്?… ഇത്രയും കാലം ബന്ധമില്ലാതെ ഇരുന്നവർ, ഒന്നു
കണ്ടതുകൊണ്ട് ഇനിയങ്ങോട്ട് അടുക്കുവാൻ പോണില്ല മനുഷ്യാ.,, നിങ്ങൾ വേണ്ടാത്തത് ചിന്തിച്ച് പ്രഷറും, ഷുഗറും കൂട്ടണ്ട ”

പറയുന്നതിനോടൊപ്പം,
തൻ്റെ തോളിൽ കിടന്നിരുന്ന ഫിലിപ്പോസിൻ്റെ കൈ ദേഷ്യത്തോടെ തട്ടിമാറ്റി മേരി.

“നീ പറയുന്നതുപോലെയല്ല കാര്യങ്ങൾ മേരീ … അകലത്തിരുന്നു പരസ്പരം വാക്കുകൾ കൊണ്ട് കടിച്ചുകീറുമെങ്കിലും, മറ്റുള്ളവരുടെ മുന്നിൽ വിഴുപ്പലക്കുമെങ്കിലും, ഇനിയൊരിക്കലും കൂടി ചേരില്ല എന്നു ശപഥമെടുക്കുമെങ്കിലും,
എല്ലാ വാശിയും, വൈരാഗ്യവും മറന്ന് കൂടി ചേരാൻ ചില ബന്ധങ്ങൾക്ക് ഒരൊറ്റ നിമിഷം മതി… അതിലൊരു ബന്ധമാണ് ഭാര്യയും, ഭർത്താവും എന്ന ബന്ധം… ആ ബന്ധത്തിൽ കുട്ടികളുണ്ടെങ്കിൽ പ്രത്യേകിച്ച്….”

ഫിലിപ്പോസിൻ്റെ വാക്കുകൾ കേട്ടതും, അതുവരെയുണ്ടായിരുന്ന ആത്മധൈര്യം മേരിയിൽ നിന്ന് ചോർന്നിറങ്ങി.

നിരാശയിലാണ്ട മേരി കാറിനു പിന്നിലേക്കു അതിവേഗം പായുന്ന കറുപ്പും, വെളുപ്പും നിറഞ്ഞ നിഴലുകളെ നോക്കി ഇരുന്നു….

കോടമഞ്ഞിൻ്റെ തണുപ്പ് കാറിനുള്ളിലേക്ക് അടിച്ചു കയറിയപ്പോൾ, അവർ ഒരു സെറ്റ്വർ എടുത്ത് തല വഴിമൂടി….

റോഡരികിലുള്ള പളളികളിലൊക്കെ ക്രിസ്തുമസിന് മുന്നോടിയായി വൈദ്യുതി ദീപങ്ങൾ തെളിഞ്ഞിട്ടുണ്ട്.

ഒറ്റപെട്ട ചില കുരിശടികളിൽ, കത്തിച്ചു വെച്ചിരുന്ന മെഴുകുതിരികൾ, കാറ്റിനോടു പടപൊരുതുന്നുണ്ട്…

അരിച്ചു കയറുന്ന തണുപ്പിലൂടെ ഇടവഴികൾ താണ്ടി പള്ളികളിലെ പ്രാർത്ഥനയ്ക്കെത്തുന്നവരുടെ കാഴ്ചയാണ് ക്രിസ്തുമസ് രാവുകളുടെ ഭംഗി…

” ഇച്ചായാ… നാളെയല്ലേ ക്രിസ്തുമസ് ?അപ്പോൾ ഏയ്ഞ്ചലിനു എത്ര വയസ്സാകുമെന്ന്
ഇച്ചായനറിയോ?”

മേരിയുടെ ദുർബലമായ ചോദ്യം കേട്ടതും, ഫിലിപ്പോസ്, ഒന്നും പറയാതെ, നെഞ്ചിലുതിരുന്ന തേങ്ങലോടെ അവരെ ചേർത്തു പിടിച്ചു.

ആ മെല്ലിച്ച
നെഞ്ചിൻകൂടിലേക്ക് തലയും ചേർത്തിരിക്കുമ്പോൾ
തണുപ്പിൽ നിന്നും, മനസ്സിനെ കീറി മുറിക്കുന്ന വേദനയിൽ നിന്നും ആശ്വാസം കിട്ടിയിരുന്നു മേരിക്ക്…

ഫിലിപ്പോസിൻ്റെ നെഞ്ചിൽ ചാരി കിടക്കുമ്പോൾ, മേരിയുടെ മനസ്സിൽ ഏയ്ഞ്ചലിനെ പറ്റിയുള്ള ഓർമ്മകളായിരുന്നു…

ക്രിസ്തുമസ് ദിനം ആരംഭിക്കാൻ ഒന്നോ, രണ്ടോ മണിക്കൂർ ഉള്ളപ്പോൾ തുടങ്ങിയ
പേറ്റുനോവ്…

ക്രിസ്തുമസ് ദിവസത്തെ അവളുടെ ജനനം…

ചോരകുഞ്ഞായ അവളെയും ചേർത്തു പിടിച്ച് ബെഡ്ഡിൽ കിടന്ന്, ഹോസ്പിറ്റലിലെ പ്രാർത്ഥനാ ഹാളിൽ നിന്നും ഒഴുകി വരുന്ന പ്രാർത്ഥനാഗീതങ്ങൾ കേട്ടുകൊണ്ടിരുന്നത്…

ഏയ്ഞ്ചൽ എന്ന അവളുടെ പേരിടൽ…

കുരിശിങ്കൽ തറവാട്ടിൽ ഉള്ളവർക്കു മാത്രമല്ല, ആ ചുറ്റുവട്ടത്തും അവൾ മാലാഖയായിരുന്നു…

പപ്പയുടെയും, മമ്മയുടെയും കൂടെ ഒട്ടിചേർന്നു നടന്നിരുന്നവൾ…

ഒടുവിൽ എത്ര പെട്ടെന്നാണ് വിധി അകൽച്ചയുടെ കരുക്കൾ നീക്കിയത്…

കാനഡയിലേക്ക് പോയപ്പോൾ, അവൾ ഒറ്റയ്ക്കായതും, ആ ഏകാന്തതയിലിരുന്നാണ് പപ്പയ്ക്കും, മമ്മയ്ക്കും തന്നെക്കാൾ വലുത് പണവും, ജോലിയുമെന്ന് അവൾ കരുതിയതും…

എബിയെ പ്രസവിച്ചപ്പോൾ അവനെ മാത്രം ശ്രദ്ധിച്ചതും, അവളിലെ ചിന്തകൾ പടർന്നു പന്തലിക്കാൻ കാരണമായി.

അറിയാതെ പറ്റുന്ന ഇത്തരം അകൽച്ചകൾ, ഇത്രയും സങ്കീർണമാകുമെന്ന്, ഏയ്ഞ്ചലിൻ്റെ വളർച്ചയുടെ ഓരോ ഘട്ടങ്ങളിലും കൂടുതൽ കൂടുതൽ മനസ്സിലാകുകയായിരുന്നു.

അവൾ തനിച്ച്…

ആരുടെ വാക്കുകൾ കേൾക്കാതെയും, ആരെയും അനുസരിക്കാതെയും തന്നിഷ്ടത്തിനുള്ള ജീവിതം.

അവളുടെതുമാത്രമായ ഒരു ലോകം…

ആ ലോകത്തിലേക്ക് ആർക്കും പ്രവേശനമുണ്ടായിരുന്നില്ല.

മക്കളെ നോക്കാനും, അവരുടെ ലക്ഷ്യങ്ങൾ പൂർത്തീകരിക്കാനും, കൂടുതൽ പണം വേണമെന്ന ചിന്തയോടെ കടൽ കടന്ന ഈ മമ്മയ്ക്കും, പപ്പയ്ക്കും പോലും പ്രവേശനമുണ്ടായിരുന്നില്ല.

ഓർമ്മകൾ മനസ്സിനെ കുത്തി മുറിവേൽപ്പിച്ചപ്പോൾ, മേരിയുടെ കണ്ണുകൾ നിറഞ്ഞു തുടങ്ങി…

“ഓരോന്നും ആലോചിച്ച് മനസ്സ് വല്ലാതെ നോവുന്നു ഇച്ചായാ… ഒന്നു മനസ്സ് നിറഞ്ഞൊന്നു പ്രാർത്ഥിക്കാൻ….?”

നിറഞ്ഞ കണ്ണുകൾ തുടച്ച് പ്രതീക്ഷയോടെ മേരി, ഫിലിപ്പോസിനെ നോക്കി

” കുറച്ചേറെ പോയാൽ, പോകുന്ന വഴിക്ക് കൊടുങ്ങല്ലൂരിനടുത്ത് ഒരു സെൻ്റ്തോമസ് ചർച്ചുണ്ട്… അവിടെയൊന്ന് കയറി പ്രാർത്ഥിച്ചിട്ടു പോകാം നമ്മൾക്ക് ”

ഡ്രൈവ് ചെയ്തിരുന്ന അലക്സി പറഞ്ഞതും, ഫിലിപ്പോസ് സമ്മതോടെ തലയാട്ടിയപ്പോൾ മേരിയുടെ മനസ്സിൽ സന്തോഷം നിറഞ്ഞതും, അവർ പുറത്തെ കാഴ്ചകളിലേക്ക് കണ്ണും നട്ടിരുന്നു.

റോഡരികിലുള്ള, നോക്കെത്താ ദൂരമുള്ള
വയലേലകളിൽ പാറി പറക്കുന്ന മിന്നാമിനുങ്ങിൻ കൂട്ടം, ആകാശത്തിൽ നിന്നിറങ്ങി വന്ന കോടി നക്ഷത്രങ്ങളെ ഓർമ്മിപ്പിച്ചു….

കൃസ്തുമസ് രാവുകളിലെ സന്ദേശവുമായി പറക്കുന്നതു പോലെ അവ പല വഴികളിലേക്കു തിരിഞ്ഞപ്പോൾ, പ്രകൃതി പോലും കൃസ്തുമസിന് ഒരുങ്ങിയതു പോലെ മേരിക്ക് തോന്നി… ആ ഓർമ്മയിൽ അവർ ഫിലിപ്പോസിൻ്റെ തോളിൽ ചാരി കിടന്നു.

ഇരുട്ടിനെ വകഞ്ഞു മാറ്റി അന്തരീക്ഷത്തിൽ പതിയെ പരന്നു തുടങ്ങുന്ന വെളിച്ചത്തിലേക്ക് അവർ ചിന്തകളോടെ കണ്ണയച്ചു.

“നമ്മുടെ മോൾ ആ കടൽ തീരത്ത് ഇപ്പോൾ എന്തെടുക്കുകയായിരിക്കും ഇച്ചായാ….? ”

മേരിയുടെ നനഞ്ഞ ചോദ്യത്തിന് മറുപടിയില്ലാതെ
ഫിലിപ്പോസ് അവരുടെ ശരീരത്തിൽ പതിയെ തഴുകുമ്പോൾ, ആ സമയത്ത് ഏയ്ഞ്ചൽ കോരിച്ചൊരിയുന്ന മഴയിലൂടെ ജിൻസ് പിടിച്ചിരുന്ന കുടയുടെ കീഴിൽ റോയ് ഫിലിപ്പിനെയും ചേർത്ത് പിടിച്ച് പ്രതീക്ഷയോടെ കടൽ തീരത്തേക്ക് നടക്കുകയായിരുന്നു…

തീരത്ത് എത്താനായതും റോയ്ഫിലിപ്പ് ഒരു നിമിഷം നിന്നു.

“എനിക്കൊന്നു വൊമിറ്റ് ചെയ്യണം… നിങ്ങൾ പൊയ്ക്കോ.. ഞാൻ പിന്നെ വന്നോളാം”

പറഞ്ഞു തീർന്നതും റോയ് ഫിലിപ്പ് വാള് വെച്ചതും ഒരുമിച്ചായിരുന്നു.. ആ നിമിഷം തന്നെയായിരുന്നത് കടൽ തീരത്ത് നിന്ന് ഒരു നിലവിളിയുയർന്നത്
ഏയ്ഞ്ചൽ കേട്ടത്.

കുട റോയ്ഫിലിപ്പിന് കൊടുത്തു, ജിൻസിൻ്റെ കൈയും പിടിച്ച് ഏയ്ഞ്ചൽ പ്രാർത്ഥനകളുരുവിട്ടു കൊണ്ട്, കോരിച്ചൊരിയുന്ന മഴയിലൂടെ തീരത്തേക്ക് ഓടി….

തിങ്ങിനിറഞ്ഞു നിൽക്കുന്ന ജനകൂട്ടത്തെ വകഞ്ഞു മാറ്റി തീരത്തെത്തിയ അവൾ, ആ ദയനീയമായ കാഴ്ച കണ്ടതും, ഉരുവിട്ടിരുന്ന പ്രാർത്ഥനകൾ പൊടുന്നനെ നിലച്ചു.

കരയിലെത്തിയ വഞ്ചിയുടെ പടിയിൽ നിന്ന് നെഞ്ചത്തടിക്കുന്ന രാമേട്ടനെ കണ്ടതും, ജിൻസിൻ്റെ കൈയിൽ അവൾ പിടിമുറുക്കി.

“നമ്മുടെ ആദി നമ്മളെ കാണാതെ പോയെടാ മക്കളെ… ഇനി അവനെ മൂന്നാംപക്കം ഈ തീരത്ത് നോക്കിയാൽ മതി”

അത്രയും പറഞ്ഞ്,
വലിയൊരു കരച്ചിലോടെ, ശ്വാസം കിട്ടാതെ വഞ്ചിയിലേക്ക് തളർന്നുവീണ രാമേട്ടനെ കണ്ടതും, തൻ്റെ കണ്ണിൽ ഇരുട്ടുകയറുന്നതു പോലെ ഏയ്ഞ്ചലിനു തോന്നിയപ്പോൾ, അവൾ പൊടുന്നനെ ജിൻസിൻ്റ തോളിലേക്കു തളർന്നു വീണു….

അപ്പോഴും അവളുടെ വലംകൈക്കുള്ളിൽ,
കഴുത്തിൽ കിടന്നിരുന്ന സ്വർണമാലയിലെ കുരിശ് രൂപം, ഒരു പ്രതീക്ഷ പോലെ മുറുകെ പിടിച്ചിരുന്നു!……..തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button