Novel

❤️പറയാതെ പോയ പ്രണയം..❤️ : ഭാഗം 26

രചന: തസ്‌നി

മുന്നിലുള്ള ആദി സാറേ കണ്ട് എന്ത് പറയണമെന്നറിയാതെ കുഴഞ്ഞു…. ആ മുഖം കണ്ടാൽ അറിയാം എല്ലാം കേട്ടിട്ടുണ്ടെന്ന്….

“ആദി സാ… ”

“സ്‌റ്റോപ്പ്‌ ഇറ്റ് ഹൈറ  …. ഇത്രനാളും എന്നെ നീ പൊട്ടൻ ആക്കിയതാണോ…. നിന്നോട് പലവട്ടം ഞാൻ ചോദിച്ചിട്ടില്ലേ, പൂർണ സമ്മതത്തോടെയാണോ നീ ഈ വിവാഹത്തിന് സമ്മതിച്ചത് എന്ന്.. എന്നിട്ടും നീ… ”

എന്നെ പറഞ്ഞു മുഴുവനാക്കാൻ  സമ്മധിക്കാതെയുള്ള ആദി സാറുടെ സംസാരം കേട്ട് കണ്ണുകൾ വീണ്ടും നിറഞ്ഞു…

“ഞാൻ.. ഞാൻ… എനിക്ക് കുറച്ചു സംസാരിക്കാൻ ഉണ്ട്… ”

ഉള്ളം വിങ്ങി കൊണ്ട് അത്രയും പറഞ്ഞൊപ്പിക്കുമ്പോൾ, എന്റെ മുഖം ഭാവം കണ്ടിട്ടാകണം  സാർ തലയാട്ടി സമ്മതിച്ചു…

“ഇവിടെ ക്യാമറ  ഉണ്ടോ… ”

എന്റെ പരസ്‌പര ബന്ധമില്ലാത്ത ചോദ്യം കേട്ട് മൂപ്പർ കണ്ണ് തള്ളി നിൽപ്പുണ്ട്….

ഇല്ല എന്നാ രീതിയിൽ സാർ തലയാട്ടിയപ്പോൾ, ചുറ്റും കണ്ണോടിച്ചു കുറച്ചു ദൂരെയായി ഇട്ടിരിക്കുന്ന സെറ്റിയുടെ നേരെ മുകളിൽ ക്യാമറ കണ്ടപ്പോൾ എന്റെ ചുണ്ടിൽ പുഞ്ചിരി വിടർന്നു..

സാറോട്  വരാൻ പറഞ്ഞു കൊണ്ട്  സെറ്റിയിൽ പോയിരുന്നു…. പോയ കിളികളെ തിരിച്ചു വിളിക്കും മുന്നേ സാറും വന്നു തൊട്ടപ്പുറത്തിരുന്നു…..

ക്യാമെറയിൽ വ്യക്തമായി  പതിയുന്നുണ്ടെന്ന് ഉറപ്പ് വരുത്തി സാറോട് സംസാരിക്കാൻ തുടങ്ങി….

ഐനുവിന്റെയും
എന്റെയും കഥയും ഇപ്പൊ ഐനുവിനെ മറക്കാൻ ശ്രമിക്കുന്നതുമടക്കം എല്ലാ കാര്യങ്ങളും പറഞ്ഞു… ഒന്നിച്ചൊരു ജീവിതം തുടങ്ങും മുന്നേ എല്ലാ തെറ്റിദ്ധാരണകളും  മാറണമല്ലോ….

അവസാനം എല്ലാം പറഞ്ഞു തീർപ്പാക്കി  മൂപ്പരെ ചുണ്ടിൽ പുഞ്ചിരിയും കണ്ടപ്പോഴാണ് ശ്വാസം വീണത്…. റിസൈൻ ചെയ്ത കാര്യം പറഞ്ഞപ്പോ ആ മുഖത്തു ഞെട്ടലൊന്നും കണ്ടില്ല, പകരം ഒരു തരം ചിരി മാത്രം ചുണ്ടിൽ വിരിഞ്ഞു… ഒരു ഞെട്ടലും, റിസൈൻ ചെയ്യരുതേ എന്നുള്ള കാൽപിടിക്കലുമൊക്കെ പ്രതീക്ഷിച്ച നമ്മൾ ആരായി, ആ അതെന്നെ….

 

അവസാനം സിസിടിവിയിലൂടെ ന്യൂട്ടന്റെ പ്രഷർ നല്ലോണം കൂട്ടിയ സംതൃപ്തിയിൽ കുമ്പസാരമൊക്കെ  നിർത്തി സഭ പിരിച്ചു വിടാനുള്ള തീരുമാനത്തിലെത്തി…. എംഡിയുടെ ക്യാബിനിലാണ് സിസിടിവിയുടെ കണ്ട്രോൾ… അപ്പോൾ എല്ലാം ലൈവ് ആയി കണ്ടിട്ട് ഹൈപ്രഷർ കൂട്ടി ഒരാളവിടെ ഇരിക്കുന്നുണ്ടാകും….

ഇനിയിപ്പോ ന്യൂട്ടനെ  നേരിട്ട് കണ്ടുമുട്ടി പ്രതികാരം വീട്ടാൻ കഴിഞ്ഞില്ലെങ്കിലോ എന്ന് കരുതി അവസാനമായി നമ്മളെ ഭാവി ഫർത്തൂനോട് ഒരു കാര്യം കൂടി ആവശ്യപ്പെട്ടു… എന്നെയൊന്നു ഫ്ലാറ്റിലേക്ക് ഡ്രോപ്പ് ചെയ്യോ എന്ന്…

ആവശ്യപ്പെട്ട കാര്യം കേട്ട് മൂപ്പരെ കണ്ണിപ്പൊ നിലത്തെത്തും എന്നുള്ള അവസ്ഥയിലാണ്… ശ്രീയോട് ഫ്ലാറ്റിൽ എത്തിയതിനു ശേഷം പറയാമെന്നു കണക്കു കൂട്ടി, കുന്തം വിഴുങ്ങിയ പോലെ നിൽക്കുന്ന ആദി സാറെ കയ്യും പിടിച്ചു, പാർക്കിംഗ് ഏരിയയിലേക്ക് മന്ദം മന്ദം നടന്നു പോയി….കാര്യം ന്യൂട്ടനെ എരിവ് കേറ്റാനുള്ള പരിപാടിയാണേലും ഉള്ളം എന്തിനെന്നറിയാതെ വിങ്ങുന്നുണ്ടായിരുന്നു.

അവിടെയെത്തുന്നത് വരെ മൂപ്പര് ഇടയ്ക്കിടക്ക് എന്നെ തന്നെ നോക്കുന്നുണ്ട്… ഞാൻ തന്നെയാണോ എന്നാണ് ആ നോട്ടത്തിന്റെ അർത്ഥമെന്ന് പെട്ടെന്ന് തന്നെ ഗ്രഹിച്ചെടുത്തത് കൊണ്ട് നന്നായിട്ടൊന്ന് ഇളിച്ചു കൊടുത്തു…
വണ്ടിയിലേക്ക് കയറാനുള്ള തയ്യാറെടുപ്പ് നടത്തുമ്പോഴാണ് ഒരു കടം ബാക്കി വെച്ചത് ഓർമ വന്നത്….

ആദി സാറോട് ഇപ്പൊ വരാമെന്ന് പറഞ്ഞു തിരിച്ചു ഓഫീസിലേക്ക് തന്നെ കയറി…. പബ്ലിഷിംഗ് ടീമിന്റെ ക്യാബിൻ കുറച്ചപ്പുറത്തായതിനാൽ  അങ്ങോട്ടേക്ക് പോയത് ആരുടേയും കണ്ണിൽ പെട്ടില്ല….അവിടെയെത്തി ക്യാബിൻ തുറന്ന് നോക്കിയപ്പോൾ കണ്ടു  കാര്യമായി എന്തോ വർക്ക്‌ ചെയ്യുന്ന ആ കോഴി  ഷാനിനെ. ഡോർ തുറയ്ക്കുന്ന ശബ്ദത്തോടൊപ്പം എന്നെയും കണ്ടപ്പോൾ ചെയറിൽ നിന്നും അവൻ ഞെട്ടിപിടഞ്ഞെഴുന്നേറ്റു…. എന്തേലും ഇങ്ങോട്ട് പറയും മുന്നേ സർവ ശക്തിയുമെടുത്ത് അവന്റെ തിരുമോന്ത നോക്കിയൊന്ന് കൊടുത്തു… കിട്ടിയ അടിയുടെ ബലത്തിൽ കവിളിൽ കൈവെച്ചു നിൽക്കുന്ന അവനെ ഒരു താക്കീതെന്ന നിലയിൽ കണ്ണുരുട്ടി നോക്കി ക്യാബിൻ വിട്ടിറങ്ങി…. ഇത്രയെങ്കിലും ചെയ്തില്ലേൽ പിന്നെ പെണ്ണ് എന്ന് പറഞ്ഞിട്ടെന്താ കാര്യം….

 

ആദി സാറുടെ കൂടെയുള്ള യാത്ര എന്തുകൊണ്ടോ മനസിന് അംഗീകരിക്കാൻ പറ്റിയില്ല… ന്യൂട്ടനെ പിരികേറ്റാൻ ചെയ്തത് ഒടുക്കം എനിക്ക് തന്നെ വിനയായി… എത്രയും വേഗം ഫ്ലാറ്റിൽ എത്താനുള്ള തിടുക്കമായിരുന്നു ഉള്ളം നിറയെ….

ഫ്ലാറ്റിന്റെ മുന്നിൽ വണ്ടി നിർത്തി, തിരിച്ചു പോകാൻ നേരത്ത് മൂപ്പർ പറഞ്ഞ കാര്യം കേട്ട് ഉള്ള ബോധവും സമാധാനവുമൊക്കെ നീരാവിയായി….

“നീ ഏതായാലും റിസൈൻ ചെയ്ത സ്ഥിതിക്ക് ഉടനെ തന്നെ മാര്യേജ് ആക്കണം…. ഓരോ നിമിഷവും ആഗ്രഹിച്ചു പോവുകയാ ഹൈറാ, നിന്നോടൊത്തുള്ള ജീവിതം…. റെഡി ആയി നിന്നോ…. പെട്ടെന്ന് തന്നെ ഞാൻ കൂട്ടിപോവും, എന്റെ മഹറിന്റെ അവകാശിയായി… കൂടിയാൽ ഒരു ത്രീ വീക്സ്‌‌.. ”

നല്ലൊരു പുഞ്ചിരി എനിക്ക് സമ്മാനിച്ചു, എന്റെ മറുപടിക്ക് പോലും കാത്തു നിൽക്കാതെ വണ്ടിയെടുത്തു പോയി…

കുറച്ചു സമയം നിന്ന നിൽപ്പിൽ തന്നെ തുടർന്നു… എന്ത് തന്നെ പറഞ്ഞാലും ഒരിക്കലും ഐനുവിനെ മറന്നൊരു ജീവിതം ഉണ്ടാവില്ലെന്ന സത്യം മനസ്‌‌ ഓർമിപ്പിച്ചു കൊണ്ടേയിരുന്നു… ഒഴുകി വന്ന കണ്ണുനീർ കവിളിനെ നനച്ചു കൊണ്ടേയിരുന്നു….
സ്‌‌ഥലകാല ബോധം വന്നപ്പോൾ ശ്രീയെ വിളിച്ചു സംഭവവികാസങ്ങൾ വിവരിച്ചു…മറുപുറത് നിന്ന് കേട്ട കണ്ണുപൊട്ടുന്ന തെറികളൊക്കെ ചെവി കുടഞ്ഞു പുറന്തള്ളി,…

ഫ്ലാറ്റിൽ എത്തി, വേറൊന്നും പ്രത്യേകിച്ച് പണിയില്ലാത്തതിനാൽ  ചിന്തകളെയൊക്കെ വകഞ്ഞു മാറ്റി മൂടി പുതച്ചു കിടന്നുറങ്ങി….
വൈകുന്നേരം ശ്രീ വന്നു വിളിക്കുമ്പോഴാണ് എഴുന്നേറ്റത്….

 

ബാൽക്കണിയിലെ ചൂരൽ കസേരയിൽ ഇരുന്നു കോഫി കുടിച്ചു കൊണ്ടിരിക്കുമ്പോൾ ശ്രീ പറഞ്ഞ  കാര്യം കേട്ട് കുടിച്ചു കൊണ്ടിരുന്ന കോഫി തരിപ്പിൽ കയറി

“ഡി… ആ കോഴി ഷാനിനെ ഇന്ന് ഓഫീസിൽ നിന്ന്  പുറത്താക്കി… പോരാത്തതിന്   അവനിക്ക് ആകമാനം ശരീരത്തിൽ അങ്ങിങ്ങായി പരിക്കും ഉണ്ട്… ചോദിച്ചപ്പോൾ സ്‌‌റ്റെയറിൽ നിന്ന് വീണതാണെന്ന് പറഞ്ഞു… പക്ഷേ ആരോ ശെരിക്കും  ഒന്നെടുത്ത് കുടഞ്ഞതു പോലെയുണ്ട്…. ”

“ആര്?   ആരാ അത്‌ ചെയ്യണ്ടേ… ”

ഒളിക്കണ്ണിട്ടുള്ള ശ്രീയുടെ ചോദ്യം കേട്ട് തപ്പി തടഞ്ഞു എങ്ങനെയൊക്കെയോ മറുപടി കൊടുത്തു എങ്കിലും അവളാ മറുപടിയിൽ തൃപ്തയല്ല എന്ന് തിരിച്ചുള്ള ആ നോട്ടം കണ്ടപ്പോയെ മനസിലായി….

“സത്യം പറയെടി…നീ എന്താ ചെയ്തേ… അവിടെയോ ഇവിടെയോ എവിടെയോ സംതിങ് ഫിഷി…. ”

“ഞാൻ  അവന്റെ സുന്ദരമായ ആ തിരുമോന്ത നോക്കി ഒറ്റൊരടിയെ കൊടുത്തുള്ളൂ, സത്യം… ”

ശ്രീയുടെ തലയിൽ തൊട്ട് സത്യം ചെയ്തു കുഞ്ഞ് കുട്ടികൾ പറയുന്നത് പോലെ ചുണ്ട് പിളർത്തി  പറഞ്ഞപ്പോയെ  ഓൾ വിശ്വസിച്ചത് പോലെ തലയാട്ടി..ഇല്ലെങ്കിൽ  ഞാൻ ഓവറാക്കി ചളമാക്കുമെന്ന വ്യക്തമായ ധാരണ ഓൾക്കുണ്ട്…

എന്നാലും മനസിൽ നിറയെ ആരായിരിക്കും അത്‌ ചെയ്തത് എന്നാ ചോദ്യമായിരുന്നു…. ഇനിയിപ്പോ ന്യൂട്ടൻ ആയിരിക്കുമോ… ഏതായാലും നന്നായി, ഇനി അവിടെയുള്ളവർക്ക് അവന്റെ ശല്യം സഹിക്കേണ്ടല്ലോ

“എന്നാലും ആരായിരിക്കും ഇത് ചെയ്തേ…. ഇനിയിപ്പോ നിന്റെ എക്സ് ലവർ  ആയിരിക്കോ…. നമ്മളെ ന്യൂട്ടൻ സാർ..  ”

ചിന്താവിഷ്ടയെ പോലിരുന്നുള്ള ശ്രീയുടെ ചോദ്യത്തിലുള്ള വിശേഷണം കേട്ട് ഉള്ളം കിടന്ന് വിങ്ങി….. ‘എക്സ്‌‌ ലവർ ‘…
ഐനുവിനെ മറന്നൊരു  ജീവിതം എനിക്കുണ്ടാകുമോ… ആദി സാറേ നേഹിച്ചൊരു ജീവിതം തുടങ്ങാൻ പറ്റുമോ… ഇല്ലെന്നൊരു ആയിരം വട്ടം മനസ്‌‌സ്‌‌  എന്നോട് തന്നെ മൊഴിഞ്ഞു കൊണ്ടിരുന്നു…. എന്റെ ആത്മാവിലലിഞ്ഞ പ്രണയമല്ലേ ഐനൂ… അവനെ മറന്നു ജീവിക്കുക എന്നത് മരണത്തിന് തുല്യമല്ലെ….മറക്കാൻ ശ്രമിക്കും തോറും നീറുന്ന നോവായി ഉള്ളിൽ തറയ്ക്കുകയാണല്ലോ ഐനു നീ… ഉള്ളിലെ വിങ്ങൽ  ഒരേങ്ങളായി പുറത്തേക്ക് വന്നു…

“ശ്രീ എനിക്ക്  വേണ്ടെടാ… ഈ കല്യാണം.. ഐനുവിനെ മറന്നൊരു ജീവിതം ഈ ഹൈറക്കുണ്ടാവില്ല….. വയ്യെടാ എനിക്ക്…. ഞാൻ തനിയെ ജീവിച്ചോളാം…. അവന്റെ ഓർമ്മകൾ മാത്രം മതി എനിക്ക്…. പ്ലീസ്‌‌ ശ്രീ… നീയെങ്കിലും ഒന്നെന്നെ മനസിലാക്കെടാ…. ”

ശ്രീയുടെ കൈകളിൽ പിടിച്ചു പൊട്ടി കരഞ്ഞു കൊണ്ട് പറയുമ്പോയേക്കും അവൾ എന്റെ കൈകൾ ദേഷ്യത്തോടെ തട്ടി തെറിപ്പിച്ചിരുന്നു….

“നീ എന്താന്ന് വെച്ചാൽ ആയിക്കോ…. നിനക്ക് നിന്റെ സന്തോഷം മാത്രമാണല്ലോ വലുത്…. നിന്റെ എൻഗേജ്മെന്റ് കഴിഞ്ഞത് മുതൽ മതിമറന്നു  സന്തോഷത്തോടെ ജീവിക്കുന്ന ഒരു ജീവനുണ്ടവിടെ  നിന്റെ വീട്ടിൽ.. നീ വിളിച്ചു പറ, കല്യാണമേ വേണ്ടാ, കന്യാമഠത്തിൽ പോവുകയാണെന്ന്, നെഞ്ചു പൊട്ടി മരിക്കും പാവം…. നിനക്ക് അവനെ മറന്ന് ജീവിക്കാൻ പറ്റില്ലെങ്കിൽ എന്തിനാ ഇന്നാ നാടകം കളിച്ചേ… നിന്റെ അഭിനയത്തിൽ വിശ്വസിച്ച ആ പാവം മനുഷ്യന് എന്തിനാ നീ വീണ്ടുമൊരു പ്രത്യാശ കൊടുത്തേ…. ഏഹ്, പറ…. നീ എന്താണെന്ന് വെച്ചാൽ ആയിക്കോ…. ”

പൊട്ടിത്തെറിച്ചു കൊണ്ട് ഇതും പറഞ്ഞു എന്നെ ഒന്ന് നോക്കുക പോലും ചെയ്യാതെ ശ്രീ റൂമിൽ കയറി വാതിൽ അടച്ചു…. ആദ്യമായിട്ട ശ്രീയെ ഇത്രത്തോളം ദേഷ്യപ്പെട്ടു കാണുന്നത്….

എന്റെ വേദന മനസ്സിലാക്കാൻ ആരുമില്ലലോ എന്നോർത്തു, ഉറച്ചൊരു തീരുമാനം പോലുമെടുക്കാൻ പറ്റാതെ കാലുകൾക്കിടയിൽ മുഖമൊളിപ്പിച്ചു പൊട്ടി പൊട്ടി കരഞ്ഞു….

 

സൂര്യ കിരണങ്ങൾ കണ്ണിലേക്കു തുളച്ചു കയറിയപ്പോഴാണ് കണ്ണുകൾ വലിച്ചു തുറന്നത്…. ശ്രീയെ കൈകൊണ്ട് തപ്പിയപ്പോഴാണ്, ഇന്നലെ ബാൽക്കണിയിൽ തന്നെ ഇരുന്നുറങ്ങിപോയത് ഓർമ വന്നത്…. വേഗം തന്നെ പിടഞ്ഞെഴുന്നേറ്റ് ഉള്ളിലേക്ക് പോയപ്പോയേക്കും ശ്രീ ഓഫീസിൽ പോകാൻ തയാറായിട്ടുണ്ടായിരുന്നു… ഇത്രയും നേരം ഉറങ്ങിപോയതിൽ സ്വയം  പ്രാകി, വേഗം തന്നെ ഫ്രഷ് ആയി വന്നു….

അടുക്കളയിൽ ചെന്നപ്പോഴാണ് ഇന്നലത്തെതിന്റെ ബാക്കിപത്രമായി  ഇന്നവിടെ ഹർത്താൽ പ്രഖ്യാപിച്ചതായി കണ്ടത്…. അല്ലേൽ ഞാൻ ഉറങ്ങിപോയാൽ  ഈ ടൈമിലേക്ക് ഫുഡ് വരെ റെഡിയാക്കുന്ന ശ്രീക്കുട്ടി പ്രതിഷേധ സൂചകമായി  ഇന്ന് ഒരു കോഫി പോലും ഉണ്ടാക്കിയില്ല….

വേഗം തന്നെ കോഫി ഉണ്ടാക്കി ഹാളിലെത്തുമ്പോയേക്കും ശ്രീ ഓഫീസിലേക്ക് ഇറങ്ങിയിരുന്നു…. കുറെ വിളിച്ചെങ്കിലും അവൾ മൈൻഡ് പോലും ചെയ്തില്ല…. ആദ്യമായിട്ടായത് കൊണ്ടാവണം നെഞ്ചിലൊരു നോവ് പോലെ..

കയ്യിലുള്ള കോഫി കുടിക്കാതെ ടേബിളിൽ തന്നെ വെച്ചു, വീണ്ടും ബാൽക്കണിയിൽ പോയിരുന്നു….

കുറെ നേരത്തെ ചിന്തകൾക്കൊടുവിൽ, അവസാനമായി ഒരിക്കൽ കൂടെ ന്യൂട്ടനെ വിളിക്കാൻ തീരുമാനിച്ചു…. റൂമിൽ പോയി ഫോൺ എടുത്ത് വന്നു, ന്യൂട്ടന്റെ നമ്പർ ഡയൽ ചെയ്യുമ്പോൾ എന്തിനെന്നറിയാതെ നെഞ്ചിൽ പഞ്ചാരി മേളം നടക്കുന്നുണ്ടായിരുന്നു….

ഫോൺ റിങ് ചെയ്ത് കഴിഞ്ഞതല്ലാതെ അറ്റൻഡ് ചെയ്തില്ല…അവസാന ശ്രമമെന്ന രീതിയിൽ ഒന്നൂടെ ഡയൽ ചെയ്തു…

മറുപുറത് ഫോൺ അറ്റൻഡ് ചെയ്തപ്പോൾ മനസ്സിൽ ചെറിയൊരു സന്തോഷം മുളപൊട്ടി…

“ഹലോ….”

മറുപുറത്ത് നിന്നുള്ള  ശബ്ദം കേട്ട് നമ്പർ മാറിയോ എന്ന സംശയത്തിൽ ഒന്നൂടെ ചെക്ക് ചെയ്ത്, ചെവിയിൽ വെച്ചപ്പോഴും ആ ശബ്ദം തന്നെയായിരുന്നു വീണ്ടും കേട്ടത്…………തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button