" "
National

ഇന്‍ഫോസിസിലെ ഏറ്റവും വലിയ സമ്പന്നന്‍ സ്ഥാപകന്‍ നാരായണമൂര്‍ത്തിയല്ല; 38,500 കോടി ആസ്തിയുള്ള ഒരു മലയാളിയാണ്

ബംഗളൂരു: ഇന്ത്യയിലെ അതിസമ്പന്നരില്‍ ഉള്‍പ്പെടുന്ന ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണ മൂര്‍ത്തിയും സഹധര്‍മ്മിണി സുധ മൂര്‍ത്തിയും നമുക്കെല്ലാം സുപരിചിതരാണ്. ഇന്‍ഫോസിസ് എന്നു കേള്‍ക്കുമ്പോഴേക്കും ഒരാളുടെ മനസ്സിലേക്കെത്തുക നാരായണ മൂര്‍ത്തിയുടെ പേരാണല്ലോ.

സമ്പന്നരെ നിര്‍ണയിക്കുന്ന ഹുരുണ്‍ ഇന്ത്യ പട്ടികയിലെ വിവരങ്ങള്‍ പ്രകാരം ബംഗളൂരുവിലെ സമ്പന്ന കുടുംബങ്ങളില്‍ അഞ്ചാം സ്ഥാനം നാരായണ മൂര്‍ത്തിക്കാണ്. അദ്ദേഹത്തിനും കുടുംബത്തിനും ഏകദേശം 36,600 കോടി രൂപയുടെ ആസ്തിയുണ്ടെന്നാണ് കണക്കാക്കുന്നത്. ഇന്ത്യയിലെ അതിസമ്പന്നരില്‍ 69ാം സ്ഥാനത്തിനും അര്‍ഹനാണ് മൂര്‍ത്തി.

മൂര്‍ത്തിയെക്കുറിച്ച് പറഞ്ഞതെല്ലാം അക്ഷരംപ്രതി സത്യമാണ്. എന്നാല്‍ ഇന്‍ഫോസിസ് എന്ന ഐടി കമ്പനിയില്‍ ഏറ്റവും ആസ്തിയുള്ള വ്യക്തി നാരായണ മൂര്‍ത്തിയല്ലെന്നതാണ് ഏറെ കൗതുകകരമായ കാര്യം. കേട്ടിട്ട് അത്ഭുതം തോന്നുന്നുണ്ടാവും അല്ലേ? നാരായണമൂര്‍ത്തിയേക്കാള്‍ സമ്പന്നന്‍ ഇന്‍ഫോസിസിന്റെ സഹസ്ഥാപകനും മലയാളിയുമായ ക്രിസ് ഗോപാലകൃഷ്ണനാണ്. കമ്പനിയില്‍ ഏറ്റവും ആസ്തിയുള്ള ബിസിനസുകാരന്‍ എന്ന പദവിയും ഇത്തേഹത്തിന് മാത്രം അവകാശപ്പെട്ടതാണ്.
ഇന്ത്യയിലെ ടെക് മുന്നേറ്റത്തിന്റെ മുഖ്യ ശില്‍പികളില്‍ ഒരാളായ ക്രിസ് ഗോപാലകൃഷ്ണന്‍ ഇന്‍ഫോസിസിന്റെ മുന്നേറ്റത്തില്‍ വഹിച്ച പങ്ക് ചരിത്രത്തിന്റെ ഭാഗമാണ്.

ഇന്‍ഫോസിസില്‍ നേരത്തെ മാനേജിങ് ഡയറക്ടറായും സിഇഒയായും ക്രിസ് ഗോപാലകൃഷ്ണന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2007 മുതല്‍ 2011 വരെയാണ് ക്രിസ് ഗോപാലകൃഷ്ണന്‍ സിഇഒ പദവിയില്‍ ഇരുന്നത്. ഈ കാലഘട്ടമായിരുന്നു ഇന്‍ഫോസിസ് ഐടി മേഖലയില്‍ വന്‍മുന്നേറ്റത്തിന് സാക്ഷിയായത്. 2011 മുതല്‍ 2014 വരെ ഇന്‍ഫോസിസിന്റെ വൈസ് ചെയര്‍മാന്റെ പദവിയും അദ്ദേഹത്തിനായിരുന്നു. 2014ല്‍ ക്രിസ് ഗോപാലകൃഷ്ണന്‍ ഇന്‍ഫോസിസിന്റെ എല്ലാ പദവികളില്‍ നിന്നും വിരമിച്ചെങ്കിലും കമ്പനിയുടെ സ്ഥാപകനും ഓഹരി പങ്കാളിയുമായി ഇന്നും ഇന്‍ഫോസിസിനൊപ്പമുണ്ട്.

ഔദ്യോഗിക ഉത്തരവാദിത്തങ്ങള്‍ അവസാനിപ്പിച്ച ശേഷം സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപം നടത്തിയ ഇദ്ദേഹം സ്റ്റാര്‍ട്ടപ്പ് ആക്സിലേറ്ററായ ആക്സിലോര്‍ വെഞ്ച്വേഴ്സിലൂടെ തന്റെ ബിസിനസ് മേഖലയിലെ മിടുക്ക് വീണ്ടും അരക്കിട്ടുറപ്പിച്ച് വിശ്രമമറിയാതെ മുന്നേറുകയാണ്. ആക്സിലോര്‍ വെഞ്ച്വേഴ്സിന്റെ ചെയര്‍മാനും മറ്റാരുമല്ല. ഗുഡ്ഹോം, കാഗസ്, ഇന്‍ക്യാഷ് എന്നീ കമ്പനികളില്‍ ക്രിസ് ഗോപാലകൃഷ്ണന് വലിയ തോതിലുള്ള നിക്ഷേപവുമുണ്ട്.
മദ്രാസ് ഐഐടിയില്‍ നിന്നു ബിരുദം നേടിയ ക്രിസ്് ഫിസിക്സിലും കംപ്യൂട്ടര്‍ സയന്‍സിലും മാസ്റ്റര്‍ ഡിഗ്രിയും നേടിയിട്ടുണ്ട്.

ബംഗളൂരു ഐഐടിയുടെ ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സ് ചെയര്‍മാന്‍, മദ്രാസ് ഐഐടിയുടെ ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്്‌സ് അംഗം, ബംഗളൂരു ഐഐഎമ്മിന്റെ ബോര്‍ഡിലുമെല്ലാം ക്രിസ് ഗോപാലകൃഷ്ണനുണ്ട്. ചെന്നൈ മാത്തമാറ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ബോര്‍ഡ് ഓഫ് ട്രസ്റ്റീസിന്റേയും ഭാഗമാണ് ഈ ടെക്‌നോക്രാറ്റ്. മസ്തിഷ്‌ക പഠനത്തിനുള്ള എന്‍ജിഒയായ പ്രതീക്ഷ ട്രസ്റ്റ് സ്ഥാപകര്‍ ക്രിസ് ഗോപാലകൃഷ്ണനും ഭാര്യ സുധാ ഗോപാലകൃഷ്ണനുമാണ്.

Related Articles

Back to top button
"
"