National

ടാറ്റ കുടുംബത്തിന്റെ മരുമകള്‍ ഭരിക്കുന്നത് 130 വര്‍ഷം പഴക്കമുള്ള കിര്‍ലോസ്‌കര്‍ ഗ്രൂപ്പിനെ

മുംബൈ: ചിലരുടെ നിയോഗം അങ്ങനെയാണ്, ടാറ്റ കുടുംബത്തിന്റെ ഭാഗമായി മാറിയപ്പോഴും തന്റെ അച്ഛന്റെ ബിസിനസ് സാമ്രാജ്യം ഭരിക്കാന്‍ അവസരം ഒത്തുവരിക. അതൊരു അപൂര്‍വ ഭാഗ്യമായി വേണം കണക്കാക്കാന്‍. അതാണ് ആര്‍ട്ടിസ്റ്റ് കൂടിയായ മാനസി കിര്‍ലോസ്‌കര്‍ എന്ന പെണ്‍പുലി.

നോയല്‍ ടാറ്റയുടെ മകന്‍ നെവിലെ ടാറ്റയെ ആണ് മാനസി 2019ല്‍ വിവാഹം കഴിച്ചിരിക്കുന്നത്. ടാറ്റ സാമ്രാജ്യത്തിന്റെ ഇന്നത്തെ അമരക്കാരന്‍ രത്തന്‍ ടാറ്റയുടെ അര്‍ദ്ധ സഹോദരനാണ് നോയല്‍ ടാറ്റ. 1990 ഓഗസ്റ്റ് ഏഴിനാണ് മാനസി ജനിച്ചത്. തന്റെ 32ാമത്തെ വയസിലാണ് 13,273 കോടി രൂപ ആസ്തിയുള്ള കിര്‍ലോസ്‌കര്‍ ജോയിന്റ് വെഞ്ച്വര്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ചെയര്‍മാന്‍ സ്ഥാനം മാനസി ഏറ്റെടുക്കുന്നത്. 2022 നവംബറില്‍ പിതാവ് വിക്രം കിര്‍ലോസ്‌കര്‍ ഹൃദയാഘാതത്താല്‍ മരിച്ചതോടെയായിരുന്നു മാനസി പദവി ഏറ്റെടുത്തത്.

കിര്‍ലോസ്‌കര്‍ ജോയിന്റ് വെഞ്ച്വര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം 130 വര്‍ഷം പഴക്കമുള്ള കിര്‍ലോസ്‌കര്‍ ഗ്രൂപ്പിന്റെ ഭാഗമാണ്. ടൊയോട്ട മോട്ടോര്‍ കോര്‍പ്പറേഷനുമായി കമ്പനി അടുത്ത് പ്രവര്‍ത്തിക്കുന്ന സമയത്താണ് മാനസിയുടെ നിയമനം. കിര്‍ലോസ്‌കര്‍ ജെവിയുടെ ചെയര്‍മാനെന്ന പദവിക്ക് പുറമേ, ടൊയോട്ട എന്‍ജിന്‍ ഇന്ത്യ ലിമിറ്റഡ്, കിര്‍ലോസ്‌കര്‍ ടൊയോട്ട ടെക്‌സ്റ്റൈല്‍ പ്രൈവറ്റ് ലിമിറ്റഡ്, ടൊയോട്ട മെറ്റീരിയല്‍ ഹാന്‍ഡ്‌ലിംഗ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ഡെനോ കിര്‍ലോസ്‌കര്‍ ഇന്‍ഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുള്‍പ്പെടെ ഗ്രൂപ്പിലെ മറ്റ് നിരവധി കമ്പനികളുടെ ചുമതലയും മാനസിക്കാണ്.

പിതാവിനൊപ്പം പ്രവര്‍ത്തിച്ചിരുന്ന കാലത്തു തന്നെ മാനസി ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബോര്‍ഡ് അംഗമായിരുന്നു. ഇന്ത്യന്‍ നിരത്തുകളിലെ താരരാജാക്കളായ വാഹനങ്ങളെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഫോര്‍ച്യൂണര്‍, ഇന്നോവ തുടങ്ങിയ മോഡലുകള്‍ നിര്‍മ്മിക്കുന്നതിനും, വില്‍ക്കുന്നതിനുമുള്ള ഉത്തരവാദിത്തമുള്ള കമ്പനിയുടെ വൈസ് ചെയര്‍മാനായി അവള്‍ മാറുന്നത് പിതാവിന്റെ മരണശേഷമായിരുന്നു. മാനസിയുടെ വരവ് ഗ്രൂപ്പിന് മാത്രമല്ല ഇന്ത്യന്‍ വ്യവസായ രംഗത്തുതന്നെ വലിയ ഉണര്‍വ് സൃഷ്ടിച്ചതായാണ് വിലയിരുത്തല്‍. യാത്രകളെ ഇഷ്ടപ്പെടുന്ന സ്വയം പ്രമോട്ട് ചെയ്യുന്നതില്‍ താല്‍പര്യമില്ലാത്ത മാനസിക്കിഷ്ടം തന്റെ ഉത്തരവാദിത്തങ്ങള്‍ നിശബ്ദമായി നിറവേറ്റുന്നതിലാണ്.

യുഎസിലെ പഠന ശേഷമാണ് മാനസി പിതാവ് വിക്രം കിര്‍ലോസ്‌കര്‍ക്കൊപ്പം കിര്‍ലോസ്‌കര്‍ ഗ്രൂപ്പില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. വളരെ പെട്ടെന്ന് തന്നെ ബിസിനസ് ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റാന്‍ അവള്‍ക്കു സാധിച്ചു. പരമ്പരാഗത ബിസിനസ് രീതികള്‍ ആധുനിക സാങ്കേതിക വിദ്യകളുമായി ഫലപ്രദമായി സമന്വയിപ്പിച്ചുകൊണ്ടുള്ള അവളുടെ രീതികള്‍ കാര്യങ്ങള്‍ ഏറെ സുഖമമാക്കുകയായിരുന്നു. യുഎസിലെ റോഡ് ഐലന്‍ഡ് സ്‌കൂള്‍ ഓഫ് ഡിസൈനില്‍ നിന്ന് ബിരുദം നേടിയ ശേഷമായിരുന്നു ബിസിനസിലേക്കുള്ള കടന്നുവരവ്. വിഖ്യാത ചിത്രകാരനായ എം എഫ് ഹുസൈന്‍പോലും മാനസിയിലെ കലാകാരിയെ പ്രശംസിച്ചിട്ടുണ്ടെന്നത് അവരുടെ ഔന്നിത്യം വര്‍ധിപ്പിക്കുന്ന ഘടകമാണ്.

Related Articles

Back to top button