Kerala

അർജുന് വിട ചൊല്ലാനൊരുങ്ങി നാട്; വിലാപ യാത്ര സ്വന്തം നാട്ടിലേക്ക്, ആദരാഞ്ജലി അർപ്പിക്കാൻ ജനത്തിരക്ക്

ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുന് വിട നൽകാനൊരുങ്ങി നാട്. വീട്ടിലെ പൊതുദർശനത്തിന് ശേഷം സംസ്‌കാര ചടങ്ങുകൾ ആരംഭിക്കും. കുടുംബത്തിന്റെ ആഗ്രഹ പ്രകാരം വീട്ടുവളപ്പിൽ തന്നെയാണ് മൃതദേഹം സംസ്‌കരിക്കുക. ഡിഎൻഎ പരിശോധനയ്ക്ക് ശേഷം ഇന്നലെയാണ് മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകിയത്.

ഇന്നലെ കർണാടകയിൽ നിന്നും പുറപ്പെട്ട വിലാപയാത്രയെ കോഴിക്കോട് വരെ കാർവാർ പൊലീസും അനുഗമിച്ചു. സംസ്ഥാന സർക്കാരിന് വേണ്ടി മന്ത്രി എ കെ ശശീന്ദ്രനാണ് മൃതദേഹം ഏറ്റുവാങ്ങിയത്. തലപ്പാടി ചെക്ക് പോസ്റ്റിലും കാസർകോടും നിരവധി പേരാണ് അർജുന് ആദരാഞ്ജലി അർപ്പിക്കാൻ കാത്തുനിന്നത്. മഞ്ചേശ്വരം എംഎൽഎ എകെഎം അഷറഷ്, കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയ്ൽ, കർണാകടയിലെ പ്രാദേശിക മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെ അടക്കമുള്ളവർ വിലാപയാത്രയ്ക്ക് ഒപ്പമുണ്ട്.

പൂളാടിക്കുന്നിൽ നിന്നും വാഹനങ്ങളുടെ അകമ്പടിയോടെയാണ് വിലാപയാത്ര. ലോറിയുടെ കാബിനിൽ നിന്നും ലഭിച്ച അർജുന്റെ ഫോണും പേഴ്സും വാച്ചും അടക്കമുള്ളവ ആംബുലൻസിന് പിന്നാലെ കാറിലാണ് കൊണ്ടുവരുന്നത്. ആദ്യം വീടിനുള്ളിൽ ബന്ധുക്കൾക്ക് മാത്രം കുറച്ച് സമയം അന്ത്യാഞ്ജലി അർപ്പിക്കാൻ മൃതദേഹം വിട്ടുനൽകും. പിന്നീട് നാട്ടുകാർക്കും മറ്റുള്ളവർക്കും ആദരമർപ്പിക്കാനായി വീടിന് പുറത്ത് പൊതുദർശനമുണ്ടാകും.

 

Related Articles

Back to top button