Novel

ഏയ്ഞ്ചൽ: ഭാഗം 36

രചന: സന്തോഷ് അപ്പുകുട്ടൻ

തകർത്തു പെയ്യുന്ന മഴയിൽ നനഞ്ഞു കുതിരുന്ന ഏയ്ഞ്ചലിൻ്റെ ശരീരവടിവുകൾ തെളിഞ്ഞു തുടങ്ങിയതും, അവളെ തന്നെ നോക്കിയിരുന്ന അലക്സിയുടെ ഓർമ്മകൾ പഴയ കാലത്തേക്കു കുതിച്ചു.

അപ്സരസ് പോലെയുള്ള
ഈ പെണ്ണിൻ്റെ മനസ്സും ശരീരവും കൊതിച്ച് കാത്തിരുന്ന ദിവസങ്ങൾ.

ഉണർവിലും,ഊണിലും, ഉറക്കത്തിലും മനസ്സിലേക്ക് കുളിർമഴയായി തോരാതെ പെയ്തിരുന്നവൾ..

കണ്ടറിഞ്ഞ ഏതൊരു പെണ്ണിനെക്കാളും, തന്നെ അത്രമേൽ മോഹിപ്പിച്ചവൾ…

കൈ പിടിയിലൊതുങ്ങിയെന്ന് സന്തോഷിക്കുമ്പോഴെക്കും വരാൽ പോലെ ദൂരേയ്ക്ക് വഴുതി പോയവൾ..

അനിഷ്ടം പ്രകടിപ്പിച്ച്
കൺമുന്നിൽ നിന്ന് വഴുതി മാറിയ ഇവളെ തേടി എത്രയോ അലഞ്ഞിരിക്കുന്നു…

എത്ര അലഞ്ഞിട്ടും ഏയ്ഞ്ചലിനെ കണ്ടെത്താതായപ്പോൾ സമനിലനഷ്ടപ്പെട്ട് മദ്യത്തിൽ മുങ്ങികുളിച്ച് എല്ലാവരോടും ഭ്രാന്തമായി പെരുമാറിയിരുന്നവൻ…

ആ കൂട്ടത്തിൽ മനസ്സും,ശരീരവും
ഒരു ഉപാധികളുമില്ലാതെ കാൽകീഴിലർപ്പിച്ച പാവം ദേവമ്മയുമുണ്ടായിരുന്നു.

അങ്ങിനെയുള്ള ആ
ഏയ്ഞ്ചൽ ദാ… ഇപ്പോൾ തൊട്ടരികെ,
അവളുടെ നെഞ്ചിടിപ്പും, ശ്വാസഗതിയും കണ്ടറിയാവുന്ന ഒരു മഴതുള്ളി മാത്രം അകലത്തിൽ..

വിടർന്ന ഒരു പനിനീർപൂ പോലെ
മഴയിലങ്ങിനെ അലിഞ്ഞ് മഴതുള്ളികൾ വീണ് ചിതറുന്ന കടലിലേക്ക് നോക്കി വഞ്ചിപടിയിൽ
ഇരിക്കുന്ന ഏയ്ഞ്ചലിനെ എത്രകണ്ടിട്ടും കൊതിതീരാതെ അലക്സിയുടെ മനസ്സ് സ്വപ്നലോകത്തേക്ക് പതിയെ ചുവടച്ചുവെച്ചു.

പെട്ടെന്ന് നിലമിറങ്ങി വന്ന മിന്നൽ, കടൽപരപ്പിൽ ഉറഞ്ഞുകൂടുന്ന ഇരുട്ടിലേക്ക് സ്വർണനാരുകൾ പോലെ വളഞ്ഞുപുളഞ്ഞു ഇറങ്ങിയത് കണ്ടപ്പോൾ
അലക്സിയുടെ സ്വപ്നം മുറിഞ്ഞു.

ഏയ്ഞ്ചലിൽ നിന്നും നോട്ടം മാറ്റി അലക്സി ഭീതിയോടെ, പതിയെ ഇളകി തുടങ്ങിയ കടലിലേക്കു നോക്കിയ അതേ സമയം തന്നെയായിരുന്നു, നിലമിറങ്ങി വന്ന ഒരു ഇടിമുഴക്കം അവരുടെ തലക്കു മുകളിൽ മുഴങ്ങിയതും, അതോടൊപ്പം വഞ്ചിയൊന്നു കുലുങ്ങിയതും!

ഓളങ്ങളിൽ ആടിയുലയുന്ന വഞ്ചിയെ കണ്ടപ്പോൾ, രാമേട്ടൻ യമഹ പ്രവർത്തിക്കുന്ന ബഷീറിനെ നോക്കിയതും, അവൻ തലയിളക്കി കൊണ്ട് എഞ്ചിൻ്റെ സ്പീഡ് വർദ്ധിപ്പിച്ചു.

പതിയെയുയരുന്ന തിരകളെ കീറിമുറിച്ച് വഞ്ചി കുറച്ചു ദൂരം ഓടിയതും, പൊടുന്നനെ, തിരകളുടെ ശക്തി വർദ്ധിച്ച് ഉയർന്നുപൊങ്ങിയപ്പോൾ വഞ്ചിയുടെ വേഗത പതിയെ കുറഞ്ഞു വന്നു.

ഹുങ്കാര ശബ്ദത്തോടെ
ചീറിയെത്തിയ ചുഴലികാറ്റിൽ, തിരകൾക്കു മുകളിലൂടെ ആ വഞ്ചി ഒന്നു വട്ടം കറങ്ങിയതും, പെരുവിരലിൽ നിന്നും ഭയാശങ്കകളുടെ
മിന്നൽതരിപ്പ്
ശരീരത്തിലേക്ക് പടരുന്നത് അലക്സി ഭീതിയോടെ അറിഞ്ഞു.

ഇരുട്ടുമൂടിയ അന്തരീക്ഷവും, ആർത്തലക്കുന്ന മഴയും, തലക്കു മുകളിൽ ചീറി പായുന്ന മിന്നലുകളും, ഇടക്കിടെ തൊട്ടരികെ ഉയരുന്ന ഇടിമുഴക്കങ്ങളും കണ്ടപ്പോൾ അലക്സിയ്ക്ക് താൻ മറ്റൊരു ലോകത്ത് എത്തിയതുപോലെയുള്ള ഭീതി നിറഞ്ഞ വെപ്രാളമായിരുന്നു.

തിരകളിൽ പെട്ട് ഉയർന്നു പൊങ്ങുന്ന വഞ്ചിയിൽ നിന്ന് കടലിലേക്ക് തെറിച്ചു പോകാതിരിക്കാൻ വേണ്ടി അയാൾ വഞ്ചിയുടെ ഉള്ളിലേക്ക് ഇറങ്ങി ഇരുന്നു., പടികളിൽ മുറുകെ പിടിച്ചു നേരിയ പ്രതീക്ഷയോടെ ചുറ്റും നോക്കി.

ഇരുട്ട് പടർന്നു തുടങ്ങിയ അന്തരീക്ഷത്തിൽ,
നാലുഭാഗവും വെള്ളം മാത്രം കാണുന്ന ഭീതിദമായ ഒരു ലോകം.. പ്രതീക്ഷയുടെ ഒരു കണിക പോവും അവശേഷിപ്പിക്കാത്ത
കരകാണാദൂരത്തിലേക്ക് വഞ്ചി എത്തിയിരിക്കുന്നു എന്ന ചിന്ത അയാളിലെ ധൈര്യത്തിനെ ചോർത്തി തുടങ്ങി.

ചീറിയെത്തുന്ന കാറ്റിൽ ആടിയുലഞ്ഞു കൊണ്ടിരിക്കുന്ന വഞ്ചിയെ ശ്രമപ്പെട്ട് നിയന്ത്രിച്ചു കൊണ്ട്, ബഷീർ പതിയെ മുന്നോട്ടു പോകുമ്പോഴും, ഏയ്ഞ്ചലിൻ്റെ കണ്ണുകൾ നാലുപാടും പ്രതീക്ഷയോടെ പായുകയായിരുന്നു.

നേരം വെളുത്തിട്ടും,
ഇരുട്ട് പടർന്നു നിൽക്കുന്ന കടലിലേക്ക് ഏയ്ഞ്ചൽ കൺചിമ്മാതെ നോക്കിയിരിക്കുമ്പോൾ, അവളുടെ മനസ്സിൽ പെട്ടെന്ന് വേദയുടെ മുഖം തെളിഞ്ഞു…

വേദ ഇവിടെ എവിടെയൊക്കെയോ ഉള്ളതുപോലെ അവൾക്കു തോന്നി…

ഈ ആഴകടലിലൊക്കെ ഒഴുകി നടന്നിട്ടാണ്, മൂന്നാംപക്കം വേദ കരയ്ക്കടിഞ്ഞതെന്ന ചിന്ത മനസ്സിൽ വന്നപ്പോൾ അവളൊന്നു ഞെട്ടിവിറച്ചു…

അതേസമയം തന്നെ,
വേദ ഡയറിയിൽ കുത്തി കുറിച്ചിരുന്ന അക്ഷരങ്ങൾ ഏയ്ഞ്ചലിൻ്റെ കൺമുന്നിൽ തെളിയാൻ തുടങ്ങിയിരുന്നു.

” എന്തിൻ്റെ പേരിലായാലും
ആദിയെ എനിക്കു നീ നൽകിയപ്പോൾ നീ മനപൂർവ്വം മറന്നുപോയ ഒരു കാര്യമുണ്ട് ഏയ്ഞ്ചൽ… അവൻ നിൻ്റെ മകൻ്റെ അച്ഛനാണെന്ന്.. ആരെക്കാളും അവകാശം നിനക്കാണെന്ന്.. എന്നെങ്കിലും അതൊക്കെ തിരിച്ചറിഞ്ഞ് നീ ഈ തീരത്തേക്കു വരുന്നതും പ്രതീക്ഷിച്ച്, ഇവിടെ ഈ വേദ കാത്തിരിക്കുന്നുണ്ടാകും… അന്നായിരിക്കും നിൻ്റെ വേദ ഈ ജീവിതത്തിൽ
ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് “.

ഡയറിയിലെ അവസാന പേജിലെ അവ്യക്തതയിലേക്ക് അമർന്നുകൊണ്ടിരുന്ന ആദ്യവരികൾ മനസ്സിലേക്ക് പടർന്നപ്പോൾ, അവൾ നീരണിഞ്ഞ കണ്ണുകളോടെ വേദയെ അന്വേഷിക്കുന്നതു പോലെ ചുറ്റും നോക്കി…

” ഇപ്പോൾ ജീവനോടെ ഞാനുണ്ടെങ്കിലും,
നീയരികെയില്ലാത്ത നേരം ഞാൻ
മരിച്ചതുപോലെയാണ് എയ്ഞ്ചൽ… ഞാൻ മരിച്ച് മണ്ണിലമർന്നാലും, ആ ഇടത്ത് നീയരികെയുണ്ടായാൽ ഞാൻ ജീവനുള്ളതുപോൽ ആണ് മാലാഖേ.. എപ്പോഴും എൻ്റെ സാമിപ്യം നിന്നരികിൽ ഉണ്ടാകും ”

ആ വരികൾ പതിയെ മന്ത്രിച്ചുകൊണ്ട് അവൾ ആശയോടെ കണ്ണെത്താ ദൂരം നീണ്ടു കിടക്കുന്ന കടലിനെ നോക്കിയൊന്നു കണ്ണു നിറച്ചു.

“എൻ്റെ മനസ്സ് നിനക്ക് മനസ്സിലാകുമെന്ന പ്രതീക്ഷയോടെ, ഹൃദയം കുത്തി പിളർക്കുന്ന ഈ കുറിപ്പുകൾ ഞാൻ നിർത്തുന്നു മാലാഖേ…’ എന്ന് നിൻ്റെ പ്രിയ വേദ”

ഡയറിയിലെ അവസാന വരികളും മനസ്സിലേക്കിരച്ചു കയറിയപ്പോൾ ഏയ്ഞ്ചൽ നിശബ്ദം കരഞ്ഞു. മഴയിലലിഞ്ഞ ആ കണ്ണുനീർ, കടലിലേക്ക് പതിച്ചു കൊണ്ടിരുന്നു.

” അതേ വേദാ… നിൻ്റെ ഏയ്ഞ്ചലിന് ഇപ്പോൾ എല്ലാം മനസ്സിലാകുന്നു.. ഇവിടം നിൻ്റെ സാമീപ്യം പോലും ഞാൻ തിരിച്ചറിയുന്നു… ഞാൻ ഈ കരകാണാകടലിൽ ഉണ്ടെന്ന് നിനക്ക് എങ്ങിനെ മനസ്സിലായി വേദാ…?”

നൊമ്പരമാർന്ന ചോദ്യത്തോടൊപ്പം ഏയ്ഞ്ചൽ മുറുകെ കണ്ണടച്ചു ഇരുന്നു.

വേദയുടെ ഗന്ധം, ആ സ്വരം, പളുങ്കുമണികൾ തറയിൽ വീഴും പോലെയുള്ള അടക്കിപ്പിടിച്ച ചിരി… എല്ലാം ഈ ആഴകടലിൽ നിന്നുയരുന്നുണ്ട്.

കാലമേറെ കഴിഞ്ഞിട്ടും, ഇപ്പോഴും മനസ്സിലങ്ങിനെ വേദയുടെ ഓർമ്മകൾ, ഒരു പ്രാണൻ പോലെ പറ്റി ചേർന്നിരിക്കുന്നു.. ഒരിക്കലും മറക്കാനാകാത്ത വിധം.. ഈ ജന്മം വേർപിരിയാനാകാത്ത വിധം …

ഓർമ്മകളുടെ കുത്തൊഴുക്കിൽ ഏയ്ഞ്ചലിൻ്റ കണ്ണീർ ചിതറി തെറിച്ചു കൊണ്ടിരുന്നു.

പൊടുന്നനെ, അടുത്തേക്ക് വന്നു കൊണ്ടിരുന്ന ഒരു വീമാനത്തിൻ്റെ മുരൾച്ച അവളുടെ ചിന്തകളെ ഭേദിച്ചു…

അകലെ നിന്നു വരുന്ന വീമാനം കൈയെത്തും ദൂരത്തിലൂടെ തലക്കു മുകളിലൂടെ ചീറി പാഞ്ഞു പോയപ്പോൾ, അതിൻ്റെ മുഴക്കമേറിയ
ശബ്ദത്തിൽ അവളൊന്നു കിടുങ്ങി…

രാത്രിയിലെപ്പോഴും,
താരകങ്ങളും,ചന്ദ്രനും പൂത്തുലയുന്ന വാനം താഴോട്ടേക്ക് ഇറങ്ങി വരുന്നതു പോലെ… ഒന്നു കൈയെത്തിച്ചാൽ
തൊടാവുന്ന അകലം മാത്രമേ താനും,വാനവും തമ്മിൽ ഉള്ളൂവെന്ന് അവൾക്കു തോന്നി.

സ്വപ്നലോകത്ത് എത്തിയതുപോലെ അത്ഭുതപ്പെട്ടിരിക്കുന്ന അവൾ മഴയിൽ നനഞ്ഞു കുതിരുന്നത് അറിഞ്ഞില്ല.

അപ്രതീക്ഷിതമായി വന്ന വലിയൊരു തിരയിലേക്ക് വഞ്ചി കയറി നിന്നതും, ആ തിരകളിലെ വെള്ളം മുഴുവനും വഞ്ചിയിലേക്ക് തെറിച്ചപ്പോൾ അലക്സി ശ്വാസമറ്റവനെ പോലെ ചുറ്റും നോക്കി…

ദൂരെ, ചക്രവാളത്തിൽ നിന്നും ഒന്നിനു പിന്നാലെ മറ്റൊന്നായി തിരകൾ രൂപപ്പെട്ടു, തങ്ങളെ വിഴുങ്ങാനെന്നവണ്ണം ചീറി പാഞ്ഞു വരുന്നത് കണ്ട് രാമേട്ടൻ നെഞ്ചിൽ കൈവെച്ചു..

” മക്കളെ.. എല്ലാവരും എല്ലാ ദൈവങ്ങളെയും വിളിച്ച് നെഞ്ചുരുകി പ്രാർത്ഥിച്ചോ? ”

രാമേട്ടൻ പറഞ്ഞുതീരുമ്പോഴെക്കും, ചീറിയെത്തിയ വലിയൊരു തിരയിലേക്ക് കയറിയ വഞ്ചി അന്തരീക്ഷത്തിലൊന്നു വട്ടം കറങ്ങി..

എഞ്ചിനെ നിയന്ത്രിച്ചു കൊണ്ടിരുന്ന ബഷീർ, നിയന്ത്രണം നഷ്ടപ്പെടാതിരിക്കാൻ ഹാൻഡിലിൽ മുറുകെ പിടിച്ചതും, അവൻ്റെ
കൈതണ്ടയിൽ മസിലുകൾ ഉരുണ്ടുകൂടി.

ഇതൊക്കെ കണ്ട് ഭയന്നുവിറച്ചു നിന്ന അലക്സി ദയനീയതയോടെ രാമേട്ടനെ നോക്കി.

“പ്രാർത്ഥിച്ചിട്ടൊന്നും ഒരു കാര്യമില്ല രാമേട്ടാ.. ജീവൻ ബാക്കി വേണമെങ്കിൽ നമ്മൾ എത്രയും പെട്ടെന്ന് കരയിലേക്ക് പോകുന്നതാണ് നല്ലത് ”

അലക്സിയുടെ കരച്ചിൽ പോലെയുള്ള വാക്കുകൾ കേട്ടതും, രാമേട്ടൻ അയാളെ ദേഷ്യത്തോടെ ഒന്നു സൂക്ഷിച്ചു നോക്കി.

“ഓടി വന്നു ഒരു വിനോദയാത്രയ്ക്ക് എന്ന പോലെ ഈ വഞ്ചിയിൽ കയറുമ്പോൾ, മോനിത് കുട്ടികളിയാണെന്നു വിചാരിച്ചോ? ഇത് പുഴയും, കായലുമല്ലായെന്ന് മോൻ എന്താ മറന്നത്? അതോ കരയിൽ കളിക്കുന്ന കളിയൊക്കെ ഈ ആഴകടലിലും കളിക്കാമെന്നുവെച്ചോ? ”

പറയുന്നത് പാതിയിൽ നിർത്തി രാമേട്ടൻ ആഴകടലിലേക്ക് ഒന്നു സൂക്ഷിച്ചു നോക്കിയതും,
ബീഡികറ പുരണ്ട അയാളുടെ ചുണ്ടിൽ നിന്നും ഉറച്ച വാക്കുകൾ ഓരോന്നും പതിയെ ഊർന്നു വീണു.

” ഒരു ലക്ഷ്യത്തിനാണ് ഞങ്ങൾ വന്നത്.. ആ ലക്ഷ്യം തീർത്തിട്ടേ ഞങ്ങൾ മടങ്ങൂ… അതിനു പറ്റിയില്ലെങ്കിൽ ഈ കടലിൽ തന്നെ ഞങ്ങൾ മുങ്ങിചാവും…”

രാമേട്ടൻ്റെ വാക്കുകൾ കേട്ടതോടെ അലക്സി ഭയന്നു വിറച്ചു. തന്നെ ഈ വഞ്ചിയിലേക്ക് കയറ്റി വിട്ട ഫിലിപ്പോസിനെ മനസ്സുരുകി ശപിച്ചു.

” ഇപ്പോൾ ഒരു രക്ഷ മനസ്സുരുകിയുള്ള പ്രാർത്ഥന മാത്രമേയുള്ളൂ മോനെ.. ഒരു തട്ടും, തടവുമില്ലാതെ കരയിലെത്തണമേയെന്ന് നെഞ്ചുരുകി പ്രാർത്ഥിക്ക് ”

രാമേട്ടൻ്റെ വാക്കുകൾ കേൾക്കുമ്പോഴും അലക്സിയുടെ ഭീതി നിറഞ്ഞ
കണ്ണുകൾ, ദൂരെ നിന്ന് ഒന്നിനു പിന്നാലെ മറ്റൊന്നായി വരുന്ന കൂറ്റൻ തിരകളിലായിരുന്നു…

തിരകൾ അടുത്ത് എത്തുന്നതിന് മുൻപെ ആ വഞ്ചി ഉലയാൻ തുടങ്ങിയതും, അലക്സി വഞ്ചിപടിയിൽ മുറുകെ പിടിച്ച് രാമേട്ടനെ ദയനീയമായി നോക്കി.

“നന്നായി പ്രാർത്ഥിച്ചോ മോനെ.. കരകാണാകടലിൽ അന്നം തേടി പോകുന്ന മത്സ്യത്തൊഴിലാളികളായ ഞങ്ങളുടെ ഏറ്റവും വലിയ ആയുധം, നെഞ്ചുരുകിയുള്ള ഈ പ്രാർത്ഥന തന്നെയാണ്… മോൻപേടിക്കണ്ട. നമ്മൾ സുരക്ഷിതമായി തന്നെ കരയിൽ എത്തും ”

അലക്സിയെ ആശ്വസിപ്പിക്കുമ്പോഴും, രാമേട്ടൻ്റെ ഉള്ളിൽ തീ ആയിരുന്നു.

മഞ്ഞു പെയ്യേണ്ട മാസത്തിലെ കോരി ചൊരിയുന്ന മഴയും, വീശിയടിക്കുന്ന കാറ്റും, പതിവില്ലാത്ത വിധം ആഴകടലിൽ നിന്ന് ഉയർന്നു പൊങ്ങുന്ന തിരകളും, വരാനിരിക്കുന്ന ദുരന്തത്തിൻ്റെ മുന്നോടി ആണെന്ന് അയാൾ തിരിച്ചറിഞ്ഞിരുന്നു…

അന്തരീക്ഷത്തിന് വന്നു കൊണ്ടിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിച്ചു കൊണ്ടിരുന്ന രാമേട്ടൻ്റെ നോട്ടം ഒരു മാത്ര ഏയ്ഞ്ചലിനു നേരെ തിരിഞ്ഞു.

കടലിളകുമ്പോഴും, കാറ്റ് ഇരമ്പുമ്പോഴും, അതൊന്നും അറിയാത്ത മട്ടിൽ, പരിഭ്രാന്തിയുടെ നേർത്ത ചലനമൊന്നുമില്ലാതെ ആഴകടലിലേക്ക് കണ്ണും നട്ടിരിക്കുകയായിരുന്നു ഏയ്ഞ്ചൽ.

ഡ്രോണും മാറോട് അടക്കിപിടിച്ചിരിക്കുന്ന അവളെ കുറച്ചു നേരം രാമേട്ടൻ നോക്കി നിന്നു.

“ഈ ഭീതിദമായ അന്തരീക്ഷം കണ്ടിട്ട്
മോൾക്ക് ഒരു പേടിയും തോന്നുന്നില്ലേ?”

രാമേട്ടൻ്റെ ചോദ്യമുയർന്നതും അവൾ മുഖമുയർത്തി അയാളെ നിർവികാരമായി ഒന്നു നോക്കി.

” ജീവിതവും, മരണവും എന്താണെന്ന് മറന്നു പോയ ഈ നിമിഷങ്ങളിൽ എനിക്കെങ്ങിനെയാണ് പേടിയുണ്ടാവുക രാമേട്ടാ…”

നിറയുന്ന കണ്ണുകളോടെയുള്ള ഏയ്ഞ്ചലിൻ്റെ ചോദ്യം കേട്ടതും അയാൾ പതിയെയൊന്നു തലയിളക്കി.

“മോൾ പേടിക്കണ്ട… നമ്മൾക്ക് വഞ്ചി ഇവിടെ നിർത്തി കുറച്ചു നേരം കൂടി നോക്കാം.. അപ്പോഴെക്കും കടൽശാന്തമാകുമെന്ന് എൻ്റെ മനസ്സ് പറയുന്നു ”

രാമേട്ടൻ പറഞ്ഞുകൊണ്ട് ബഷീറിനെ നോക്കിയതും. അയാൾ വഞ്ചിയിലെ
എഞ്ചിൻ ഓഫ് ചെയ്തു..

“നമ്മൾക്ക് ആദിയുമായി ക്രിസ്തുമസ് ആഘോഷിക്കേണ്ടേ രാമേട്ടാ? വീട്ടിൽ കുറച്ച് പോർക്ക് ഇറച്ചി വാങ്ങി കൊടുത്തു വന്നാൽ മതി ആയിരുന്നു… നമ്മൾ കരയണയുമ്പോൾ തിന്നും, കുടിച്ചും ഒന്നു ആഘോഷിക്കേണ്ടേ… ഈ തീരം ഇതുവരെ കാണാത്ത ഒരു ആഘോഷം?”

അഗസ്റ്റിൻ്റെ ആ
വാക്കുകളിൽ ആദിയെ കണ്ടെത്തുമെന്ന പ്രതീക്ഷ നിറഞ്ഞു നിന്നിരുന്നു…

അവൻ്റെ ആ ചോദ്യമുയർന്നപ്പോൾ രാമേട്ടൻ പുഞ്ചിരിയോടെ ഏയ്ഞ്ചലിനെ നോക്കി.

” ഒരു പെണ്ണിൻ്റെ മനസ്സുരുകിയ പ്രാർത്ഥനക്കു മുന്നിൽ ദൈവത്തിന് കനിയാതിരിക്കാൻ കഴിയില്ല അഗസ്റ്റിൻ.. അതുകൊണ്ട് നമ്മൾ ക്രിസ്തുമസ് ആഘോഷിച്ചിരിക്കും.. അടിപൊളിയായിട്ടു തന്നെ… ”

അവരുടെ സംഭാഷണങ്ങളൊന്നും ശ്രദ്ധിക്കാതെ അവൾ കടലിനെ തന്നെ ശ്രദ്ധിക്കുകയായിരുന്നു.

കടൽ എന്ന നിഗൂഢതകളുടെയും, അത്ഭുതങ്ങളുടെയും ലോകം കണ്ടറിയുകയായിരുന്നു അവൾ…

ഈ ജലനിരപ്പിൽ നിന്ന് മൈലുകളോളം താഴെ, കറുത്തിരുണ്ട അടിതട്ടിൽ കളിച്ചുല്ലസിക്കുന്ന പലതരം വർണ മത്സ്യങ്ങളെ പറ്റിയും, മനുഷ്യൻ്റെ മണമടിച്ചാൽ ചീറിയെത്തുന്ന
കൊലയാളിസ്രാവുകളുടെ ക്രൗര്യത്തെ കുറിച്ചും, പല വലിപ്പമുള്ള പവിഴ പുറ്റുകളെ കുറിച്ചും, കുഞ്ഞുനാളിൽ ക്ലാസിൽ പഠിച്ചത് അവൾക്ക് ഓർമ്മ വന്നു…

അന്നതൊക്കെ കേട്ടപ്പോൾ തന്നെ കടലിനെ കുറിച്ചുള്ള ഭയം മനസ്സിൽ ചേക്കേറിയിരുന്നു…

എന്തുവന്നാലും,ഒരിക്കൽ പോലും കടലിലേക്ക്
ഇറങ്ങില്ലെന്ന് മനസ്സിൽ പ്രതിജ്ഞ എടുക്കുകയും ചെയ്തിരുന്നു…

കാലങ്ങൾക്കു ശേഷം
അതേ ഏയ്ഞ്ചൽ തന്നെ, ഇതാ ആർത്തലയ്ക്കുന്ന
ആഴകടലിൽ, ഇളകിയാടുന്ന വഞ്ചിയിൽ തൊട്ടടുത്ത് മരണമുണ്ടെന്നറിഞ്ഞിട്ടും ഒരുതരി പേടിയില്ലാതെ, സധൈര്യം ഇരിക്കുന്നു…

കാലം വരുത്തിയ മാറ്റമാണോ, മനുഷ്യത്വത്തിൻ്റെ നന്മയാണോ, അതോ ഉള്ളിലുണർന്നു തുടങ്ങിയ പ്രണയത്തിൻ്റെ പ്രസരിപ്പ് ആണോ ഇങ്ങിനെയൊരു മാറ്റത്തിലേക്ക് തന്നെ വലിച്ചടിപ്പിച്ചതു എന്ന സംശയത്തിലായിരുന്നു ഏയ്ഞ്ചൽ..

” ഇനി എന്താ മോളെ നമ്മൾ ചെയ്യേണ്ടേത്?”

രാമേട്ടൻ്റെ ചോദ്യം കേട്ടതും അവൾ ഓർമ്മകളിൽ നിന്നുണർന്ന് അയാളെയൊന്നു നോക്കി.

“ഇത്രയും ദൂരത്തേക്ക് നമ്മൾ വരുന്നതിനിടയ്ക്ക് ആദി വന്ന വഞ്ചിയുടെ അവശിഷ്ടം പോലും കണ്ടെത്താനായില്ല.. ഇനിയിപ്പോൾ ദൂരേയ്ക്ക് പോയി ചുറ്റും തിരയണമെന്നാണെങ്കിൽ കടൽ ഒന്നു ശാന്തമാകണം.. അതല്ല, അതൊന്നും കാര്യമാക്കാതെ തിരയുകയാണെങ്കിൽ, അലറി വരുന്ന തിരകളിൽ പെട്ട് നമ്മുടെ വഞ്ചി തകരാനും സാധ്യതയുണ്ട് ”

അയാൾ ഏയ്ഞ്ചലിൻ്റെ മുഖത്ത് നിന്ന് കണ്ണെടുത്ത് ചുറ്റുമുള്ള കടലിലേക്ക് നോക്കി പറഞ്ഞപ്പോൾ, അവൾ പേടിച്ചു വിറച്ചിരിക്കുന്ന അലക്സിയെ ഒന്നു നോക്കി. മരണവുമായി മുഖാമുഖം കണ്ട ഒരുവൻ്റെ ദൈന്യതയായിരുന്നു ആ മുഖത്ത് നിറഞ്ഞു കണ്ടത്.

” വേണ്ട രാമേട്ടാ.. വഞ്ചി ഇനി അധികം ഓടിക്കണ്ട. കുറച്ചു നേരം നമ്മൾക്ക് ഇവിടെ നിൽക്കാം. മഴ മാറി പോകാനുള്ള സാധ്യതയുള്ളതു പോലെ തോന്നുന്നുണ്ട് ”

ഏയ്ഞ്ചലിൻ്റെ വാക്കുകൾ കേട്ടതും, കടലിൻ്റെ ചലനങ്ങളിൽ നിന്നു കണ്ണെടുത്ത് രാമേട്ടൻ അവളെ നോക്കി.

“മോൾ പറഞ്ഞതാണ് ശരി.. ഓളങ്ങൾ പതിയെ അമർന്നു തുടങ്ങിയിട്ടുണ്ട്. പക്ഷേ ഈ മാറ്റത്തെ
വിശ്വസിക്കാൻ കഴിയില്ല. എപ്പോഴാണ് വീണ്ടും കടലും, കാറ്റും കലി തുള്ളുകയെന്ന് പറയാൻ പറ്റില്ല ”

ഏയ്ഞ്ചലിൻ്റെ വാക്കുകൾ കേട്ടതും, അതിനു മറുപടി പറഞ്ഞു കൊണ്ട്
അതുവരെ
വഞ്ചിപടിയിൽ നിൽക്കുകയായിരുന്ന
രാമേട്ടൻ ഇറങ്ങി താഴെ ഇരുന്നു…

ആഴകടലിൽ നിശ്ചലമായി നിന്നിരുന്ന ആ വഞ്ചിയിൽ നിന്ന് അഞ്ചു പേരുടെയും കണ്ണുകൾ, പ്രതീക്ഷയോടെ കണ്ണെത്താദൂരത്തോളമുള്ള കടൽപ്പരപ്പിലേക്ക് നീണ്ടു…

പലതരം വസ്തുക്കൾ ഒഴുകി വരുന്നതിനിടയിൽ അവർ പ്രതീക്ഷയോടെ ആദിയെ തിരഞ്ഞു. തകർന്ന വഞ്ചിയുടെ അവശിഷ്ടങ്ങളുണ്ടോയെന്ന് ശ്രദ്ധിച്ചു.

കുറച്ചു ദൂരെ കൂടി പോയ ബോട്ടിൻ്റെ വേഗതയിൽ സൃഷ്ടിക്കപ്പെട്ട ഓളങ്ങളിൽ അവരുടെ വഞ്ചിയൊന്നു ഉയർന്നു താണു.

കുറച്ചു നേരം നോക്കിയിട്ടും, പ്രതീക്ഷ തരുന്ന ഒന്നും കാണാതെ വന്നപ്പോൾ ഏയ്ഞ്ചൽ പതിയെ ആകാശത്തേക്കു നോക്കി.

മഴ മാറി മാനം പതിയെ തെളിയുന്നത് കണ്ടപ്പോൾ അവൾ ആശ്വാസത്തോടെ രാമേട്ടനെ നോക്കി.

“ഇത്രയും ദൂരം തിരഞ്ഞിട്ടും ആദിയെയോ, അവൻ്റെ വഞ്ചിയെയോ കണ്ടെത്താൻ കഴിയാത്ത സ്ഥിതിക്ക് ഇനി അധികം കാത്തിരിക്കേണ്ട രാമേട്ടാ.. ഞാൻ ഡ്രോൺ പറത്താൻ തുടങ്ങുകയാണ്… ”

ഏയ്ഞ്ചൽ പറഞ്ഞതും, കൈയിൽ പിടിച്ചിരുന്ന ഡ്രോണിലേക്ക് അവൾ പതിയെ പ്രാർത്ഥനയോടെ
ചുണ്ടുകൾ ചേർത്തു, പിന്നെ അൺഫോൾഡ് ചെയ്തു,
ക്യാമറപ്രൊട്ടക്റ്റർ ഊരി വഞ്ചിപടിയിൽ വെച്ചു.

റിമോട്ട് സ്റ്റിക്കിനുള്ളിൽ സ്മാർട്ടു ഫോൺ വെക്കുന്നതും, അത് ,ക്യാമറയുമായി കണക്റ്റു ചെയ്യുന്നതും, വൈഫൈ ശരിയാക്കുന്നതും, ആർ.ടി.എച്ച് ശരിയായോ എന്നവൾ സൂക്ഷിച്ചു നോക്കുന്നതും കണ്ട് അവർ പരസ്പരം നോക്കി.

രാമേട്ടനും,ബഷീറും, അഗസ്റ്റിനും, എയ്ഞ്ചലിനെയും, ഡ്രോണിനെയും അത്ഭുതത്തോടെ നോക്കിയിരിക്കെ, അവൾ പൊടുന്നനെ അനുവാദം ചോദിക്കുന്നതുപോലെ രാമേട്ടനെ നോക്കിയതും, അയാൾ തലയിളക്കി..

ബഷീറിനെയും, അഗസ്ററിനെയും, അലക്സിയെയും നോക്കി അവൾ റിമോട്ട് കൺട്രോളിൽ വിരലമർത്തിയതും, ഡ്രോൺ ഒരു യന്ത്രതുമ്പിയെപോലെ മുരൾച്ചയോടെ പറന്നുയർന്നു മുകളിൽ നിന്നു.

” ഒഴുക്കിൻ്റെ രീതി അനുസരിച്ച് ആ ഭാഗത്ത് തിരയുന്നതാണ് നല്ലത് മോളെ.. ”

രാമേട്ടൻ ചൂണ്ടികാണിച്ച സ്ഥലത്തേക്ക് ഒന്നു നോക്കിയ അവൾ റിമോട്ടിൽ വിരൽ ചലിപ്പിച്ചതും, ഡ്രോൺ
ആ ഭാഗം ലക്ഷ്യമാക്കി പറന്നു തുടങ്ങി..

അനന്തമായ കടലിനു മുകളിലൂടെ, ആകാശത്തിന് തൊട്ടരികെയെന്ന പോലെ ഒരു യന്ത്രതുമ്പി പോലെ
പോകുന്ന ഡ്രോണിനെയും നോക്കി അവർ പ്രതീക്ഷയോടെ ഇരുന്നു…

ഇതുവരെ
കറുത്തിരുണ്ടിരുന്ന മാനം തെളിഞ്ഞു തുടങ്ങിയതും, ക്ഷോഭിച്ചു കൊണ്ടിരുന്ന
കടൽ ശാന്തമായതും അവരുടെ പ്രതീക്ഷകളെ വാനോളമുയർത്തി.

ഡ്രോൺ അവ്യക്തതയിലേക്ക് മറഞ്ഞു തുടങ്ങിയപ്പോൾ ഏയ്ഞ്ചൽ പതിയെ ക്യാമറ അഡ്ജസ്റ്റ് ചെയ്ത് സ്മാർട്ട് ഫോണിൻ്റെ ഡിസ്പ്ലേയിലേക്ക് വല്ലാത്തൊരു നെഞ്ചിടിപ്പോടെ സാകൂതം നോക്കി ഇരുന്നു.

അനന്തമായ കടലിൻ്റെ ആകാശദൃശ്യം ഒപ്പിയെടുത്തുകൊണ്ടിരുന്ന ഡ്രോണിനെ, ഏയ്ഞ്ചൽ റിമോട്ടിൽ കൈവിരലുകൾ ചലിപ്പിച്ച് പല വശങ്ങളിലേക്കായി പറത്തികൊണ്ടിരുന്നു…

പതിയെ പോകുന്ന ഫിഷിങ്ങ് ബോട്ടുകളും, താഴെ കൂടി പറക്കുന്ന കടൽ പക്ഷികളും, കടലിലൂടെ ഒഴുകുന്ന വസ്തുക്കളും ഡിസ്പ്ലേയിൽ തെളിഞ്ഞു തുടങ്ങി…

ബഷീർ വഞ്ചിയെ നിയന്ത്രിക്കുമ്പോൾ,
രാമേട്ടനും, അഗസ്റ്റിനും ക്യാമറ ഡിസ്പ്ലേയിലേക്ക് നോക്കി നെഞ്ചിടിപ്പോടെ ഇരിക്കുകയായിരുന്നു…

നീണ്ട സമയത്തെ തിരച്ചിലിനുളളിൽ ഒന്നും കണ്ടെത്താനാകാതെ, ആ തണുപ്പിലും, വിയർത്ത് കൊണ്ട് ഏയ്ഞ്ചൽ പ്രതീക്ഷയറ്റവളെ പോലെ അവരെ നോക്കുന്നതും, അതോടൊപ്പം അവളുടെ വിറയാർന്ന കൈവിരലുകൾ, കഴുത്തിൽ പതിഞ്ഞു കിടക്കുന്ന കുരിശ് രൂപത്തിലേക്ക് നീണ്ടു…

കുറച്ചു ദൂരം കൂടി അവൾ ഡ്രോൺ മുന്നോട്ടു ചലിപ്പിച്ചതും, കടലിൽ കറുത്ത പൊട്ടു പോലെ എന്തോ കിടക്കുന്നത് ഡിസ്പ്ലേയിൽ കണ്ട രാമേട്ടൻ അവളുടെ കൈ പൊടുന്നനെ പിടിച്ചു.

“മോളേ… ആ കറുത്ത പൊട്ട് പോലെ കാണുന്നത് വഞ്ചിയാണെന്നു തോന്നുന്നു…. പക്ഷേ തെളിഞ്ഞു കാണുന്നില്ല”

രാമേട്ടൻ പറഞ്ഞതും, അവൾ ഡിസ്പ്ലേയിലേക്ക് നോക്കിയതും, കറുത്ത ഒരു വസ്തു കണ്ടപ്പോൾ അവളുടെ വിരലുകൾ പൊടുന്നനെ റിമോട്ടിൽ അമർന്നു.

കടൽനിരപ്പ് തെളിഞ്ഞു തുടങ്ങുന്നതും, ആ കറുത്ത പൊട്ടു പോലെയുള്ള സാധനം വ്യക്തമായി തെളിഞ്ഞു വരുന്നതും കണ്ട രാമേട്ടനും, അഗസ്റ്റിനും നെഞ്ചിൽ കൈവെച്ച് ഡിസ്പ്ലേയിലേക്ക് തന്നെ നോക്കി ഇരുന്നു.

കടൽതിരകൾ ഇളകുന്നത് വ്യക്തമായി കാണാവുന്ന ദൂരത്തിൽ ചലിക്കുന്ന
കാഴ്ചകൾ നിന്നപ്പോൾ, ആ കറുത്ത രൂപം, പാതി ഭാഗം വലകൾ മൂടി,
കമിഴ്‌ന്നു കിടക്കുന്ന വഞ്ചിയാണെന്നു കണ്ടതും രാമേട്ടൻ ഉറക്കെ നെഞ്ചത്തടിച്ചു.

” മക്കളെ.. അതു നമ്മുടെ ആദിയുടെ വഞ്ചിയാണ്”

രാമേട്ടൻ്റെ ഉറക്കെയുള്ള കരച്ചിലോടെയുള്ള ശബ്ദം ഉയർന്നതും, വഞ്ചിയിലുണ്ടായിരുന്ന വരിൽ വല്ലാത്തൊരു വിറ
കയറി…

ശ്വാസം നിലച്ചതു പോലെ, ഡ്രോൺ പോയ വഴിയിലേക്ക് നോക്കി അവർ എന്തു ചെയ്യണമെന്നറിയാതെ
ഇരിക്കുമ്പോൾ, റിമോട്ട് പിടിച്ചിരുന്ന ഏയ്ഞ്ചലിൻ്റെ വിരലുകൾ വിറക്കുകയായിരുന്നു…
അതോടൊപ്പം അവളുടെ കണ്ണിൽ നിന്നു നീർ പതിയെ ഒഴുകികൊണ്ടിരുന്നു…

കണ്ണീർ തുടച്ചുകൊണ്ട് അവൾ ഗദ്ഗദത്തോടെ ആ ദൃശ്യത്തിലേക്ക് നോക്കി കൊണ്ടിരിക്കെ, പതിയെ വഞ്ചിയുടെ മുകളിൽ കെട്ടുപിണഞ്ഞു കിടക്കുന്ന വലകൂട്ടം ഇരുവശത്തേക്കും ഇളകി മാറുന്നതും, അതിനുള്ളിൽ നിന്ന്
ഒരു കൈ വിറച്ചു കൊണ്ട് മുകളിലേക്കു വരുന്നതും കണ്ട് അവളുടെ ശ്വാസം നിലച്ചു.

മനസ്സിലുയർന്ന പ്രാർത്ഥനയോടെ, വിറയ്ക്കുന്ന കൈയോടെ
പൊടുന്നനെ അവൾ റിമോട്ട് ചലിപ്പിച്ചപ്പോൾ, ആ ദൃശ്യം വ്യക്തമായി തെളിഞ്ഞു തുടങ്ങി..

ഡ്രോണിൻ്റെ ശബ്ദം കേട്ട് അതിനു നേരെ നോക്കി പതിയെ കൈ വീശുന്ന വ്യക്തിയുടെ കണ്ണുകളിലെ തിളക്കം അവൾ കണ്ടറിഞ്ഞു.

പണ്ട് ഈ ഏയ്ഞ്ചലിനെ കാണുമ്പോൾ ഉണ്ടാകുന്ന അതേ തിളക്കം…

ഹൃദയം പൊട്ടി
പോകുമാറുള്ള സന്തോഷത്തോടെയും, ആഹ്ളാദത്തോടെയും ആ തിളങ്ങി നിൽക്കുന്ന കണ്ണുകളിൽ ചുംബിക്കുന്നത് പോലെ, ഫോണിലെ ഡിസ്പ്ലേയിലേക്ക് അവൾ ചുണ്ടമർത്തി….

കണ്ണുകളിൽ നിന്നു പതിയെയുയർന്ന അവളുടെ ചുണ്ടുകൾ അവൻ്റെ നെറ്റി തടത്തിൽ വിശ്രമിച്ചപ്പോൾ, നിറഞ്ഞു കവിയുന്ന സന്തോഷം കൊണ്ട് അവളിൽ നിന്ന് ഒരു പൊട്ടി കരച്ചിലുയർന്നു.

ഏയ്ഞ്ചൽ പൊട്ടികരയുന്നതോടൊപ്പംകാര്യമറിയാതെ മറ്റുള്ളവരും കൂടെ കരഞ്ഞപ്പോൾ, ഡിസ്പ്ലേയിൽ തെളിഞ്ഞു നിൽക്കുന്ന ആ കണ്ണുകളിൽ പ്രതീക്ഷയുടെ ഒരു തിളക്കം പതിയെ വിടരുകയായിരുന്നു………തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button