Sports

അശ്ലീല ആംഗ്യം, ക്യാമറമാനെതിരായ മർദനം; എമിലിയാനോ മാർട്ടിനസിനെ വിലക്കി ഫിഫ

അർജന്റീന ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനെസിനെതിരെ കടുത്ത നടപടിയുമായി ഫിഫ. മോശം പെരുമാറ്റത്തെ തുടർന്ന് താരത്തെ രണ്ട് യോഗ്യത മത്സരങ്ങളിൽ നിന്ന് വിലക്കി. ഒക്ടോബർ 10ന് വെനസ്വേലക്കെതിരെയും ഒക്ടോബർ 15ന് ബൊളീവിയക്കെതിരെയും നടക്കുന്ന മത്സരങ്ങളിൽ എമിലിയാനോക്ക് കളിക്കാനാകില്ല.

2026 ഫിഫ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ചിലി, കൊളംബിയ ടീമുകൾക്കെതിരായ മത്സരത്തിൽ എമിലിയാനോ നടത്തിയ പെരുമാറ്റദൂഷ്യം കണക്കിലെടുത്താണ് നടപടി. മത്സരങ്ങൾക്കിടെ എതിർ ടീമിനെതിരെ അശ്ലീല ആംഗ്യങ്ങൾ കാണിച്ചതിനും ക്യാമറമാനെ തല്ലിയതിനുമാണ് നടപടി

സെപ്റ്റംബർ 5ന് ചിലിക്കെതിരെ അർജന്റീന എതിരില്ലാത്ത മൂന്ന് ഗോളിന് ജയിച്ചിരുന്നു. അന്ന് കോപ അമേരിക്ക ട്രോഫിയുടെ പകര്‍പ്പ്‌ ശരീരത്തോട് ചേർത്ത് പിടിച്ചായിരുന്നു എമിലിയാനോയുടെ അശ്ലീല പ്രകടനം. 2022 ഖത്തർ ലോകകപ്പിൽ കിരീട നേട്ടത്തിന് ശേഷവും ഇതേ പോലെ എമിലിയാനോ അശ്ലീല ആംഗ്യം കാണിച്ചിരുന്നു.

സെപ്റ്റംബർ 10ന് നടന്ന മത്സരത്തിൽ കൊളംബിയക്കെതിരെ അർജന്റീന 2-1ന് പരാജയപ്പെട്ടു. കാണികളുടെ ഭാഗത്ത് നിന്ന് എമിലിയാനോക്കെതിരെ ആക്രോശങ്ങളും ഉയർന്നു. പ്രകോപിതനായ താരം ക്യാമറമാനെ തല്ലുകയായിരുന്നു.

Related Articles

Back to top button