നിൻ വഴിയേ: ഭാഗം 31
രചന: അഫ്‌ന
അതിരാവിലെ സൂര്യൻ പോലും ശരിക്കും ഉദിച്ചിട്ട് കൂടെ ഇല്ല….ഫ്ലാറ്റിന് പുറത്തുള്ള ബെഞ്ചിൽ ഇരുന്നു തന്റെ പ്രിയപ്പെട്ടവളുടെ ഫോട്ടോയിലും കണ്ണോടിച്ചു ഇരിക്കുവാണ് ദീപു. ആ കോടിയ തണുപ്പൊന്നും അവനെ ബാധിച്ചിരുന്നില്ല….. അത്രയും ചുട്ടെരിയുന്നുണ്ട് അവന്റെ ഉള്ളം.
“എന്താടാ ഈ അതിരാവിലെ പുറത്തു ഇങ്ങനെ”പുറകിൽ നിന്ന് അവന്റെ കൂട്ടുകാരൻ സതീപ് വന്നു തട്ടി.പെട്ടന്നായത് കൊണ്ടു അവനൊന്നു ഞെട്ടി കൊണ്ടു അവനെ തിരിഞ്ഞു നോക്കി.
“നീയായിരുന്നോ,? നീ എന്തെ ഇത്ര നേരത്തെ”ശബ്ദം താഴ്ത്തി കൊണ്ടു ചോദിച്ചു.
“അങ്ങനെയുള്ള ഒന്നിനെ അല്ലെ കിട്ടിയേ, നിന്റെ അലാറം അപ്പുറത്തെ മുറിയിലേക്ക് വരെ കേൾക്കാം.എന്റെ ഗതികേട് കൊണ്ടു എണീറ്റു പോയതാ”സതീപ് അതും പറഞ്ഞു അവന്റെ അടുത്ത് വന്നിരുന്നു., അതിന് ദീപു പുഞ്ചിരിച്ചു, വീണ്ടും വിദൂരതയിലേക്ക് കണ്ണുകൾ പായിച്ചു.
“വന്നപ്പോൾ തോട്ട് ശ്രദ്ധിക്കുന്നുണ്ട് നിന്നെ,ഒന്നിനും ആ പഴയ ഉത്സാഹവും ചിരിയും കളിയും ഒന്നും ഇല്ല.എപ്പോ നോക്കിയാലും ഈ ഒരു ഇരുത്തം മാത്രം…… എന്താടാ പറ്റിയെ.”മൂകമായ അവന്റെ മുഖത്തേക്ക് ഉറ്റു നോക്കി കൊണ്ടു ചോദിച്ചു… അതിന് നിസ്സഹായമായ പുഞ്ചിരിയായിരുന്നു.
“എനിക്ക് എന്താടാ പ്രശ്നം, ഞാൻ എപ്പോഴും ഹാപ്പി അല്ലെ ”
“ദീപു നീ എന്റെ മുൻപിൽ കള്ളം പറഞ്ഞു പിടിച്ചു നിൽക്കാൻ നോക്കേണ്ട….. ഇന്നും ഇന്നലെയും കാണാൻ തുടങ്ങിയതല്ലല്ലോ നിന്നെ.ഇത്രയും നാൾ ഞാൻ പുറകെ നടന്നു സ്ഥിരമാക്കാൻ പറഞ്ഞിട്ട് കേൾക്കാത്ത നീ പൊടുന്നനെ പെട്ടിയും കിടക്കയും എടുത്തു ഒന്നും പറയാതെ എല്ലാം പറയലും കഴിഞ്ഞു ചെയ്യലും കഴിഞ്ഞു.”സതീപിന്റെ വാക്കുകൾ കേട്ടിട്ടും അവനിൽ ഒരു മാറ്റവും ഇല്ല, ഇപ്പോഴും മനസ്സ് അവിടെ അല്ല.
“നീ ഇതേത് ലോകത്താ ദീപക്, ഞാൻ പറയുന്നത് വല്ലതും
കേൾക്കുന്നുണ്ടോ”അവൻ ദീപുവിനെ പിടിച്ചു കുലിക്കിയതും കയ്യിൽ കിടന്നിരുന്ന ഫോട്ടോ നിലത്തേക് വീണു….. അതറിഞ്ഞു ചിന്തയിൽ നിന്നുണർന്നു നിലത്തു വീണ ഫോട്ടോ വേഗം എടുത്തു അതിലെ പൊടി തട്ടി കളഞ്ഞു. ഇത് കണ്ടു സംശയത്തോടെ സതീപ് അതിലേക്ക് മെല്ലെ കണ്ണുകൾ പായിച്ചു…..
ദീപുവിന്റെ പുറകിലൂടെ കയ്യിട്ടു തോളിൽ തൂങ്ങി നിൽക്കുന്ന ഒരു അഞ്ചു പത്തു വയസ്സ് തോന്നിക്കുന്ന ഒരു നാടൻ സുന്ദരി…….ആ ഫോട്ടോ കാണുമ്പോൾ അവന്റെ വിടരുന്ന കണ്ണുകൾ കണ്ടു സതീപ് സംശയത്തോടെ ഉറ്റു നോക്കി.
“ആരാഡാ ഈ പെൺകുട്ടി, കണ്ടിട്ട് നിന്റെ തനുവിനെ പോലുണ്ടല്ലോ ”
അവന്റെ ചോദ്യം കേട്ട് ഞെട്ടലോടെ വേഗം ഫോട്ടോ മറച്ചു പിടിച്ചു വേഗം എണീറ്റു.
“ഏ…… ഏ…..ത്,”ദീപു പിടിക്കപ്പെട്ടവനെ പോലെ അവനെ നോക്കാതെ പറഞ്ഞു.
“നീ കളിക്കല്ലേ ദീപു,…അല്ല,..അത് തൻവി തന്നെയാ….പക്ഷേ ഈ ഫോട്ടോ ഇപ്പോ നീ ഇങ്ങനെ പിടിച്ചിരിക്കാൻ കാരണം ”
“എനിക്കൊന്ന് കിടക്കണം ,”ദീപു അവന് മുഖം കൊടുക്കാതെ അവിടുന്ന് നടക്കാൻ ഒരുങ്ങി.
“ഇല്ല ദീപു,കാര്യം പറയാതെ നീ ഇവിടുന്ന് എവിടേക്കും പോകില്ല.”സതീപ് മുൻപിൽ തടസ്സമായി വന്നു നിന്നു.
“സതീപ് വഴി മാറ്, എനിക്ക് പോകണം ”
ദീപു വാശിയോടെ പോകാൻ ഒരുങ്ങി എങ്കിലും അവൻ മുൻപിലേക്ക് വീണ്ടും തടസ്സമായി വന്നു നിന്നു.
“ഇല്ല,”അവനും അതേ വാശിയിൽ മറുപടി പറഞ്ഞു….. ദീപുവിന് ദേഷ്യവും സങ്കടവും ഒരുപോലെ വന്നു.
“എന്താ നിനക്ക് അറിയേണ്ടേ?ഏഹ്,? ”
അവൻ വഴി മാറില്ലെന്ന് അറിഞ്ഞു ദേഷ്യത്തിൽ തന്നെ ചോദിച്ചു.
“തൻവിയെ നിനക്ക് ഇഷ്ട്ടമാണോ?”ആ ചോദ്യം അവനെ മൊത്തത്തിൽ പിടിച്ചുലക്കിയ പോലെ, അറിയാതെ പുറകിലേക്ക് ആഞ്ഞു….എന്ത് മറുപടി പറയണമെന്നറിയാതെ ആ നിൽപ്പ് നിന്നു.
“നീ എന്താ ഒന്നും മിണ്ടാത്തെ, ഈ മൗനത്തിനർത്ഥമെന്താടാ ഡാ “അവൻ ദീപുവിനെ തനിക്ക് അഭിമുഖമായി പിടിച്ചു നിർത്തി., നിറയുന്നുണ്ട് കണ്ണുകൾ.
“ഇഷ്ട്ടമാണെടാ,എന്റെ ജീവനേക്കാൾ ഏറെ…….”ഇടരുന്ന വാക്കുകൾ കേട്ട് സതീപ് ആശ്ചര്യത്തോടെ നോക്കി.
“അവളുടെ എൻഗേജ്മെന്റ് അല്ലേടാ രണ്ടു ദിവസം കഴിഞ്ഞാൽ. എന്നിട്ടിപ്പോ നീ പ്രാന്ത് പിടിച്ചവനേ പോലെ ഇപ്പൊ പിടിച്ചു ഇങ്ങനെയൊക്കെ പറഞ്ഞാൽ.
അത്രയ്ക്ക് ഇഷ്ട്ടമായിരുന്നെങ്കിൽ അഭയ് ഇഷ്ടം തുറന്നു പറയുന്നതിന് മുൻപ് പറഞ്ഞു കൂടായിരുന്നില്ലേ, നിന്റെ കൂടെ ഉണ്ടായിരുന്നില്ലേ”
“വിട്ടു കൊടുക്കലും ഒരു പ്രണയം തന്നെയാണ് സതീപ്….. ഇനി എന്റെ ഇഷ്ട്ടം തനു അറിഞ്ഞാൽ ഈ കാണിക്കുന്ന അടുപ്പം പിന്നെ അവൾ കാണിക്കില്ല. ചിലപ്പോൾ വെറുത്തു പോകും. അത് നേരിടാനുള്ള ശേഷി എനിക്കില്ല. അവളുടെ മുഖം ഒന്ന് വടിയാൽ പോലും എനിക്ക് സഹിക്കില്ല, അങ്ങനെയുള്ളവൾ എന്നേ വെറുത്താൽ അതിലും വലിയ മരണവേദന എനിക്ക് കിട്ടാനില്ല”
അവന്റെ നെഞ്ചിലെ വേദന സതീപിന് കാണാൻ സാധിക്കുന്നുണ്ടായിരുന്നു.
അവന്റെ കണ്ണിൽ അപ്പോൾ കണ്ടത് നഷ്ട പ്രണയമായിരുന്നില്ല,ആ കണ്ണീർ ഇനിയും നേടാതെ പോയ നഷ്ടത്തിന്റെ വേദനയായിരുന്നു…..
“അതെന്താ ഡാ നീ അങ്ങനെ പറയുന്നത്. മറ്റാരേക്കാളും നന്നായി അവൾക്ക് നിന്നെ അറിയില്ലേ…..”
“അറിയാം, പക്ഷേ തനുവിന് ഞാൻ കൂടപ്പിറപ്പ് പോലെയാ, എനിക്ക് അതറിയാം. പക്ഷേ എത്രയൊക്കെ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചിട്ടും ഇഷ്ട്ടം കൂടുന്നു എന്നല്ലാതെ കുറയുന്നില്ല….
ആ സ്നേഹം ആഗ്രഹിക്കാൻ പോലും എനിക്ക് യോഗ്യത ഇല്ലഡാ……”അവൻ സ്വയം പുച്ഛിച്ചു കൊണ്ടു തല താഴ്ത്തി.
“അതൊക്കെ നിന്റെ വെറും തോന്നലാ,എല്ലാറ്റിൽ നിന്നും ഓടി ഒളിച്ചിട്ട് ഇങ്ങനെ ഉരുകി തീരും എന്നല്ലാതെ ഒന്നും നേടില്ല നീ…. അമ്മയ്ക്ക് നീയെ ഒള്ളു.നിന്റെ ഈ മാറ്റം അവരെ കൂടെ വിഷമിപ്പിക്ക, അതോർമ വേണം”സതീപ് അവന്റെ പുറത്തു കൊട്ടി സമാധാനിപ്പിച്ചു.
അതിന് നേർത്ത മൂളൽ മാത്രമായിരുന്നു.
“നീ അകത്തേക്ക് വന്നേ,നമുക്ക് രണ്ട് കപ്പ് കോഫി കുടിച്ചിട്ട് വരാം……”
“നീ നടന്നോ,ഞാൻ രണ്ടു റൗണ്ട് നടന്നിട്ട് വരാം”ദീപു കണ്ണുകളടച്ചു വീണ്ടും നടക്കാൻ തുടങ്ങി…..പഴയ ഓർമ്മകളിലേക്ക്…..
അമ്മയുടെ കൂടെ ആ വീട്ടിൽ വന്നു കയറുമ്പോൾ തന്നെ കേൾക്കുന്നത് ഒരു കുഞ്ഞിന്റെ കരച്ചിലാണ്. നിർത്താതെയുള്ള ആ കരച്ചിൽ കേട്ട് എവിടെ നിന്ന് ആണെന്നറിയാൻ അകത്തേക്ക് കയറി….. വലതു ഭാഗത്തെ മുറിയിൽ അമ്മയുടെ കയ്യിൽ കിടന്നു കാലിട്ടടിച്ചു കരയുന്നവളെ കണ്ടു എന്തോ തനിക്കും സങ്കടം വന്നു. തന്റെ വാടിയ മുഖം കണ്ടിട്ടാണെന്ന് തോന്നുന്നു അമ്മ എന്നേ അടുത്തേക്ക് വിളിച്ചു……. അവളെ തന്റെ കൈകളിൽ വെച്ചു തന്നു.
അത്ഭുതം പോലെ ആ കുഞ്ഞു മുഖം ചിരിക്കാൻ തുടങ്ങി. അറിയാതെ അത് തന്നിലേക്കും പടർന്നു.അപ്പൊ അറിയാതെ വിളിച്ചത് കുഞ്ഞി എന്നാണ്.ആ പേര് കേട്ടതും കുടുക്കൂടാ ചിരിക്കാൻ തുടങ്ങി…എന്റെ മാത്രം കുഞ്ഞി….അതോർക്കുമ്പോൾ അറിയാതെ അവന്റെ ചുണ്ടിൽ ചിരി വിടർന്നു.
അന്ന് തോട്ട് അവളുടെ ഓരോ വളർച്ചയും തന്റെ കൺ മുൻപിൽ ആയിരുന്നു…. അവളുടെ ഏത് ഇഷ്ടങ്ങളും വാശിയും തന്നോടല്ലാതെ, വേറൊരാളോട് പങ്ക് വെച്ചിട്ടില്ല. കാരണം പങ്ക് വെക്കാനുള്ള സന്ദർഭം തന്നാൽ ഉണ്ടായിട്ടില്ല… അമ്മാവനും അമ്മായിക്കും തന്നെ സ്വന്തം മകനെ പോലെയേ കണ്ടിട്ടുള്ളു, അതിനാൽ ഒന്നും ഞങ്ങൾക്കിടയിൽ ആരും വിലങ്ങു തടിയായി വന്നിട്ടില്ല.
പലപ്പോയും അവളുടെ കുറുമ്പുകൾക്കു അടി കിട്ടാതിരിക്കാൻ സ്വയം ഏറ്റെടുത്തിട്ടുണ്ട്. ഒരിക്കലും അവൾക്ക് മാത്രം കിട്ടിയിട്ടില്ല.അതിന്റെ പങ്ക് കാര്യം അറിയില്ലെങ്കിൽ പോലും ചോദിച്ചു വാങ്ങും, അല്ലെങ്കിൽ പിന്നെ പെണ്ണ് മിണ്ടില്ല………കൗമാര പ്രായത്തിനനുസരിച്ചു ഞങ്ങൾ ഇരുവരും വളർന്നു. അപ്പോഴും ഞങ്ങളുടെ ബന്ധത്തിന് വിള്ളൽ വീണിരുന്നില്ല.
പെട്ടെന്നൊരു നിമിഷം,…അഭിയെ അവൾക്ക് ഇഷ്ട്ടമാണെന്ന് പറഞ്ഞു കണ്ണീരോലിപ്പിച്ചു മുൻപിൽ വന്നപ്പോഴാണ്, എന്താണ് പ്രണയം എന്താണ് ഹൃദയ വേദന എന്ന് ഞാൻ തിരിച്ചറിയുന്നത്….കുറ്റബോധവും സങ്കടവും ദേഷ്യവും കൊണ്ടു നീറിയ ദിവസങ്ങൾ….ഇപ്പോഴും മനസ്സിൽ ഉണ്ട്.
എങ്കിലും തന്റെ അടുത്തുണ്ടല്ലോ എന്ന് ആശ്വസിച്ചു, പക്ഷേ ഇപ്പോ നിശ്ചയം വരെ എത്തി, അവളുടെ സന്തോഷം തന്നെയാണ് എന്റെ സന്തോഷം. എങ്കിലും ഉടലാകെ എരിയുന്ന പോലെ, നെഞ്ചിൽ മൂർചയുള്ള കാരിരുമ്പ് കൊണ്ടു ആഴത്തിൽ വരയുന്ന വേദന….അറിയാതെ നെഞ്ചിൽ കൈ വെച്ചു.
എനിക്കു വിധിച്ചിട്ടുണ്ടായിരിക്കില്ല…..
എത്ര സ്വയം പറഞ്ഞു മനസ്സിലാക്കിയാലും മനസ്സിലാവാത്തത് എന്റെ ഹൃദയത്തിനല്ലേ.
പക്ഷേ സഹിക്കണം, താനായിട്ട് ഉണ്ടാക്കി വെച്ചതാണ്. നേരിടുക അല്ലാതെ വേറൊരു വഴി തന്റെ മുൻപിൽ ഇല്ല.
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
“നമുക്ക് ഇറങ്ങാം “അമ്മ സാരി നേരെയാക്കി പുറത്തേക്ക് വന്നു.
“അച്ഛമ്മയെ നോക്കാൻ ശോഭേച്ചി വന്നോ “ഇഷാനി
“അവരിപ്പോ വരും, മാലതി നമ്മുടെ കൂടെ വരുവല്ലേ…. അവൾ ഇറങ്ങിയാൽ കൂടെ ഇറങ്ങും “അമ്മ പറഞ്ഞു നിർത്തിയതും മാലതിയും ശോഭേച്ചിയും വന്നു.
“ഇപ്പോ ഇവള് ചോദിച്ചതെ ഒള്ളു,പിന്നെ അമ്മയ്ക്ക് ഭക്ഷണവും മരുന്നും നേരത്തിനു തന്നെ എടുത്തു കൊടുക്കണം… ചിലപ്പോൾ പത്രം വായിക്കേണ്ടി വരും….. ബാത്‌റൂമിലേക്ക് പോകുമ്പോൾ വാതിൽ ചാരാൻ പറയണം..ഇടയ്ക്ക് തല ചുറ്റൽ ഉള്ളതാണ്,,, കുറ്റിയിട്ടാൽ അറിയില്ല”അമ്മ പറയുന്നതിനൊക്കെ ചേച്ചി തലയാട്ടി അകത്തേക്ക് കയറി.
“ദീപു വിളിച്ചിരുന്നോ മാലതി “അമ്മ
“ഇല്ല, തിരക്കിലാണെന്നാ പറഞ്ഞെ “അവർ ചിരിച്ചെന്ന് വരുത്തി.
“എന്തൊക്കെ ആയാലും ഉത്സവത്തിന് അവൻ ഇല്ലാതെ പോയത് വല്ലാതെ ചതിയായി പോയ് “ഇഷാനി പറയുന്നത് കേട്ട് അവര് തലതാഴ്ത്തി.
“അവൻ ജോലി ആവിശ്യത്തിന് പോയതല്ലേ, അല്ലെങ്കിൽ ഇവിടെ ഉണ്ടാവില്ലേ “അജയ് അവളുടെ തലയ്ക്കു ഒരു കൊട്ട് കൊടുത്തു മാലതിയെ ചേർത്ത് പിടിച്ചു.
“ഞങ്ങളുടെ മാലുമ്മ ഇങ്ങനെ വിഷമിക്കാതെ, ഇവൾക്ക് വട്ടാ “അജയ് കണ്ണ് ചിമ്മി കാണിച്ചു കാറിന്റെ അടുത്തേക്ക് നടന്നു.
“എങ്ങനെയുണ്ട് ചേച്ചി എന്നേ ഇപ്പൊ കാണാൻ “ലച്ചു ചുവപ്പും നീലയും ചേർന്ന പട്ടുപാവാടയും ഉടുത്തു അവൾക്ക് മുൻപിൽ വന്നു വട്ടം കറങ്ങി…..തുടരും….
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…