" "
Novel

ഏയ്ഞ്ചൽ: ഭാഗം 39 || അവസാനിച്ചു.

രചന: സന്തോഷ് അപ്പുകുട്ടൻ

“ഇനി ഏതാനും മണിക്കൂർ മാത്രമേ നമ്മൾക്കു മുന്നിൽ ഉള്ളൂ ആദീ.. നേരം വെളുത്താൽ ഈ ഏയ്ഞ്ചൽ, ഇവിടം ഈ കടൽതീരത്ത് നിന്ന് ഹൈറേഞ്ചിലേക്ക്… ഇനിയൊരു തിരിച്ചുവരവ് ഉണ്ടാവുമോയെന്നറിയാതെ… അതുകൊണ്ട് എന്തെങ്കിലും സംസാരിച്ചിരുന്നു നമ്മൾക്ക് നേരം വെളുപ്പിക്കാം ആദീ… ”

ഏയ്ഞ്ചലിൻ്റെ സംസാരം കുഴയുന്നതിനോടൊപ്പം, കണ്ണീരും പൊഴിയുന്നുണ്ടായിരുന്നു.

“നീ കുടിച്ചിട്ടുണ്ടോ ഏയ്ഞ്ചൽ?സംസാരം വല്ലാതെ കുഴയുന്നു?”

ആദി ചോദിച്ചതും, അവൾ ഒരു നനഞ്ഞ ചിരിയോടെ അവൻ്റെ ശരീരത്തിലേക്ക് ചാരിയിരുന്നു.

” ഉണ്ട്. രണ്ട് ബിയർ കുടിച്ചിട്ടുണ്ട്. അത് ക്രിസ്തുമസ് ആഘോഷിച്ചതല്ല.. നീയെന്നെ ഇത്രയും പേരുടെ മുന്നിൽ വെച്ച് വാക്കുകൾ കൊണ്ട് കുരിശിലേറ്റിയതിൻ്റെ സങ്കടം കൊണ്ടാണ്.. ഉള്ളിൽ അത്രയ്ക്കുണ്ടായിരുന്നു നെഞ്ചുരുക്കം.. എൻ്റെ ആ അവസ്ഥ കണ്ടപ്പോൾ ജിൻസ് ആണ് ആരും അറിയാതെ എനിക്ക് ബിയർ കൊണ്ടുവന്നു തന്നത് ”

ഏയ്ഞ്ചലിൻ്റെ സംസാരം കേട്ടതും, ആദി അവളെ സങ്കടത്തോടെ നോക്കി.

“നീ എന്നെ അറിയില്ലെന്ന് ആ നാട്ടുക്കാരുടെ മുന്നിൽ വെച്ച്, എം.എൽ.എ.യും, മീഡിയാസും കേൾക്കും വിധം പറഞ്ഞപ്പോൾ എനിക്കുണ്ടായ അപമാനം എത്രയാണെന്നറിയോ? അതു പോട്ടെ… അതിന് ഞാൻ അർഹയായിരുന്നുവെന്ന് വിചാരിക്കാം..പക്ഷേ നമ്മുടെ മോൻ….”

അവൾ പറയുന്നത് പാതിയിൽ നിർത്തി ആദിയെ നോക്കി.

” ഇത്രയും കാലം അച്ഛനെ തേടിയലഞ്ഞ അവൻ, അവൻ്റെ അച്ഛനെ കണ്ട സന്തോഷത്തിൽ നിൽക്കെ, ആദിയുടെ ആ വാക്കുകൾ അവനെ എത്രമാത്രം പൊള്ളിച്ചിട്ടുണ്ടാവും.. എത്ര ആഴത്തിൽ അവൻ്റെ മനസ്സ് കീറിമുറിഞ്ഞിട്ടുണ്ടാകും..?”

ഏയ്ഞ്ചലിൻ്റെ കണ്ണീരോടെയുള്ള ചോദ്യം കേട്ടതും, ആദിയൊന്നു വിറച്ചു..

തൻ്റെ സംസാരം കേട്ടപ്പോൾ, വിളറി നിൽക്കുന്ന അരുണിൻ്റെ രൂപം മനസ്സിൽ തെളിഞ്ഞതും, ആദിയുടെ ഹൃദയം പുകയുന്നതിനോടൊപ്പം കണ്ണിൽ നീർ നിറഞ്ഞു തുടങ്ങി.

“ഏയ്ഞ്ചൽ… ഞാൻ ”

ഏയ്ഞ്ചലിൻ്റെ കൈകൾ കൂട്ടി പിടിച്ചുകൊണ്ട് ആദി വാക്കുകൾ കിട്ടാതെ പതറി.

” അതു പോട്ടെ ആദീ.. പിന്നെ മകൻ്റെ പേര് അറിയോ ആദിക്ക്? അവന് എത്ര വയസ്സായെന്നും, അറിയോ? അവൻ ഇപ്പോൾ എത്രാം ക്ലാസിലാണ് പഠിക്കുന്നതെന്നും അറിയോ? അറിയോ വല്ലതും ആദിക്ക്?”

ഏയ്ഞ്ചലിൽ നിന്ന്
ഒരുപാട് ചോദ്യങ്ങൾ ഒന്നിച്ചുയർന്നതും, ഒന്നിനും മറുപടിയില്ലാതെ ആദി നിശബ്ദമായി അവളെ നോക്കി നിന്നു.

” ഒന്നും അറിയില്ല ആദിക്ക് …. ഒന്നും.. പക്ഷേ ബുദ്ധിയുറച്ച കാലം മുതൽ അവൻ, അവൻ്റെ അച്ഛനെ നിശബ്ദമായി അന്വേഷിക്കുകയായിരുന്നു.. അവൻ്റെ മമ്മിയായ ഞാൻ പോലും അറിയാതെ… അവൻ്റെ ആ അന്വേഷണം കൊണ്ടാണ് ഞാൻ ഈ തീരത്ത് എത്തിയതും, നമ്മൾ തമ്മിൽ കണ്ടതും, പിന്നെ ഇപ്പോൾ ഇത്രയും അടുത്തിരുന്ന് സംസാരിക്കുന്നതും ”

ഏയ്ഞ്ചലിൻ്റെ ഓരോ വാക്ക് കേൾക്കുന്തോറും മനസ്സ് ആളികത്തുന്നതു പോലെ ആദിയ്ക്ക് അനുഭവപ്പെട്ടു…

“നിന്നെയൊരിക്കലും അന്വേഷിച്ചു വരരുതെന്നും.. നിൻ്റെ ഓർമ്മകളിൽ ഇനി ഞാനില്ലായെന്നും പറഞ്ഞത് ഏയ്ഞ്ചൽ തന്നെയല്ലേ? ആ ഞാൻ പിന്നെ എങ്ങിനെയാണ്?”

പതറിയ ചോദ്യത്തോടെ അവൻ ഏയ്ഞ്ചലിൻ്റെ കൈകളിൽ കൂട്ടിപിടിച്ചു.

“അതൊക്കെ ശരി തന്നെയാണ്.. എന്നെ കാണണ്ട.. അത് എനിക്ക് ഇഷ്ടവുമല്ലായിരുന്നു. പക്ഷേ ഞാൻ പ്രസവിച്ചത് ആൺകുട്ടിയാണോ, പെൺകുട്ടിയാണോ എന്ന് ആരോടെങ്കിലും തിരക്കിയോ? ആ കുഞ്ഞിനെ കാണാൻ ആഗ്രഹിച്ചോ? ദൂരെ നിന്നൊന്ന് കാണാൻ കൊതിച്ചോ? ഇല്ലല്ലോ?”

ഏയ്ഞ്ചലിൻ്റെ
കണ്ണീർപുരണ്ട ഓരോ ചോദ്യങ്ങളും കേൾക്കുമ്പോൾ,
പുറത്തു കോരിചൊരിയുന്ന മഴയും, ഇടിമുഴക്കങ്ങളും ഇപ്പോൾ തൻ്റെ മനസ്സിലാണെന്നറിഞ്ഞ ആദി, പതിയെ ബെഡ്ഡിൽ നിന്നെഴുന്നേറ്റു അലമാരിയിൽ നിന്ന് മദ്യ കുപ്പിയെടുത്ത്, വായിലേക്ക് കമഴ്ത്തി.

അന്നനാളത്തിലൂടെ താഴോട്ടേക്കിറങ്ങുന്ന മദ്യത്തിൻ്റെ പൊളളിച്ചയിലും, ആശ്വാസം കണ്ടെത്താനാകാതെ ആദി, അരുൺ കിടക്കുന്ന മുറിയിലേക്ക് നടന്നു.

ബെഡ്ഡിൽ മലർന്നു
കിടന്ന് ഉറങ്ങുന്ന അരുണിൻ്റെ മുഖത്തേക്ക് നോക്കിയ ആദി, ചുമരിൽ തൂക്കിയിട്ടിരിക്കുന്ന തൻ്റെ പഴയകാല ഫോട്ടോയിലേക്ക് നോക്കിയതും, ഒരു കോരിതരിപ്പ് അവനിൽ നിന്നുണർന്നു.

ബെഡ്ഡിൽ കിടക്കുന്ന അരുണിനും, ചുമരിൽ തൂക്കിയിട്ടിരിയ്ക്കുന്ന ഫോട്ടോയ്ക്കും ഓരേ..ഛായ… പൊടിമീശ വളർന്നു തുടങ്ങുന്നു രണ്ടു പേർക്കും…

നീർ നിറയുന്ന കണ്ണുകളോടെ ആദി അവൻ്റെ ശിരസ്സിലൊന്നു തലോടി പിൻതിരിഞ്ഞപ്പോൾ, മുന്നിൽ ആദിയെ നോക്കി നിൽക്കുന്ന ഏയ്ഞ്ചലിൻ്റെ നിറയുന്ന കണ്ണുകൾ കണ്ടതും അവൻ്റെ ചുണ്ടുകൾ പതിയെ അവളുടെ മിഴികളിൽ പതിഞ്ഞു.

കണ്ണീരുപ്പുകലർന്ന ആ
മിഴികളിൽ, മാതൃത്വത്തിൻ്റെ
നറുംതേൻ മധുരമാണെന്ന് ആദി തിരിച്ചറിഞ്ഞതും, അവളെ ശക്തിയോടെ നെഞ്ചോടമർത്തി.

ഏയ്ഞ്ചലിൻ്റെ ചുണ്ടിൽനിന്ന് ആദി അനുവാദം കൂടാതെ പ്രണയത്തിൻ്റെ മധുരം നുകരുമ്പോൾ, ഒന്നു ചലിക്കാതെ, ഒരു പാവപോലെ അവൾ നിന്നു.

ഭൂതകാലത്തിലെ കയ്പുരസം,
മാറിയകലുന്നതും, മനസ്സിൽ ഒരു പറ്റം ഓണതുമ്പികൾ ചിറകടിച്ചു പറന്നുയരുന്നതും ഏയ്ഞ്ചൽ അറിഞ്ഞു.

സിറ്റൗട്ടിലിരുന്നു മദ്യപിക്കുന്നവരുടെ ശബ്ദമുയർന്നതും, ഏയ്ഞ്ചലിനെയും പിടിച്ചു ശബ്ദമുണ്ടാക്കാതെ ആദി റൂമിലേക്ക് നടക്കാനൊരുങ്ങിയതും അവൾ തടഞ്ഞു.

“‘ഇല്ല ആദീ… ഇനി ഞാൻ ആദിയുടെ മുറിയിലേക്ക് ഇല്ല.. എനിക്ക് അനുവദിച്ച മുറിയിലേക്ക് ഞാൻ പോട്ടെ”

ഏയ്ഞ്ചലിൻ്റെ പ്രതിഷേധ സ്വരമുയർന്നപ്പോൾ ആദി അവളെ അമ്പരപ്പോടെ നോക്കി.

“നാളെ നമ്മൾ പിരിയേണ്ടവരല്ലേ? അങ്ങിനെയുള്ള നമ്മൾ ഇനിയും ഒന്നുചേർന്നു നിന്നാൽ… അതു വേണ്ടാ ആദീ.. ”

സംസാരം പാതിയിൽ നിർത്തി തൻ്റെ മുറിയിലേക്ക് പോകാൻ തുടങ്ങിയ ഏയ്ഞ്ചലിൻ്റെ കൈ ബലമായി
പിടിച്ചു ആദി.

“ഞാൻ പറഞ്ഞത് സത്യമാണ് ആദി.. മദ്യം അകത്തുള്ള നമ്മൾ ഇപ്പോൾ മറ്റൊരു മൂഡിലാണ്.. വിവേകത്തെ കീഴടക്കുന്ന വികാരമാണ് ഇനിയുള്ള നിമിഷങ്ങളിൽ നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുക.. അത് അപകടമാണ്..
അതുകൊണ്ട്
ഗുഡ്നൈറ്റ് ആദീ ”

ഏയ്ഞ്ചൽ, ആദിയുടെ കൈവിടുവിച്ചുകൊണ്ട് റൂമിലേക്ക് കയറി വാതിൽ അടക്കാനൊരുങ്ങിയതും, ബലമായി വാതിൽ തള്ളികൊണ്ടു ആദി അകത്ത് കയറി വാതിൽ കുറ്റിയിട്ടു.

” തമാശ കളിക്കരുത്
ആദീ.. പുറത്തെ റൂമുകളിൽ എൻ്റെ പപ്പയും, മമ്മയും ഉണ്ട്.അതും കൂടാതെ ജിൻസും, അലക്സിയും,ദേവമ്മയും ഉണ്ട്. അവരൊന്നും ഉറങ്ങിയിട്ടുണ്ടാവില്ല.. കൂടാതെ സിറ്റൗട്ടിൽ രാമേട്ടനും, അഗസ്റ്റിനും, മറ്റ് ആൾക്കാരുമുള്ള മദ്യപാനസദസ്സും..
അതുകൊണ്ട്.. ശല്യമുണ്ടാക്കാതെ ആദിയിപ്പോൾ പോ”

ഏയ്ഞ്ചൽ മുഖം താഴ്ത്തി പതിയെ പറഞ്ഞതും, ആദി അവളുടെ മുഖം പിടിച്ചുയർത്തി.

“ഈ രാത്രി പുലരും വരെ സംസാരിച്ചിരിക്കാമെന്ന് നീയല്ലേ പറഞ്ഞത് ഏയ്ഞ്ചൽ.. എന്നിട്ടിപ്പോൾ പെട്ടന്നൊരു മനമാറ്റം?”

“സംസാരിക്കാനുള്ളതൊക്കെ സംസാരിച്ചു തീർന്നില്ലേ? അതിനെക്കാൾ കൂടുതലായി നമ്മൾക്കിനി വല്ലതും സംസാരിക്കാനുണ്ടോ?”

ഏയ്ഞ്ചലിൻ്റെ ചോദ്യം കേട്ടതും, ആദി പതിയെ തലയാട്ടികൊണ്ട് അവളെ ബെഡ്ഢിലേക്കിരുത്തി.

“സംസാരിക്കാനുണ്ട്. അധികമൊന്നും അല്ല. കുറച്ചു മാത്രം… ”

” എന്നാൽ വേഗം പറയ്.. ഒരുപാട് ദൂരം യാത്ര ചെയ്യേണ്ടതിനാൽ
നാളെ നേരത്തെ എഴുന്നേൽക്കണം. അതിനിടയിൽ മനസമാധാനത്തോടെ ഇത്തിരി ഉറങ്ങുകയും വേണം”

ഏയ്ഞ്ചൽ പതിയെ പറഞ്ഞപ്പോൾ, ആദി അവൾക്ക് അരികിലായ് ചേർന്നിരുന്നു ആ മുഖത്തേക്ക് നോക്കി.

“കഴിഞ്ഞകാലത്ത് നിന്നോട് ചെയ്ത തെറ്റിന് പലതവണ മാപ്പു പറഞ്ഞിട്ടുണ്ട് ഞാൻ, വാക്കുകൾകൊണ്ടും, കണ്ണീർകൊണ്ടും. അത് ക്ഷമിക്കുന്നതും, ക്ഷമിക്കാതിരിക്കുന്നതും നിൻ്റെ ഇഷ്ടം. ആ കാലം ഞാൻ മറന്നു. പക്ഷേ ഇപ്പോൾ നിന്നോട് പറയാനുള്ളത് ഇന്ന് കടൽ തീരത്ത് വെച്ച് നടന്ന സംഭവത്തെ പറ്റിയാണ്. വേർപിരിയുകയാണെങ്കിലും, മനസ്സിലുള്ളതൊക്കെ പറഞ്ഞ് തീർത്തിട്ട് പിരിയുകയാണെങ്കിൽ അതൊരു സന്തോഷാണ്. വലിയൊരു ആശ്വാസമാണ്”

ആദി പതിയെ പറഞ്ഞുകൊണ്ട് ഏയ്ഞ്ചലിൻ്റെ കൈ മുറുകെ പിടിച്ചു അവളുടെ മുഖത്തേക്കു നോക്കി.

“കടൽതീരത്ത് വെച്ച് നിന്നെ അറിയില്ലായെന്നു പറഞ്ഞത് എന്തിനാണെന്ന് നിനക്കറിയില്ല. നീ വിചാരിക്കും പോലെ നിന്നോടുള്ള പക തീർത്തതല്ല. ഏയ്ഞ്ചലിനോടു ഇഷ്ടമുള്ളതുകൊണ്ടാ ഞാൻ അങ്ങിനെ പറഞ്ഞത്.. ”

“ആദി പറയുന്നതൊന്നും
എനിക്ക് മനസ്സിലാകുന്നില്ല. പക്ഷേ ഒന്നറിയാം,ജിൻസ് നിർബന്ധം പിടിച്ചതുകൊണ്ടാണ് ഞങ്ങൾ ഈ രാത്രി ഇവിടെ നിൽക്കുന്നതെന്ന്. അല്ലെങ്കിൽ ആദി എന്നെ അറിയില്ലെന്നു പറഞ്ഞ ആ നിമിഷം തന്നെ ഞങ്ങൾ ഇവിടെ നിന്ന് യാത്രയായേനെ… ”

ഏയ്ഞ്ചലിൻ്റെ സംസാരം പതിയെയുയർന്നതും, ആദി ഒരു വിളറിയ ചിരിയോടെ
അവളെ നോക്കി.

” അതാ ഞാൻ പറഞ്ഞത് ഞാൻ അങ്ങിനെ പറഞ്ഞത് എന്തുകൊണ്ടാണെന്ന് ഏയ്ഞ്ചലിന് അറിയില്ലായെന്ന്. ഏയ്ഞ്ചലിനു മാത്രമല്ല, അവിടെ കൂടി നിന്നവർക്കു പോലും ”

പാതിയിൽ നിർത്തി ആദി നടന്നുചെന്നു, ജാലകം തുറന്നു. പാളികൾ ഇരു വശത്തേക്ക് മാറിയതും മഴശബ്ദം റൂമിലേക്ക് ഇരച്ചുകയറി.

“ജിൻസ് ഒരിക്കൽ
നിന്നെപറ്റി പറഞ്ഞിട്ടുണ്ട്.
സമൂഹത്തിൽ നിനക്കുള്ള വിലയും. ആ നീ, ഭൂമിയോളം താഴ്ന്നു
നിൽക്കുന്ന
സാധാമനുഷ്യനായ ഞാൻ കാരണം,ഒന്നിലേക്കും, ഒരു വിവാദത്തിലേക്കും വലിച്ചെറിയപ്പെടരുതെന്ന്ഞാൻ ആഗ്രഹിച്ചു. അതു കൊണ്ടാണ് ആ നേരത്ത് ഞാൻ അങ്ങിനെയൊക്കെ പറഞ്ഞത്. ”

ആദിയുടെ വാക്കുകൾ കേട്ടതും, ഏയ്ഞ്ചലിൻ്റെ ചുണ്ടിൽ ഒരു
പുച്ഛചിരിയുതിർന്നു.

“ഓ… അങ്ങിനെ.. നല്ല കാര്യം.. പക്ഷെ ഒന്നു ഞാൻ പറഞ്ഞോട്ടെ ആദീ.. പണത്തിനെക്കാളും, പ്രശസ്തിയെക്കാളും ഞാൻ മുൻതൂക്കം കൊടുക്കുന്നത് മനസ്സിനാണ്.. മനുഷ്യത്വത്തിനാണ്.. സമൂഹം ആടയാഭരണങ്ങൾ പോലെ ചാർത്തി തന്ന അംഗീകാരങ്ങളും കൊണ്ട് ഇതുവരെ ഞാൻ
പുറംലോകത്ത് പ്രത്യക്ഷപ്പെട്ടിട്ടില്ല ആദീ.. എൻ്റെ പേര് മാത്രമേ പലരും കേട്ടിട്ടുണ്ടാവൂ.. പക്ഷെ അവർക്കു മുന്നിൽ നിന്നാൽപോലും അവർ എന്നെ തിരിച്ചറിയില്ല. ഞാനെപ്പോഴും എൻ്റെ ചെറിയലോകത്തായിരുന്നു.ഞാനും, എൻ്റെ മോനു മുണ്ടായിരുന്ന ഒരു ചെറിയ ലോകം.. കൂടെ കൂട്ടിന് കുറച്ചേറെ നൊമ്പരപ്പെടുത്തുന്ന ഓർമ്മകളും ”

പറഞ്ഞു വരുമ്പോഴേക്കും വിതുമ്പി പോയ ഏയ്ഞ്ചലിനെ ആദി ചേർത്തു പിടിച്ചു.

” കടൽതീരത്ത്
ഉണ്ടായിരുന്ന മീഡിയകളെയും, ജനങ്ങളെയും പേടിച്ച് അരുൺ എൻ്റെ മകനല്ലായെന്നു ഞാൻ പറയോ? ഒരിക്കലും പറയില്ല.. കാരണം പത്തുമാസം ഗർഭത്തിൽ പേറിയ എൻ്റെ കുഞ്ഞിനെക്കാളും വലുതല്ല എനിക്ക് നാടും, നാട്ടാരും നൽകുന്ന പ്രശസ്തിയും, അംഗീകാരവും..”

കിതച്ചു കൊണ്ട് പറയുന്ന ഏയ്ഞ്ചലിനെ ആദി കണ്ണിമ ചിമ്മാതെ നോക്കി നിന്നു.

” ഞാൻ പ്രസവിച്ച എൻ്റെ മകന് ഒരു അച്ഛനുണ്ടാകുമെന്ന് സമൂഹത്തിനറിയാം.. ആരാണ് അവൻ്റെ അച്ഛൻ എന്നു അവർ
ചോദിച്ചാൽ… എൻ്റെ നിലയും, വിലയും നോക്കി, അതിനനുസരിച്ചുള്ള ഏതെങ്കിലും അന്യപുരുഷനെ ഞാൻ ചൂണ്ടി കാണിക്കുമെന്ന് ആദി കരുതിയോ?.. ”

ഏയ്ഞ്ചലിൻ്റെ മൂർച്ചയേറിയ ചോദ്യത്തിനു മുന്നിൽ ആദി പതർച്ചയോടെ നിന്നു.

“എൻ്റെ ഗർഭപാത്രത്തിൽ വളർന്ന ബീജം നിൻ്റേതാണ്.. അവൻ്റെ അച്ഛൻ നീയാണ്.. അത് ഏത് ജനക്കൂട്ടത്തിലായാലും, മീഡിയയിൽ ആയാലും, അതിനുമപ്പുറം കോടതിക്കും മുൻപാകെ ആയാലും അഭിമാനത്തോടെ
തുറന്ന് പറയാൻ ഒരു മടിയുമില്ല ഈ ഏയ്ഞ്ചലിന്.. അതിൽ ഒരു നാണക്കേടും കാണില്ല ഞാൻ ”

ഏയ്ഞ്ചലിൻ്റെ ഓരോ വാക്കുകളും തൻ്റെ അപകർഷതാബോധത്തിനു മുകളിൽ തറയ്ക്കുന്ന കൂരമ്പ് പോലെ ആദിക്ക് തോന്നി.

” പക്ഷെ എൻ്റെ മകൻ്റെ അച്ഛനാരാണെന്ന്, രഹസ്യമായി അന്വേഷിച്ചവർക്കുള്ള ഉത്തരമായിരുന്നു നീ നിൻ്റെ ഒരൊറ്റ വാചകത്തിൽ അവിടെ തകർത്തു കളഞ്ഞത്.. ഇനി അതിനെ പറ്റി അവർ എന്തൊക്കെ വാർത്തകൾ ആണ് കൊടുക്കാൻ
പോകുന്നതെന്നറിയില്ല. അച്ഛനില്ലാത്ത കുട്ടിക്ക് അച്ഛനെ കണ്ടെത്തുന്ന തിരക്കിലാണ് എഴുത്തുകാരി ഏയ്ഞ്ചൽ എന്ന് ഏതെങ്കിലും
മഞ്ഞപത്രത്തിൽ കണ്ടാലും അതിശയമില്ല”

ഏയ്ഞ്ചലിൻ്റെ ആ വാക്കുകൾ കേട്ടതോടെ ആദി അമ്പരപ്പോടെ അവളെ നോക്കി.

ഏയ്ഞ്ചലിൻ്റെ അഭിമാനം നഷ്ടപ്പെടുത്താതിരിക്കാൻ അങ്ങിനെ പറഞ്ഞപ്പോൾ, ഇങ്ങിനെയൊരു സാധ്യത ഉണ്ടാവുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചതല്ല.

” കഴിഞ്ഞതു കഴിഞ്ഞു ആദീ.. ഇനി അതിനെ പറ്റി ഓർത്തിട്ടു കാര്യമില്ല. നീ തന്ന ഒരു ചുംബനത്തിൻ്റെ ചൂടുമായി ഞാൻ ജീവിച്ചോളാം ബാക്കി കാലം.. ആദിയ്ക്ക് ഇഷ്ടമാണെങ്കിൽ അരുണിനെ ഇവിടെ നിർത്താം.. അല്ലെങ്കിൽ ഞാൻ കൊണ്ടു പോകും. എന്തായാലും, എവിടെയായാലും ആർക്കും അവനൊരു അധികപറ്റാകരുതെന്ന് മാത്രം..”

ഏയ്ഞ്ചൽ പറഞ്ഞതും ആദി പതിയെ തലയാട്ടി.

” എൻ്റെ മകൻ ഇനിയുള്ള കാലം എൻ്റെ കൂടെ നിൽക്കട്ടെ ഏയ്ഞ്ചൽ.. കൊതി തീരെ ഞാൻ അവനെയൊന്നു കണ്ടോട്ടെ.. പിന്നെ നിൻ്റെ ആഗ്രഹം പോലെ
ഡോ: റോയ്ഫിലിപ്പുമായി വിവാഹം കഴിഞ്ഞ് നല്ലൊരു ജീവിതം കെട്ടിപ്പടുക്കുക.. ”

ആദി പറഞ്ഞു തീർന്നതും ഏയ്ഞ്ചലിൻ്റെ കൈപ്പത്തി വലിയൊരു ശബ്ദത്തോടെ അയാളുടെ കവിളിൽ വീണു.

ഏയ്ഞ്ചലിൻ്റെ ദേഷ്യം കൊണ്ടു ചുവന്ന കണ്ണുകളിലേക്കും, വിതുമ്പുന്ന ചുണ്ടിലേക്കും കാര്യമെന്തെന്നറിയാതെ ആദി, അടികൊണ്ട കവിളും പൊത്തി നോക്കി നിന്നു.

“നിൻ്റെ ചുംബനങ്ങളും, ആലിംഗനവും ഒരു എതിർപ്പുമില്ലാതെ വാങ്ങിയിട്ട്, മറ്റൊരുത്തൻ്റെ കൂടെ പോകാൻ ഞാൻ എന്താ കാൾഗേൾ ആണോ? അങ്ങിനെയാണോ നീ എന്നെ പറ്റി ചിന്തിച്ചിരിക്കുന്നത്?”

ചോദ്യത്തിനോടൊപ്പം,
ഏയ്ഞ്ചലിൻ്റെ
കൂർത്തമിഴികൾ അവനു നേരെ നീണ്ടു.

” ഇത്ര പറഞ്ഞിട്ടും എൻ്റെ മനസ്സ് ഒരു തരിമ്പു പോലും മനസ്സിലാക്കാൻ നിനക്ക് കഴിഞ്ഞില്ലല്ലോ? നീ വെറും കഴുതപുലിയാ..”

ആദിയെ നോക്കി വിഷമത്തോടെ
തലയാട്ടികൊണ്ട് ഏയ്ഞ്ചൽ തളർച്ചയോടെ ബെഡ്ഡിലേക്ക് കിടന്നു.

“ഇനി ആദി റൂമിലേക്ക് പൊയ്ക്കോ.. ഞാൻ ഉറങ്ങാൻ പോകുകയാണ്. വല്ലാത്ത ക്ഷീണം.. കടലിൽ കുറേ നേരം ഓടി തളർന്നതല്ലേ.. അതിൻ്റേതാ.. ”

പറയുന്നതിനോടൊപ്പം ഏയ്ഞ്ചലിൻ്റെ മിഴികൾ പതിയെ അടയുന്നുണ്ടായിരുന്നു.

മഴശബ്ദങ്ങളും, കടലിൻ്റെ തിരയടിയും കേട്ട് കിടന്നിരുന്ന ഏയ്ഞ്ചലിൻ്റെ കൺപീലികളുടെ തടയണയെ ഭേദിച്ചു കൊണ്ട്, കണ്ണീർ പുറത്തേക്ക് ചാടി കവിളിൻ്റെ രണ്ടു വശത്തേക്കായി പതിയെ ഒഴുകി പടരുന്നുണ്ടായിരുന്നു.

ഏതോ ഓർമ്മയിൽ പൊള്ളി പിടഞ്ഞിരുന്ന അവൾ, ചുടുനിശ്വാസം മുഖത്തേക്കടിക്കുന്നതും, അതിനോടൊപ്പം, കൺപോളയിലേക്ക് അരിച്ചു കയറുന്ന തണുപ്പും അറിഞ്ഞപ്പോൾ പതിയെ കൺതുറന്നു.

തൊട്ടു മുന്നിൽ ആദിയുടെ മുഖം കണ്ടപ്പോൾ, അവനെ തള്ളിമാറ്റാൻ ശ്രമിച്ച് എന്തോ പറയാൻ തുടങ്ങിയ ഏയ്ഞ്ചലിൻ്റെ ചുണ്ടുകളെ, അവൻ്റെ ചുണ്ടുകൾ ബന്ധിച്ചു.,

ദുർബലമായി കൊണ്ടിരുന്ന അവളുടെ മനസ്സുപോലെ ആ മിഴികളും പതിയെ കൂമ്പിയടഞ്ഞു.

എതിർപ്പിനൊരുങ്ങിയ അവളുടെ കൈകൾ പതിയെ അവനെ ചേർത്തുപിടിച്ചു, മുറുക്കി തുടങ്ങി.

പകയുടെ നാളുകൾക്കു ശേഷം,പഴകിയ വീഞ്ഞുപോലെയുള്ള പ്രണയത്തിൻ്റെ
മുന്തിരിചാറ് നുകരുകയായിരുന്നു അവർ…

കാലങ്ങൾക്ക് ശേഷം, കാലംതെറ്റി വന്ന മഴ പോലെ, അവരുടെ മനസ്സുകൾ ഒന്നായ നിമിഷം…

ഇത്രയും കാലമുണ്ടായിരുന്ന
പരിഭവങ്ങളും, പരാതികളും, സന്തോഷവും, സങ്കടവും ഉമിനീരിലൂടെ പറഞ്ഞുതീർക്കുന്ന നിമിഷങ്ങൾ..

അലറിയെത്തുന്ന കടലിൻ്റെ തിരയിളക്കവും, ആകാശത്തിൽ
നിന്നുതിരുന്ന
പ്രകമ്പനവും അറിയാതെ, മനസ്സും,ശരീരവും ഒന്നായി അലിഞ്ഞൊരു നീണ്ട യാത്ര…

“ഇത്രയും കാലം മരുഭൂമിയുടെ ചൂടിൽ വെന്തുപൊള്ളി നിന്നിരുന്ന ഒറ്റമരത്തിന്, കാലങ്ങൾക്കു ശേഷം കിട്ടിയ ഒരു മഴയാണ് നീയിപ്പോൾ ആദീ… ”

ആദിയുടെ നെഞ്ചിൽ തളം കെട്ടികിടന്നിരുന്ന വിയർപ്പിൽ നിന്ന് അടർന്നു മാറിയ ഏയ്ഞ്ചൽ ടവൽ എടുത്ത് ശരീരം പൊതിഞ്ഞുകൊണ്ട് അവനെ തന്നെ കണ്ണിമ ചിമ്മാതെ നോക്കി…

ഇത്രയും നേരം വരെ
ഒന്നായി അലിഞ്ഞു ചേർന്നെങ്കിലും, ഇപ്പോൾ അവളുടെ നോട്ടം കണ്ട് ആദി, ജാള്യതയോടെ
അവളിൽ നിന്നും നോട്ടം മാറ്റി.

തിരിഞ്ഞു കിടക്കുന്ന അവനെ ഒന്നുകൂടി നോക്കിയ ശേഷം ഏയ്ഞ്ചൽ,കണ്ണിലേക്ക് ഊർന്നിറങ്ങിയ വിയർപ്പുതുള്ളികളെ തുടച്ചുകൊണ്ട്, നീറുന്ന കണ്ണുകളോടെ എഴുന്നേറ്റ് ചെന്ന് പതിയെ ജാലകവാതിൽ തുറന്നു.

ജാലക വാതിൽ തുറന്നതും, പൊടുന്നനെ അകത്തേക്ക് വന്ന തണുത്ത കാറ്റിൽ
അതുവരെ അഗ്നിപർവ്വതം പോലെ പുകഞ്ഞിരുന്ന അവളുടെ ശരീരവും, മനസ്സും കുളിർന്നു.

തണുത്ത കാറ്റിൽ അവളുടെ രോമകൂപങ്ങളിലെ വിയർപ്പുതുള്ളികൾ പതിയെ അപ്രത്യക്ഷമായി കൊണ്ടിരുന്നു.

തണുത്ത കാറ്റിൽ പാറി വരുന്ന മഴതുള്ളികളിൽ
നനയാനെന്നോണം അവൾ ജനലഴികളിൽ മുഖം ചേർത്തു വെച്ചു.

മഴയും, കാറ്റും, ഇടിമുഴക്കവും, മിന്നലും നിറഞ്ഞു നിൽക്കുന്ന ഈ സുന്ദരമായ രാത്രി, ബാല്യകാലത്തെപ്പോഴോ നഷ്ടപ്പെട്ടതാണെന്ന് അവൾ സങ്കടത്തോടെ ഓർത്തു.

കാലങ്ങൾക്കു ശേഷം, മഴയ്ക്ക് ഭംഗിയുണ്ടെന്ന് വീണ്ടും മനസ്സിലായത് ഹോസ്റ്റൽ റൂമിൻ്റെ തുറന്നിട്ട
ജനലിലൂടെ, വേദയെ ചാരി നിന്ന് പുറത്തെ രാത്രിമഴ കാഴ്ചകൾ കാണുമ്പോഴായിരുന്നു…

ആ ഓർമ്മയിൽ കുളിർന്നു പോയ അവൾ വേദയുടെ കുഴിമാടത്തിലേക്ക് കണ്ണീരോടെയൊന്നു നോക്കി.

തൻ്റെ പുറംഭാഗത്ത് ആദിയുടെ ശരീരം ചേർന്നമരുന്നത് അറിഞ്ഞ ഏയ്ഞ്ചൽ പതിയെ അയാളെ തിരിഞ്ഞു നോക്കി.

തെറിച്ചു വന്ന മിന്നൽ വെട്ടത്തിൽ, ഏയ്ഞ്ചലിൻ്റെ
നീർമിഴികൾ കണ്ടതും, ആദി പതിയെ അവളുടെ മിഴികളിൽ ചുണ്ടമർത്തി.

ആദിയെ ശല്യപെടുത്താതിരിക്കാനെന്നവണ്ണം,ശ്വാസമടക്കി പിടിച്ചു കണ്ണടച്ചു നിന്നിരുന്ന ഏയ്ഞ്ചൽ, അവൻ്റെ ചുണ്ടുകൾ വേർപെട്ടതോടെ പതിയെ കണ്ണുതുറന്നു.

” ഒന്നും വേണ്ടായിരുന്നെന്ന് ഈ നിമിഷവും തോന്നുന്നുണ്ടോ ആദിക്ക്?”

ഏയ്ഞ്ചലിൻ്റെ പതിഞ്ഞ ചോദ്യം കേട്ടതും, അവൻ ഒന്നും പറയാതെ അവളെ നെഞ്ചിലേക്ക് മുറുകെ ചേർത്തു…

ഇടക്കിടെ,ജാലക വാതിലിലൂടെ
പാറിയെത്തുന്ന മിന്നൽ പാളികൾ, അവരുടെ നഗ്നശരീരത്തിൽ, ചീറിയടുക്കുന്ന നാഗങ്ങളുടെ ചിത്രം വരയ്ക്കുന്നുണ്ടായിരുന്നു.

” ഇതുവരെ
ഞാൻ ചോദിച്ചതിന് ഉത്തരം തന്നില്ല ആദി.. എല്ലാം എൻ്റെ തെറ്റ് ആയിരുന്നുവെന്ന് എനിക്കറിയാം.. എൻ്റെ ഇത്തിരി പോന്ന കുസൃതി… അതായിരുന്നു നമ്മുടെയൊക്കെ ജീവിതം മാറ്റി മറിച്ചത്…
അതുകൊണ്ടുതന്നെയാണ് എനിക്ക് എൻ്റെ വേദയെ നഷ്ടപ്പെട്ടത്..എല്ലാറ്റിനും കാരണം ഈ ഞാൻ.. അതുകൊണ്ടാണ് ഞാൻ ചോദിക്കുന്നത്;ആദിക്ക് ഇപ്പോഴും എന്നോടു വെറുപ്പാണോ? ”

ഗദ്ഗദത്തോടെയുള്ള ഏയ്ഞ്ചലിൻ്റെ ചോദ്യം കേട്ടതും, അവൻ അവളുടെ മിഴികളിലേക്ക് നോക്കി.

തീക്ഷ്ണതയേറിയ ആ നോട്ടം കണ്ടതും, വർഷങ്ങൾക്കു മുൻപുള്ള ഒരു രാത്രി ഓർമ്മ വന്ന ഏയ്ഞ്ചൽ അവനിൽ നിന്നും കുതറി മാറി.

വല്ലാത്തൊരു വിറയലോടെ, തന്നെ പേടിയോടെ നോക്കി നിൽക്കുന്ന ഏയ്ഞ്ചലിൻ്റെ നെഞ്ചിടിപ്പിൻ്റെ താളം കേട്ടതും, ആദിയൊന്നു അവളെ നോക്കി പുഞ്ചിരിച്ചു.

” ഇത്രയും ആയിട്ട് നിനക്കിപ്പോഴും പേടി മാറിയിട്ടില്ലേ ഏയ്ഞ്ചൽ? അന്ന് എനിക്ക് ബോധമില്ലാതെ അല്ലേ?”

ആദിയുടെ വിളറിയ ചോദ്യം കേട്ടതും, ഏയ്ഞ്ചൽ അവനെയൊന്നു കൂർപ്പിച്ചു നോക്കി.

” അന്നും, ഇന്നും ഒക്കെ കണക്കാ.. കാലം മാത്രമേ മാറിയിട്ടുള്ളൂ.. അല്ലാതെ….. ”

പറയുന്നതിനടയ്ക്ക് ദിഗന്തങ്ങളെ
ഞെട്ടിക്കുമാറ് ഇടിമുഴങ്ങിയപ്പോൾ, പേടിയോടെ ഏയ്ഞ്ചൽ ആദിയുടെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി.

“ഈ ആദിക്ക്
ഒരിക്കലും നിന്നോട് ഇഷ്ടമല്ലാതെ ഒരു തരിമ്പ് പോലും ദേഷ്യം തോന്നിയിട്ടില്ല ഇക്കാലമത്രയും”

അമ്പുകൊണ്ട് മുറിവേറ്റ ഒരു പക്ഷിയെപോലെ ഏയ്ഞ്ചൽ വിറയ്ക്കുന്നത് കണ്ട്, ആദി പതിയെ അവളെ തഴുകി കൊണ്ട് ആ കാതിൽ ചുണ്ട് ചേർത്ത് പറഞ്ഞപ്പോൾ അവൾ കണ്ണീരോടെ അവനെ നോക്കി.

” ഇത്രയും വലിയ തൻ്റേടിയാണോ ഇങ്ങിനെ വിറയ്ക്കുന്നത്… അയ്യേ കഷ്ടം”

ഒരു പുഞ്ചിരിയോടെ ആദി ചോദിച്ചതും, അവൾ വാടിയ ചിരിയോടെ പതിയെ മുഖം കുനിച്ചു.

“എനിക്ക് ചിലതിനെയൊക്കെ വല്ലാത്ത പേടിയാ ആദീ.. ഈ ഇടിമുഴക്കങ്ങൾ, മിന്നലുകൾ, ചിലരുടെ ചില സമയത്തെ നോട്ടങ്ങൾ.. ഉയരങ്ങളിൽ നിന്ന് താഴോട്ട് നോക്കുമ്പോൾ.. അങ്ങിന്നെ ചിലതൊക്കെ”

ഏയ്ഞ്ചൽ പറയുമ്പോൾ ഒരു കൗമാരക്കാരിയുടെ മുഖഭാവമാണ് അവൾക്ക് എന്ന് തോന്നി ആദിക്ക്..

” എനിക്കും അങ്ങിനെ ചില പേടിയുണ്ട് ഏയ്ഞ്ചൽ.. താഴെ നിന്ന് ഒരുപാടു മുകളിലേക്കു നോക്കുന്നത് എനിക്ക് വല്ലാത്ത പേടിയാ…”

വിളറിയ ചിരിയോടെ ആദി പറയുന്നത് എന്താണെന്ന് മനസ്സിലാകാതെ ഏയ്ഞ്ചൽ അവനെ തന്നെ നോക്കി നിന്നു.

” ഒരുപാട് ഉയരത്തിൽ നിൽക്കുന്ന ഏയ്ഞ്ചലിനെ ആഗ്രഹിക്കുവാൻ, ഈ മണ്ണിനോട് ചേർന്നു നിൽക്കുന്ന ഈ
ആദിക്ക് വല്ലാത്ത പേടി ആയിരുന്നു… ”

ഏയ്ഞ്ചലിനെ ചുറ്റിവരിഞ്ഞുകൊണ്ടു പറയുന്ന ആദിയെ നോക്കി അവൾ പുഞ്ചിരിച്ചു.

“ഇപ്പോൾ ഉണ്ടോ ആ പേടി.. ഞാൻ ആകാശത്താണ് നിൽക്കുന്നതെന്ന് ഇപ്പോഴും തോന്നുന്നുണ്ടോ?”

ഏയ്ഞ്ചൽ കുസൃതിയോടെ ചോദിച്ചതും, ആദി പതിയെ കണ്ണടച്ചു.

“ഒരിക്കലും തോന്നുന്നില്ല.. ഇപ്പോൾ എൻ്റെ നെഞ്ചിലെ ശ്വാസമിടിപ്പ് പോലെ.. അത്രയ്ക്കും അടുത്ത് ”

പതിയെ പറഞ്ഞു കൊണ്ടിരിക്കുന്ന ആദിയെ അവൾ ഇമചിമ്മാതെ നോക്കി നിന്നു.

” ഇത്രയും കാലം ആദി എന്നെ ഓർമ്മിച്ചിരുന്നോ? അതോ മറവിയിലേക്ക് മുങ്ങിയിരുന്നോ ഞാൻ?”

ഏയ്ഞ്ചലിൻ്റെ ചോദ്യത്തിനു മുന്നിൽ ആദി ഒരു നിമിഷം നിശബ്ദമായി നിന്നു.

“മറന്നു പോയോന്നു ചോദിച്ചാൽ, വേദ
എൻ്റെ ജീവിതത്തിലേക്ക് വന്നതോടെ ഞാൻ ഏയ്ഞ്ചലിനെ മറക്കാൻ ശ്രമിച്ചുതുടങ്ങിയിരുന്നുവെന്ന് സത്യം.. ”

പറയുന്നത് ഒരു നിമിഷം നിർത്തി ആദി
തുറന്നു കിടന്നിരുന്ന ജാലകത്തിലൂടെ,
തെക്കേമുറ്റത്ത് മഴയിൽ കുതിരുന്ന മൺകൂനയിലേക്ക് നോക്കി നിന്നു.

” അവൾ ഗർഭിണി ആയപ്പോൾ ഏയ്ഞ്ചൽ എന്ന രൂപം തന്നെ എൻ്റെ മനസ്സിൽ നിന്നും മുഴുവനായി മാഞ്ഞു തുടങ്ങിയിരുന്നു..”

ഇടക്കിടെ പാഞ്ഞു വരുന്ന മിന്നൽ വെട്ടത്തിൽ, പറയുന്നതിനോടൊപ്പം അവൻ്റെ കണ്ണ് ചോരുന്നത്
ഏയ്ഞ്ചൽ സങ്കടത്തോടെ നോക്കി നിന്നു.

” പക്ഷെ ഞാൻ ഏയ്ഞ്ചലിനെ മറന്നാലും, അവൾക്ക് ഒരിക്കലും നിന്നെ മറക്കാൻ പറ്റില്ലായെന്ന് അറിഞ്ഞത്, വേദ പ്രസവിച്ച ഞങ്ങളുടെ മോൾക്ക് നിൻ്റെ പേര് ഇടണമെന്ന് അവൾ വാശി പിടിച്ചപ്പോഴാണ് ”

സംസാരിച്ചുകൊണ്ടിരിക്കെ ആദി
പുറംകാഴ്‌ചകളിൽ നിന്നും നോട്ടം മാറ്റി, ഏയ്ഞ്ചലിനെ കണ്ണീരോടെ നോക്കി.

” അതു പക്ഷേ നിന്നെ ഞാനെപ്പോഴും ഓർക്കുന്നതിനു വേണ്ടിയാണെന്ന് തിരിച്ചറിഞ്ഞത് അവളുടെ ഡയറി വായിച്ചപ്പോഴാണ് ”

ആദിയുടെ സംസാരം കേട്ടതും, ഹൃദയത്തിൽ നിന്നൊരു കരച്ചിൽ പുറത്തു വരുന്നതറിഞ്ഞ ഏയ്ഞ്ചൽ വായ് പൊത്തി നിന്നു ഒരു നിമിഷം.

കരച്ചിൽ പുറത്തേക്ക് ചാടുമെന്ന് മനസ്സിലായ ഏയ്ഞ്ചൽ ആദിയിൽ നിന്ന് വേർപെട്ട്,
കവിളിലൂടെ ഒഴുകുന്ന കണ്ണീർ തുടച്ചുകൊണ്ട് ജാലകത്തിനടുത്തേക്ക് ചെന്നു, കണ്ണീരൊഴുക്കുന്ന ആകാശത്തേക്കു നോക്കി നിന്നു.
കാർമേഘങ്ങളൊഴിയുന്ന ആകാശത്ത് പതിയെ തെളിയുന്ന നക്ഷത്രങ്ങളിലൊന്നിനെ നോക്കി അവൾ നിന്നു.

“വേദാ… നിനക്ക് ഞാൻ വെറുമൊരു കൂട്ടുകാരി മാത്രമായിരുന്നില്ലല്ലോ? കൂടപ്പിറപ്പും കൂടിയായിരുന്നില്ലേ? എന്നിട്ടും ഒരു വാക്ക് പറയാതെ, ഒന്നു യാത്ര ചോദിക്കാതെ എന്നെ ഒറ്റക്കാക്കി നിനക്ക് പോകാൻ എങ്ങിനെ കഴിഞ്ഞു? നീ ആഴകടലിൽ കിടന്നു ശ്വാസം മുട്ടുമ്പോൾ അതൊന്നുമറിയാതെ ഞാൻ ഏതോ ലോകത്തിൽ……?”

പറഞ്ഞു തീർന്നതും അവളിൽ നിന്ന് ഒരു പൊട്ടി കരച്ചിലുയർന്നപ്പോൾ, പരിഭ്രാന്തനായ ആദി
അവളുടെ വായ്പൊത്തി.

“ഇങ്ങിനെ പൊട്ടികരയല്ലേ ഏയ്ഞ്ചൽ.. നമ്മൾ മാത്രമല്ല ഇപ്പോൾ ഈ വീട്ടിൽ ഉള്ളതെന്ന് അറിയാമല്ലോ? അവരൊക്കെ നിൻ്റെ കരച്ചിൽ കേട്ട് ഉറക്കത്തിൽ നിന്ന് ഞെട്ടിയെഴുന്നേറ്റ് ഇങ്ങോട്ടു വരും. പോരാത്തതിന് പുറത്തിരുന്ന് മദ്യപിക്കുന്നവർ അനാവശ്യമായ കമൻ്റുമായി വരും.. അതൊക്കെ നാണക്കേടല്ലേ നമ്മൾക്ക്?”

ആദിയുടെ ചോദ്യം കേട്ടതും, കണ്ണീരോടെ ഏയ്ഞ്ചൽ അവനെ നോക്കി വിങ്ങിപൊട്ടി കൊണ്ട് ആ നെഞ്ചിലേക്ക് മുഖം ചേർത്തു.

“ഇന്നൊരു അഹ്ളാദ ദിവസമാണ്.. ആദിയുടെ ഉയിർത്തെഴുന്നേൽപ്പിൻ്റെ ആഹ്ളാദം… അതവർ ആഘോഷിക്കുകയാണ്… ഒരു മാലാഖ പോലെ വന്ന് ആദിയെ രക്ഷിച്ച ഏയ്ഞ്ചലിനെയും ഓർത്തുള്ള ആ ആഘോഷം അവിടെ നടക്കട്ടെ ഏയ്ഞ്ചൽ.. അവരെ ശല്യപ്പെടുത്താതെ, ഇന്നോളം വരെയുള്ള നമ്മുടെ വിഷമങ്ങൾ ഈ രാവ് മുഴുവൻ നിശബ്ദമായി പറഞ്ഞു തീർക്കാം.. നമ്മൾ സന്തോഷത്തോടെ സംസാരിക്കുന്നത് കേൾക്കാൻ ഇവിടെയൊക്കെ നമ്മുടെ വേദയുടെ സാന്നിധ്യമുണ്ടാകും”

ആദിയുടെ പതിഞ്ഞ സംസാരം കേട്ടതും, ഏയ്ഞ്ചലിൻ്റെ മനസ്സിൽ വീണ്ടും വിഷാദത്തിൻ്റെ തേങ്ങലുതിർന്നു.

“നീ ഇങ്ങിനെ വിഷമിച്ചാൽ വേദയ്ക്ക് വിഷമമാകും ഏയ്ഞ്ചൽ.. നിൻ്റെ സന്തോഷമാണ് വേദ
എന്നും ആഗ്രഹിച്ചിരുന്നത്…”

അത്രയും പറഞ്ഞ്
ആദി സങ്കടമഴയിൽ കുതിർന്നു നിൽക്കുന്ന ഏയ്ഞ്ചലിനെ പിടിച്ചു ബെഡ്ഢിലിരുത്തി.

“എല്ലാം ഒരു സ്വപ്നം പോലെ തോന്നുന്നു ആദീ… ”

ആദിയുടെ തോളിലേക്ക് തലചായ്ച് ഏയ്ഞ്ചൽ പതിയെ പറഞ്ഞതും, ആദി ഏയ്ഞ്ചലിനെ ശക്തിയോടെ ചേർത്തു പിടിച്ചു.

” നമ്മൾ കണ്ടുമുട്ടുമെന്നു ഒരിക്കലും ഞാൻ പ്രതീക്ഷിച്ചിരുന്നില്ല ആദീ.. ഇത്ര അടുത്തിരുന്നു സംസാരിക്കുമെന്നും, ഇങ്ങിനെയൊക്കെ ആകുമെന്നും ഞാൻ കരുതിയിരുന്നില്ല.. എല്ലാം ഒരു സ്വപ്നം പോലെ ”

പറഞ്ഞു തീർന്നതും ഏയ്ഞ്ചൽ പ്രണയം തിളങ്ങുന്ന മിഴികളോടെ ആദിയെ നോക്കി.

” ഏയ്ഞ്ചലിൻ്റെ മനസ്സിൽ കരുതിവെച്ചിരുന്ന
എന്നോടുള്ള പക തീരുമെന്ന് ഞാനും ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. പിന്നെ എങ്ങിനെയാണ് പകയുടെ ഈ മഞ്ഞുമല ഉരുകിയത്?”

ഏയ്ഞ്ചലിൻ്റെ കണ്ണുകളിലേക്ക് നോക്കി ആദി കുസൃതിയോടെ ചോദിച്ചു.

“വർഷങ്ങൾക്കു ശേഷം ആദിയെ കണ്ട ആ നിമിഷം തന്നെ മനസ്സിലെ പക ഉരുകിതുടങ്ങിയിരുന്നു. അല്ലെങ്കിലും മരണത്തിനോട് മല്ലടിക്കുന്നവനോട് പക വെച്ചു പുലർത്തുന്നത് നീതികേടല്ലേ?

ആദിയുടെ മുടിയിഴകളിലൂടെ വിരലോടിച്ചു കൊണ്ട് ഏയ്ഞ്ചൽ ചോദിച്ചപ്പോൾ അവൻ പുഞ്ചിരിയോടെ തലയാട്ടി.

“പിന്നെ എൻ്റെ
അരുണിൻ്റെ സങ്കടം കണ്ടപ്പോൾ, നമ്മുടെ
വേദയുടെ ഡയറി വായിച്ചപ്പോൾ, എൻ്റെ പേരിട്ടിരിക്കുന്ന
കുഞ്ഞുഏയ്ഞ്ചലിനെ നോക്കി നിന്നപ്പോൾ.. ഈ തീരത്തുള്ളവരുടെ ആഗ്രഹം മനസ്സിലായപ്പോൾ… പിന്നെ.. പിന്നെ.. ഞാൻ ഊതിയുണർത്തിയ ജീവനല്ലേ എന്ന് ആലോചിച്ചപ്പോൾ..പക
മാറി പതിയെ
പ്രണയം പൂക്കുകയായിരുന്നു… ”

ഏയ്ഞ്ചൽ പറഞ്ഞുകൊണ്ട്
ഒരു സ്വപ്നത്തിലെന്നതു പോലെ ബെഡ്ഡിലേക്കു കിടന്നു.

“പിന്നെ ഈ തീരം… ഇവിടുത്തെ കുറേ നല്ല മനുഷ്യർ.. സ്നേഹിക്കാൻ മാത്രം അറിയുന്ന നിഷ്കളങ്കർ.. പക്ഷേ ഇവരേക്കാളും എന്നെ അത്ഭുതപെടുത്തിയത് ജിൻസ് ആണ്.. ഞാൻ ഒരിക്കൽ ആട്ടിപായിച്ചിട്ടും അതൊന്നും ഓർക്കാതെ എന്നെ സ്നേഹിച്ചു കൊല്ലുകയാണവൻ.. പ്രണയം നിരസിച്ചാൽ കൊല്ലുന്ന ഈ ലോകത്ത് അവൻ ഒരു അത്ഭുതം തന്നെയല്ലേ ആദീ.?. ”

ഏയ്ഞ്ചൽ പതിയെ ചോദിച്ചതും, അവൻ അതേയെന്ന അർത്ഥത്തിൽ തലയാട്ടി അവൾക്കരിലേക്ക് ചേർന്നു കിടന്നു…

“നമ്മൾക്കൊന്നു കടൽ തീരത്ത് പോയാലോ? മഴയും നനഞ്ഞ്, ആകാശത്തിലെ നക്ഷത്രങ്ങളെയും നോക്കി കിടക്കാൻ ഒരു പൂതി.. ”

ഏയ്ഞ്ചൽ ചോദിച്ചതും അവൻ സമ്മതത്തോടെ തലയാട്ടി.

അവൻ്റെ സമ്മതം കിട്ടിയതോടെ അവൾ പൊടുന്നനെ ദേഹത്തെ ടവൽ മാറ്റി ആദിയുടെ ലുങ്കിയും, ഷർട്ടും അണിഞ്ഞു.

വീടിൻ്റെ പുറക് വശത്തെ വാതിൽ ശബ്ദമില്ലാതെ തുറന്ന് ആദി ഏയ്ഞ്ചലിൻ്റ കൈയും പിടിച്ച് മഴയിലൂടെ കടൽതീരത്തേക്ക് നടന്നു.

ആദിയുടെ നെഞ്ചിൽ തല വെച്ച് ഏയ്ഞ്ചൽ മഴയൊഴിയുന്ന
ആകാശത്തേക്കു നോക്കി കിടന്നു.

മഴതുള്ളികൾ വീണു തെറിക്കുന്ന അവളുടെ മിഴികൾക്കു മുന്നിൽ ദൂരെ, ആകാശത്ത് ചന്ദ്രികയും, താരകങ്ങളും വിളറി നിന്നിരുന്നു.

തൊട്ടു നനച്ചു പോകുന്ന തിരകളുടെ കിന്നാരവും കേട്ട് ഏയ്ഞ്ചൽ പതിയെ കണ്ണടക്കുമ്പോൾ, അവൾ ആദിയെ മുറുകെ ചേർത്തു പിടിച്ചിരുന്നു…

ഹൃദയമിടിപ്പുകളും, ശ്വാസോച്ഛാസവും ഇടകലരുന്ന നിമിഷങ്ങളിൽ ആദി പതിയെ അവളുടെ മുഖത്ത് നിന്ന് മുഖമുയർത്തി.

“നാളെ.. ഭാവിയിൽ നമ്മുടെ ബന്ധം നിനക്കൊരു പ്രശ്നമാകുമോ ഏയ്ഞ്ചൽ?”

നിറയുന്ന കണ്ണുകളോടെ ആദി ചോദിച്ചപ്പോൾ ഏയ്ഞ്ചൽ അവൻ്റെ മുഖം പിടിച്ചു, തൻ്റെ മുഖത്തേക്കു താഴ്ത്തി, ആ കണ്ണുകളിൽ പ്രണയത്തോടെ നോക്കി പതിയെ മന്ത്രിച്ചു.

“നാളെയെ കുറിച്ച് നിങ്ങൾ ആകുലരാകരുത്. നാളെത്തെ ദിനം തന്നെ അതിനെ പറ്റി ആകുലപ്പെട്ടുകൊള്ളും.. അങ്ങിനെയൊരു വചനം കേട്ടിട്ടുണ്ടോ ആദീ? ഉണ്ടെങ്കിൽ ഒന്നും പറയാതെ എന്നെ ചേർത്തു പിടിക്കുക.”

ഏയ്ഞ്ചൽ പറഞ്ഞപ്പോൾ ആദി അവളെ ചേർത്തു പിടിച്ചു അവളുടെ മൂർദ്ധാവിൽ ചുണ്ടുകൾ ചേർത്തു.

“ഏതാനും മണികൂർ കഴിഞ്ഞാൽ ക്രിസ്തുമസ് ദിനം പുലരുകയാണ്.. പുലർച്ചെ പള്ളിയിലേക്ക് പോകണം.. ”

ഏയ്ഞ്ചൽ പറഞ്ഞതും ആദി പതിയെ മൂളി.

ഇതുവരെ,
ക്ഷോഭിച്ചുകൊണ്ടിരുന്ന കടലും, തങ്ങളുടെ മനസ്സും ശാന്തമാകുന്നതറിഞ്ഞ, ഏയ്ഞ്ചൽ അവനെ, ഇനിയൊരിക്കലും
അകലരുതെന്ന പ്രാർത്ഥനയോടെ കൂടുതൽ മുറുകെപിടിച്ചു.

കാർമേഘങ്ങളൊഴിഞ്ഞു തുടങ്ങിയ ആകാശത്ത് നിന്ന് അപ്പോഴും ചെറുമഴതുള്ളികൾ അവർക്കുമേൽ വീണ് ചിതറുന്നുണ്ടായിരുന്നു.

വേദയുടെ
സന്തോഷകണ്ണീർ പോലെ!

അവസാനിച്ചു.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button
"
"