National

നന്ദിനിയെന്നാല്‍ 26 ലക്ഷം കര്‍ഷകരുടെ കൂട്ടായ്മ; ഓപറേഷന്‍ റെവന്യൂ 59 ബില്യണ്‍

ബംഗളൂരു: കര്‍ണാടക കോഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്സ് ഫെഡറേഷന്‍ ലിമിറ്റഡി (കെഎംഎഫ്)ന്് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു പാല്‍ ഉല്‍പന്ന ബ്രാന്റാണ് നന്ദിനി. ചെറുകിട കര്‍ഷകരും പാല്‍ ഉല്‍പാദകരും ഉള്‍പ്പെടുന്ന വലിയ ശൃംഖലയാണ് നന്ദിനിയുടേത്. നന്ദിനി എന്ന ബ്രാന്‍ഡിന് കീഴില്‍ പാല്‍, തൈര്, നെയ്യ്, വെണ്ണ, ഐസ്‌ക്രീം, ചോക്ലേറ്റ്, മധുരപലഹാരങ്ങള്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുന്നു.

ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ കഴിഞ്ഞാല്‍ രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ ക്ഷീര സഹകരണ ഫെഡറേഷനാണ് കെഎംഎഫ്. പായ്ക്കറ്റ് പാല്‍ പ്രചാരത്തിലില്ലാത്ത എഴുപതുകളില്‍ ആണ് ഇവര്‍ പാല്‍ ഉല്‍പാദനം ആരംഭിക്കുന്നത്. കര്‍ഷകര്‍ തന്നെയാണ് എല്ലാ വീട്ടിലും അന്ന് പാല്‍ എത്തിച്ചിരുന്നത്. പിന്നീട് പാല്‍ ഉല്‍പാദനം വര്‍ദ്ധിപ്പിക്കുന്നതിന് കര്‍ഷക കൂട്ടായ്മ ഊന്നല്‍ നല്‍കുകയായിരുന്നു.

ലോകബാങ്കിന്റെ സഹായത്തോടെ 1974ല്‍ ആയിരുന്നു കര്‍ണാടക സര്‍ക്കാര്‍ കര്‍ണാടക ഡയറി ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ രൂപീകരിച്ചത്. ഏകദേശം പത്തു വര്‍ഷത്തിനുശേഷം ഡയറി ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ പേര് കര്‍ണാടക മില്‍ക്ക് ഫെഡറേഷന്‍ എന്നു മാറ്റുകയായിരുന്നു. കര്‍ണാടക സര്‍ക്കാരിന്റെ സഹകരണ മന്ത്രാലയത്തിന് കീഴിലാണ് കെഎംഎഫ്. കര്‍ണാടകയിലെ മിക്കവാറും എല്ലാ ജില്ലകളിലും പാല്‍ ഉത്പാദിപ്പിക്കുന്ന സഹകരണ സംഘങ്ങള്‍ കെഎംഎഫിന് കീഴിലുണ്ട്.

ബെംഗളൂരു കോഓപ്പറേറ്റീവ് മില്‍ക്ക് യൂണിയന്‍, കോലാര്‍ സഹകരണ മില്‍ക്ക് യൂണിയന്‍, മൈസൂര്‍ സഹകരണ മില്‍ക്ക് യൂണിയന്‍ തുടങ്ങിയ 15 ക്ഷീര സംഘങ്ങളാണ് ഫെഡറേഷന് കീഴിലുള്ളത്. ഈ ക്ഷീരസംഘങ്ങള്‍ ജില്ലാതല ക്ഷീര സഹകരണ സംഘങ്ങള്‍ (ഡിസിഎസ്) വഴി ഗ്രാമങ്ങളില്‍ നിന്ന് പാല്‍ വാങ്ങി കെഎംഎഫില്‍ എത്തിക്കുന്ന രീതിയാണ് പിന്തുടരുന്നത്.

കെഎംഎഫിന്റെ വെബ്സൈറ്റില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ പ്രകാരം കര്‍ണാടകയിലെ 24,000 ഗ്രാമങ്ങളിലെ 26 ലക്ഷം കര്‍ഷകരില്‍നിന്ന് പ്രതിദിനം 86 ലക്ഷം കിലോയിലധികം പാലാണ് സംഘം ശേഖരിക്കുന്നത്. 59 ബില്യണ്‍ രൂപയാണ് കെഎംഎഫിന്റെ 2024ലെ ഓപറേഷന്‍ വരുമാനം. ഉത്തരേന്ത്യയില്‍ ഏറെ പ്രസിദ്ധമായ അമുലും മദര്‍ ഡയറിയുംപോലെ ദക്ഷിണേന്ത്യയിലെ നമ്പര്‍ വണ്‍ ബ്രാന്‍ഡാണ് നന്ദിനി. കര്‍ണാടകയിലെ ഏറ്റവും വലിയ പാല്‍ ബ്രാന്‍ഡായ നന്ദിനി ആന്ധ്രാപ്രദേശ്, തമിഴ്നാട്, മഹാരാഷ്ട്ര, എന്നിവിടങ്ങളിലും ഏറെ ജനപ്രിയമാണ്.

കേരളത്തിലേക്കു കടക്കാന്‍ നന്ദിനി അടുത്തിടെ സജ്ജമായെത്തിയെങ്കിലും മില്‍മയില്‍നിന്നുള്ള ശക്തമായ എതിര്‍പ്പ് കാരണം ഇവര്‍ക്ക് തങ്ങളുടെ പ്രവര്‍ത്തനം ഏറെ പരിമിതപ്പെടുത്തേണ്ടിവന്നൂവെന്നത് വര്‍ത്തമാനകാല യാഥാര്‍ഥ്യം. മില്‍മയെക്കാള്‍ മികച്ച ഉല്‍പന്നമാണെന്നതിനൊപ്പം വിലയും കുറവാണെന്നത് മില്‍മയുടെ ശവക്കച്ച തുന്നിക്കുമെന്ന് കണ്ടാണ് കേരള സര്‍ക്കാര്‍ മില്‍മക്കൊപ്പം നിലയുറപ്പിച്ചത്.

Related Articles

Back to top button