റിലയന്‍സിന് കനത്ത തിരിച്ചടി; മുകേഷ് അംബാനിക്ക് 48 മണിക്കൂറില്‍ നഷ്ടം 79,000 കോടി
മുംബൈ: ഓഹരി വിപണിയിലെ വമ്പന്‍ തകര്‍ച്ചയില്‍ 48 മണിക്കൂറിനിടയില്‍ ഏഷ്യയിലെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബനിക്ക് നഷ്ടം 79,000 കോടി രൂപ. രാജ്യത്തെ ഏറ്റവും വലിയ കമ്പനിയായ മുകേഷിന്റെ റിലയന്‍സ് ഇന്‍ഡസ്ട്രീസാണ് ഓഹരി വിപണിയിലെ കനത്ത ഇടിവില്‍ തകര്‍ന്നടിഞ്ഞത്്.
രാജ്യത്തെ റിഫൈനറി മേഖലയിലെ മുന്‍നിര കമ്പനിയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ്. ഡിജിറ്റല്‍ സര്‍വീസസ്, ഹൈഡ്രോകാര്‍ബണ്‍ എക്സ്പ്ലൊറേഷന്‍, പെട്രോ കെമിക്കല്‍സ്, റിന്യൂവബിള്‍ എനര്‍ജി, ചില്ലറ വ്യാപാരം തുടങ്ങി വൈവിധ്യമാര്‍ന്ന മേഖലകളില്‍ റിലയന്‍സിന് ബിസിനസ് സംരംഭങ്ങളുണ്ട്. ടെലികോം, റീടെയില്‍ മേഖലകളില്‍ റിലയന്‍സ് ഗ്രൂപ്പ് സമീപകാലത്താണ് തങ്ങളുടെ പ്രവര്‍ത്തനം വ്യാപിപ്പിച്ചത്.
സെപ്തംബര്‍ 30ന് റിലയന്‍സ് ഓഹരികളുടെ വില ഏകദേശം മൂന്നു ശതമാനം ഇടിഞ്ഞിരുന്നു. അന്നേ ദിവസം ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചികയില്‍ 1,100 പോയിന്റുകള്‍ അഥവാ 3.35 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് ഇന്നലെ(ഒക്ടോബര്‍ ഒന്ന്) റിലയന്‍സ് ഓഹരികളില്‍ 0.79 താഴ്ന്നു. ഇതോടെ റിലയന്‍സ് ഓഹരികളുടെ വില 2,929.65 രൂപയിലേക്കെത്തി. ഇത്തരത്തില്‍ ഇക്കഴിഞ്ഞ തിങ്കളാഴ്ച്ച ഏകദേശം 67,000 കോടി രൂപയും, ചൊവ്വാഴ്ച്ച ഏകദേശം 12,000 കോടി രൂപയുമാണ് മുകേഷ് അംബാനി നേതൃത്വം നല്കുന്ന കമ്പനിയായ റിലയന്‍സിന്റെ വിപണി മൂല്യത്തില്‍ ഇടിവുണ്ടായത്. ഇതോടെയാണ് മൊത്തം നഷ്ടം 79,000 കോടിയിലേക്ക് എത്തിയത്.
തിങ്കളാഴ്ച ബാങ്കിങ്, റിയല്‍ എസ്റ്റേറ്റ്, ഓട്ടോ, ഫിനാന്‍ഷ്യല്‍ സര്‍വീസസ് തുടങ്ങിയ സെക്ടറുകളില്‍ വലിയ ഇടിവ് നേരിട്ടിരുന്നു. നിഫ്റ്റി 50 സൂചികയിലെ ഹെവി വെയ്റ്റ് ഓഹരിയായ റിലയന്‍സിനെയും വിശാല വിപണികളിലെ ഇടിവ് ബാധിക്കുകയായിരുന്നു. അന്നേ ദിവസം നിഫ്റ്റി സൂചിക 300 പോയിന്റുകളോളമാണ് ഇടിഞ്ഞമര്‍ന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരി വിലയില്‍ ചാഞ്ചാട്ടം പ്രകടമാണ്. ഇതേത്തുടര്‍ന്ന് കൂടുതല്‍ നഷ്ടത്തിലേക്കു പതിക്കുമോയെന്ന് നിക്ഷേപകരും ആശങ്കപ്പെട്ടതാണ് റിലയന്‍സിന് തിരിച്ചടിയായത്.