Automobile

79.3 കി,മീ. മൈലേജുള്ള റേഡിയോണ്‍ ബൈക്ക് 59,880 രൂപയ്ക്ക് നല്‍കി ടിവിഎസ്

ബംഗളൂരു: ഇന്ത്യയില്‍ നാല് ലക്ഷത്തോളം യൂണിറ്റുകള്‍ വിറ്റഴിച്ച് കമ്മ്യൂട്ടര്‍ ബൈക്ക് സെഗ്മെന്റില്‍ ടിവിഎസിനെ ശക്തനാക്കിയ റേഡിയോണ്‍ 59,880 രൂപക്ക് നല്‍കാന്‍ നിര്‍മാതാക്കളായ ടിവിഎസ്. മുഖ്യ എതിരാളിയായ ഹീറോ സ്പ്ലെന്‍ഡര്‍ പോലെ പതിറ്റാണ്ടുകളുടെ പാരമ്പര്യം ഒന്നുമില്ലെങ്കിലും ശരിക്കും യോഗ്യനാണ് കക്ഷി. അത്യാവശ്യം വേണ്ടുന്ന ഫീച്ചറുകളും താങ്ങാനാവുന്ന വിലയും ഗംഭീരമെന്ന് ഏവരും സമ്മതിക്കുന്ന 79.3 കി.മീ. മൈലേജുമാണ് റേഡിയോണിന്റെ തുറുപ്പുചീട്ട്.

ഇപ്പോഴിതാ തങ്ങളുടെ ജനപ്രിയ കമ്മ്യൂട്ടര്‍ മോട്ടോര്‍സൈക്കിളായ റേഡിയണിന് പുതിയ ഓള്‍-ബ്ലാക്ക് കളര്‍ ഓപ്ഷന്‍ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. ഈ കൂട്ടിച്ചേര്‍ക്കലിനൊപ്പം ടിവിഎസ് റേഡിയോണ്‍ ഇപ്പോള്‍ ഏഴ് കളര്‍ ഓപ്ഷനുകളിലും ബേസ്, ഡിജി ഡ്രം, ഡിജി ഡിസ്‌ക് എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലും സ്വന്തമാക്കാനുമാവും. ബൈക്കിന്റെ പുതിയ ഓള്‍-ബ്ലാക്ക് കളര്‍ ഓപ്ഷന്‍ ഗ്ലോസി ഫിനിഷിലാണ് പണികഴിപ്പിച്ചിരിക്കുന്നത്.

ടിവിഎസ്, റേഡിയോണ്‍ ബാഡ്ജിംഗിനൊപ്പം ഫ്യുവല്‍ ടാങ്കിലും സൈഡ് പാനലുകളിലും വൈറ്റ് ബാക്ക്‌ഗ്രൌണ്ട് കൂടി ചേരുമ്പോള്‍ കാഴ്ച്ചയില്‍ അഡാറ് ലുക്കാണ് ഈ ബൈക്കിന്. ടിവിഎസ് മോട്ടോര്‍സൈക്കിളിന്റെ ബേസ് വേരിയന്റിന് ഇപ്പോള്‍ വെറും 59,880 രൂപയുടെ പ്രാരംഭ എക്‌സ്‌ഷോറൂം വിലയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മുന്‍പത്തെ വിലയില്‍നിന്നും ഏകദേശം 2,525 രൂപയാണ് റേഡിയോണിന് ഒറ്റയിടിക്ക് കുറച്ചത്.

മിഡ്-സ്‌പെക്ക് ഡിജി ഡ്രം വേരിയന്റിന് 77,394 രൂപയാണ് വില. റേഡിയോണ്‍ ടോപ്പ്-സ്‌പെക്ക് ഡിജി ഡിസ്‌ക് വേരിയന്റിന് 81,394 രൂപയും എക്‌സ്‌ഷോറൂം വില വരും. രണ്ട് ബ്രേക്കുകളും ഒരേസമയം സജീവമാക്കുന്ന കംബൈന്‍ഡ് ബ്രേക്കിംഗ് സിസ്റ്റവും ഉപയോക്താക്കളെ ആകര്‍ഷിക്കുന്നതാണ്. കമ്മ്യൂട്ടര്‍ മോട്ടോര്‍സൈക്കിള്‍ വിഭാഗത്തില്‍ ഹീറോ സ്‌പ്ലെന്‍ഡറിനൊപ്പം ഹോണ്ട സിഡി110 ഡ്രീമും ടിവിഎസ് റേഡിയോണിന്റെ എതിരാളിയാണ്.

ടിവിഎസ് നിരത്തിലിറക്കിയ വിക്ടര്‍, സ്റ്റാര്‍സിറ്റി, റേഡിയോണ്‍ പോലുള്ള മോഡലുകളുടെയെല്ലാം ജനപ്രീതി എടുത്തു പറയേണ്ടതാണ്. 2018 ഓഗസ്റ്റില്‍ വിപണിയില്‍ എത്തിയ റേഡിയോണ്‍ ബൈക്കിന് ഇപ്പോഴും മികച്ച പ്രതികരണമാണ് ഉപഭോക്താക്കളില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. അതിന്റെ പ്രധാന കാരണം കൃത്യമായ ഇടവേളകളില്‍ ബൈക്കിനെ നവീകരിക്കാന്‍ ടിവിഎസ് കാണിക്കുന്ന ഉത്സാഹമാണ്.

Related Articles

Back to top button